അവധിക്കാല പരിശീലനത്തിൽ അഞ്ചുമുതൽ 17 വരെ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്
ആരോഗ്യം കാക്കാം കളിയിലൂടെ

പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബിലെ ടേബിൾ ടെന്നീസ് പരിശീലനം

സ്വന്തം ലേഖകൻ
Published on Apr 14, 2026, 12:14 AM | 1 min read
പാലക്കാട്
അവധിക്കാലം ആരോഗ്യത്തോടെ ചെലവഴിക്കാൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആരംഭിച്ച കായിക ക്യാമ്പിൽ ആവേശം തീർത്ത് വിദ്യാർഥികൾ. കഴിഞ്ഞ മൂന്നിന് ആരംഭിച്ച അവധിക്കാല പരിശീലനത്തിൽ വിവിധയിനങ്ങളിലായി അഞ്ചുമുതൽ 17 വരെ പ്രായമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ടേബിൾ ടെന്നീസ്, ഫുട്ബോൾ, വോളിബോൾ, റെസ്‌ലിങ്, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. ഇതിൽ 100 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. പാലക്കാട് കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ ചാമ്പ്‌സ് ടേബിൾ ടെന്നീസ് അക്കാദമിയിലെ പരിശീലകൻ എച്ച് നിധിന്റെ നേതൃത്വത്തിലാണ് ടേബിൾ ടെന്നീസ്. പാലക്കാട് ബിഇഎം എച്ച്‌എസ്‌എസിലെ ആർ ഷിജുവാണ് ഫുട്‌ബോൾ പരിശീലകൻ. അയിലൂർ എസ്‌എംഎച്ച്‌എസ്‌എസിലാണ് വോളിബോൾ ക്യാമ്പ്. കെ എൻ ലക്ഷ്‌മി നാരായണനും പി നീതുവുമാണ് പരിശീലകർ. ചിറ്റൂർ ഗവ. കോളേജിൽ സി ബോബനാണ് റെസ്‌ലിങ് പരിശീലകൻ. ദിവസവും രാവിലെയും വൈകിട്ടും പരിശീലനമുണ്ട്. പാലക്കാട് മോയൻ എൽപി സ്കൂളിൽ രാവിലെ ഏഴിനാണ് യോഗ ക്ലാസ്. അത്‌ലറ്റിക്‌സ്, ചെസ് പരിശീലനങ്ങൾ പാലക്കാട് മേഴ്സി കോളേജിലും നീന്തൽ പറളി ഹൈസ്‌കൂളിലും 16നുശേഷം ആരംഭിക്കും. സ്പോർട്‌സ് കൗൺസിലിൽ രജിസ്‌റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് അവസരം. ദേശീയ, അന്തർദേശീയ തലത്തിലെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ കായികതാരങ്ങളുടെ നേതൃത്വത്തിലാണ് ഓരോ പരിശീലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.









0 comments