print edition ക്യാപ്പിറ്റൽ സിറ്റി റോഡ് അഴിമതി; വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ‘കാപ്പിറ്റൽ സിറ്റി’ പദ്ധതിയിൽ നടന്ന വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് ഉമ്മൻചാണ്ടി സർക്കാർ. 2006ൽ എൽഡിഎഫ് സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തലസ്ഥാന നഗരത്തിലെ 28 കിലോമീറ്റർ റോഡ് ഇരട്ടപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയിൽ സർക്കാരിന് ഒന്പത് കോടിരൂപ നഷ്‌ടം വരുത്തിയെന്നായിരുന്നു കണ്ടെത്തൽ. 2002ൽ എ കെ ആന്റണി സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് കരാറായത്. അന്ന് ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു.
കരാർ കന്പനിയുമായി ഗൂഢാലോചന നടത്തിയാണ് സർക്കാരിന് നഷ്‌ടം വരുത്തിയ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമായതോടെ എൽഡിഎഫ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി എം കെ മുനീറും അന്വേഷണ പരിധിയിൽ വന്നതോടെ 2011ലെ ഉമ്മൻചാണ്ടി സർക്കാർ വിജിലൻസ് അന്വേഷണം അട്ടിമറിച്ചു. വഴിയില മുതൽ ഇൗഞ്ചക്കൽവരെയും ശാസ്തമംഗലം, സ്‌റ്റാച്യു എന്നിവിടങ്ങളിലെയും റോഡ് വികസിപ്പിക്കുന്നതിനായിരുന്നു പദ്ധതി.
എം കെ മുനീർ ഇടപ്പെട്ട് ഐ എൽ ആൻഡ് എസ്‌എഫ്‌എസ്‌ഐഡിസി കന്പനിക്കാണ് കരാർ നൽകിയത്. ഒരു കിലോമീറ്റർ വികസിപ്പിക്കാൻ ഒരു കോടിരൂപയായിരുന്നു തുക. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണിക്കുള്ള ഗ്യാരന്റി ഉൾപ്പെടെയായിരുന്നു കരാർ. റോഡ് വീതികൂട്ടാനുള്ള സ്ഥലം ആറുമാസത്തിനം സർക്കാർ ഏറ്റെടുത്തു കൊടുക്കണമെന്നും ഇല്ലെങ്കിൽ വർഷം ഒരു കോടിരൂപ കരാർ കന്പനിക്ക് പിഴ നൽകണമെന്നും വ്യവസ്ഥയുണ്ടാക്കിയാണ് കരാർ ഒപ്പിട്ടത്.
എന്നാൽ യുഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയില്ല. അഞ്ച് കോടി രൂപ പിഴ നൽകി. യുഡിഎഫ് സർക്കാർ നടപടി പൂർത്തിയാക്കാത്തതിനാൽ തുടർന്നുവന്ന എൽഡിഎഫ് സർക്കാരിന് ഭൂമി ഏറ്റെടുത്ത് നൽകാൻ സമയമെടുത്തു. ഇതോടെ വീണ്ടും നാലു കോടിരൂപ പിഴ നൽകേണ്ടിവന്നു.
തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിൽ മന്ത്രി മുനീറിനും ഗ്യാനേഷ് കുമാറിനുമെതിരെ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.
ഇരുവരുടെയും മൊഴിയുമെടുത്തു. 2011ൽ യുഡിഎഫ് സർക്കാർ വന്നതോടെ ആദ്യം മുനീറിനെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കി വീണ്ടും മന്ത്രിയാക്കി. പിന്നാലെ ഗ്യാനേഷ്‌കുമാറിനെയും ഒഴിവാക്കി. കോടികളുടെ അഴിമതിക്കേസിനാണ് അന്ന് യുഡിഎഫ് സർക്കാർ താഴിട്ടത്.









0 comments