സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 2026
ഇവിയുടെ റേഞ്ച് പേടിക്ക് പരിഹാരം

പവർ ഓൺ വീൽസ് സംവിധാനവുമായി ചാവക്കാട് കടപ്പുറം വിഎച്ച്എസ്എസിലെ വിദ്യാർഥികളായ അബ്ദുൽ അസീസ് റഹ്മാൻ, ജാഫ് കാഷ് റഹ്‌മാൻ എന്നിവര്‍
മണ്ണാർക്കാട്
ഇലക്‌ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പ്രധാന ആശങ്കയായ യാത്രയ്‌ക്കിടയിലെ ചാർജിങ് പ്രതിസന്ധിക്ക് പരിഹാരവുമായി ചാവക്കാട് കടപ്പുറം ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥികൾ. അബ്ദുൾ അസീസ് റഹ്മാൻ, ജാഫ് കാഷ് റഹ്മാൻ എന്നിവർ ചേർന്ന് വികസിപ്പിച്ച ‘പവർ ഓൺ വീൽസ്' സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷൻ ഇവി പ്രേമികളുടെ പ്രതിസന്ധിക്ക് പരിഹാരമാകും. പുനരുപയോഗ ഊർജത്തെയും പൊതുഗതാഗത സംവിധാനത്തെയും സംയോജിപ്പിച്ച് വൈദ്യുതി സംഭരണത്തിനും വിതരണത്തിനും പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗശൂന്യമായ പഴയ കെഎസ്ആർടിസി ബസുകളെ സഞ്ചരിക്കുന്ന പവർ സ്റ്റേഷനുകളാക്കി മാറ്റുകയെന്നതാണ് ഈ ആശയത്തിന്റെ കാതൽ. ബസുകളുടെ മുകളിൽ സജ്ജീകരിക്കുന്ന സോളാർ പാനലുകൾ വഴി പകൽ സമയത്ത് സൗരോർജം ശേഖരിക്കും. ഇതിനുപുറമെ, വീടുകളിലും സ്ഥാപനങ്ങളിലും സോളാർ പാനലുകൾ വഴി ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതിയും ശേഖരിച്ച് ബസുകളിലെ പ്രത്യേക ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിൽ സംഭരിച്ചുവയ്‌ക്കും. ഇത്തരത്തിൽ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് യാത്രയ്ക്കിടയിൽ ചാർജ് തീരുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആവശ്യാനുസരണം ചാർജ് നൽകാൻ ഈ ‘പവർ ബസുകൾക്ക്' സാധിക്കും. പ്രകൃതിക്ഷോഭങ്ങളോ മറ്റ് കാരണങ്ങളാലോ വൈദ്യുതി ബന്ധം തകരാറിലാകുന്ന പ്രദേശങ്ങളിൽ അടിയന്തര ഊർജസഹായം എത്തിക്കാനും വലിയ പൊതുപരിപാടികളിൽ ഡീസൽ ജനറേറ്ററുകൾക്ക് പകരമായി പരിസ്ഥിതി സൗഹൃദ ഊർജസ്രോതസ്സായും ഈ ബസുകളെ ഉപയോഗപ്പെടുത്താം.









0 comments