സ്വകാര്യ വാഹനങ്ങളിൽ സൗജന്യ യാത്രക്കാർക്ക് ‘ആക്ട് ഒൺലി’ ഇൻഷുറൻസ് പരിരക്ഷയില്ല: സുപ്രീംകോടതി

സുപ്രീംകോടതി
ന്യൂഡൽഹി : സ്വകാര്യ വാഹനങ്ങളിൽ സൗജന്യമായി യാത്ര ചെയ്യുന്നവർക്ക് ‘ആക്ട് ഒൺലി’ ഇൻഷുറൻസ് പോളിസി പ്രകാരം സ്വാഭാവികമായി പരിരക്ഷ ലഭിക്കില്ലെന്ന് സുപ്രീംകോടതി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 147 പ്രകാരമുള്ള നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസ് ഇത്തരം യാത്രക്കാരെ ഉൾക്കൊള്ളുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, അസാധാരണ സാഹചര്യങ്ങളിൽ ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം ആദ്യം നൽകാനും പിന്നീട് വാഹന ഉടമയിൽനിന്ന് ഈടാക്കാനും സുപ്രീംകോടതിക്ക് നിർദേശിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇൻഷുറൻസ് കമ്പനിക്ക് നിയമപരമായോ കരാർപരമായോ ബാധ്യതയില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ‘പേ ആൻഡ് റിക്കവർ’ സംവിധാനം നടപ്പാക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.
142-ാം അനുച്ഛേദം പ്രയോഗിക്കുന്നതിന് നാല് വ്യവസ്ഥകളും കോടതി നിർദേശിച്ചു. നഷ്ടപരിഹാരം നൽകേണ്ട വ്യക്തിയുടെ ബാധ്യത നിയമപരമായി നിർണയിക്കപ്പെട്ടിരിക്കണം. ഗുരുതരമായ അനീതി ഒഴിവാക്കാൻ ഇടപെടൽ അനിവാര്യമായിരിക്കണം. ഇൻഷുറൻസ് കമ്പനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ നിർദേശം ആനുപാതികമായിരിക്കണം. കൂടാതെ, ഇൻഷുറൻസ് കമ്പനിക്കും വാഹന ഉടമയ്ക്കും വാദം കേൾക്കാനുള്ള അവസരം നൽകുകയും നൽകിയ തുക തിരിച്ചുപിടിക്കാനുള്ള സംവിധാനം ഉറപ്പാക്കുകയും വേണം.
ഈ അധികാരം സുപ്രീംകോടതിക്ക് മാത്രമുള്ളതാണെന്നും ഹൈക്കോടതികൾക്കും മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകൾക്കും 142-ാം അനുച്ഛേദം ഉപയോഗിക്കാനാവില്ലെന്നും വിധിയിൽ വ്യക്തമാക്കി.
2012 ഏപ്രിൽ 15ന് മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ സൗജന്യമായി യാത്ര ചെയ്തയാൾ മരിച്ച കേസിലാണ് വിധി. ഭാര്യയും രണ്ട് മക്കളും നൽകിയ നഷ്ടപരിഹാര ഹർജിയിൽ 7,79,800 രൂപയും 7.5 ശതമാനം പലിശയും നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു.
കേസിൽ 142-ാം അനുച്ഛേദം പ്രയോഗിക്കാനുള്ള നാല് വ്യവസ്ഥകളും പാലിക്കപ്പെട്ടതായി കണ്ടെത്തിയ കോടതി, നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി ആദ്യം നൽകാനും പിന്നീട് വാഹന ഉടമയിൽനിന്ന് ഈടാക്കാനും ഉത്തരവിട്ടു. കുടിശ്ശിക തുകയും ഹർജി നൽകിയ തീയതി മുതൽ 7.5 ശതമാനം പലിശയും നൽകണം. തുക വാഹന ഉടമയിൽനിന്ന് ട്രൈബ്യൂണൽ മുഖേന തിരിച്ചുപിടിക്കാനും ഇൻഷുറൻസ് കമ്പനിക്ക് അനുമതി നൽകി.







0 comments