ബദൽ സംവിധാനവും പാളുന്നു
താലൂക്ക് ആശുപത്രിയിൽ കിടക്കകൾക്ക് ക്ഷാമം


സ്വന്തം ലേഖകൻ
Published on Sep 27, 2026, 12:27 AM | 1 min read
മലപ്പുറം
കോട്ടപ്പടിയിലെ മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ അഡ്മിറ്റ് വിഭാഗത്തിന് ബദൽ സംവിധാനം ഒരുക്കാനുള്ള നീക്കവും പാളുന്നു. അഡ്മിറ്റ് വിഭാഗം നെച്ചിക്കുറ്റിയിലേക്ക് താൽക്കാലികമായി മാറ്റാനുള്ള തീരുമാനത്തിൽനിന്ന് നഗരസഭ പിൻവലിഞ്ഞതോടെ ആശുപത്രിയിലെ കിടത്തി ചികിത്സാ സൗകര്യം വീണ്ടും പ്രതിസന്ധിയിലായി.
നെച്ചിക്കുറ്റിയിൽ അഡ്മിറ്റ് വിഭാഗം പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ലഭ്യമാക്കാൻ കഴിയാത്തതാണ് നീക്കം ഉപേക്ഷിക്കാൻ കാരണം. ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആരോഗ്യ മന്ത്രി കെ മുരളീധരന് കത്ത് നൽകിയിരുന്നു. ജീവനക്കാരെ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന നഗരസഭയ്ക്ക് ഇതുവരെ അനുകൂല തീരുമാനം ലഭിച്ചിട്ടില്ല.
ഇതിനിടെ, ആശുപത്രിയുടെ കാര്യത്തിൽ ജനപ്രതിനിധികളും നഗരസഭയും വേണ്ടത്ര ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തി. താലൂക്ക് ആശുപത്രി സംരക്ഷണ സമിതി എന്ന പേരിൽ വാട്സാപ് കൂട്ടായ്മ രൂപീകരിച്ചാണ് നാട്ടുകാർ ഇടപെടൽ ശക്തമാക്കിയത്. പ്രതിഷേധം ശക്തമായതോടെയാണ് നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽത്തന്നെ പരമാവധി സൗകര്യം ഒരുക്കാനുള്ള നീക്കം നഗരസഭ ആരംഭിച്ചത്. ശനിയാഴ്ച ചെയർപേഴ്സണും കൗൺസിലർമാരും ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. മുകളിലെ ഭാഗവും ഒഴിഞ്ഞുകിടക്കുന്ന ഏതാനും മുറികളും ഉപയോഗിച്ച് 40 കിടക്കകൾ ഉൾക്കൊള്ളുന്ന അഡ്മിറ്റ് സൗകര്യം ഒരുക്കാനാണ് ആലോചന. ഒരാഴ്ചയ്ക്കുള്ളിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കാൻ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
പുതിയ കെട്ടിടം നിർമിക്കാൻ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നതിനുമുമ്പ് 116 കിടക്കകളുള്ള ആശുപത്രിയായിരുന്നു ഇത്. ഇപ്പോൾ 36 കിടക്കകൾമാത്രമാണ് ശേഷിക്കുന്നത്.










0 comments