അവകാശ പ്രതിക അംഗീകരിക്കുക
എസ്എഫ്ഐ മാർച്ചിൽ ആയിരങ്ങൾ


സ്വന്തം ലേഖകൻ
Published on Jul 30, 2025, 12:59 AM | 1 min read
പാലക്കാട്
അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ ആയിരകണക്കിന് വിദ്യാർഥികൾ അണിനിരന്നു. 21ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി 60 ആവശ്യങ്ങൾ അടങ്ങുന്ന അവകാശ പത്രിക മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. സർവകലാശാലകളെ കാവിവൽക്കരിക്കുന്ന കേരള ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുക, മുഴുവൻ സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമിക്കുക, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടന പ്രവർത്തനം ഉറപ്പുവരുത്തുക, സ്വാശ്രയ–സ്വകാര്യ കോളേജുകളിലെ ഫീസ് നിയന്ത്രിക്കാൻ വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുക, എല്ലാ സർവകലാശാലകളിലെയും അക്കാദമിക് കലണ്ടർ ഏകീകരിച്ച് പരീക്ഷ സമയബന്ധിതമായി നടപ്പാക്കി, ഫലം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുക, മുടങ്ങിക്കിടക്കുന്ന ഇ ഗ്രാന്റ്, ഫെലോഷിപ്, സ്കോളർഷിപ് എന്നിവ വിതരണം ചെയ്യുക തുടങ്ങി 60 ഇന ആവശ്യങ്ങളാണ് അവകാശ പത്രികയിലുള്ളത്. വിക്ടോറിയ കോളേജ് പരിസരത്തുനിന്നാരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വി അഭിഷേക് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി അഭിൻ കൃഷ്ണ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് വിപിൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ശാദുലി നന്ദിയും പറഞ്ഞു.










0 comments