"ജനഗല്‍സ 2026' സംസ്ഥാന സംഗമത്തിന് നിലമ്പൂരില്‍ തുടക്കം

ജനഗല്‍സ- 2026 സംസ്ഥാനതല സംഗമം മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനംചെയ്യുന്നു
നിലമ്പൂർ
കുടുംബശ്രീയുടെ പട്ടികവര്‍ഗ വികസന പദ്ധതി ഭാഗമായി പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ ആനിമേറ്റര്‍മാരുടെയും ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരുടെയും ദ്വിദിന സംസ്ഥാനതല സംഗമമായ ‘ജനഗല്‍സ 2026’ന് നിലമ്പൂരില്‍ തുടക്കമായി. നിലമ്പൂര്‍ ഒസികെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്ത് എംഎൽഎ അധ്യക്ഷനായി. പി വി അബ്ദുള്‍ വഹാബ് എംപി മുഖ്യാതിഥിയായി. തദ്ദേശീയ മേഖലയില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. തുടര്‍ന്ന് വിവിധ ജില്ലകളില്‍നിന്നുള്ള ഗോത്ര കലാകാരന്മാര്‍ ഗോത്രകലകള്‍ അവതരിപ്പിച്ചു. കാസര്‍കോട്ടുനിന്നുള്ള മംഗലംകളി, ഇടുക്കിയിലെ മലപ്പുലയാട്ടം, കണ്ണൂരിലെ മംഗല പന്തല്‍കളി, വയനാട്ടിലെ ഗദ്ധിക, മലപ്പുറത്തെ ഗുഡിമനെ എന്നിവ അരങ്ങേറി.
ടോക് ഷോ, ഗോത്രകലകളുടെ അവതരണം, തദ്ദേശീയ മേഖലയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഗോത്രകലാസന്ധ്യ, ഭക്ഷ്യമേള എന്നിവയും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ആയിരത്തോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ് സ്വാഗതം പറഞ്ഞു. നിലമ്പൂര്‍ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജൻ ശിക്ഷൺ സന്‍സ്ഥാന്‍ ഡയറക്ടര്‍ ഡോ. ഉമ്മര്‍ കോയ, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ–ഓര്‍ഡിനേറ്റര്‍ പി ഉണ്ണിക്കൃഷ്ണന്‍ നന്ദി പറഞ്ഞു.










0 comments