മൈക്രോഫിനാൻസ് കേസ്; മുഴുവൻ കുറ്റപത്രങ്ങളും ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടും ഒന്നിൽ മാത്രം കുറ്റപത്രം നൽകിയ നടപടിയെ വിമർശിച്ച് ഹൈക്കോടതി. മുഴുവൻ കേസുകളിലെയും കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
എട്ട് കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ ഉത്തരവിട്ടിട്ടും കൊല്ലം വിജിലൻസ് കോടതിയിൽ ഒരെണ്ണം മാത്രം സമർപ്പിച്ച കാര്യം സർക്കാർ അറിയിച്ചതോടെയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ വിജിലൻസിനെതിരെ രൂക്ഷവിമർശം ഉന്നയിച്ചത്. അന്വേഷകസംഘത്തിന്റെ നടപടി കോടതിയോടുള്ള അനാദരമാണെന്നും വിമർശിച്ചു.
എട്ടു കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി അന്വേഷകസംഘം സർക്കാറിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ പല കോടതികളിലാണ് എന്നറിയിച്ചപ്പോൾ അവയെല്ലാം കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കാനും കുറ്റപത്രങ്ങൾ അവിടെ സമർപ്പിക്കാനും ഉത്തരവിട്ടിരുന്നു.
കുറ്റപത്രങ്ങൾ പിടിച്ചുവച്ചിരിക്കുന്നത് ഗൗരവകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. സമർപ്പിക്കാൻ രണ്ടാഴ്ചയിലേറെ അനുവദിച്ചിരുന്നതാണെന്നും ചൂണ്ടിക്കാട്ടി. 47 രേഖകൾ ലഭിക്കേണ്ടതുണ്ടെന്നും കോടതിയിൽനിന്ന് സർട്ടിഫൈഡ് പകർപ്പ് എടുക്കണമെന്നുമായിരുന്നു വിജിലൻസിന്റെ വിശദീകരണം.
അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എം എസ് അനിൽ നൽകിയ ഉപഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം എൻ സോമൻ, മൈക്രോഫിനാൻസ് കോ–ഓർഡിനേറ്റർ കെ കെ മഹേശൻ എന്നിവർ കെഎസ്ബിസിഡിസി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖകൾ ഹാജരാക്കി ക്രമക്കേട് നടത്തിയെന്നാരോപിച്ച് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.








0 comments