Deshabhimani

എസ് ബി രാജു 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

SB RAJU
വെബ് ഡെസ്ക്

Published on Jul 30, 2026, 02:00 AM | 2 min read

പാലക്കാട്‌

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി എൽഡിഎഫ്‌ അംഗം എസ് ബി രാജുവിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ടി എം ശശി ആലത്തൂർ എംഎൽഎയായ ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ എസ്‌ ബി രാജു 17 വോട്ട്‌ നേടി. യുഡിഎഫ്‌ സ്ഥാനാർഥി ടി കെ സുനിൽകുമാർ 12 വോട്ട്‌ നേടി. ജില്ലാ പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന്‌ പതിനെട്ടും യുഡിഎഫിന്‌ പന്ത്രണ്ടും അംഗങ്ങളാണുള്ളത്‌. ടി എം ശശി രാജിവച്ച പല്ലശന ഡിവിഷനിൽ ഉടൻ ഉപതെരഞ്ഞെടുപ്പ്‌ നടക്കും. എൽഡിഎഫിലെ ഒരു അംഗത്തിന്‌ വ്യക്തിപരമായ കാരണങ്ങളാൽ വോട്ടെടുപ്പിന്‌ എത്താനായില്ല. എസ്‌ ബി രാജുവിനെ മീനാക്ഷിപുരം ഡിവിഷൻ അംഗം ടി മഹേഷാണ്‌ നിർദേശിച്ചത്‌. അട്ടപ്പാടി ഡിവിഷൻ അംഗം അബ്‌ദുൾ ലത്തീഫ്‌ പിന്തുണച്ചു. പൊതുമരാമത്ത്‌ സ്ഥിരംസമിതി ചെയർപേഴ്‌സണായിരുന്ന എസ് ബി രാജു മലന്പുഴ ഡിവിഷനിൽനിന്നാണ്‌ വിജയിച്ചത്‌. സിപിഐ എം പുതുശേരി ഏരിയ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. മലബാർ സിമൻസ് ഡയറക്ടറും കഞ്ചിക്കോട് ഐടിഐ ജീവനക്കാരനുമായിരുന്നു. കോൺട്രാക്ട്‌ ലേബർ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് അംഗമാണ്‌. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഇൻഡസ്ട്രിയൽ റിലേഷൻസ് ഇൻ സോഷ്യൽ ഡയലോഗിൽ ഡിപ്ലോമ ലഭിച്ചിട്ടുണ്ട്. പാലക്കാട് സ്‌മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ ഡയറക്ടറും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതി കൺവീനറുമാണ്. പുതുശേരി സ്വരലയയിലാണ്‌ താമസം. ഭാര്യ: ആർ ലെെശലജ(റിട്ട. അധ്യാപിക). മകൻ: യദു കൃഷ്ണൻ(ദുബായ്).


വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ കൂടുതൽ ശ്രദ്ധ

സബ്ജക്ട്‌ ക്ലിനിക്കുകൾ തുടങ്ങും

പാലക്കാട്‌

നിലവിലെ ഭരണസമിതി അധികാരമേറ്റശേഷം രൂപം നൽകിയ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ്‌ പ്രഥമ പരിഗണനയെന്ന്‌ ചുമതലയേറ്റശേഷം എസ്‌ ബി രാജു പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ കൂടുതൽ ശ്രദ്ധ നൽകും. ഏതാനം വർഷങ്ങളായി കെമിസ്‌ട്രി, ഫിക്‌സിസ്‌, മാത്‌സ്‌, സോഷ്യൽ സയൻസ്‌ വിഷയങ്ങളിലാണ്‌ ജില്ലയിലെ കുട്ടികൾ പിന്നാക്കം നിൽക്കുന്നത്‌. ഇത്‌ പരിഹാരിക്കാൻ സബ്ജക്ട്‌ ക്ലിനിക്കുകൾ ആരംഭിക്കും. വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണത തടയാൻ സ്‌കൂളിൽ ക‍ൗൺസലർമാരെ നിയോഗിച്ചുള്ള പദ്ധതി വിപുലപ്പെടുത്തും. ഇതിനോടകം 21 ക‍ൗൺസലർമാരെ ജില്ലാ പഞ്ചായത്ത്‌ നിയോഗിച്ചിട്ടുണ്ട്‌. നെൽക്കർഷകർക്കുള്ള ഉഴവുകൂലി, ക്ഷീര കർഷകർക്കുള്ള പ്രോത്സാഹന ബോണസ്‌, കനാൽ വൃത്തിയാക്കൽ എന്നിവ വിപുലപ്പെടുത്തും. ലഹരിവിരുദ്ധ പ്രവർത്തനത്തിനും വന്യജീവി ആക്രമണങ്ങൾ തടയാനുള്ള പദ്ധതിക്കും പ്രത്യേക പരിഗണന നൽകുമെന്നും – എസ്‌ ബി രാജു പറഞ്ഞു. പഠനകാലത്തും ട്രേഡ്‌ യൂണിയൻ രംഗത്തും നിരവധി സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു എസ്‌ ബി രാജു. വിദ്യാഭ്യാസ പോരാട്ടങ്ങളുടെ ഭാഗമായി നിരവധി തവണ പൊലീസ്‌ മർദനത്തിനിരയായി. ഐടിഐ, ബെമൽ സ്വകാര്യവൽക്കരണത്തിനെതിരെയും എഫ്‌സിആർഐ യൂണിറ്റ്‌ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെയും തുടങ്ങി അനേകം സമരങ്ങൾക്ക്‌ നേതൃത്വം നൽകി. നിരവധി യൂണിയനുകളുടെ സംസ്ഥാന ഭാരവാഹിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home