അയോധ്യ രാമക്ഷേത്രം
സംഭാവനകളിൽ വൻക്രമക്കേട്; ട്രസ്റ്റ് അംഗങ്ങൾ അയോധ്യ വിടരുതെന്ന് എസ്ഐടി

അയോധ്യ രാമക്ഷേത്രം
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റ് അംഗങ്ങളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) നിർദേശം. ക്ഷേത്രത്തിലെ സംഭാവനകളിൽ വൻക്രമക്കേട് നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. സംശയനിഴലിലുള്ളവർ പല കാരണങ്ങളുടെ പേരിൽ അയോധ്യക്ക് പുറത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് നിർദേശം.
ഭക്തർ അർപ്പിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ക്രമക്കേടുനടന്നിട്ടുണ്ടെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തി. ഈ സംഭാവനകളുടെ രേഖകളെ കുറിച്ചുള്ള ചോദ്യത്തിൽ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് തൃപ്തികരമായ ഉത്തരം കിട്ടാത്ത സാഹചര്യത്തിലാണ് അയോധ്യ വിടരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനായി ജ്വല്ലേഴ്‌സ് അസോസിയേഷൻ പ്രത്യേകമായി നിർമിച്ച് സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക രേഖകളിൽ നിന്ന് പൂർണമായും കാണാതായി. വെള്ളിക്കട്ടകൾ ട്രസ്റ്റിന് കൈമാറിയതിന്റെ രസീത് അസോസിയേഷന്റെ പക്കലുണ്ടെങ്കിലും, ഇവ എവിടെയെന്ന് ക്ഷേത്രരേഖകളില്‍ പറയുന്നില്ല. രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ കാലത്ത് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം പതിച്ച അഷ്ടധാതുക്കൾ കൊണ്ടുണ്ടാക്കിയ 1,250 ഇഷ്ടികകള്‍ കാണാതായെന്നും പരാതിയുണ്ട്.
ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയിൽ കുംഭമേളക്കാലത്താകാമെന്നാണ് നിഗമനം. അന്ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്ഐടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആരോപണം. ക്ഷേത്രട്രസ്റ്റിന്റെ ഭൂമിവാങ്ങലും എസ്ഐടിയുടെ അന്വേഷണപരിധിയിലുണ്ട്.
2020 ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്‌റ്റ് രൂപീകരിച്ചതിന് ശേഷം നടത്തിയ ഭൂമി ഇടപാടുകളെക്കുറിച്ച് നേരത്തെ തന്നെ വലിയ ആരോപണങ്ങളുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള 67 ഏക്കറിന് പുറമേ അനുബന്ധ വികസനപ്രവർത്തനങ്ങൾക്ക് റെയിൽവേ സ്‌റ്റേഷനടുത്ത് 18.5 കോടി മുടക്കി ട്രസ്‌റ്റ് ഭൂമി വാങ്ങി. 2021 മാർച്ച് 18നാണ് ഇൗ ഭൂമി ഇടപാട് നടത്തിയത്. ഇതേദിവസം റിയൽഎസ്‌റ്റേറ്റ് ഇടപാടുകാർ രണ്ട് കോടി രൂപയ്‌ക്ക് വാങ്ങിയ ഭൂമിയാണ് 18. 5 കോടിക്ക് മറിച്ചുവിറ്റതെന്ന് പിന്നീട് വെളിപ്പെട്ടു. ഒറ്റ ദിവസം കൊണ്ട് ഭൂമിക്ക് 16.5 കോടി വർധിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ഇനിയും മറുപടി കിട്ടിയിട്ടില്ല. സമാനമായ രീതിയിൽ 2.9 കോടി മതിപ്പുള്ള ഭൂമി 24 കോടിക്കും ഒമ്പത് കോടിയുടെ ഭൂമി 55 കോടിക്കും വാങ്ങിയതായും ആക്ഷേപമുണ്ട്. ഗുരുതര ആരോപണമുയരുമ്പോഴും വിശ്വാസികൾക്ക് മറുപടി നൽകാനാകാതെ യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രതിക്കൂട്ടിലാണ്.









0 comments