ad
Deshabhimani

● ഒരു കിലോ കോഴി 185– 193 രൂപ ● ഇറച്ചിയാണെങ്കിൽ 300– 330 രൂപ

ഇറച്ചിക്കോഴിക്ക്‌ തീവില

chicken
വെബ് ഡെസ്ക്

Published on Jul 11, 2026, 02:00 AM | 1 min read

നിഖിൽ രവീന്ദ്രൻ

പാലക്കാട്‌

കോഴിയിറച്ചിയുടെ വില സർവകാല റെക്കോഡിൽ. 185–193 രൂപയാണ്‌ ഒരു കിലോ ഇറച്ചിക്കോഴിക്ക്‌. ഇറച്ചിയാണെങ്കിൽ കിലോയ്‌ക്ക്‌ 300–330 രൂപയും. ലെഗോൺ കോഴിക്ക്‌ കിലോ 200 രൂപ. നാടൻ കോഴിക്ക്‌ കിലോ 450 – 520 രൂപയും. കോഴിത്തീറ്റയുടെ വില വർധിച്ചതാണ്‌ ഇറച്ചിവില കൂടാൻ കാരണം. എഥനോൾ ഉൽപ്പാദനത്തിന്‌ ധന്യങ്ങൾ വലിയതോതിൽ ഉപയോഗിച്ചുതുടങ്ങിയതോടെ കോഴിത്തീറ്റയ്‌ക്കുവേണ്ട ധാന്യങ്ങൾക്ക്‌ ക്ഷാമം നേരിട്ടു. ഇതോടെയാണ്‌ തീറ്റയുടെ വില വർധിച്ചത്‌. ബ്രോയിലർ കോഴികൾക്ക് നൽകുന്ന സ്റ്റാട്ടർ, ​ഗ്രോവർ, ഫിനിഷർ എന്നീ തീറ്റകൾക്ക്‌ ഒരുമാസത്തിനിടെ 500 രൂപയിലധികം കൂടി. 50 കിലോവിന്റെ ഒരു ചാക്ക്‌ സ്റ്റാട്ടർ തീറ്റയ്‌ക്ക്‌ 2400 രൂപയാണ്‌ നിലവിലെ വില. ഗ്രോവറിന്‌ 1,950 രൂപയായി. ഫിനിഷറിന്‌ 2,250 രൂപയും. കേരള ഫീഡ്സും മിൽമയുമാണ് കേരളത്തിൽ പ്രധാനമായും കോഴിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നത്. ഇത് ആവശ്യമുള്ളതിന്റെ 10 മുതൽ 15 ശതമാനംവരെ മാത്രമാണ്‌. സോയ, ചോളം, ജോവർ, ബജ്ര, ഗോതമ്പ്, ഡീ ഓയിൽഡ് കേക്ക്, എണ്ണ, അമിനോ ആസിഡ്‌ എന്നിവ ചേർത്താണ് കോഴിത്തീറ്റയുണ്ടാക്കുന്നത്. ചോളം, ഗോതന്പ്‌ എന്നിവ എഥനോളിന്റെ അസംസ്‌കൃത വസ്‌തുക്കളാണ്‌. കിലോ 17 രൂപയുണ്ടായിരുന്ന ചോളത്തിന്‌ ഇപ്പോൾ 27 രൂപയാണ്‌. ഒന്നരമാസം മുന്പ്‌ 35–40 നിരക്കുണ്ടായിരുന്ന സോയക്കിപ്പോൾ 68 രൂപയാണ്‌. പുറമേ 20 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞിന് 36 രൂപയായി. കോഴിക്കുഞ്ഞുങ്ങളെ 40 ദിവസം വളർത്തിയാണ്‌ വിൽപ്പനയ്ക്കെത്തിക്കുന്നത്‌. ഇക്കാലയളവിൽ 3.600 കിലോ തീറ്റ നൽകിയാൽ കോഴിക്ക്‌ രണ്ടുകിലോ തൂക്കമുണ്ടാകുമെന്നാണ്‌ കണക്ക്‌. മരുന്നും വളർത്തുകൂലിയുംകൂടി കണക്കിയാൽ കിലോയ്‌ക്ക്‌ 125 രൂപയെങ്കിലും കർഷകർക്ക്‌ കിട്ടിയില്ലെങ്കിൽ നഷ്‌ടമാകും. കോഴികളെ എത്തിക്കാൻ കിലോയ്ക്ക്‌ എട്ടുമുതൽ 10 രൂപവരെയാണ്‌ വണ്ടിക്കാർ ഇ‍ൗടാക്കുക. ചില്ലറ വ്യാപാരികൾക്ക്‌ 22–24 രൂപയാണ്‌ മാർജിൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home