മഞ്ചേരി മെഡിക്കൽ കോളേജിൽ മരുന്നില്ലാക്കാലം

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസി
ടി വി സുരേഷ്
Published on Sep 27, 2026, 12:34 AM | 2 min read
മഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുക്ഷാമം രൂക്ഷമായതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. അർബുദ രോഗികൾക്ക് നൽകുന്ന കാർബോപ്ലാറ്റിൻ ഉൾപ്പെടെയുള്ള മരുന്നുകൾ സ്റ്റോക്കില്ലാത്തത് ചികിത്സയെ ബാധിച്ചു. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും കിട്ടാനില്ല. വേദനയ്ക്കും വൈറസ് രോഗങ്ങൾക്കുമുള്ള ചില ആന്റിബയോട്ടിക് മരുന്നുകളും ഇൻജക്ഷനുകളും ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി.
രാവിലെ എട്ടുമുതൽ നൂറുകണക്കിന് രോഗികളാണ് വിവിധ ഒപികളിൽ ചികിത്സയ്ക്കായി എത്തുന്നത്. ഡോക്ടറെ കണ്ട് കുറിപ്പുമായി ഫാർമസിയിലെത്തുമ്പോഴാണ് പല മരുന്നുകളും സ്റ്റോക്കില്ലെന്ന വിവരം അറിയുന്നത്. മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ഉയർന്ന വില നൽകി സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് മരുന്ന് വാങ്ങേണ്ടിവരുന്നത് സാധാരണക്കാരായ രോഗികളെ പ്രയാസത്തിലാക്കുകയാണ്.
പ്രതിമാസം ഒരുകോടി രൂപയുടെ മരുന്നാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. സ്റ്റോക്ക് തീരുന്നതിനുമുമ്പ് പർച്ചേസ് ഓർഡർ നൽകുന്നതായിരുന്നു നേരത്തെയുള്ള രീതി. എന്നാൽ, മൂന്നുമാസമായി ചില മരുന്നുകളുടെ സ്റ്റോക്ക് തീർന്നിട്ടും ആവശ്യമായ അളവിൽ പുതിയ മരുന്ന് എത്താത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ചില മരുന്നുകൾക്ക് റീ- ടെൻഡർ വിളിക്കേണ്ടിവന്നതും കാലതാമസത്തിന് ഇടയാക്കിയതായി അധികൃതർ പറയുന്നു. മരുന്നുകൾക്കുപുറമെ എക്സറേ വിഭാഗത്തിലും പ്രതിസന്ധിയുണ്ട്. ഫിലിം ലഭ്യമല്ലാത്തതിനാൽ ചില പരിശോധനകൾ മുടങ്ങുന്ന സാഹചര്യമാണുള്ളത്. രോഗനിർണയത്തിനാവശ്യമായ റീയേജന്റുകളുടെ ക്ഷാമവും ആശുപത്രിയിലെ പരിശോധനാ സംവിധാനത്തെ ബാധിച്ചു. വൈറസ് രോഗങ്ങൾ കണ്ടെത്തുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ച് 2021ൽ ആശുപത്രിയിൽ വിപുലമായ പരിശോധനാ സംവിധാനം ഒരുക്കിയിരുന്നു. എന്നാൽ ആവശ്യമായ റീയേജന്റുകൾ ലഭ്യമല്ലാത്തതിനാൽ ചെള്ളപ്പനി ഉൾപ്പെടെയുള്ള ചില പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയിൽ ഏകദേശം 500 രൂപയ്ക്ക് നടത്താവുന്ന പരിശോധനയ്ക്ക് പുറത്തുള്ള സ്വകാര്യ ലാബുകളിൽ 1500 രൂപവരെ ചെലവഴിക്കേണ്ടിവരുന്നതായും രോഗികൾ പറയുന്നു.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികൾക്കും പ്രതിസന്ധി തലവേദനയാകുന്നുണ്ട്. പരിശോധനകൾ പുറത്തുനിന്ന് നടത്തുന്നതിന് ആശുപത്രിയുടെ മുൻകൂർ അനുമതി ആവശ്യമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്ത സമയങ്ങളിൽ അനുമതിപത്രത്തിൽ ഒപ്പിടാൻ കഴിയാത്തത് പരിശോധന വൈകുന്നതിനും കാരണമാകുന്നു. ഇതുമൂലം അടിയന്തരമായി രോഗനിർണയം നടത്തേണ്ട രോഗികൾക്ക് പ്രയാസം നേരിടുന്നതായും പരാതിയുണ്ട്. മരുന്ന്, റീയേജന്റ്, എക്സറേ ഫിലിം എന്നിവയുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം ആശുപത്രി അധികൃതരെ സമീപിക്കുന്നുമുണ്ട്.








0 comments