print edition ജയിൽവണ്ടികൾ തോറ്റു

കെ പി അക്ഷയ്
Published on Oct 12, 2026, 02:05 AM | 3 min read
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം അടിച്ചൊതുക്കാൻ കേന്ദ്രസേനകളെ കയറൂരിവിട്ട് മോദിസർക്കാർ. ദിവസം കഴിയുന്തോറും ശക്തമാകുന്ന പ്രതിഷേധത്തെ നേരിടാൻ ഡൽഹി പൊലീസിനൊപ്പമാണ് അതിക്രൂര മർദനമുറകളുമായി കേന്ദ്ര സേനയെ നിയോഗിച്ചത്. വനമേഖലയിൽ മാവോയിസ്‌റ്റുകളെ നേരിടാൻ നിയോഗിച്ച അർധസൈനികരെ വരെ ഇറക്കിയിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഞായറാഴ്ച ഡൽഹിയിൽ നടന്ന സമരത്തെ അടിച്ചൊതുക്കാൻ എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചാണ് സേനയുടെ അതിക്രമങ്ങൾ അരങ്ങേറിയത്. വിദ്യാർഥികളെയും യുവാക്കളെയും വലിച്ചിഴച്ച് കസ്‌റ്റഡിയിലെടുത്തശേഷവും ഇടിവണ്ടിയിലിട്ട് മർദനമുറ തുടർന്നു. എസ്‌എഫ്‌ഐ പ്രസിഡന്റ് ആദർശ് എം സജിയെയും ഡിവൈഎഫ്‌ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജെയ്‌ക് സി തോമസിനെയും ക്രൂരമായി മർദിച്ചു. ജോൺബ്രിട്ടാസ് എംപിക്ക് നേരെ അതിക്രൂരമായാണ് കേന്ദ്ര സേന പെരുമാറിയത്. അറസ്റ്റിലായവരെ ഡൽഹി അതിർത്തികളിലെ പൊലീസ് സ്റ്റേഷനുകളിലും മൈതാനങ്ങളിലും കൊണ്ടുതള്ളി. പലരും ബോധരഹിതരായിരുന്നു.
ഞായറാഴ്ച കൊണാട്ട് പ്ലേസാണ് പ്രധാന പ്രക്ഷോഭകേന്ദ്രമായത്. പകൽ 12ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്‌എഫ്, എഐവൈഎഫ്, സിജെപി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. എസ്എഫ്‌ഐ, ഐസ പ്രവർത്തകരെ കേന്ദ്രസേന തല്ലിച്ചതച്ചു. സിആർപിഎഫ്, ആർഎഎഫ്, സിഐഎസ്‌എഫ്, എസ്‌എസ്‌ബി ഉദ്യോഗസ്ഥരുമെത്തി. രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് പ്രവർത്തകർ ജന്തർമന്തറിലേക്ക് മാർച്ച് ചെയ്തു. പാലിക ബസാറിലെത്തിയതോടെ കേന്ദ്രസേനയും പൊലീസും ഇരച്ചെത്തി നേതാക്കളേയും പ്രവർത്തകരെയും മർദിച്ച് പൊലീസ് വാഹനങ്ങളിലേക്ക് വലിച്ചിഴച്ചു. അറസ്റ്റിലായവരുമായി നീങ്ങിയ ‘ജയിൽ ബസി’ലും ക്രൂരമായ ആക്രമണമാണ് നടത്തിയത്. ജയ്‌ക് സി തോമസിന്റെ വസ്‌ത്രം കീറിയെറിഞ്ഞു. എസ്‌എഫ്‌ഐ നേതാക്കളായ സൂരജ് ഇളമൺ, അഭിജിത്ത് മണിലാൽ, സിമ്രാൻ, ശരണ്യ എന്നിവർക്കു മർദനമേറ്റു.
സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ആനി രാജയെയും അറസ്റ്റുചെയ്‌തു. ദിശ, റവല്യൂഷണറി വർക്കേഴ്‌സ് പാർടി, ക്രാന്തികാരി യുവ സങ്കതൻ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായെത്തി. ആർകെ ആശ്രം മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് പകൽ മൂന്നു കഴിഞ്ഞ് എസ്‌എഫ്‌ഐ, ഐസ പ്രവർത്തകർ മാർച്ച് നടത്തി. ഐസ പ്രസിഡന്റ് നേഹാ ബോറ ഉൾപ്പടെ അറസ്റ്റിലായി. സന്ധ്യകഴിഞ്ഞ് എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥിനികൾ ദേശീയപതാകയുമായി കൊണാട്ട് പ്ലേസിൽ മാർച്ച് ചെയ്തു. ഐഷിഘോഷിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകരെയും പുരുഷ, വനിതാ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. വാഹനത്തിൽ കയറ്റിയും മർദനം തുടർന്നു. ഐഷി ഘോഷിന് പുറമേ ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമ, സെക്രട്ടറിയറ്റ് അഗം സഖി ബന്ധു എന്നിവരെ അറസ്റ്റ് ചെയ്തു.
ബ്രിട്ടാസിനെ മർദിച്ചവശനാക്കി റോഡിൽ തള്ളി
(എം അഖിൽ)
ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ യുവജനങ്ങളെ തല്ലിച്ചതച്ചത് ചോദ്യംചെയ്ത സിപിഐ എം രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസിനെ കേന്ദ്രസേന പിടിച്ചുകൊണ്ടുപോയി മർദിച്ച് റോഡിൽതള്ളി . പൊലീസിന്റെയും സിആർപിഎഫിന്റെയും നഗ്നമായ അധികാരലംഘനം ബ്രിട്ടാസ് മാധ്യമപ്രവർത്തകരോട് വിവരിക്കുന്നതിനിടെ ഡൽഹി പൊലീസും സിആർപിഎഫും വളഞ്ഞു. താൻ എംപിയാണെന്നും തൊടരുതെന്നും ബ്രിട്ടാസ് പറഞ്ഞു.
ഇത് മുഖവിലയ്ക്കെടുക്കാതെ എംപിയെ ‘തൂക്കിയെടുക്കാൻ’ മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചു. പൊലീസ്, സിആർപിഎഫ് സംഘം ബ്രിട്ടാസിനെ വാരിയെടുത്തു. ‘പേ പിടിച്ച നായ്‌ക്കളെപ്പോലെയാണ് നിങ്ങൾ പെരുമാറുന്നതെന്ന്’ ബ്രിട്ടാസ് വിളിച്ചുപറഞ്ഞു. ബസിലേക്കെറിഞ്ഞശേഷം എംപിയെ അഞ്ച് സിആർപിഎഫുകാരും ഒരു പൊലീസുകാരനുംകൂടി സീറ്റിലേക്ക് മുഖമമർത്തിയും കഴുത്തിൽക്കുത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചു. എംപിയാണെന്ന് ആവർത്തിച്ചിട്ടും തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മർദനം തുടർന്നു. ബ്രിട്ടാസിനൊപ്പം കസ്റ്റഡിയിലെടുത്ത ജാർഖണ്ഡ് സ്വദേശി സാജിദ് ഹുസൈൻ തടയാൻ നോക്കിയപ്പോൾ അദ്ദേഹത്തെയും മർദിച്ചു.
പൊലീസുകാരന്റെ ബോഡി ക്യാമറയിലൂടെ കൺട്രോൾ റൂമിൽ മർദനദൃശ്യങ്ങൾ ലൈവായി കണ്ട ഡിസിപി സച്ചിൻ ശർമ ബ്രിട്ടാസിനെ തിരിച്ചറിഞ്ഞ് ഉടനെ വിളിച്ചു. ഫോണെടുത്ത സാജിദ് ഹുസൈൻ ‘ഇദ്ദേഹത്തെ കൊല്ലാൻ നോക്കുകയാണെന്ന്’ ഡിസിപിയോട് പറഞ്ഞു. സ്പീക്കറിലിടാൻ പറഞ്ഞ ഡിസിപി ‘നിങ്ങൾ മർദിക്കുന്നത് എംപിയെയാണെന്നും ഉടൻ മോചിപ്പിച്ചില്ലെങ്കിൽ എല്ലാവർക്കും ഡിസ്‌മിസൽ ഓർഡർ കിട്ടുമെന്നും’ പറഞ്ഞു. തുടർന്നാണ് ബ്രിട്ടാസിനെയും സാജിദിനെയും വഴിയിൽ ഇറക്കിവിട്ടത്. നടക്കാനാകാതെ അവശനായ ബ്രിട്ടാസിനെ സാജിദ് താങ്ങിപ്പിടിച്ച് ഓട്ടോയിൽ കയറ്റി.
കൊണാട്ട് പ്ലേസിൽ തിരിച്ചെത്തിയ ബ്രിട്ടാസ് നടപ്പാതയിൽ തളർന്നിരിക്കവേ മാധ്യമപ്രവർത്തകരെത്തി വെള്ളം നൽകി. സംഭവം അറിഞ്ഞെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആർഎംഎൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജനങ്ങളെ അണിനിരത്തി നേരിടും: എം എ ബേബി
ന്യൂഡൽഹി: ഡൽഹി പൊലീസിനെയും കേന്ദ്ര സായുധസേനകളെയും നിരത്തി ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിസർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. ശനിയാഴ്ച ജന്തർമന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയപാർടികളും നടത്തിയ പ്രതിഷേധത്തിനുനേരെ ക്രൂരമായ മർദനമുറകളാണ് അഴിച്ചുവിട്ടത്. ഞായറാഴ്ച കൊണാട്ട്‌പ്ലേസിലും ആർ കെ ആശ്രമിലും സമാധാനപരമായ പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ് പൊലീസും സിആർപിഎഫും ശ്രമിച്ചത്.
യുവജനങ്ങളെ പൊലീസ് ചവിട്ടിമെതിക്കുന്നതിനെ ജോൺ ബ്രിട്ടാസ് ചോദ്യംചെയ്‌തു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസുകാർ അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയത്. മോദിസർക്കാരിന്റെ നിരന്തര വിമർശകനായ എംപിയെ കൈകാര്യംചെയ്യാൻ മോദിയും അമിത്‌ഷായും ചട്ടംകെട്ടിയ ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയത്. അടിയന്തരാവസ്ഥയെ അനുസ്‌മരിപ്പിക്കുന്ന നിഷ്‌ഠുരമായ അടിച്ചമർത്തലുകളിലൂടെ പ്രതിഷേധങ്ങളിൽ അണിനിരക്കുന്നതിൽനിന്ന് ആളുകളെ ഭയപ്പെടുത്തി അകറ്റാമെന്നാണ് കണക്കുകൂട്ടൽ. ദിവസം കഴിയുന്തോറും ശക്തമാകുന്ന പ്രതിഷേധം സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിക്കുന്നു. ജനകീയപ്രതിഷേധത്തിൽ ഗ്യാനേഷ്‌കുമാർ മാത്രമല്ല മോദിയും അമിത് ഷായും ഒലിച്ചുപോകും– എം എ ബേബി പറഞ്ഞു.







0 comments