ഇംഗ്ലീഷ് ഫുട്‌ബോളിലെ വണ്ടർ ബോയ് ടീമില്ലാതെ വീട്ടിലിരിക്കുന്നു; പിന്നാലെ കേസും തടവും

ഇ സുദേഷ്
Published on Nov 26, 2026, 09:35 PM | 3 min read
ലണ്ടൻ: ചിരിപ്പിക്കുന്ന വാതകം നൈട്രസ് ഓക്‌സൈഡ് മയക്കുമരുന്നായി ഉപയോഗിച്ച് വാഹനാപകടമുണ്ടാക്കി ശിക്ഷിക്കപ്പെട്ട ലോകോത്തര ഫുട്‌ബോൾ താരം റഹീം സ്‌റ്റെർലിങിന്റെ പതനം അതിദയനീയം. റഹീമിന്റെ കരിയറിലും വ്യക്തിജീവിതത്തിലും അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങൾ ആരെയും ഞെട്ടിക്കും. ഒരു ക്ലബും സ്വീകരിക്കാത്തതിനാൽ കുറച്ചുകാലമായി വീട്ടിലിരിപ്പാണ് കക്ഷി. അതിനിടെയാണ് നൈട്രസ് ഓക്‌സൈഡ് ഉപയോഗിച്ച് കാറോടിച്ച് അപകടം വരുത്തിയതിന് ജയിൽ ശിക്ഷ ലഭിച്ചത്. രണ്ടു വർഷം വാഹനമോടിക്കുന്നതിന് വിലക്കും ലണ്ടനിലെ കോടതി കഴിഞ്ഞ ദിവസം വിധിച്ചു.
ഒരു കാലത്ത് സ്‌പെയ്‌നിന്റെ സാവി അടക്കമുള്ളവർ മെസിയ്‌ക്കും റൊണാൾഡോയ്‌ക്കും പകരക്കാരനാകുമെന്ന് പ്രവചിച്ച ഫുട്‌ബോളറാണ് റഹീം സ്‌റ്റെർലിങ്. ജമൈക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ പയ്യന്റെ കരിയർ വളർച്ച അത്രമേൽ പ്രതാപം നിറഞ്ഞതായിരുന്നു. 172 സെന്റിമീറ്ററിന്റെ ഉയരക്കുറവ് മുതൽക്കൂട്ടാക്കി, ചടുലചലനവും മിന്നലോട്ടവുമായി കളം നിറഞ്ഞ കൗമാരവും യൗവനവുമായിരുന്നു റഹീമിന്റേത്. ലിവർപൂൾ, മാഞ്ചസ്‌റ്റർ സിറ്റി, ചെൽസി, ആഴ്‌സണൽ എന്നിങ്ങനെ പ്രീമിയർ ലീഗിലെ വന്പൻ ക്ലബുകൾക്കായി 14 വർഷം കളിച്ചു. അണ്ടർ 16 കാലം മുതൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ പതിവുകാരനാണ്. 2014 മുതൽ 2022 വരെ മൂന്ന് ഫിഫ ലോകകപ്പിൽ ബൂട്ടു കെട്ടി. യുവേഫ ചാന്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ അസിസ്‌റ്റ് (23) നൽകിയ ഇംഗ്ലീഷ് താരമെന്ന ബഹുമതിയും സ്വന്തം.
ഏതു ഫുട്‌ബോൾ താരവും കൊതിക്കുന്ന ഇൗ സ്വപ്‌നസമാന കരിയറിനേറ്റ തിരിച്ചടി അന്പരപ്പിക്കുന്നതാണ്. തീർത്തും മങ്ങിയപ്പോൾ ഇംഗ്ലീഷ് ക്ലബുകൾ ഒഴിവാക്കിയ താരത്തെ 2025–26 സീസണിൽ നെതർലന്റ്‌സിലെ ഫെയർനൂർദ് എട്ടു മത്സരം മാത്രമാണ് കളിപ്പിച്ചത്. അടുത്ത സീസണിലേക്ക് കരാർ പുതുക്കിയതുമില്ല. അതോടെ, റഹീമിനെ ആർക്കും വേണ്ടാതായി. 2022 ലോകകപ്പിന് ശേഷം ദേശീയ ടീമിലും അടുപ്പിച്ചിട്ടില്ല.
ഫുട്‌ബോൾ ലോകത്തെ തന്നെ തികച്ചും വേറിട്ടൊരു ജീവിതമാണ് റഹീമിന്റേത്. 1994 ൽ ജമൈക്കയിലെ കിങ്‌സറ്റണിലായിരുന്നു ജനനം. രണ്ടാം വയസിൽ പിതാവിനെ നഷ്‌ടമായ റഹീമിനെയും കൂട്ടി അമ്മ 1999 ൽ ഇംഗ്ലണ്ടിലെത്തി. അതോടെ, ജീവിതം മാറിമറിഞ്ഞു. പയ്യന്റെ അസാധ്യ മെയ്‌വഴക്കവും അതിവേഗ ഓട്ടവും പന്തിന്മേലുള്ള നിയന്ത്രണവും പരിശീലകരെ അതിശയിപ്പിച്ചു. ദേശീയ അണ്ടർ 16 ടീമിലെത്തിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇടതും വലതും വിങ്ങുകളിൽ ഒരു പോലെ കത്തിക്കയറിയ പയ്യനെ 2010 ൽ ലിവർപൂൾ ആദ്യം സ്വന്തമാക്കി. 2014 ൽ ഇംഗ്ലീഷ് ഫുട്‌ബോളിലെ ഗോൾഡൻ ബോയ് പുരസ്‌കാരം നേടി. തൊട്ടടുത്ത വർഷം, അതുവരെ ഒരു ഇംഗ്ലീഷ് താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായ 4.9 കോടി പൗണ്ടിന് (595 കോടി രൂപ)മാഞ്ചസ്‌റ്റർ സിറ്റി മാന്ത്രികക്കാലുകൾ സ്വന്തമാക്കി. ഇതിനിടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു.
2021–22 സീസണിൽ ഫോം മങ്ങി തുടങ്ങിയ താരത്തെ സിറ്റി പരിശീലകൻ പെപ് ഗ്വർഡിയോള കൂടുതലും ബെഞ്ചിലാണ് ഇരുത്തിയത്. ടീം മെച്ചപ്പെടുത്താൻ കിണഞ്ഞുശ്രമിക്കുകയായിരുന്ന ചെൽസി 2022 ൽ റഹീമിനെ പരീക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ, താരത്തിന്റെ കഷ്‌ടകാലം കുടുതൽ കടുക്കുന്നതാണ് കണ്ടത്. വേഗം കുറഞ്ഞു. പഴയ വൈഭവം കാലുകൾക്ക് അന്യമായി. 59 കളിയിൽ 14ഗോൾ മാത്രം. അതോടെ ചെൽസി കൈവിട്ടു. 2024–25 സീസണിൽ മറ്റൊരു പ്രീമിയർ ലീഗ് വന്പനായ ആഴ്‌സണലിനു ലോണായി നൽകി. അവിടെയും സ്ഥിതി കഷ്‌ടം തന്നെയായിരുന്നു. 17 കളിയിൽ ഒറ്റ ഗോളുമില്ല. അതോടെ ഇംഗ്ലണ്ടിൽ ആർക്കും വേണ്ടാതായി. നാടുവിട്ട് നേരെ പോയതാണ് ഡച്ച് ടീമായ ഫെയർനൂദിലേക്ക്. അവിടെ എട്ടു കളിയിൽ പൂജ്യനായതോടെ അവരും കൈവിട്ടു. അടുത്ത സീസണിൽ ഒരു ടീമും വിളിക്കാതായതോടെ നാട്ടിലേക്കു മടങ്ങി.
വീട്ടിലെ വിശ്രമത്തിനിടെയാണ് വാഹനാപകടവും കേസുമെല്ലാം ഒപ്പിച്ചത്. സ്വഭാവവൈകല്യം കാരണം മൂന്നു വർഷം സ്‌പെഷ്യൽ സ്‌കൂളിൽ കഴിഞ്ഞ ഒരു ഭൂതകാലമുണ്ട് റഹീമിന്. വീട്ടിൽ ഒതുങ്ങിയതോടെ മയക്കുമരുന്ന് ഉപയോഗവും തുടങ്ങി. അങ്ങനെ മരുന്ന് തലയ്‌ക്കുപിടിച്ച ഒരു ദിവസമാണ് സ്വന്തം ലമ്പോൾഗിനി ഉറൂസുമായി പറന്ന് ഒരു മതിലിലേക്ക് ഇടിച്ചുകയറ്റിയത്. പിന്നെ പൊലീസും കോടതിയുമായി കുറച്ചുനാളുകൾ. ഒരു വർഷം തടവും രണ്ടു വർഷത്തെ ഡ്രൈവിങ് വിലക്കുമാണ് ശിക്ഷ. 100 മണിക്കൂർ സൗജന്യ സാമൂഹ്യസേവനവും ചെയ്യണം. കരിയർ തകർച്ചയെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാണ് ലഹരി ഉപയോഗത്തിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. തടവ് ശിക്ഷ 18 മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നതിനാൽ തൽക്കാലം ജയിലിൽ പോകേണ്ട.
കളിക്കളത്തിൽ ഏറെ സൗമ്യനായിരുന്ന റഹീമിനെ സഹതാരങ്ങൾക്കും ആരാധകർക്കും ഏറെ ഇഷ്‌ടമായിരുന്നു. എന്നാൽ, കളിക്കളത്തിൽ മിടുക്ക് കുറഞ്ഞതോടെ താരത്തിനുണ്ടായ പതനം ഫുട്‌ബോൾ ലോകത്തെയാകെ നൊന്പരപ്പെടുത്തുന്നതാണ്. ഇതിഹാസ തുല്യമാകേണ്ടിയിരുന്ന ഒരു കരിയറിന് ഏറെ വേദനാജനകമായ പതനം.







0 comments