വേനൽ മഴ
തളിർത്തു പ്രതീക്ഷകൾ

ഒന്നാംവിള നെൽകൃഷിക്കായി വേനോലിയിൽ ട്രാക്ടർ ഉപയോഗിച്ച് നിലമുഴുന്നു

സ്വന്തം ലേഖകൻ
Published on May 09, 2026, 12:00 AM | 1 min read
പാലക്കാട്
നാളുകളുടെ കാത്തിരിപ്പിനുശേഷം വേനൽമഴ പെയ്‌തതോടെ ആശ്വാസത്തിലാണ് നെൽക്കർഷകർ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്‌തമായി ഇത്തവണ വേനൽമഴ ലഭിക്കാൻ വൈകിയത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. ഏപ്രിൽ അവസാനമോ മെയ് ആദ്യമോതന്നെ ഒന്നാംവിള കൃഷിയുടെ നടപടിക്രമങ്ങൾ തുടങ്ങുമായിരുന്നു. എന്നാൽ, വേനൽമഴ വൈകിയതിനാൽ ഇത്തവണ മെയ് പകുതിയോടെ മാത്രമേ കൃഷി തുടങ്ങാൻ കഴിയൂ. സെപ്‌തംബറോടെ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചുദിവസം മുമ്പ് മഴ പെയ്‌തതോടെ കർഷകർ നിലമൊരുക്കാൻ തുടങ്ങി. 20 ഓടെ കൃഷി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പൊടിവിതയ്‌ക്ക് മഴ നിർബന്ധമാണ്. ജില്ലയിൽ വടക്കഞ്ചേരി, ആലത്തൂർ, പുതുക്കോട്, കണ്ണമ്പ്ര തുടങ്ങിയ ഇടങ്ങളിൽ മാത്രമാണ് പൊടിവിതയുള്ളത്. മറ്റിടങ്ങളിൽ ഞാറുപറിച്ച് നടുകയാണ്. ദീർഘകാലം നിലനിൽക്കുന്നതും മഴയെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ വിത്തിനങ്ങളാണ് ഒന്നാംവിളയ്ക്ക് തെരഞ്ഞെടുക്കുന്നത്. മട്ട, പൊൻമണി തുടങ്ങിയ വിത്തുകളാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ മട്ടയ്‌ക്കാണ് പ്രധാന്യം. ആദ്യം ചാണകം, പച്ചിലവളം തുടങ്ങി ജൈവവളങ്ങളും പിന്നീട് കൃത്യമായ ഇടവേളകളിൽ രാസവളങ്ങളും നൽകും.










0 comments