വിദ്യാർഥികളുടെ പുറത്ത് ലാത്തികൊണ്ട് കുത്തി
വിദ്യാർഥികൾക്കുനേരെ വ്യാപക അക്രമം; സംഘർഷം വിതച്ച് പൊലീസ്

മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ടടിക്കുന്നു
പാലക്കാട്
ഡൽഹി സമരത്തിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ വ്യാപക ആക്രമത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ വ്യാപക അക്രമം അഴിച്ചുവിട്ട് പൊലീസ്. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ചിലാണ് സംഘർഷം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിൽ വ്യാപക ആക്രമണം നടന്നതിനെതിരെയായിരുന്നു എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്. വൈകിട്ട് 4.30ന് പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ടൗൺ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. സമാധാനപരമായി സമരം ചെയ്ത് മടങ്ങാനാണ് തീരുമാനമെന്ന് അറിയിച്ചെങ്കിലും പൊലീസ് വിദ്യാർഥികൾക്കുനേരെ ബലം പ്രയോഗിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ച പ്രവർത്തകരെ ലാത്തിയും കൈകളും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു. പൊലീസ് അതിക്രമത്തിൽ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി, സെക്രട്ടറി വി വി അഭിഷേക്, ജില്ലാ നേതാക്കളായ മുഹമ്മദ് മുസ്തഫ, വി നന്ദു, അബുഫാസിൽ തുടങ്ങിയവർക്ക് പരിക്കേറ്റു. കുത്തിയിരുന്ന് സമരം ചെയ്ത വനിതാ നേതാക്കളെ ഉൾപ്പെടെ നിലത്ത് വലിച്ചിഴച്ചു. പ്രവർത്തകരുടെ പുറത്ത് ലാത്തികൊണ്ട് കുത്തി. പലർക്കും ശരീരത്തിൽ സാരമായ മുറിവുകളും പോറലുകളുമുണ്ട്. അറസ്റ്റ് ചെയ്ത് നീക്കിയ പ്രവർത്തകരെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നൗഷാദ്, ജില്ലാ കമ്മിറ്റിയംഗം പി എൻ മോഹനൻ, ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി എന്നിവർ സന്ദർശിച്ചു.









0 comments