ലോകകപ്പിൽ ചരിത്രം കുറിച്ച് കാബോ വെർഡെ; ഉറുഗ്വേയെ സമനിലയിൽ തളച്ചു

Photo:FIFA
മിയാമി : ലോകകപ്പിൽ വമ്പൻ ടീമുകൾക്ക് തിരിച്ചടി നൽകുന്ന പതിവ് മിയാമിയിൽ നടന്ന മത്സരത്തിലും കാബോ വെർഡെ ആവർത്തിച്ചു. ആദ്യ മത്സരത്തിൽ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച കാബോ വെർഡെ, ഇത്തവണ ലാറ്റിനമേരിക്കൻ കരുത്തരായ യുറുഗ്വെയെ 2-2 എന്ന സ്കോറിൽ സമനിലയിൽ പിടിച്ചുനിർത്തി.
എച്ച് ഗ്രൂപ്പിലെ ആവേശപ്പോരാട്ടത്തിൽ വാൽവെർഡെയുടെ നേതൃത്വത്തിലുള്ള ഉറുഗ്വേ നിരന്തരമായി കാബോ വെർഡെയുടെ ഗോൾമുഖം ആക്രമിച്ചെങ്കിലും പ്രതിരോധം വിട്ടുകൊടുത്തില്ല. 21-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് കെവിൻ പിനയാണ് കാബോ വെർഡെയ്ക്ക് വേണ്ടി ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. എന്നാൽ 44-ാം മിനിറ്റിൽ മാക്സിമിലിയാനോ അരാജോയിലൂടെ ഉറുഗ്വേ സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ (45+6) അഗസ്റ്റിൻ കനോബിയോയിലൂടെ ഉറുഗ്വേ ലീഡ് നേടി.
രണ്ടാം പകുതിയിൽ ഉറുഗ്വേയുടെ പ്രതിരോധ താരം മത്യാസ് ഒലിവേരയ്ക്ക് പറ്റിയ പിഴവ് മുതലെടുത്ത്. 61-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഹെലിയ വരേല കാബോ വെർഡെയുടെ രണ്ടാം ഗോൾ നേടി. ഇതോടെ മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. മൂന്ന് ലോകകപ്പുകൾ സ്വന്തമാക്കിയ ഉറുഗ്വേയ്ക്കെതിരെ നേടിയ ഈ സമനില കാബോ വെർഡെയ്ക്ക് ചരിത്രനേട്ടമായി. 27ന് നടക്കുന്ന അവസാന മത്സരങ്ങളിൽ യുറുഗ്വെ സ്പെയിനിനെയും കാബോ വെർഡെ സൗദി അറേബ്യയെയും നേരിടും.









0 comments