ആരോഗ്യത്തിലെ ഒഴലപ്പതി മാതൃക

ഒഴലപ്പതി കുടുംബാരോഗ്യകേന്ദ്രം
ടി എസ് അഖിൽ
Published on Apr 28, 2025, 01:00 AM | 2 min read
പാലക്കാട്
രാജ്യത്തെ രണ്ടാമത്തെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) സ്മാർട്ട് ആശുപത്രി, സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ലാബ് സൗകര്യം... തുടങ്ങി ആരോഗ്യ രംഗത്ത് ഒഴലപ്പതി ഒരുക്കുന്നത് വേറിട്ട മാതൃക. തമിഴ്‌നാട് അതിർത്തി ഗ്രാമമായ ഒഴലപ്പതിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രമാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത്. മലയാളികളും തമിഴ്‌നാട്ടുകാരും ഉൾപ്പെടുന്ന സമൂഹമാണ് ഈ ആരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നത്. അതിനാൽ മലയാളവും തമിഴും കൈകാര്യംചെയ്യുന്ന ജീവനക്കാരാണുള്ളതെന്നതും ഈ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സവിശേഷതയാണ്.
എഎംആർ സ്മാർട്ട്
രാജ്യത്തെ രണ്ട് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്മാർട്ട് ആശുപത്രികളിൽ ഒന്നാണ് ഒഴലപ്പതി എഫ്‌എച്ച്‌സി. ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയെ ചെറുക്കുന്നതിനായി ബോധവൽക്കരണവും നിരീക്ഷണവും നടത്തിയാണ് ഈ നേട്ടത്തിലെത്തിയത്. ആന്റിബയോട്ടിക് മരുന്നുകൾ അനാവശ്യമായി ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ആദ്യപടി. മരുന്ന് നൽകുമ്പോൾ കൃത്യമായ ബോധവൽക്കരണം രോഗികൾക്ക് നൽകി. അവർ അത് കൃത്യമായി കഴിക്കുന്നുണ്ടോ എന്നും നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തി.
മരുന്നുകൾ ലഭ്യമാക്കി
അസുഖം വന്നാൽ ആശുപത്രിയിലെത്തി ചികിത്സ നേടാൻ തയ്യാറാകാത്ത ആളുകളായിരുന്നു ഏറെയെന്ന് 20 വർഷമായി ഒഴലപ്പതി ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ആൻസി സാമുവൽ പറയുന്നു. ആശുപത്രിയിൽ വരാത്ത ഇവരെ ബോധവൽക്കരണത്തിലൂടെയാണ് മാറ്റിയെടുത്തത്. അസുഖം വന്നാൽ ഡോക്ടറെ കാണുന്നതുകൊണ്ട് ഗുണമുണ്ടെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ഒറ്റ മരുന്നുപോലും പുറത്തുപോയി വാങ്ങേണ്ട എന്ന അവസ്ഥ രൂപപ്പെടുത്തി. സഞ്ജീവനി പദ്ധതിയിൽ ലോക്കൽ പർച്ചേസിങ് വഴിയാണ് മരുന്നുകൾ എത്തിക്കുന്നത്. ഇപ്പോൾ ദിവസേന 150–-200 ആളുകൾ ഒപിയിൽ എത്തുന്നു. അതിൽ അതിർത്തിക്കപ്പുറം തമിഴ്‌നാട്ടിൽനിന്നുള്ളവരും ഉൾപ്പെടുന്നു.
മാറ്റത്തിന്റെ 9 വർഷം
ഓടിട്ട, മഴയിൽ ചോർന്നിരുന്ന, സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ കെട്ടിടത്തിൽനിന്ന് ഒഴലപ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നിട്ട് അധികമായിട്ടില്ല. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ഈ ആരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. വിശ്വസിച്ച് അധികമാരും ചികിത്സതേടിയെത്താത്ത അവസ്ഥ. പക്ഷേ സർക്കാർ പടിപടിയായി സൗകര്യങ്ങൾ വർധിപ്പിച്ചു. ഏത് രോഗത്തിനും ചികിത്സ ലഭ്യമാക്കി. ആവശ്യമായ ജീവനക്കാരെ നിയമിച്ചു. കെട്ടിടങ്ങളും ചികിത്സാ സംവിധാനവും ആധുനികവൽക്കരിച്ചു. സർക്കാരിനൊപ്പം ജീവനക്കാരും ആഞ്ഞുപിടിച്ചതോടെയാണ് എഫ്‌എച്ച്‌സി നേട്ടത്തിന്റെ പടികൾ കയറുന്നത്. 2022ൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷനിൽ 97 ശതമാനം മാർക്ക് നേടി. ഇപ്പോൾ ഐഎസ്‌ഒ അംഗീകാരവുമുണ്ട്. കുടുംബാരോഗ്യ കേന്ദ്രമായതോടെ ആറുമണിവരെ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പൂർണമായും കംപ്യൂട്ടറൈസ്‌ഡ് ആണ് ആശുപത്രിയുടെ പ്രവർത്തനം. പൂർണമായ തൈറോയിഡ് ടെസ്റ്റ് അടക്കം 62 പരിശോധനകൾ ഇവിടത്തെ ലാബിൽ നടത്താനാകും.
വികസനം തുടരും
ആകെ 32 ജീവനക്കാർ ആശുപത്രിയിലുണ്ട്. രണ്ട് ഡോക്ടർമാരെ സർക്കാരും ഒരു ഡോക്ടറെ പഞ്ചായത്തുമാണ് നിയമിച്ചത്. നിലവിൽ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള നടപടിയായി. ഒപ്പം ഹെൽത്ത് സബ് സെന്ററും നിർമിക്കുന്നുണ്ട്. തിങ്കളാഴ്ച ഗർഭിണികൾക്ക് പരിശോധന, ചൊവ്വാഴ്ച അമ്മയും കുഞ്ഞും ക്ലിനിക്, ബുധൻ കുത്തിവയ്‌പ്പ്, വ്യാഴാഴ്ച ജീവിത ശൈലീ രോഗ ക്ലിനിക്, വെള്ളിയാഴ്ച കാഴ്ച പരിശോധന, മാസത്തിൽ രണ്ടാം തിങ്കളാഴ്ച ആശ്വാസ് മെന്റൽ ഹെൽത്ത് ക്ലിനിക് എന്നിവയും മുടക്കമില്ലാതെ തുടരുന്നു. വരും വർഷങ്ങളിലും കായകൽപ്പമുൾപ്പെടെയുള്ള അവാർഡുകളിലും സൂചികകളിലും ഒന്നാമതെത്താനാണ് ഒഴലപ്പതി എഫ്‌എച്ച്‌സിയുടെ ശ്രമം.









0 comments