സ്പിരിറ്റ് കേസുകളിലെ മുഖ്യസൂത്രധാരൻ പിടിയിൽ

മണിക്കുട്ടൻ
പാലക്കാട്
സംസ്ഥാനത്തേക്ക് വ്യാജ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തൃശൂർ സ്വദേശി മണിക്കുട്ടൻ (44) ആണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കർണാടക തലപ്പാടിയിൽ ഒളിവിൽ താമസിച്ചുവന്ന ഇയാളെ എക്സൈസ് ക്രൈംബ്രാഞ്ച് സാഹസികമായാണ് അറസ്റ്റ് ചെയ്തത്. 6,597 ലിറ്റർ സ്പിരിറ്റ് പിടികൂടിയതുമായി ബന്ധപ്പെട്ട് എറണാകുളം എക്സൈസ് കോംപ്ലക്സ് ഓഫീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ മൂന്നാം പ്രതിയായ ജലീലിന് സ്പിരിറ്റ് ഇടപാടുകൾക്കായി വൻതോതിൽ പണം നൽകിയത് മണിക്കുട്ടനാണെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കർണാടകയിൽനിന്ന് കേരളത്തിലേക്ക് വ്യാപകമായി സ്പിരിറ്റ് എത്തിക്കുന്നതിൽ പ്രധാനിയാണ് മണിക്കുട്ടൻ. 2022-ൽ പാലക്കാട് എക്സൈസ് 960 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്, 2023-ൽ ചാവക്കാട് എക്സൈസ് 1376 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ്, 2025-ൽ കാസർകോട് 1440 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസ് എന്നിവയിൽ മുഖ്യസൂത്രധാരൻ ഇയാളായിരുന്നു. കേസിലെ മറ്റ് പ്രതികളായ പരശുരാമൻ, ജലീൽ എന്നിവർ ഉൾപ്പെട്ടിട്ടുള്ള തൃശൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു കേസിലെ ഇടപാടുകൾക്ക് പിന്നിലും ഇയാൾ തന്നെയാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ചിന് സ്ഥിരീകരിച്ചിട്ടുണ്ട്. എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ ജയലാൽ, പ്രിവന്റീവ് ഓഫീസർ വി ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ വി ജി ഷിജു, സി ജിനീഷ്, വിജിത് പി ജോർജ്, ഷിജു ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.











0 comments