പോസ്റ്റ് ഓഫീസുവഴി കഞ്ചാവ് കടത്ത്: മുഖ്യപ്രതിയടക്കം 4 പേർ ഗുവാഹത്തിയിൽ അറസ്റ്റിൽ

ഗുവാഹത്തിയിൽ 670 കിലോ കഞ്ചാവുമായി പിടിയിലായവർ
പാലക്കാട്
കൊല്ലങ്കോട് പോസ്റ്റ് ഓഫീസ് പാർസൽവഴി ഏഴുകിലോ കഞ്ചാവ് കടത്തിയ കേസിലെ മുഖ്യപ്രതിയടക്കം നാലുപേർ ഗുഹാവത്തിയിൽ അറസ്റ്റിൽ. ത്രിപുര സ്വദേശി അബൂബക്കർ സിദ്ദിഖ് (റോമൻ – 22), മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലക്കാരായ ഫൽബക്സ്റ്റാർ പർലോങ് (32), അൽവിനെസ്റ്റാർ സിയം (21), ക്രഷ് ദോഖർ (40) എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശ് സ്വദേശിയായ അബൂബക്കർ സിദ്ദിഖ് ആണ് മുഖ്യപ്രതി. ലോക്പ്രിയ ഗോപിനാഥ് ബർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 670 കിലോ കഞ്ചാവുമായി അസാര പൊലീസ് ഇവരെ പിടികൂടിയത്. മേഘാലയയിൽനിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് പോസ്റ്റ് ഓഫീസുവഴി കഞ്ചാവ് അയക്കുന്ന സംഘമാണിത്. കഴിഞ്ഞ ഫെബ്രുവരി നാലിന് മേഘാലയയിൽനിന്നുവന്ന കഞ്ചാവ് അടങ്ങിയ പാഴ്‌സൽ കൈപ്പറ്റുന്നതിനിടെ പോസ്റ്റ് ഓഫീസിൽവച്ച് കൊല്ലങ്കോട് സ്വദേശികളായ സഹോദരങ്ങൾ സഞ്ജയ്, രാഹുൽ എന്നിവർ പിടിയിലായിരുന്നു. അന്വേഷണത്തിൽ കഞ്ചാവ് ഓർഡർ ചെയ്ത കൊല്ലങ്കോട് ത്രാമണി സ്വദേശി താടനാറ വീട്ടിൽ ജിജിറ്റി (19)നെ പാലക്കാട് പുത്തൂരിൽ വാടക വീട്ടിൽ ഒളിവിൽ താമസിക്കുന്നതിനിടെ ജൂൺ 25ന് ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. തുടർന്നാണ് മേഘാലയയിൽനിന്ന് കഞ്ചാവ് പാഴ്‌സൽ അയച്ച ആളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ കേസിന്റെ വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് കൈമാറി. എൻസിബി ഗുവാഹത്തി യൂണിറ്റ് അന്വേഷണം തുടരുകയായിരുന്നു. ഗൂഢാലോചന നടത്തിയതിനും സാമ്പത്തികമായും ഒളിവിൽപ്പോകാനും സഹായിച്ചതിനും ജിജിറ്റിന്റെ അമ്മയുടെ സഹോദരി കവിത, സഹോദരൻ താടനാറ വീട്ടിൽ സിബി (കൃഷ്ണൻകുട്ടി) എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു. ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ കെ അഭിലാഷ്, തൻസിൽ താഹ, യു കെ ജിതിൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വി മണി, പ്രിവന്റീവ് ഓഫീസർ വി ശിവകുമാർ, യാസർ അറഫാത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ അഭിലാഷ്, എം സജിത്‌കുമാർ, റജീന എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.









0 comments