Deshabhimani

മണമ്പൂർ സിഎച്ച്‌സിയിൽ രാത്രി ഡോക്ടർമാരില്ല; രോഗികൾ ദുരിതത്തിൽ

മണമ്പൂർ കുടുംബാരോഗ്യകേന്ദ്രം

മണമ്പൂർ കുടുംബാരോഗ്യകേന്ദ്രം

avatar
സുധീർ വർക്കല

Published on Oct 12, 2026, 03:01 AM | 1 min read

വർക്കല ​

വർക്കല ബ്ലോക്കിനുകീഴിലെ പ്രധാന സിഎച്ച്സിയായ മണമ്പൂർ ആശുപത്രിയിൽ രാത്രി ഡോക്ടർമാരില്ല. ആവശ്യത്തിന്‌ മരുന്നുമില്ല. രോഗികളാകെ ദുരിതത്തിൽ. 1962ൽ പിഎച്ച്സിയായി പ്രവർത്തനം തുടങ്ങിയ ആശുപത്രിയിലിപ്പോൾ ആകെയുള്ളത് 3 ഡോക്ടർമാർമാത്രം, അതും വിവിധ സമയങ്ങളിൽ മാത്രമാണ്‌ സേവനം. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആശുപത്രിയെ സിഎച്ച്സിയായി ഉയർത്തിയപ്പോൾ ആറ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിരുന്നു. പ്രസവ ശുശ്രൂഷവരെ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തനം മുരടിച്ചു. ദിവസവും 500ൽപ്പരം രോഗികളാണ് എത്തുന്നത്. മഴക്കാല രോഗങ്ങളും മറ്റും പെരുകുമ്പോൾ രോഗികളുടെ എണ്ണം ഇതിലും കവിയും. സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്. ഇപ്പോഴുള്ള മൂന്ന് ഡോക്ടർമാർക്ക് എല്ലാ രോഗികളെയും സമയമെടുത്ത് ചികിത്സിക്കാനും മാർഗ നിർദേശങ്ങൾ നൽകാനും കഴിയാറില്ലെന്ന് പരക്കെ പരാതിയുണ്ട്. ഏതെങ്കിലും ഡോക്ടർമാർ അവധിയിൽ പോയാൽ ഇതിലും സങ്കീർണമാകും. ഒരു ഡോക്ടർ മാത്രമുണ്ടായ ദിവസങ്ങളുമുണ്ട്‌. പനിയുമായി വന്ന ഒരു രോഗി മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്ട‌റെ കണ്ട് രോഗവിവരം മുഴുവൻ പറയാൻ കഴിയാതെ മടങ്ങിയ അനുഭവവും പങ്കുവച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അടുത്തിടെയായി പതിവായെന്നുമാണ്‌ ആക്ഷേപം. മണമ്പൂരിനെ കൂടാതെ ഒറ്റൂർ, ചെറുന്നിയൂർ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികളും ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. വർക്കല ബ്ലോക്കിനുകീഴിലുള്ള പഞ്ചായത്തുകളിലെ പിഎച്ച്സികൾക്ക് മാതൃകയാകേണ്ട ആശുപത്രിക്കാണ് ഈ ദുർഗതി. കഴിഞ്ഞ 10 വർഷം രാത്രി ഡോക്ടറുടെ സേവനവും ഡോക്ടർമാർക്ക് രാത്രി വിശ്രമിക്കാനുള്ള സൗകര്യവും ആശുപത്രിയിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വിശ്രമമുറി അടച്ചിട്ടു. ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച് ഡിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്ന‌ത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home