Deshabhimani

ഐഐടിയിൽ വിദ്യാർഥിനിക്ക് ആക്രമണം

കൊൽക്കത്ത സ്വദേശി റിമാൻഡിൽ

ഐഐടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച സുമനെ തെളിവെടുപ്പിനായി പാലക്കാടെത്തിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jun 05, 2026, 02:00 AM | 1 min read

പുതുശേരി

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. സുമൻ (21) ആണ് അറസ്റ്റിലായത്. കൊൽക്കത്തയിൽനിന്നാണ് കസബ പൊലീസ് ഇയാളെ പിടികൂടിയത്. ഫെബ്രുവരി 23നാണ് പാലക്കാട് ഐഐടി ക്യാമ്പസിൽവച്ച് ഡാറ്റാ സയൻസ് എൻജിനിയറിങ് വിദ്യാർഥിനി അശ്വനിക്ക് നേരെ ആക്രമണമുണ്ടായത്. രാത്രി എട്ടരയോടെ സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ആക്രമണം. അടിയേറ്റ് പെൺകുട്ടി നിലത്തുവീണെങ്കിലും ഇവരുടെ നിലവിളി കേട്ട് മറ്റുള്ളവർ ഓടിയെത്തി. ഇതിനിടെ പ്രതി ഇവിടെനിന്നും ഓടി ക്യാന്പസിന്‌ സമീപത്തെ ഇയാൾ താമസിക്കുന്ന ഷെഡിലേക്ക് പോയി. പിന്നീട്, സുമൻ പാലക്കാട്ടുനിന്നും കടന്നുകളയുകയായിരുന്നു. വ്യാഴം രാവിലെ പാലക്കാട്ടെത്തിച്ച പ്രതിയെ വൈകിട്ടോടെ പാലക്കാട് ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിമാൻഡ് ചെയ്തു. അടുത്ത ദിവസങ്ങളിലായി ആക്രമണത്തിനിരയായ പെൺകുട്ടിയെ ജയിലിലെത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനാൽ ഇയാളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സുമൻ ക്യാന്പസ് പരിസരത്ത് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ഷെഡിലാണ് താമസിച്ചിരുന്നത്. ശാരീരികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി വിദ്യാർഥിനിയെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾ കഴിഞ്ഞു വിശ്രമത്തിലുള്ള വിദ്യാർഥിനി അടുത്ത ദിവസം തന്നെ ക്യാന്പസിലെത്തും. തുടർന്നാകും തിരിച്ചറിയൽ പരേഡ് നടത്തുക. കസബ പൊലീസ് ഇൻസ്പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home