കുട്ടികൾക്ക് വിലക്ക്
ആർഎസ്എസ് ശാഖയ്ക്ക് സ്‌കൂൾ മൈതാനം

കടമ്പഴിപ്പുറം ഹൈസ്കൂൾ മൈതാനത്ത് നടന്ന ആർഎസ്‌എസ് ശാഖാ പ്രവർത്തനം
കടമ്പഴിപ്പുറം
കടമ്പഴിപ്പുറം ഹൈസ്കൂൾ മൈതാനം ആർഎസ്‌എസ് ശാഖാ പ്രവർത്തനത്തിന് വിട്ടുകൊടുത്ത് സ്‌കൂൾ മാനേജ്‌മെന്റ്. മൈതാനത്ത് കുട്ടികൾക്കും യുവാക്കൾക്കും കളിക്കാനും പരിശീലിക്കാനും വിലക്കേർപ്പെടുത്തിയശേഷമാണ് ആർഎസ്‌എസ് ശാഖ നടത്തുന്നതിനായി മാനേജ്‌മെന്റ് വിട്ടുകൊടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി. കുട്ടികളുടെ കളിയും വ്യായാമവും തടഞ്ഞ് മൈതാനത്തിന് ചുറ്റും വേലികെട്ടി ഗേറ്റ് അടച്ചുപൂട്ടിയ മാനേജ്മെന്റ്, ആർഎസ്എസ് ശാഖാ പ്രവർത്തനത്തിന് മൈതാനം തുറന്നുനൽകിയത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞാണ് പ്രതിഷേധം. കുട്ടികൾക്ക് ഗ്രൗണ്ട് നൽകാതെ വർഗീയ പ്രചാരണത്തിനായി ആർഎസ്‌എസിന്റെ പ്രവർത്തനത്തിന് ഗ്രൗണ്ട് നൽകുന്നതിന്റെ മാനദണ്ഡം എന്താണെന്നും പ്രദേശവാസികൾ ചോദിക്കുന്നു. കുട്ടികളുടെ കളിയവകാശം നിഷേധിക്കുന്ന നടപടിയിൽനിന്ന് മാനേജ്മെന്റ് പിന്മാറണമെന്നും മൈതാനം തുറന്നുകൊടുക്കണമെന്നും സിപിഐ എം കടമ്പഴിപ്പുറം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തനത്തിന് മൈതാനം അനുവദിക്കുന്ന നിലപാടുമായി മാനേജ്മെന്റ് മുന്നോട്ടുപോകുകയാണെങ്കിൽ രക്ഷിതാക്കളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കൽ കമ്മിറ്റി അറിയിച്ചു.










0 comments