പൊന്നാനി, മതമൈത്രിയുടെ സംഗമതീരം

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള പതാക ദിനാചരണത്തിൽ ഇ എം എസ് മന്ദിരത്തിൽ ജില്ലാ സെക്രട്ടറി വി പി അനിൽ പതാക ഉയർത്തുന്നു

പി അഭിഷേക്
Published on Sep 27, 2026, 12:30 AM | 2 min read
മലപ്പുറം
മതനിരപേക്ഷ മലപ്പുറത്തിന്റെ ഗന്ധംവഹിച്ച കാറ്റാണ് പൊന്നാനി തീരത്തുനിന്ന് ഉയരുന്നത്. ചരിത്രകാലംമുതല്‍ മൈത്രിയുടെയും സഹവര്‍ത്തിത്വത്തിന്റെയും പെരുമനിറഞ്ഞ മണ്ണാണിത്. വര്‍ഷം പലതുകഴിഞ്ഞെങ്കിലും ഒരുമയുടെ പാരമ്പര്യം ഇന്നും ഇവിടത്തുകാര്‍ കളങ്കമേല്‍ക്കാതെ കാത്തുസൂക്ഷിക്കുന്നു. അധിനിവേശത്തിനെതിരെ ആദ്യകാലങ്ങളില്‍ നടന്ന പോരാട്ടങ്ങളിലും ഇന്നത്തെ ആഘോഷങ്ങളിലും ഈ മതനിരപേക്ഷ പാരമ്പര്യം തെളിഞ്ഞുനില്‍പ്പുണ്ട്.
പൊന്നാനി വലിയ ജുമാമസ്ജിദ്, തൃക്കാവ് ഭഗവതി ക്ഷേത്രം, പൊന്നാനി സെന്റ് ആന്റണീസ് ചര്‍ച്ച്, ഈഴുവത്തിരുത്തി കണ്ടകുറുമ്പക്കാവ്, തോട്ടങ്ങൽ പള്ളി എന്നിങ്ങനെ നാടിന്റെ സാംസ്കാരിക പൈതൃകം പേറുന്ന ഒട്ടനവധി ആരാധനാലയങ്ങള്‍ ഈ തീരഭൂവിലുണ്ട്. സാമൂതിരി രാജാവിന്റെയും ഷേഖ് സൈനുദ്ദീൻ മഖ്ദൂമിന്റെയും മഹാശേഷിപ്പുകളാണ് പൊന്നാനി വലിയ ജുമാമസ്ജിദിന്റെ ചരിത്രത്തെ പ്രൗഢമാക്കുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്ത് പള്ളി നിര്‍മിക്കാന്‍ കൂറ്റൻ തേക്ക് തടിയും പ്രഗത്ഭനായ കൊട്ടാരം ആശാരിയേയും വിട്ടുനല്‍കിയത് സാമൂതിരി രാജാവാണെന്നാണ് ചരിത്രം. സെന്റ് ആന്റണീസും ഈശോമ തിമോഥെയോസ് ശിലാസ്ഥാപനം നിർവഹിച്ച മാർത്തോമാ പള്ളിയും പൊന്നാനിയിലെ ശ്രദ്ധേയമായ ക്രൈസ്തവ ദേവാലയങ്ങളാണ്.
ചാതുര്‍വര്‍ണ്യവ്യവസ്ഥയോടുള്ള കലഹമാണ് ഈഴുവത്തിരുത്തി കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തില്‍ നിറയുന്നത്. കുറുമ്പയെന്ന പറയസ്ത്രീ പുല്ലരിയാനായി അരിവാള്‍ കല്ലില്‍ ഉരച്ച് മൂര്‍ച്ചകൂട്ടുമ്പോൾ കല്ലില്‍നിന്ന് ചോര പൊടിഞ്ഞു. രക്തംപൊടിഞ്ഞ ശില ശക്തിയുള്ളതാണെന്ന് മനസ്സിലാക്കി അവിടെതന്നെ പ്രതിഷ്ഠിച്ചു. പിന്നീട് ക്ഷേത്രവും പണിതു. കുറുമ്പ കണ്ട ശില "കണ്ടകുറുമ്പക്കാവാ'യി മാറി. തോട്ടങ്ങൽ ജുമാഅത്ത് പള്ളിയില്‍ പഴയകാലംമുതല്‍ നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. വള്ളംകളിക്കാര്‍ മത്സരത്തിന് പോയിരുന്നത് തോട്ടങ്ങൽ പള്ളി വഴിയാണ്. പള്ളിയിൽ കയറി പ്രാർഥിച്ചായിരുന്നു യാത്ര. ചമ്രവട്ടത്തെ അയ്യപ്പൻകാവ് ക്ഷേത്രവും തോട്ടങ്ങൽ പള്ളിയും മുഖാമുഖമാണ് സ്ഥിതിചെയ്യുന്നത്.
പത്തേമാരിക്കാരുടെ അഴീക്കല്‍
പൊന്നാനിയെ ലോകവുമായി ബന്ധിപ്പിച്ചത് പത്തേമാരികളിൽ ചരക്കുകളുമായി സഞ്ചരിച്ച നാവികസമൂഹമാണ്. വിവിധ സാംസ്കാരങ്ങളുടെ സംഗമസ്ഥാനമായി പൊന്നാനി തീരത്തെ മാറ്റിയതും പത്തേമാരിക്കാരാണ്. ഇന്നും അവരുടെ പിന്മുറക്കാര്‍ അഴീക്കൽ ഭാഗത്ത് ജീവിക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ പിൻതലമുറയാണ് ഇവരെന്നാണ് വാമൊഴിയായി കൈമാറുന്ന വിവരം.
1985വരെ അഴീക്കല്‍ പ്രദേശത്തെ ഭൂരിഭാഗം ആണുങ്ങളും പത്തേമാരി തൊഴിലാളികളായിരുന്നു. പത്തും പന്ത്രണ്ടും പത്തേമാരികളുള്ള മുതലാളിമാർ ഇവിടെയുണ്ടായിരുന്നു. കര, വ്യോമ മാര്‍ഗമുള്ള ചരക്കുനീക്കം വിപുലപ്പെട്ടതോടെയാണ് പത്തേമാരി തൊഴിൽ പൂർണമായും അവസാനിച്ചത്.
പതാകദിനം ആചരിച്ചു
പൊന്നാനിയിൽ ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തിൽ ജില്ലാ സെക്രട്ടറി വി പി അനിൽ പതാക ഉയർത്തി ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ പി അനിൽ, ജില്ലാ കമ്മിറ്റി അംഗം കെ ശ്യാംപ്രസാദ് എന്നിവർ സംസാരിച്ചു.
പൊന്നാനി ഏരിയാ കമ്മിറ്റി ഓഫീസായ ഇമ്പിച്ചിബാവ മന്ദിരത്തിൽ ഏരിയാ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. പി ഇന്ദിര അധ്യക്ഷയായി. എം കെ സുരേഷ് ബാബു സ്വാഗതവും കെ ഗോപിദാസ് നന്ദിയും പറഞ്ഞു.









0 comments