print edition ആഗോള മാധ്യമങ്ങൾ പറയുന്നു, "മോദി ഭയന്നു"

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തെ യുവജനങ്ങൾ തുടക്കമിട്ട പ്രക്ഷോഭത്തിന് പിന്തുണയുമായി ലോക മാധ്യമങ്ങൾ. യുവതലമുറയുടെ വികാരം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. ശക്തനായ ഭരണാധികാരി എന്ന പ്രതിഛായ സൃഷ്ടിക്കുന്ന നരേന്ദ്ര മോദി, അമിത് ഷാ നേതൃത്വത്തിന്റെ ദുർബലത വെളിപ്പെട്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. ഇന്ത്യൻ യുവജന പ്രക്ഷോഭത്തെ നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസി പ്രക്ഷോഭങ്ങളോട് താരതമ്യം ചെയ്താണ് വാർത്ത.
"മോദി എപ്പോഴൊക്കെ ഭയപ്പെടുന്നുവോ, അപ്പോഴൊക്കെ അദ്ദേഹം പൊലീസിനെ മുന്നിൽ നിർത്തുന്നു' എന്ന പ്രക്ഷോഭകരുടെ മുദ്രാവാക്യം ഏറ്റെടുത്താണ് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തൽ. ഗുണ്ടാ സംഘങ്ങളെയടക്കം സമരത്തിനിടയിലേക്ക് കടത്തിവിട്ടാണ് പ്രക്ഷോഭം തകർക്കാൻ ശ്രമിച്ചത്. ഇത് മുന്നിൽ കണ്ടാണ് യുവജനങ്ങളുടെ ശ്രദ്ധയോടെയുള്ള സമര മുന്നേറ്റം. തലസ്ഥാനം അടുത്തകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭം എന്നാണ് ബിബിസി ഡൽഹി പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത്. പാർലമെന്റിലേക്കും സമരസ്ഥലത്തേക്കുമുള്ള വഴി തടഞ്ഞും യാത്രാ മാർഗ്ഗങ്ങൾ നിഷേധിച്ചും യുവജനങ്ങളെ അടിച്ച് ഒതുക്കാനാണ് ശ്രമമെന്നും ബിബിസി റിപ്പോർട്ടിൽ പറഞ്ഞു. 2021 ലെ കർഷക പ്രക്ഷോഭത്തിനു ശേഷമുള്ള ഏറ്റവും വലിയ ജനമുന്നേറ്റമാണിതെന്ന് ബ്ലുംബെർഗ് വിലയിരുത്തി. ഭരണത്തിലെ വീഴ്ചകൾ സായുധ സംവിധാനങ്ങളും തന്ത്രങ്ങളും ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം അമർഷം വർധിപ്പിക്കുന്ന സാഹചര്യമാണുണ്ടാക്കുന്നതെന്ന് ദ ഗാർഡിയൻ മുന്നറിയിപ്പ് നൽകി.
ഭരണ വീഴ്ചകൾക്കും വെട്ടിപ്പുകൾക്കും എതിരെ രാജ്യത്തെ യുവജന സമൂഹം വലിയ രാഷ്ട്രീയ മുന്നേറ്റമാണ് നടത്തുന്നതെന്നാണ് പൊതുവെയുള്ള മാധ്യമ വിലയിരുത്തലുകൾ. പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതും, ട്രെയിനുകളും മെട്രോ സ്റ്റേഷനുകളും അടച്ചതും ന്യൂഡൽഹിയിൽ പ്രഖ്യാപിച്ച അപ്രഖ്യാപിത ലോക്ക്ഡൗൺ നടപടികൾ മോദിസർക്കാരിന്റെ ദുർബലതയും വീഴ്ചകളും മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.







0 comments