print edition 'ബസ് ജയിലിലെ' നിലവിളികൾ

സിമ്രാൻ ഝാ
Published on Oct 12, 2026, 01:40 AM | 1 min read
കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചതിന് അവർ ഞങ്ങളെ റോഡിലൂടെ വലിച്ചിഴച്ച് ഡിടിസി ബസിലേക്കെറിഞ്ഞു. ശരീരത്തിന്റെ പലഭാഗവും മുറിഞ്ഞ് നീറുന്നുണ്ടായിരുന്നു. കുറച്ചുദൂരം പോയശേഷം ആ ബസിൽനിന്ന് പുരുഷന്മാരെ മാത്രം ‘ബസ് ജയിലി’(ലോക്കപ്പ് ബസ്)ലേക്ക് മാറ്റാൻ തുടങ്ങി. അവരെ അതിലേക്ക് മാറ്റുന്നത് ക്രൂരമായി മർദിക്കാനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞാനും ചില സുഹൃത്തുക്കളും അതിനെ ശക്തമായി എതിർത്തു. ഇതോടെ ഒരു പൊലീസുകാരി എന്റെ മുടിപിടിച്ച് വലിച്ചു. പിന്നീട് അവർ ഞങ്ങളെ ‘ബസ് ജയിലി’ലേക്ക് മാറ്റി. ആദ്യമായിട്ടാണ് അവർ വനിതകളെ ‘ബസ്‌ജയിലി’ൽ കയറ്റുന്നത്. ഇരുന്പഴികളിട്ട് തിരിച്ച നാല് ചെറിയ ലോക്കപ്പുകളാണ് ബസിലുള്ളത്. ജനലുകളെല്ലാം അടച്ചുപൂട്ടി കർട്ടനിട്ടിരിക്കുകയാണ്. വായുസഞ്ചാരം കുറവാണെന്ന് മാത്രമല്ല വലിയ ബഹളമുണ്ടാക്കിയാൽപ്പോലും ആരും കേൾക്കില്ല.
സ്‌ത്രീകളെയും പുരുഷൻമാരെയും വ്യത്യസ്‌ത സെല്ലുകളിലാക്കി അടച്ചുപൂട്ടി. കുറച്ചുകഴിഞ്ഞപ്പോൾ ആ ബസിലുണ്ടായിരുന്ന കമാൻഡോകൾ പുരുഷൻമാരുടെ സെൽ തുറന്ന് അവരെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ഇൗ കമാൻഡോകൾക്ക് ബസിൽ എത്തുന്നവരെ കൈകാര്യം ചെയ്യുകമാത്രമാണ് ജോലിയെന്ന് തോന്നുന്നു. സമരം അടിച്ചമർത്തുന്നവരുടെ കൂട്ടത്തിൽ ഇവരെ ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞദിവസത്തെ സമരത്തിലും എന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്‌ത് പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ഡക സ്‌റ്റേഡിയത്തിൽ കൊണ്ടുപോയി ഇട്ടിരുന്നു.
‘ബസ് ജയിൽ’ ഇന്ന് ഞങ്ങളെയുംകൊണ്ട് സൂരജ്‌മാൽ സ്‌റ്റേഡിയത്തിലേക്കാണ് എത്തിയത്. മണിക്കൂറുകൾ ഇവിടെ ഇരുത്തി. ഒരു പൊലീസുകാരൻ എന്റെ കൈയ്യിലുണ്ടായിരുന്ന എസ്‌എഫ്‌ഐ പതാക തട്ടിപ്പറിച്ചു. അപ്പോൾ, ഞാൻ അയാളുടെ യൂണി-ഫോമിലെ ബാഡ്ജ് അടർത്തിയെടുത്തു. ഞാൻ സഖാക്കളോട് പറഞ്ഞു– ‘നോക്കൂ.. സമരം ചെയ്‌തതിന് നമുക്ക് കിട്ടിയ മെഡലാണിത്...! ’.
(എസ്‌എഫ്‌ഐ ഡൽഹി വൈസ് പ്രസിഡന്റ്, ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് ഗവേഷക)







0 comments