print edition ആരോഗ്യം വെന്റിലേറ്ററിൽ; എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്ന് മുടങ്ങിയിട്ട് 3 മാസം

മുള്ളേരിയ (കാസർകോട്): എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള അവശ്യമരുന്നുകളുടെ വിതരണം പൂർണമായും നിലച്ചിട്ട് മൂന്നുമാസം പിന്നിട്ടു. നീതി മെഡിക്കൽ സ്റ്റോറുകൾവഴി വിതരണംചെയ്ത മരുന്നുകളുടെ വൻ തുക കുടിശ്ശികയാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിച്ച 11 പഞ്ചായത്തുകളിലെ എൻഡോസൾഫാൻ ദുരിതബാധിതരാണ് പ്രതിസന്ധിയിലായത്.
ജീവൻ നിലനിർത്താൻ നിത്യേന മരുന്ന് കഴിക്കേണ്ട ദുരിതബാധിത കുടുംബങ്ങളോട് കടുത്ത അനീതിയാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന ബെള്ളൂർ പഞ്ചായത്തിലെ എൻഡോസൾഫാൻ ദുരിതബാധിതരാണ് പ്രയാസം നേരിടുന്നത്. എൽഡിഎഫ് സർക്കാർ രോഗികൾക്കായി അനുവദിച്ചിരുന്ന പ്രത്യേക വാഹനത്തിന്റെ സേവനവും നിലച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സയ്ക്കായി പോയിരുന്ന നിർധന രോഗികൾക്ക് ആശ്രയമായിരുന്നു വാഹനം.
ബെള്ളൂർ, കുംബഡാജെ, എന്മകജെ, ബദിയഡുക്ക, കാറഡുക്ക, മുളിയാർ, അജാനൂർ, പനത്തടി, കള്ളാർ, പുല്ലൂർ-പെരിയ, കയ്യൂർ- ചീമേനി പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ വഴിയും നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുമാണ് ദുരിതബാധിതർക്കുള്ള സൗജന്യ മരുന്നുകൾ ലഭ്യമാക്കുന്നത്. സ്പെഷ്യാലിറ്റി ആശുപത്രികളിലെ വിദഗ്ധ ചികിത്സയ്ക്കുള്ള മരുന്നുകളും ഈ പഞ്ചായത്തുകളിലെ ലിസ്റ്റിൽ ഉൾപ്പെട്ട രോഗികൾക്ക് നൽകിയിരുന്നു.








0 comments