ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം: എണ്ണവിലയിൽ വർധന

ഹോർമുസ് കടലിടുക്ക്
സിംഗപ്പൂർ : ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായതും, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതും എണ്ണവില വർധനവിന് കാരണമായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 54 സെന്റ് ഉയർന്ന് ബാരലിന് 81.11 ഡോളറിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ ഇത് 82.30 ഡോളർ വരെ ഉയർന്നിരുന്നു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.02 ഡോളർ വർധിച്ച് 78.62 ഡോളറിലെത്തി.
ഇടക്കാല സമാധാന കരാറിലെ വ്യവസ്ഥകൾ യുഎസും ഇസ്രയേലും ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതിനെത്തുടർന്ന് കപ്പലുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇറാന്റെ ഇത്തരത്തിലുള്ള നടപടികൾ തുടരുമെന്നാണ് വിലയിരുത്തൽ. ചർച്ചകൾ പുരോഗമിക്കുമ്പോഴും ലെബനനിലെ സംഘർഷം സമാധാന ശ്രമങ്ങൾക്ക് വലിയ ഭീഷണിയായി തുടരുകയാണ്.
കഴിഞ്ഞയാഴ്ച എണ്ണവിലയിൽ 8 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. യുഎഇ, കുവൈറ്റ്, ഇറാഖ് എന്നീ രാജ്യങ്ങൾ കൂടുതൽ എണ്ണ വിതരണം ചെയ്യാമെന്ന് ഉറപ്പുനൽകിയതും കഴിഞ്ഞയാഴ്ച വില കുറയാൻ കാരണമായിരുന്നു. എങ്കിലും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വിപണി ജാഗ്രതയിലാണ്.









0 comments