വേനലിൽ തീപിടിത്തം; ഓടിത്തളർന്ന് അഗ്നിരക്ഷാസേന

പള്ളത്തേരിയിൽ തീയണയ്ക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
സ്വന്തം ലേഖകൻ
Published on Apr 18, 2026, 12:43 AM | 1 min read
കഞ്ചിക്കോട്
കനത്ത ചൂടിൽ വിവിധയിടങ്ങളിൽ തീപിടിത്തം വർധിക്കുന്നു. ഒരാഴ്ചക്കിടെ എലപ്പുള്ളി നോമ്പിക്കോട്, പള്ളത്തേരി, പുതുശേരി പഞ്ചായത്തിലെ കൊയ്യാമരക്കാട്, വേനോലി, ഐഐടി പരിസരം, കിൻഫ്ര, ബെമൽ പ്രദേശത്തുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിന് പുൽക്കാടുകൾ, മരങ്ങൾ എന്നിവ കത്തിനശിച്ചു. വിവിധയിടങ്ങളിൽ ഒരേ സമയത്തുണ്ടാകുന്ന തീപിടിത്തത്തിൽ ഓടിയെത്തി തളർന്നിരിക്കുകയാണ് കഞ്ചിക്കോട് അഗ്നിരക്ഷാ സേനാംഗങ്ങൾ. മലമ്പ്രദേശം, തരിശുഭൂമി എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം നീളുന്നതിനാൽ വാഹനാപകടങ്ങൾ ഉൾപ്പെടെ മറ്റുള്ളസ്ഥലത്ത് എത്തുന്നത് ശ്രമകരമാണെന്ന് സേനാംഗങ്ങൾ പറയുന്നു. വലിയ തീപിടിത്തങ്ങൾ സംഭവിക്കുമ്പോൾ പാലക്കാട്, ചിറ്റൂർ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങളും കഞ്ചിക്കോട് മേഖലയിലെത്താറുണ്ട്. ഇതിനെല്ലാം പുറമെ കഞ്ചിക്കോട് വ്യവസായ സ്ഥാപനങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന തീപിടിത്തവും തലവേദനയാണ്. കഞ്ചിക്കോട് സാറ്റലൈറ്റ് സ്റ്റേഷൻ വേണമെന്ന ആവശ്യവും ശക്തമാണ്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
▶ചപ്പുചവറുകൾ കത്തിക്കുന്നത് ഒഴിവാക്കുക ▶വീടിന്റെ പരിസരങ്ങൾ വൃത്തിയാക്കി ഫയർ ബെൽട്ട് ഉണ്ടാക്കുക ▶ തീപിടിത്തമുണ്ടാകുമ്പോൾ പ്രഥമ നടപടികൾ എടുക്കാൻ സ്വയം സന്നദ്ധനാകുക ▶ വ്യവസായ മേഖലയിൽ നിർബന്ധമായും ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുക. തീപിടിത്തമുണ്ടാകുമ്പോൾ ഫയർ യൂണിറ്റ് വണ്ടിയിൽ എളുപ്പത്തിൽ വെള്ളം നിറക്കാൻ ഇതിലൂടെ സാധിക്കും ▶ വ്യവസായ സ്ഥാപനങ്ങൾ പരിസരത്ത് ഉണങ്ങിയ പുല്ല്, പാഴ്‌ച്ചെടികൾ എന്നിവ വെട്ടി തീ പടരാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കുക










0 comments