ad
Deshabhimani

"സംഗീതവും ഭക്തിയല്ലേ....'

a

അനന്തശയനം ചിത്രത്തിനുമുന്നിൽ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്

avatar
സ്വന്തം ലേഖകൻ

Published on Sep 27, 2026, 12:32 AM | 1 min read

പൊന്നാനി

കോഴിക്കോട് തളി മഹാദേവ ക്ഷേത്രം ഉൾപ്പെടെ അമ്പതോളം ക്ഷേത്രത്തിലെ തന്ത്രിമുഖ്യനാണ്‌ ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്‌. എന്നാൽ, താന്ത്രികവിദ്യകൾ മാത്രമല്ല പാട്ടും കച്ചേരിയും കഥകളിയും ചിത്രംവരയും വായനയുമെല്ലാം ചേരുന്നതാണ്‌ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ ലോകം.

താന്ത്രിക കർമങ്ങൾ കഴിഞ്ഞ് എരമംഗലത്തെ തറവാട്ടിലെത്തിയാൽ പിന്നെ ചിത്രംവരയും സംഗീതവുമായി ഇദ്ദേഹം തിരക്കിലാകും. സുബ്ബലക്ഷ്മിയുടെ പാട്ടുകളാണ് ഏറെയിഷ്ടം. ഭക്തിയെന്നാൽ സംഗീതമാണെന്നാണ് കർണാടക സംഗീതത്തെ ഹൃദയത്തോട് ചേർക്കുന്ന നമ്പൂതിരിപ്പാടിന്റെ ഭാഷ്യം. മീരാ രാംമോഹന്റെ പാട്ടുകച്ചേരി ഒരുക്കിയാണ്‌ തന്റെ 85–ാം വയസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാട്‌ ആഘോഷിക്കുന്നത്‌. ഞായറാഴ്ചയാണ്‌ ആഘോഷം.

കിട്ടുന്ന സമയത്തെല്ലാം ചിത്രങ്ങൾ വരക്കും. വീടിന്റെ ഉമ്മറത്ത് സ്ഥാനംപിടിച്ച അനന്തശയനവും നിർമാല്യം സിനിമയിലെ സുമിത്രയും ശകുന്തളയുമെല്ലാം സ്വന്തം വരയാണ്‌. അനന്തശയനത്തിന് സർക്കാരിന്റെ ബഹുമതിക്കും നമ്പൂതിരിപ്പാട്‌ അർഹനായി. കഥകളിയും ഏറെ പ്രിയം. ആ ഇഷ്‌ടത്തിലാണ്‌ എവി ഹൈസ്കൂൾ കേന്ദ്രീകരിച്ച്‌ കഥകളി ക്ലബ്‌ രൂപീകരിച്ചത്‌.

കുട്ടിക്കാലംമുതൽ ചിത്രംവരയോടായിരുന്നു താൽപ്പര്യം. ഒന്പതാം ക്ലാസിൽ പഠനം നിർത്തി ഗുരുവായൂരിൽ ഗുരുകുല സമ്പ്രദായത്തിൽ ചിത്രംവര പഠിച്ചു. പിന്നീട് താന്ത്രിക ജീവിതത്തിലേക്ക്‌. അപ്പോഴും ചിത്രംവര വിട്ടില്ല. വായനയോടും കൃഷിയോടും അതേ അടുപ്പമുണ്ട്‌. ​വീട്ടിൽ വലിയൊരു ലൈബ്രറി പരിപാലിക്കുന്നു. സ്വന്തമായി രണ്ടര ഏക്കറിൽ നെൽക്കൃഷിയുണ്ട്. സഹോദരന്റെ രണ്ടര ഏക്കർ ഏറ്റെടുത്തും കൃഷിചെയ്യുന്നു.

വളയനാട്, പാർത്ഥസാരഥി, തളിക്കുന്ന് ശിവക്ഷേത്രം, ബോംബെ ഗുരുവായൂരപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം താന്ത്രികവൃത്തികൾ നടക്കുന്നത് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ്‌. ഭാര്യ: ​കമലം. മക്കൾ: ജയന്തൻ, സന്ധ്യ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home