ജന്തർമന്തർ ചലോ

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പൊരുതുന്ന പ്രക്ഷോഭകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ജന്തർമന്തർ ചലോ കൂട്ടായ്മയുടെ ഭാഗമായി നടന്ന കൂറ്റൻ റാലി. പി ആർ മുരളീധരൻ, സന്തോഷ് കീഴാറ്റൂർ, ആർ രാജഗോപാൽ, എസ് സതീഷ്, ഇർഷാദ് അലി, കമൽ, എൻ എസ് മാധവൻ, സുനിൽ പി ഇളയിടം, വി കെ മോഹനൻ, പി രാജീവ്, കെ ജി പൗലോസ്, എം അനിൽകുമാർ, സെബാസ്റ്റ്യൻപോൾ, സി ബി ദേവദർശനൻ, ആഷിഖ് അബു തുടങ്ങിയവർ മുൻനിരയിൽ
കൊച്ചി
രാജ്യത്തിന്റെ ജനാധിപത്യ–മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ ജന്തർമന്തറിൽനിന്ന് പടർന്നുപിടിച്ച പോരാട്ടങ്ങളുടെ മുഴക്കമേറ്റെടുത്ത് കൊച്ചിയും. പതിനായിരങ്ങൾ അണിനിരന്ന് രാജ്യതലസ്ഥാനത്ത് തിരംഗറാലിയുടെ തീപടരുന്പോൾ തന്നെയാണ് കൊച്ചി കായലോരം ഐതിഹാസിക ജനമുന്നേറ്റത്തിനും സാക്ഷിയായത്. അനീതി നിയമമാകുന്പോൾ പ്രതിരോധം കടമയാകുമെന്ന് എഴുതിയ കൂറ്റൻ ബാനറിന് പിന്നിൽ മത, രാഷ്ട്രീയ ദേഭ ചിന്തകളില്ലാതെ അണിനിരന്നത് ആയിരങ്ങൾ. അവരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന പടപ്പാട്ടിൽ ത്രസിച്ച് നഗരഹൃദയം. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ സ്മരണകൾ സ്പന്ദിക്കുന്ന രാജേന്ദ്രമൈതാനത്ത് സംഗമിച്ച ജനാവലി പോരാട്ട വീറോടെ കെട്ടിപ്പൊക്കിയത് പ്രതിരോധത്തിന്റെ പൊന്നാപുരംകോട്ട.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ പടരുന്ന പ്രക്ഷോഭങ്ങൾക്ക് ഹൃദയൈക്യം പ്രഖ്യാപിച്ചാണ് നഗരത്തിൽ ജന്തർമന്തർ ചലോ എന്ന മുദ്രാവാക്യമുയർത്തി റാലിയും ബഹുജന സംഗമവും സംഘടിപ്പിച്ചത്. ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, പ്രൊഫ. എം കെ സാനു സാംസ്കാരിക കേന്ദ്രം, ഇ എം എസ് പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലായിരുനനു പരിപാടി. മറൈൻഡ്രൈവിൽ നിന്നാരംഭിച്ച റാലിയിൽ ഡൽഹിയിലെ പ്രക്ഷോഭത്തിലുയരുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി. മോദി സർക്കാരിന്റെ വോട്ട് കൊള്ളയ്ക്കും ജനാധിപത്യ കശാപ്പിനും പൊലീസ് രാജിനുമെതിരെ പ്ലക്കാർഡുകൾ ഉയർത്തി. വോട്ടർ പട്ടികയുടെ തീവ്രപരിശോധന (എസ്ഐആർ) യുടെ ദേശവിരുദ്ധത തുറന്നുകാട്ടുന്ന അവതരണങ്ങൾ നിരന്നു. പ്രായഭേദമന്യേ ഏറ്റെടുത്ത ആസാദി മുദ്രാവാക്യങ്ങളും പാട്ടുകളും റാലിയെ സമരോത്സുകമാക്കി.
രാജേന്ദ്ര മൈതനത്ത് ജന്തർമന്തർ ചലോ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടം
മേനക ജങ്ഷനും പാർക്ക് അവന്യുവും പിന്നിട്ട് സായാഹ്ന ചുവപ്പിലൂടെ റാലി രാജേന്ദ്ര മൈതാനത്തേക്ക് എത്തുന്പോൾ ജനാവലി ഇരന്പിയാർത്തു. മൈതാനത്ത് എഴുപതോളം ചിത്രകാരന്മാർ തങ്ങളുടെ തത്സമയ കലാസൃഷ്ടികളിലൂടെ പ്രക്ഷോഭത്തോട് ഹൃദയം ചേർത്തു. തുടർന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ, പി രാജീവ്, എസ് ശര്മ, സുനിൽ പി ഇളയിടം, മാധ്യമപ്രവർത്തകരായ എന് മാധവന്കുട്ടി, ആർ രാജഗോപാൽ, കെ ജെ ജേക്കബ്, റിട്ട. ജസ്റ്റിസ് വി കെ മോഹനൻ, ഡോ. കെ ജി പൗലോസ്, എസ് സതീഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, ചിത്രകാരൻ ബോണി തോമസ്, രഞ്ജിനി ഹരിദാസ്, ഡോ. ജോ ജോസഫ്, കെ ജെ മാക്സി, മുരുകന് കാട്ടാക്കട, എന് ഇ സുധീര്, എം അനില്കുമാര്, എന് സി മോഹനന്, അഡ്വ. പി എം ആതിര, പി എം ആരതി, ജോണ് ഫെര്ണാണ്ടസ്, പി ആര് മുരളീധരന്, കെ എന് ഉണ്ണിക്കൃഷ്ണന്, പി വി ശ്രീനിജിന്, കെ ജെ ഷൈന്, രവിത ഹരിദാസ്, കെ കെ ഷാഹിന, ആയില്യൻ കരുണാകരൻ, സിനിമാ പ്രവർത്തകരായ കമൽ, സന്തോഷ് കീഴാറ്റൂർ, ബിജിബാല്, ആഷിഖ് അബു, ഇര്ഷാദ് അലി, രശ്മി സതീഷ് തുടങ്ങിയവരും നിരവധി സംസ്കാരിക പ്രവര്ത്തകരും വിദ്യാര്ഥി സംഘടനാ പ്രതിനിധികളും റാലിയിലും കൂട്ടായ്മയിലും പങ്കെടുത്തു.








0 comments