മികവ് നേടാൻ ഹോർമോൺ കുത്തിവച്ച് കായിക പരിശീലനം

വി കെ രഘുപ്രസാദ്
പാലക്കാട്
വളരെവേഗം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ ജില്ലയിലെ ഒരു അത്‌ലറ്റിക് ക്ലബ്ബിൽ വിദ്യാർഥികൾക്ക് ഹോർമോൺ കുത്തിവയ്‌ക്കുന്നതായി ആക്ഷേപം. ഡോക്ടർമാരുടെ നിർദേശപ്രകാരം ചികിത്സാ സമയത്ത് നൽകേണ്ട ടെസ്റ്റോസ്റ്റിറോൺ, വളർച്ചാ ഹോർമോൺ എന്നിവയാണ് കുത്തിവയ്‌ക്കുന്നത്. ഗുരുതര അനന്തരഫലം ഉണ്ടാക്കുന്നവയാണ് പെൺകുട്ടികളിൽ ഉൾപ്പെടെ പ്രയോഗിക്കുന്നത്. ജിമ്മിൽ പരിശീലനത്തിനായി സമീപിച്ച കുട്ടികളുടെ പ്രകടനത്തിൽ സംശയംതോന്നിയ ഇൻസ്‌ട്രക്ടർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. ഇതോടെ നാല് വിദ്യാർഥികൾ ഇവിടുത്തെ പരിശീലനം ഉപേക്ഷിച്ചു. 15 വയസ്സിനുമുകളിലുള്ള കുട്ടികളിലാണ് ഹോർമോൺ പ്രയോഗിക്കുന്നത്. കുട്ടികളോട് പണം വാങ്ങി ക്ലബ് ഹോർമോൺ എത്തിച്ച് നൽകുകയാണ്. ആദ്യഘട്ടത്തിൽ കുത്തിവയ്‌ക്കാൻ പരിശീലിപ്പിക്കും. ജില്ലാ, സംസ്ഥാന കായിക മത്സരങ്ങൾക്കുമുമ്പ് നിശ്‌ചിത ഇടവേളകളിലാണ് ഹോർമോൺ കുത്തൽ. ക്ലബ്ബിൽനിന്ന് നിർദേശിക്കുന്നതിനാൽ വിദ്യാർഥികളോ രക്ഷിതാക്കളോ സംശയിക്കാറില്ല. ഉപയോഗിച്ചശേഷം കത്തിച്ചുകളയാൻ നിർദ്ദേശിച്ച സിറിഞ്ചുകൾ കണ്ടെത്തി. ഹോർമോൺ ഉപയോഗം കാരണം തുടക്കത്തിൽ ഉയരം, വേഗം എന്നിവ കൂടുമെങ്കിലും പിന്നീട് സ്വാഭാവിക വളർച്ച നിലയ്ക്കുകയും പ്രായപൂർത്തിയാകുമ്പോൾ ഉണ്ടാകേണ്ട സാധാരണ ഉയരം ലഭിക്കാതെയും വരും. ശാരീരിക മാറ്റങ്ങൾ, പെട്ടെന്നുള്ള ശബ്ദമാറ്റം, രോമവളർച്ച, അമിതമായ ദേഷ്യം, വാശി, പെട്ടെന്നുള്ള മാനസികാവസ്ഥാ മാറ്റങ്ങൾ, അക്രമവാസന എന്നിവയ്‌ക്കും സാധ്യതയുണ്ട്. കൃത്രിമമായി ടെസ്റ്റോസ്റ്റിറോൺ നൽകുന്നത് സ്വാഭാവിക ഹോർമോൺ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധനകൾക്കുശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ടെസ്റ്റോസ്റ്റിറോൺ കുത്തിവയ്‌ക്കാറുള്ളൂ. സാധാരണ വളർച്ചയുള്ള കുട്ടികളിൽ ഉയരം വർധിക്കാൻ ഗ്രോത്ത് ഹോർമോണുകൾ നൽകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് ഡോക്ടർമാർ പറയുന്നു.










0 comments