ad
Deshabhimani

പ്രതീക്ഷ തെറ്റി നോവായി സുഹാൻ

മൃതദേഹം കുളത്തിൽനിന്ന് അഗ്നിരക്ഷാസേന പുറത്തെത്തിക്കുന്നു
വെബ് ഡെസ്ക്

Published on Dec 29, 2025, 02:00 AM | 1 min read

സ്വന്തം ലേഖകൻ

ചിറ്റൂർ

കാത്തിരിപ്പിനെ കണ്ണീരിലാഴ്‌ത്തി ആറുവയസ്സുകാരന്റെ വിയോഗം. ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട്ടെ സുഹാന്റെ മരണവാർത്തയിൽ ഞെട്ടലൊഴിയാതെ നാട്ടുകാർ. ഞായർ രാവിലെ ഒമ്പതോടെയാണ്‌ കുട്ടിയുടെ മൃതദേഹം ചിറ്റൂർ നഗരസഭാ കാര്യാലയത്തിന്‌ പുറകിലെ പൊതുകുളത്തിൽനിന്ന്‌ കണ്ടെത്തിയത്‌. ശനി ഉച്ചയോടെയാണ്‌ കാണാതായത്‌. തുടർന്ന്‌ വീട്ടുകാരും നാട്ടുകാരും പൊലീസും നാടുനീളെ തേടിയലഞ്ഞു. വീടിന്‌ സമീപം സിസിടിവി കാമറകളില്ലാത്തത്‌ സംഘത്തെ കുഴക്കി. രാത്രിയിലും പരിശോധന തുടർന്നു. പ്രദേശത്ത്‌ എവിടെയെങ്കിലും തളർന്നുറങ്ങിയിട്ടുണ്ടാകുമെന്നും അമ്മയുടെ ശബ്ദം തിരിച്ചറിഞ്ഞെത്തുമെന്നും കരുതി ഉമ്മ തൗഹിതയെയും പരിശോധനയ്‌ക്ക്‌ കൂടെക്കൂടി. ജില്ലാ അതിർത്തിയിലുൾപ്പെടെ വാഹന പരിശോധന ശക്തമാക്കി. ഇതിനോടകം കുട്ടിയെ കാണാനില്ലെന്ന്‌ അറിയിച്ചുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമങ്ങളിലും വ്യാപിച്ചു. കുട്ടിയെ കണ്ടെത്താനാകുമെന്ന ഉറപ്പിലായിരുന്നു വീട്ടുകാരും നാട്ടുകാരും. പ്രതീക്ഷയെ തകിടംമറിച്ച്‌ രാവിലെ ദുരന്തവാർത്തയെത്തി. രാവിലെ കുളിക്കാനെത്തിയവരാണ്‌ മൃതദേഹം കണ്ടത്‌. തുടർന്ന്‌ ഇൻക്വിസ്റ്റ്‌ നടപടി പൂർത്തിയാക്കി പാലക്കാട്‌ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്‌ വിട്ടുകൊടുത്തു. വിവരമറിഞ്ഞ്‌ രാവിലെയോടെ ഉപ്പ അനസും സ്ഥലത്തെത്തി. ആറുമാസംമുമ്പാണ്‌ ജോലിക്കായി സ‍ൗദിയിലേക്ക്‌ പോയത്‌. പൊന്നോമനയെ അവസാനമായി ഒരുനോക്ക്‌ കാണാൻ ആശുപത്രി പരിസരത്തും പൊതുദർശനത്തിനുവച്ച അമ്പാട്ടുപാളയം റോയൽ ഇന്ത്യൻ നഴ്‌സറി സ്കൂളിലും എരുമങ്കോട്ടെ വീട്ടിലും നൂറുകണക്കിനാളുകളെത്തി. മന്ത്രി കെ കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്തംഗങ്ങളായ എം വി ധന്യ, ടി മഹേഷ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. നല്ലേപ്പിള്ളി സ്വദേശികളായ കുടുംബം വർഷങ്ങളായി എരുമങ്കോട്ടെ വീട്ടിൽ വാടകയ്‌ക്കാണ്‌ താമസം. ഉമ്മ ത‍ൗഹിത സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്‌. സഹോദരൻ: റയാൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home