ad
Deshabhimani

കരിന്പുഴ ഇനി ഇഎസ്‌ഇസെഡ്

ജനവാസ മേഖലകളും 
പരിധിയില്‍

a

കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ഇഎസ്‌ഇസെഡ് മാപ്പ്

avatar
എം സനോജ്

Published on Sep 27, 2026, 12:35 AM | 2 min read

നിലമ്പൂർ

കരിമ്പുഴ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇനി പരിസ്ഥിതിലോല മേഖല (ഇഎസ്‌ഇസെഡ്). കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സങ്കേതത്തിന്റെ അതിർത്തിയിൽനിന്ന് വിവിധ ദിശകളിലായി 3.40 കിലോമീറ്റർ വരെയാണ് ഇഎസ്‌ഇസെഡ് പരിധി. കരുളായി, കാളികാവ്, വഴിക്കടവ് ഫോറസ്റ്റ് റേഞ്ചുകളിലെ വനപ്രദേശങ്ങൾ ഇതിൽ ഉൾപ്പെടും.

തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഒരുകിലോമീറ്റർവരെയാണ് ഇഎസ്‌ഇസെഡ്. ഈ ഭാഗത്ത് ജനവാസ മേഖലകളുണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ സോണുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. എന്നാൽ, ഏതൊക്കെ ജനവാസ പ്രദേശങ്ങളാണ് വ്യക്തമാക്കിയിട്ടില്ല. അതിനാൽ ടികെ കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ ആശങ്കയുണ്ട്. വിജ്ഞാപനത്തിന്റെ അനുബന്ധം നാലിൽ വഴിക്കടവ്, മൂത്തേടം, കരുളായി, അമരമ്പലം വില്ലേജുകള്‍ ഇഎസ്‌ഇസെഡ് പരിധിയിൽവരുന്നതായും വ്യക്തമാക്കുന്നു.

​

മൂന്ന് വിഭാഗങ്ങളിലായി നിയന്ത്രണങ്ങൾ

പൂർണ നിരോധം, നിയന്ത്രണം, പ്രോത്സാഹനം എന്നിങ്ങനെ മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ പ്രദേശത്ത്‌ നിയന്ത്രണം. ഖനനം, കല്ല് ക്വാറി, ക്രഷർ യൂണിറ്റുകൾ, പുതിയ മലിനീകരണ വ്യവസായങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്. വലിയ ജലവൈദ്യുതി പദ്ധതികൾ, പുതിയ സോമില്ലുകൾ, ഇഷ്ടികക്കളങ്ങൾ തുടങ്ങിയവയ്ക്കും വിലക്കുണ്ട്.

ഒരുകിലോമീറ്റർവരെ ഹോട്ടലുകൾ, റിസോർട്ടുകൾ, വാണിജ്യ നിർമാണങ്ങൾ എന്നിവ അനുവദിക്കില്ല. സ്വന്തം ഭൂമിയിൽ താമസാവശ്യത്തിനുള്ള നിർമാണം അനുമതികൾക്ക്‌ വിധേയമായി നടത്താം. മരംമുറിക്കൽ, വനവിഭവ ശേഖരണം, റോഡ് വികസനം, കിണർ- ബോർവെൽ ഉപയോഗം, കൃഷി തുടങ്ങിയവ നിയന്ത്രണങ്ങൾക്ക്‌ വിധേയമായിരിക്കും. ​ മഴവെള്ള സംഭരണം, ജൈവകൃഷി, കുടിൽ വ്യവസായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകും.


​രണ്ടുവർഷത്തിനകം മാസ്റ്റർ പ്ലാൻ

സംസ്ഥാന സർക്കാർ രണ്ടുവർഷത്തിനകം സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. ജനങ്ങളുമായും വകുപ്പുകളുമായും കൂടിയാലോചിച്ചായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടത്. പ്ലാൻ അംഗീകരിക്കുന്നതുവരെ നിർമാണങ്ങളും വികസന പ്രവർത്തനങ്ങളും മോണിറ്ററിങ്‌ കമ്മിറ്റി പരിശോധിക്കും. ഇഎസ്‌ഇസെഡ് വ്യവസ്ഥകൾ നിരീക്ഷിക്കാൻ കലക്ടർ അധ്യക്ഷനായ മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതി- വന്യജീവി മേഖലയിലെ എൻജിഒ പ്രതിനിധി, പരിസ്ഥിതി ശാസ്ത്രവിദഗ്ധൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പ്രതിനിധി, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. നിലമ്പൂർ സൗത്ത് ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മെമ്പർ സെക്രട്ടറിയായിരിക്കും. പ്രദേശത്തെ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home