അവധിയാഘോഷത്തിനൊരുങ്ങി വിദ്യാർഥികൾ
പരീക്ഷ കഴിഞ്ഞു; ഇനി മാമ്പഴക്കാലം

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗവ. മോയൻ മോഡൽ ഗേൾസ് എച്ച്എസ്എസിലെ വിദ്യാർഥികൾ ഓട്ടോഗ്രാഫ് എഴുതുന്നു

സ്വന്തം ലേഖകൻ
Published on Mar 29, 2026, 12:00 AM | 1 min read
പാലക്കാട്
വേനൽച്ചൂട്, തെരഞ്ഞെടുപ്പ് ചൂട്... അന്തരീക്ഷത്തിനാകെ ചൂടാണ്. ഇതിനിടയിലായിരുന്നു ഹയർ സെക്കൻഡറി ഒന്നാംവർഷം, രണ്ടാംവർഷം വിദ്യാർഥികൾക്ക് പരീക്ഷാച്ചൂടും. ഹയർ സെക്കൻഡറിക്കാരുടെ പരീക്ഷാച്ചൂട് ശനിയാഴ്‌ച കഴിഞ്ഞു. എസ്‌എസ്‌എൽസി പരീക്ഷ തിങ്കളാഴ്‌ച കഴിയും. ഇനി അവർക്ക് ആഘോഷത്തിന്റെ കാലമാണ്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കുമൊപ്പം വിനോദയാത്രകൾ. പരീക്ഷാക്കാലത്ത് ഒഴിവാക്കിയ ആഘോഷങ്ങൾ, ഒപ്പം ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പും. വിവാദങ്ങൾ ഒന്നുമില്ലാതെയാണ് ഇൗ പരീക്ഷാക്കാലം കടന്നുപോയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. പെരുന്നാൾ ഉൾപ്പെടെ ആഘോഷങ്ങൾ മുന്നിൽക്കണ്ടായിരുന്നു ക്രമീകരണങ്ങൾ. പരീക്ഷാ മുന്നൊരുക്കങ്ങൾ, ടൈംടേബിൾ ക്രമീകരണം, ചോദ്യപേപ്പറുകളുടെ നിലവാരം, ചോദ്യപേപ്പർ സൂക്ഷിക്കുന്നതിലെ കണിശത എന്നവയിലെല്ലാം മികച്ച ഇടപെടലുണ്ടായി. വിദ്യാഭ്യാസ വകുപ്പിലെ വിവിധതലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും സജീവമായിരുന്നു. പരീക്ഷയുടെ കാഠിന്യം വിദ്യാർഥികളെ വലച്ചില്ല. എന്നാൽ മികവ് വിലയിരുത്താൻ ഉതകുന്നതായിരുന്നു പരീക്ഷകൾ. 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളും ഉൾപ്പെടെ 36, 009 റെഗുലർ വിദ്യാർഥികളും ഓപ്പൺ വിഭാഗത്തിൽ 5,409 കുട്ടികളും ഉൾപ്പെടെ 41,418 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷയെഴുതിയത്. 17,126 പെൺകുട്ടികളും 15,175 ആൺകുട്ടികളുമുൾപ്പെടെ 32,301 റെഗുലർ വിദ്യാർഥികളും ഓപ്പൺ വിഭാഗത്തിൽ 4,977കുട്ടികളും ഉൾപ്പടെ 37,278 വിദ്യാർഥികൾ ജില്ലയിൽ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതി. 29,779 വിദ്യാർഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും എഴുതി. 2,521 ഇൻവിജിലേറ്റർമാരാണ് നേതൃത്വം നൽകിയത്. അഞ്ചിന് ഒന്നാംവർഷ ഇംഗ്ലീഷ് പാർട്ട് വൺ പരീക്ഷയോടെയായിരുന്നു തുടക്കം. ശനിയാഴ്‌ച രണ്ടാംവർഷ ഇംഗ്ലീഷ് പരീക്ഷയോടെ അവസാനിച്ചു. സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, റസിഡൻഷ്യൽ, സ്‌പെഷ്യൽ സ്‌കൂൾ എന്നിങ്ങനെ ആകെ 144 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ.










0 comments