മണിപ്പൂരിൽ ആക്രമണം തുടരുന്നു
മണിപ്പൂരിൽ ആശുപത്രിക്ക് നേരെ ആക്രമണം, വെടിയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ മാറ്റി

ഇംഫാൽ: ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെടിയേറ്റ പരിക്കുകളോടെ ചികിത്സയിലായിരുന്ന മൂന്ന് കുക്കി യുവാക്കളെ അതീവ സുരക്ഷയോടെ മറ്റ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്ക് നേരെ ജനക്കൂട്ട ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണിത്. ബുധനാഴ്ച പുലർച്ചെ 12:15-ഓടെ കനത്ത സുരക്ഷാ അകമ്പടിയിൽ യുവാക്കളെ രഹസ്യമായി മാറ്റേണ്ടി വന്നതായി അധികൃതർ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച കാങ്പോക്പി ജില്ലയിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പിലാണ് കുക്കി സമുദായത്തിൽപ്പെട്ട ഈ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റത്. ഇവരെ ഏത് ആശുപത്രിയിലേക്കാണ് മാറ്റിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ചുരാചന്ദ്പൂർ ജില്ലയിലേക്കുള്ള റോഡിലൂടെ സുരക്ഷാ സേനയുടെ അകമ്പടിയോടെ ആംബുലൻസുകളിലാണ് ഇവരെ കൊണ്ടുപോയത്.
ചൊവ്വാഴ്ച രാത്രിയോടെ പ്രതിഷേധക്കാർ ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്. പരിക്കേറ്റ യുവാക്കളെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആശുപത്രി കവാടത്തിൽ നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് പലതവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് ലാത്തിച്ചാർജ് നടത്തേണ്ടി വരികയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ലെയ്ലോൺ വൈഫെയ് ഗ്രാമത്തിന് സമീപമുണ്ടായ വെടിവെപ്പിലാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ സായുധ സംഘാംഗങ്ങളാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. മേയ് 13-ന് നാഗാ ഗോത്രവിഭാഗത്തിൽപ്പെട്ട ആറ് പേരെ തട്ടിക്കൊണ്ടുപോയത് ഈ ഗ്രാമത്തിൽ നിന്നായിരുന്നു. ജൂൺ 10-ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ വലിയ കലാപം പൊട്ടിപുറപ്പെട്ടു.
Related News
പരിക്കേറ്റ ജെൻലെൻമാങ് വൈഫെയ് (18), ലുൻലിയാൻദാവ് വൈഫെയ് (20), പാവോഗൗ ലാൽ (18) എന്നിവരെ സുരക്ഷാ സേനയാണ് ചികിത്സയ്ക്കായി RIMS-ൽ എത്തിച്ചത്. ഇതിൽ ഒരാൾ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ മോഹൻ ബഗാന് വേണ്ടി കളിച്ചിട്ടുള്ള താരമാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നതിനെതിരെ തിങ്കളാഴ്ച മുതൽ തന്നെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. നിലവിൽ ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.










0 comments