കഥ
തായ്ചാവ് പെല

ബേസിൽ തോമസ്
Published on Nov 21, 2026, 12:39 PM | 13 min read
കുരിശിൽ മരണം കൊതിച്ച് കിടക്കുന്നേരം മാറിനിന്ന് പഴിപറയുന്നവരുടെ അതിരിൽ എവിടെയെങ്കിലും അമ്മച്ചി നിൽപ്പുണ്ടോ എന്ന് ഞാൻ നോക്കിക്കൊണ്ടേയിരുന്നു. കാലിലൂടെ മലവും മൂത്രവും ഒലിച്ചിറങ്ങുന്നുണ്ട്. അമ്മച്ചി എവിടെയെങ്കിലും വച്ച് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു എങ്കിൽ ഇപ്പോ തന്നെ ഓടി വന്നേനെ, ഒരു വെള്ളത്തുണി എടുത്ത് എന്റെ അരയ്ക്ക് കെട്ടി, നിലം മുഴുവൻ തുടച്ച് വൃത്തിയാക്കിയേനെ. കഴിഞ്ഞ ദുഖഃവെള്ളിക്ക് കർത്താവിനോട് ഇതേ ചതി യൂദന്മാര് ചെയ്തപ്പോ ‘ഈ ദുഷ്ടത്തരം ചെയ്തവന്മാര് മുടിഞ്ഞുപോട്ടെ’ എന്ന് കരഞ്ഞവരെ- ഇപ്പോ എന്നെ നോക്കി കയ്യടിക്കുന്നവരെ കണ്ടുപിടിച്ച് തെറി പറഞ്ഞേനെ.
അമ്മച്ചി ഇല്ല!
***
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
ജനുവരിപ്പെരുന്നാളിന് ഒരാഴ്ച മുമ്പ് കറുകുറ്റി സെൻ മേരി തിയറ്ററില്‍ പോയി സെക്കൻഡ്ഷോ കഴിഞ്ഞ് രണ്ട് കുപ്പി ചാരായോം കേറ്റി വന്ന വഴിക്കാണ് പള്ളിസെമിത്തേരിയില്‍ തീ കത്തുന്നപോലെ ഒരു വെളിച്ചം കണ്ടത്. അതിപ്പോ ഏതവനാ ഈ നേരത്ത് സെമിത്തേരീല് തീകായാൻ അത്രയ്ക്ക് പൂതി? പക്ഷേ ചെന്ന് നോക്കീപ്പോ അവിടെ ആരും ഇല്ല. സെമിത്തേരിടെ പടിഞ്ഞാറ് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് വലിയ കലം പോലെ എന്തൊക്കെയോ കത്തുന്നുണ്ട്, അതിൽനിന്ന് പൊട്ടുന്നപോലുള്ള ശബ്ദം കേൾക്കുന്നുമുണ്ട്; കിറുക്കൻ കപ്യാരുടെ പണിയാവും. അയാള്‍ ഇടയ്ക്കൊക്കെ രാത്രികളില്‍ വിളക്കും പിടിച്ച് പറമ്പില്‍ നടക്കുന്നത് കണ്ടിട്ടുണ്ട്.- വല്ല അടയ്ക്കയോ ജാതിക്കയോ ഒക്കെ കട്ടെടുക്കാനാണ്. ആ കക്കല് പള്ളീല് എല്ലാവർക്കും അറിയാം താനും, പിന്നെ അതങ്ങനെ നടന്നുപോവുന്നു എന്ന് മാത്രം. അയാള്‍ ഇല്ലെങ്കില്‍ ഇത് നോക്കി നടത്താൻ ആരും ഇല്ല. കപ്യാര് കക്കണത് കണ്ട ദിവസങ്ങളിലൊക്കെ അയാള്‍ എന്തെങ്കിലും ഒക്കെ, അടയ്ക്കയായോ ചില്ലറയായോ തന്നിട്ടും ഉണ്ട്,- ഈ കഥ ആരോടും പറയാതിരിക്കാൻ.
“എന്താടാ നോക്കിയോ?” കുട്ടൻ ചോദിച്ചു.
“സെമിത്തേരിന്നു ആയോണ്ട് എല്ലിലെ ഫോസ്ഫറസ് കത്തണതാവും.”
കൊച്ചപ്പന്റെ മോൻ സാന്റി എടയ്ക്ക് കേറി പറഞ്ഞു. അവൻ കോളേജില്‍ പഠിക്കാൻ പോയിന്ന് ഒള്ള അഹങ്കാരാ, അപ്പന്റെ കാശിന്റെ ബലംകൊണ്ട് മാത്രം പഠിക്കാൻ പോയവൻ.
“ചോയിച്ചോ നിന്നോട് മയിരെ”, എന്ന് തിരികെ ചോദിച്ചപ്പോ തന്നെ അവന്റെ പത്തി താണു. ഇവനെയൊന്നും കൊണ്ടോവണ്ട എന്ന് ഞാൻ പറഞ്ഞതാണ്. പിന്നെ സിനിമയ്ക്ക് പോവാൻ അവന്റെ സൈക്കിൾ എടുത്തപ്പോ വരൺണ്ടോ എന്ന് ഒരു മര്യാദയ്ക്ക് കുട്ടൻ ചോദിച്ചതാണ്. വരാം എന്ന് പറഞ്ഞവനോട് വരണ്ടാ എന്ന് എങ്ങനെയാ പറയണേ. ഇതിപ്പോ അവനില്ലാർന്നെങ്കിൽ അവന്റെ അപ്പന്റെ പറമ്പില്‍ ചെത്തി വെച്ചേക്കണ ഒരു കുടം കള്ള് കൂടെ എടുക്കാർന്നു. കഴിഞ്ഞ മാസം രാത്രി കള്ള് എടുക്കാൻ ആ പറമ്പില്‍ കേറിയപ്പോഴാണ് തെങ്ങില്‍ ബ്ലേഡ് വെച്ചത് അറിഞ്ഞത്. ആ അറിവ് കാലില്‍ നെറച്ചും മുറിവായി കിടന്നത് മൂന്നാഴ്ചയാണ്. അന്ന് മുഴുവൻ അമ്മേടെ വീട്ടില്‍ പോയി അമ്മാവന്റെ ആട്ടും തൂപ്പും കേട്ട് നിക്കേണ്ടി വന്നു. കൊച്ചപ്പൻ അറിഞ്ഞാ മോശല്ലേന്ന് പറഞ്ഞ് അന്ന് രാത്രി തന്നെ ട്രെയിൻ കേറാൻ പറഞ്ഞുവിട്ടതും ആ തള്ള തന്നെയാണ്. എന്തായാലും ബ്ലേഡ് വെച്ചിട്ടും കള്ള് പോവുമ്പോ അയാൾക്ക് എന്താ തോന്നണെ എന്നൊന്ന് അറിയണോലോ.
എന്തായാലും ആ സമയം പള്ളിമുറീന്ന് അച്ചന്റെ കൂർക്കം മണിയടിച്ചു. പുതിയ കത്തനാരാണ്, പെരുന്നാളിന്റെ തലേ ആഴ്ച അരമനേന്ന് ഒരാളെ കെട്ടിയിറക്കിയാ എങ്ങനെയാ ഇത്രേം വലിയ പെരുന്നാള്‍ നടത്താമ്പറ്റണേ? പള്ളിമുറിയോട് ചേർന്ന് വെല്യ മരക്കുരിശ് ചാരി വെച്ചിട്ടുണ്ട്, ഒപ്പം പെരുന്നാളിന് പന്തല്‍ കെട്ടാനുള്ള സാധനങ്ങളും ബൾബുകളും. കഴിഞ്ഞ ആഴ്ചവരെ പള്ളീടെ മച്ചില്‍, പള്ളീന്ന് മേപ്പൊട്ട് നോക്കിയാ കാണണപോലെയാണ് കുരിശ് വെച്ചിരുന്നത്. അച്ചനാണ് പള്ളീല് കുരിശ് മാത്രം മതി കുരിശിലെ കർത്താവ് പള്ളീടെ ഉള്ളിൽ പാടില്ല, വിഗ്രഹമാണ് എന്ന് പറഞ്ഞ് എടുത്ത് പുറത്തിട്ടത്. രൂപം പുറത്തിട്ടപ്പോ, പാഴ്ത്തടിയായകൊണ്ട് കുരിശും കൂടെ പുറത്തിട്ടു.
“ആ കന്യാസ്ത്രീയമ്മ ഒരു ജീവിതം മുഴുവൻ കഷ്ടപ്പെട്ടത് നിനക്ക് ഇങ്ങനെ മതിലില്‍ ചാരി നിക്കാനാണല്ലോ കർത്താവേ...”
***
“എന്റെ പൊന്ന് ചേച്ചി, ഇവനോ ഇങ്ങനെ നടക്കുവാണ്, എന്റെ പിള്ളേനേം കൂടെ കൊണ്ടോയി നശിപ്പിക്കണോ? ഇന്നലെ കേറി വന്നപ്പോ രണ്ട് മണി മൂന്ന് മണി കഴിഞ്ഞു. ഏവടന്നോ കുടിച്ചിട്ടാ വന്നേ. ഇവന്റെ അനിയനല്ലേ? ഇവന്റെ കൂടെ അല്ലേ പോയേ?”
ആ പ്രാക്കിനെ കൊണ്ടോവണ്ടാർന്നു. കുട്ടനെ പറഞ്ഞാ മതി. ഒരു സൈക്കിളിന് വേണ്ടി ഇനി ഒരാഴ്ച ഈ കരച്ചില് കേക്കണം.
“ദേ നിങ്ങൾടെ മോനെ ഞാനായിട്ട് കൊണ്ടോയി നശിപ്പിച്ചിട്ടില്ല. ഞാൻ കുടിച്ചു, വേണോന്ന് ചോദിച്ചു, എന്റെ മര്യാദ! വേണം എന്ന് പറഞ്ഞവർക്ക് കൊടുത്തു.”
“എടാ വർക്കിക്കുഞ്ഞേ, നീ നിർബന്ധിച്ച് കുടിപ്പിച്ചു എന്നാണല്ലോ അവൻ പറഞ്ഞേ. ഞാൻ നിന്നെ എടുത്തോണ്ട് നടന്നതല്ലേടാ, ആന്റിനോട് നുണ പറയല്ലേടാ.”
“ഞാൻ ആരടേം അണ്ണാക്കിലേക്ക് ഒഴിച്ച് കൊടുത്തിട്ടില്ല. പിന്നെ നിങ്ങള്‍ കള്ള് ചെത്താൻ കൊടുക്കണത് നാട്ടുകാർക്ക് കള്ളപ്പത്തിന് മാവ് കൊഴയ്ക്കാൻ അല്ലല്ലോ? അപ്പോ നിങ്ങള്ക്കടേ മോൻ കുടിക്കുമ്പോ മാത്രം എന്തിനാ ഇത്ര ദണ്ണം?”
അതും പറഞ്ഞ് ഞാൻ നേരെ ചെന്ന് സാന്റിനെ വിളിച്ചു. അവന് ഇന്നലത്തെ പറ്റ് വിട്ടട്ടുണ്ടായില്ല. എന്താ ചേട്ടായീന്നു വിളിച്ച് അവൻ ഇറങ്ങി വന്നത് കണ്ടപ്പഴേ ദേഷ്യം പെരുത്തു.
“നിന്നെ ഞാനായിട്ട് കൊണ്ടോയി കുടിപ്പിച്ചെണ്ടോടാ?” ചോദ്യത്തിനൊപ്പം ദേഷ്യം അവന്റെ തലയ്ക്ക് കിഴുക്കി. നിലതെറ്റി വീഴാൻ വേച്ചത് പോരാഞ്ഞ് പെട്ടെന്ന് തല അനങ്ങിയപ്പോ സാന്റി മുള്ളിപ്പോയി. വാരിയുടുത്ത വെള്ളമുണ്ടില് തുടവഴി പരന്ന മൂത്രത്തിന്റെ വേദനയും അപമാനവും കറവരച്ചു, നിലത്ത് ചിതറി തെറിച്ചുവീണു. അന്നേരം ചെറിയൊരു മനസ്താപം തോന്നിയെങ്കിലും അവന്റെ അപ്പന്റെ ചെയ്തികള്‍ അത്ര നല്ലതല്ലാത്തോണ്ട് അവന് അർഹിക്കുന്ന അപമാനങ്ങളിൽ ഒന്നായി അതിനെ കണ്ടാ മതി എന്ന് മനസ്സ് പറഞ്ഞു.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
***
ബാന്റും അതിന്റെ എടേലെ അടീം, അങ്ങനെയാണ് ഏതൊരു പെരുന്നാളും തലേന്നും കഴിഞ്ഞുപോവുന്നത്. അന്നത്തെ പെരുന്നാള്‍ സാധാരണപോലെ തന്നെ ബാന്റ് വരെ തല്ലില്ലാതെ പോയി. ബാന്റ് പള്ളിടെ മുന്നില്‍ കൊട്ടിക്കേറണ സമയത്ത് തന്നെയാണ് സാന്റിടെ കൂടെ വന്ന കോളേജിലെ പിള്ളേര് അർമാദിച്ച് തുള്ളാൻ തുടങ്ങീതും. അത് തുള്ളി തുള്ളി പെമ്പിള്ളേർക്കടെ അടുത്തേക്ക് കൂടുതല്‍ ചേർന്നപ്പോ ഞാൻ ചെന്ന് സാന്റിയോട്, അവരോട് മാറാൻ പറ എന്ന് സൗമ്യമായി തന്നെ പറഞ്ഞു. അതിന് മറുപടിയായി അവൻ എന്റെ താടയ്ക്ക് പിടിച്ച് തട്ടി. അത് അന്നുവരെയുള്ള സകല ക്രമങ്ങളെയും പിടിച്ചുലയ്ക്കുന്നതായും എനിക്ക് തോന്നി. ഞാനും കേറി തല്ലി, എന്റെ തല്ല് കൊണ്ട് സാന്റി വീണു, അവന്റെ തലയ്ക്കിട്ടാണ് അടി കൊണ്ടത്. അവൻ വീണസമയത്ത് അവന്റെ കോളേജിൽനിന്ന് വന്ന രണ്ടുപേര്‍ കൂടി എന്നെ പിടിച്ചു. വേറെ രണ്ടുപേര്‍ എന്റെ തോളില്‍ മാറി മാറി ഇടിച്ചു. ആ തല്ല് ഇനിയും വർഷങ്ങള്‍ നീണ്ടുപോവും എന്ന് തോന്നലുണ്ടാക്കുമാറ് കനംവെച്ചുവന്നു. എന്റെ കൈകൾ ഒന്നും ചെയ്യാൻ ആവാത്തവിധം മരവിച്ചുപോയി. എന്റെ നാട്ടില്‍ വന്ന് എന്നെ തല്ലുന്നു, അതിന് എന്റെ അനിയൻ കൂട്ടുനിക്കുന്നു. ചുറ്റും കൂടിയവരുടെ ചിരിയുടെ മണം.
***
അടികൊണ്ട് ചതഞ്ഞ കൈ താങ്ങിയാണ് ഞാനും കുട്ടനും ബാക്കി ഒള്ളോരെല്ലാം കൂടെ കൊച്ചപ്പന്റെ വീട്ടില്‍ സാന്റിനെ തെറി വിളിക്കാൻ പോയത്.
“നിന്റെ ചേട്ടനല്ലേടാ ഇത്, ഇവര്‍ ആരും നാളെ ഇണ്ടാവൂല്യ നിനാക്ക് ഒരാവശ്യം വരുമ്പോ. കൂടെ നിക്കണ്ടത് ഇവനൊക്കെ അല്ലേ... നമ്മളെയെല്ലാം വെറുപ്പിച്ചിട്ട് നിനക്ക് നാട്ടില്‍ നിക്കാം എന്നാണോ?’’
“കുട്ടാ, മയിരെ നീ ഇവടെ യാചിക്കാൻ വന്നതാണോ? ആ പട്ടീനെ വിളിച്ചെറക്കി തല്ല്.”
“ഏത് തന്ത ഇല്ലാത്തവനാട എന്റെ കൊച്ചിനെ തല്ലണ്ടെ?” കൊച്ചപ്പൻ ഒരു ചൂരല്‍ താങ്ങിപ്പിടിച്ച് പുറത്തിറങ്ങി വന്നു.
“ആ പണി കാണിച്ചത് ഇവടത്തെ സന്താനം തന്നെയാ. പെമ്പിള്ളേരടെ മെക്കിട്ട് കേറീതും, ഞാൻ ചോദിച്ചെന്നു പറഞ്ഞു അടിയാക്കീതും എല്ലാം.”
“ആ അവൻ അത് ചെയ്തൂന്ന് വരും. ഞാൻ ഏറ്റുകഴിക്കണ പെരുന്നാള്‍, എന്റെ പുള്ള. അതിന് പെഴച്ചിണ്ടായ, തന്തേനെ കാണാത്തവര്‍ എന്റെ ഉമ്മറത്ത് വന്ന് കൊരക്കണ്ട.”
“അമ്മാതിരി വർത്താനം എന്റെ അടുത്ത് പറയാൻ നിക്കണ്ട. നാടുനീളെ ചൂര മാന്തി നടന്ന കാലം ഒന്നും ആർക്കും അറിയാത്തതല്ലാലോ?”
ഈ കഴുവേറി കാരണമാണ് അപ്പന് നഷ്ടം കേറിത്. പറമ്പീന്ന് വിക്കാൻ കൊടുക്കണത് മുഴുവൻ കള്ളക്കണക്ക് എഴുതി പൈസ തട്ടിയെടുക്കും. അങ്ങനെ കടം കേറിയാണ് അപ്പന് മൈസൂർക്കൊ മറ്റോ പോവണ്ടി വന്നത്. അമ്മച്ചി പറഞ്ഞിട്ടുണ്ട്. ഞാൻ മൂന്ന് മാസം വയറ്റിലുള്ളപ്പോഴാണ് അപ്പൻ നാടുവിട്ടത്. ആ കടം വീട്ടാൻ അമ്മച്ചിക്ക് പല സ്ഥലത്ത് വയറും വെച്ച് പണിക്ക പോവണ്ടി വന്നു. അതിന്റെ എടേല് കൊറച്ച് പൈസ തന്ന് സഹായിച്ചതിന് പകരം അയാള്‍ നമ്മടെ സ്ഥലത്ത് കൃഷി ചെയ്തു തുടങ്ങി. അങ്ങനെ സ്ഥലത്തിന്റെ നല്ലൊരു ഭാഗം അയാൾക്ക് ആയി. അതിന്റെ എടേല് എന്നെ പെഴച്ചുപെറ്റതാണ്, അതില്‍ മനം നൊന്താണ് അപ്പൻ വണ്ടി കേറിത് എന്ന് പലരോടും പറഞ്ഞു നടന്നു. ഇതൊക്കെ പറഞ്ഞിട്ടും അമ്മച്ചി, വേറെ തുണയില്ലയാലോ നമുക്ക് എന്ന് പറഞ്ഞു അയാളെ താങ്ങുന്നുണ്ട്. ഇപ്പോ അയാൾടെ നശിച്ച സ്വഭാവം മോനും തുടങ്ങി.
ഇത്രേം കാര്യം മനസ്സിൽ നിക്കുമ്പോഴാണ്;
“നിന്റെ തള്ളയാടാ...” എന്ന് പറഞ്ഞു അയാള്‍ തുടങ്ങുന്നത്. പക്ഷേ അത് പൂർത്തിയാക്കാൻ അയാളെ ഞാൻ സമ്മതിച്ചില്ല, ചാടി മർമ്മത്ത് ചവുട്ടി. ആ ചവുട്ടിന് അയാൾടെ നാലുതലമുറ വിറച്ചു. പക്ഷേ ചവുട്ടി കഴിഞ്ഞതേ വെച്ച് കെട്ടിയ തലേംതാങ്ങി അയാൾടെ തോക്കും എടുത്ത് സാന്റി എറങ്ങിവന്നു. അയാൾടെ പറമ്പിലും കൂടി ആയോണ്ട് ഇനി എങ്ങാനും വെടി കൊണ്ടാലും അവന് വല്യ കേസ് ഒന്നും വരൂല്ലല്ലോ. അമ്മച്ചി ഓടി വന്ന് വലിച്ചോണ്ട് പോവാർന്നു. വീട്ടില്‍ ചെന്ന് അകത്ത് കേറിപ്പഴേക്കും കൊച്ചപ്പൻ നാറിടെ കള്ളും ചാരായോം കൊണ്ട് വയറ് നിറച്ച കൊറേ എണ്ണങ്ങള്‍ ബഹളം ഉണ്ടാക്കി വീട്ടില്‍ വന്നു. അമ്മ എന്നെ പിടിച്ച് നിർത്താൻ ആവുമ്പോലെ നോക്കുന്നുണ്ടായിരുന്നു. എന്റെ പകുതി ശരീരം ഉള്ള അമ്മയ്ക്ക് അത്രേം ബലം ഉണ്ടാവില്ല എന്നാണ് ഞാൻ വിചാരിച്ചത്. ഒരു സമയം ഞാൻ പിറകോട്ട് വീണുപോവും എന്ന തോന്നൽ ഉണ്ടാക്കാൻ പോലും അമ്മയുടെ ശക്തിക്ക് കഴിഞ്ഞു. കുട്ടനാണ് പെരുന്നാളിന് പ്രദക്ഷിണം വരുമ്പോ പൊട്ടിക്കാൻ വെച്ച വലിയ ഗുണ്ടെടുത്ത് വരാന്തേലേക്ക് ഇറങ്ങി ചെന്നത്.
“ഇനി ഇവടെ വെച്ച് ഒച്ചയെടുക്കാൻ നിന്നാ എല്ലാത്തിനെം ഇട്ട് പൊട്ടിക്കും.”
“നീയിതു അവ്ടെ വെച്ച് പറഞ്ഞാർന്നെങ്കി എനിക്ക് അപ്പന് വിളി കെക്കാണ്ടാർന്നല്ലോ”, രണ്ട് പേരും ചിരിച്ചു. അമ്മച്ചിക്ക് പേടി മാറീട്ടില്ല, കയ്യിലെ പിടി വിട്ടിട്ടും ഇല്ല. ഇപ്രാവശ്യോം അമ്മേടെ വീട്ടില്‍ പോവാൻ നിർബന്ധം പിടിക്കുവാണ്. വീട്ടില്‍ നിന്നാ പെരുന്നാളിന് അടി ഉണ്ടാവും എന്ന് പേടി ആണ്. ഇതിപ്പോ കഴിഞ്ഞ പ്രാവശ്യം ഒന്നും ഉണ്ടാവാത്ത പോലെ! പക്ഷേ കുറച്ച് നേരം കഴിഞ്ഞപ്പോ കുട്ടൻ പറഞ്ഞു; കൊച്ചപ്പന്റെ വീട്ടില്‍ ആള് കൂടണ്ട്, നീ ഒന്ന് മാറിക്കോ എന്ന്. കുട്ടൻ എന്നും ഒപ്പം നിന്നിട്ടുണ്ട്. എന്തായാലും അമ്മേടെ വീട്ടില്‍ പോവാൻ വയ്യ. വീട്ടിൽന്ന് ഇറങ്ങി നടന്നു, ആദ്യം കുട്ടന്റെ വീട്ടിലേക്ക് നടന്നു-. വേണ്ടാ! കുറച്ച് നേരം പള്ളീല് പോയിരിക്കാം. അങ്ങനെയാണ് പള്ളിവരാന്തേല് തമിഴന്മാരുടെ പായ കാണുന്നത്. കിടക്കുന്നേരം നിലാവ് മങ്ങാത്ത മുറ്റത്ത് കാലം വേദനകൾ വരച്ചിട്ടത് തെളിഞ്ഞുവന്നു. ഈ നശിച്ച സ്ഥലത്ത് ജനിക്കണ്ടാർന്നു.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
***
പിറ്റേന്ന് പെരുന്നാക്കൂർബാനയ്ക്ക് നിന്നില്ല. ഉറക്കം ശരിയാവാത്തോണ്ട് പുലരും മുന്നേ എണീറ്റ് കൂട്ടന്റെ വീട്ടില്‍ പോയി കിടന്നു, പിന്നെ പ്രദക്ഷിണം കേറാൻ നേരത്താണ് പള്ളില് ചെന്നത്. അന്നേരത്തേക്ക് അന്തരീക്ഷം ആകെ മാറിയിട്ടുണ്ടായിരുന്നു. വെടിക്കെട്ടിന് തിരി കൊളുത്തുന്നതിന് മുമ്പ് ഇരുണ്ടുമൂടുന്ന ആകാശം. അപ്പോൾ ഏകദേശം 12 മണി ആയിട്ടുണ്ടായിരുന്നു.
എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കുന്നു; കെട്ടിച്ച് വിട്ട നാത്തൂന്മാരോട് ഇതാ ആ ചെറുക്കൻ എന്ന് പറയുന്ന ചിലര്‍- ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇന്നലെ കണ്ട സ്വപ്നത്തിലേതു പോലെ. അമ്മച്ചിനെ അവിടെയെങ്ങും കാണാനില്ല താനും.
“ദയവുചെയ്ത് എല്ലാവരും ശ്രദ്ധിക്കുക, നമ്മുടെ പള്ളിയിലെ പെരുന്നാളിന്റെ ആവശ്യത്തിന് വേണ്ടി കൊണ്ടുവന്ന ലൈറ്റിൽ നാലു വലിയ മെർക്കുറി ബൾബുകള്‍ കാണാതായിട്ടുണ്ട്. ആരാണ് എടുത്തത് എന്നൊന്നും നമുക്ക് അറിയില്ല, അത് അന്വേക്ഷിക്കാന്‍ പോലീസും മറ്റ് സംവിധാനങ്ങളും നമുക്ക് ഉണ്ട്. ആരും പരസ്പരം പഴിചാരി സ്ഥിതി വഷളാക്കരുത്.”
അച്ചൻ പേടിച്ചിട്ടുണ്ട് എന്ന് സംസാരത്തില്‍ നിന്നും മനസ്സിലാവും. എന്നാലും ഇന്നലെ ഞാൻ വെളുക്കാറാകുംവരെ ഇവിടെ കിടന്നതാണല്ലോ, ആരാ എന്റെ മൂക്കിന്റെ തുമ്പില്‍ നിന്ന് ഇങ്ങനെ ഒരു പണി ചെയ്തത് എന്നായി പിന്നെ ചിന്ത.
ആൾക്കാരുടെ മുഖത്ത് പേടിയും ദേഷ്യവും, പെരുന്നാളിന്റെ ഉത്സാഹം കാറുമൂടിയാലെന്നപോലെ മറഞ്ഞുപോയി- അന്തരീക്ഷവും. രാവിലെ വരെ ഒപ്പമുണ്ടായിരുന്ന തമിഴന്മാരെ ആരെയും അവിടെ എവിടെയും കാണാനും ഇല്ല. എന്തൊക്കെയോ കാര്യമായി നടന്നിട്ടുണ്ട്, കടകള്‍ ഉൾപ്പെടെ എങ്ങോട്ടോ പോയിരിക്കുന്നു.
അതിന്റെ ഇടയ്ക്ക് ആൾക്കൂട്ടത്തിൽ സാന്റി നിൽക്കുന്നു. ഇരുള് ചൂഴ്ന്നു നിൽക്കുന്ന താഴ്വാരം പോലെ അവന്റെ കണ്ണുകൾ. കാഴ്ചയെത്താതെ ദൂരത്ത്-അകലങ്ങളിൽ എവിടെയോ നിൽക്കുന്നു. അവിടെനിന്ന്, ആ താഴ്വാരത്തുനിന്ന് എങ്ങനെ ഒരാളുടെ കണ്ണുകൾക്ക് കാണാൻ പറ്റും എന്ന് ഞാൻ സംശയിച്ചു. എടുത്തത് തിരിച്ച് കൊടുക്കടാ എന്ന് അവന്റെ മുഖം പറയും എന്ന് ഇന്നലെ സ്വപ്നം കണ്ടതുപോലെ തോന്നി.
“ഏടുത്തത് തിരിച്ച് കൊടുക്കടാ, വീട്ടിന്ന് കട്ടത് പോരാഞ്ഞിട്ടാണൊ പള്ളില് കേറി കക്കണേ?”
“പള്ളീന്ന് ഇവൻ കട്ടട്ടുണ്ട്, അടയ്ക്ക വാരി വെക്കണത് ഇവന് വന്ന് എടുത്തോണ്ട് പോവാറുണ്ട്, കള്ളും കുടിച്ച് വന്നിട്ട്.” കള്ളൻ കുര്യാക്കോസാണ്– കപ്യാര്. അയാള്‍ പറഞ്ഞത് നുണയാണ് എന്നോ കുറഞ്ഞപക്ഷം അയാളും അതിൽ പങ്കുകാരനാണ് എന്നോ അറിയുന്നവരാണ് എല്ലാവരും; പക്ഷേ ആരും മിണ്ടിയില്ല, പകരം അയാൾക്ക് ഒപ്പം തലയാട്ടി. അയാൾക്ക് മറുപടി കൊടുക്കണ്ട, ഇന്നലെ വരെ കീഴ്പെട്ട് നിന്ന സാന്റി ഇങ്ങനെ പറയാൻ എന്താ? ഇന്നലെ ഉണ്ടായ അടിയോ?
“ആരാടാ വീട്ടിന്ന് കട്ടെ? നിന്റെ തന്ത അല്ലേ? എന്റെ അപ്പന്റെ സ്വത്ത് മുഴുവൻ തട്ടി എടുത്തത്?”
അപ്പോഴേക്കും ചിതറിനിന്ന ആളുകള്‍ കൂട്ടമായി ചുറ്റും തടിച്ചുകൂടി, പടിഞ്ഞാറെ കൽക്കുരിശിന്റെ അടുത്തുള്ള മൺതിട്ടീലേക്ക് ഞാൻ കേറി നിന്നു. സാന്റി അതിനു പുറകിൽ കിഴക്കു വശത്ത് നിന്നു. ചെയ്ത തെറ്റുകൾക്ക് ന്യായം വിധിക്കാൻ എന്നതുപോലെ.
***
നിലാവ് അസ്തമിക്കാൻ തുടങ്ങിയിരിക്കുന്നു, പാതിരാവ് കഴിഞ്ഞിട്ടുണ്ടാവണം. ചുറ്റും ഉള്ളതൊന്നും അത്ര വ്യക്തമായി കാണാൻ സാധിക്കുന്നില്ല, ചെറുതായി ഉറക്കം വരുന്നുണ്ട്! കുറച്ച് നേരം മുമ്പ് നടന്ന സംഗതികളൊക്കെ മനസ്സ് നീറ്റുന്നു! പക്ഷേ ഇത്തരം വർത്തമാനം ആദ്യമായിട്ടല്ലല്ലോ, ഉറക്കം കെടുത്താൻ പാകത്തിന് ഒന്നും ഇല്ല. അങ്ങകലെ പള്ളിയങ്ങാടിയുടെ ഒരു വശത്തുള്ള വിളക്കുകാലിൽ മഞ്ഞ വെട്ടം മങ്ങി കത്തുന്നു. അതിന്റെ ഒരു തരി ഇങ്ങരികെ പള്ളിഭിത്തിയിൽ ചാരി വെച്ച കർത്താവിന്റെ രൂപമുള്ള കുരിശിലും വന്ന് വീഴുന്നുണ്ട്. പകലിന്റെ പ്രാക്കേറ്റ് ഇരുണ്ട രാവ്! അപ്പോൾ ഏകദേശം മൂന്നുമണി ആയിട്ടുണ്ടായിരുന്നു. അന്നേരം യൂദാസ്കറിയോത്ത കർത്താവിനെ ഒറ്റി.
***
മൂന്നുലോകത്തിന്റെയും കർത്താവായ യേശു ദേവാലയത്തിൽ പണ്ഡിതന്മാരോട് സംസാരിക്കുകയായിരുന്നു. അവനെ തിരികെ കൊണ്ടുപോവാൻ അപ്പനും അമ്മയും മറന്നുപോയിരുന്നു. രണ്ടുദിവസത്തെ വഴി പോയതിന് ശേഷമാണ് അവൻ കൂടെ ഇല്ലാ എന്ന് അവർക്ക് മനസ്സിലായത്. അവർ തിരികെ എത്തുമ്പോൾ പണ്ഡിതന്മാരോട് തർക്കിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. മറിയമിനെ കണ്ടതും പണ്ഡിതരിൽ ഒരുവൻ ഇപ്രകാരം പറഞ്ഞു:
“ദേവാലയത്തിന്റെ പരിശുദ്ധിക്ക് അപമാനമായി ഭവിച്ച, വഴിപിഴച്ച ഇവളുടെ പുത്രന് ഈ പാണ്ഡിത്യം എവിടെനിന്ന്? ഇത് പിശാചിൽ നിന്നും ഉള്ളത് തന്നെ.”
യേശു അവിടെ നിസ്സഹായനായി നിന്ന് പൊട്ടിക്കരഞ്ഞുപോയി എന്ന് എനിക്ക് തോന്നി. എന്നോട് ആദ്യമായി അങ്ങനെ ഒരാൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വാവിട്ട് നെലോളിച്ചിരുന്നു. ആ സാഹചര്യത്തിൽ ലോകത്തിലെ ഏതൊരു പുത്രനും പിടിച്ചുനിക്കാൻ പറ്റില്ലാ എന്ന് തോന്നിപ്പിക്കുമാറ് കർത്താവിന്റെ രൂപം അതില്‍ വീണു കിടന്നിരുന്ന ഒരു തരി വെട്ടത്തെപ്പോലും ത്യജിച്ചു.
സൺഡേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോവുമ്പോഴാണ് എന്റെ ഓർമയിൽ ആദ്യമായിട്ട് അപ്പന്റെ പേരിൽ അപമാനം നേരിടേണ്ടി വന്നത്. അമ്മച്ചി രജിസ്റ്ററിൽ ചേർക്കാൻ അപ്പന്റെ പേര് പറഞ്ഞപ്പോ തന്നെ കൊച്ചപ്പന്റെ വലംകൈ വടക്കൻ വർക്കി, എടുക്കും വായ്ക്ക്, ‘ചെറുക്കൻ ഇണ്ടായത് അപ്പൻ പോയിട്ട് എത്ര മാസം കഴിഞ്ഞാടി?’ എന്ന് ചോദിക്കുന്നത്. അമ്മച്ചി അത് കേട്ട് ഞെട്ടിത്തരിച്ച് നിന്നുപോയി. അതുവരെ പലരും കേൾക്കാതെ പറഞ്ഞു എന്ന് അറിഞ്ഞിട്ടുണ്ട് എങ്കിലും ആദ്യായിട്ടാ ഒരാൾ നേരിട്ട് ചോദിക്കുന്നത്. അന്ന് അമ്മച്ചി കിലുകിലാന്ന് വിറച്ചു; ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും. അന്ന് എന്താണ് അവിടെ സംഭവിച്ചത് എന്ന് മനസ്സിലായില്ല. ഞാൻ, അമ്മച്ചി കരയാനെന്നപോലെ നിക്കണ കണ്ട് പൊട്ടിക്കരഞ്ഞു. അന്ന് അമ്മച്ചി എന്റെ കൈപിടിച്ച് ഇറങ്ങി. പിന്നെ പള്ളീന്നു അച്ചൻ വന്ന്, ‘അതൊന്നും കാര്യാക്കണ്ടാ, പിള്ളേനെ സൺഡേ സ്കൂളിൽ ചേർക്കണം എന്ന് പറയുംവരെ ഞങ്ങള്‍ അങ്ങോട്ട് പോയില്ല. എന്നാലും അങ്ങനെ ഒക്കെ പറഞ്ഞ വർക്കിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടാക്കാതെ പള്ളിയിൽ ഉള്ളവര്‍ മുഴുവൻ നല്ല കൃസ്ത്യാനികളായി. അന്നുവരെ അപ്പനെ കാണാത്തതില്‍ എനിക്ക് മാത്രം ഉണ്ടായിരുന്ന വിഷമം, എന്റെ ജീവിതകാലം മുഴുവൻ സമൂഹത്തിന്റെ ഓർമയിൽ പതിഞ്ഞു കിടക്കും എന്ന തിരിച്ചറിവിന്റെ തുടക്കമായിരുന്നു ആ ദിവസം. പിറ്റേ ആഴ്ച സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ പോയപ്പോ ‘കുട്ടിയുടെ അപ്പൻ വന്നിട്ടില്ലേ’ എന്ന് മാഷ് ചോദിച്ചപ്പോഴും അമ്മച്ചി പതറി. അമ്മച്ചി പതറിയ രണ്ടിടങ്ങളിലും എനിക്ക് കാലുറപ്പിക്കാൻ പറ്റിയില്ല. പഠിച്ചുവന്ന കാര്യങ്ങള്‍ ചോദിക്കുമ്പോ പോലും കാലും കയ്യും വിറക്കേം ആരും തുണയില്ല എന്നൊരു തോന്നല്‍ മനസ്സിൽ നിറയുകേം ചെയ്തു.
അങ്ങനെയുള്ള തോന്നലില്‍ നിന്നാണ് എനിക്ക് മുന്‍പേ അമ്മ മരിച്ചുപോയിരുന്നു എങ്കിൽ എന്ന ചിന്ത വന്ന് തുടങ്ങിയത്. അമ്മയ്ക്ക് ഞാനും കൂടെ പോയാല്‍ പിന്നെ? ഓരോ കവിള് ചാരായം കുടിക്കുമ്പോഴും മരിച്ചാലോ എന്ന പേടിയും മരിക്കാനുള്ള പൂതിയും തമ്മിൽ പടവെട്ടി.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
***
നിങ്ങള്‍ രണ്ട് പുഴകൾ ഇണചേരണ കണ്ടിട്ടുണ്ടോ? ഒന്നുചേരണ സ്ഥലത്ത് എപ്പഴും ഭയങ്കര ബഹളമായിരിക്കും, പുറമേക്ക് കണ്ടില്ലെങ്കിൽ പോലും. ഏറ്റോം അടുത്തതെന്ന് വെള്ളം വിചാരിക്കണ വെള്ളം തന്നെയാണ് അവിടെ അതിന്റെ ശത്രു. കർത്താവിന്റെ രൂപത്തിലേക്ക് ഞാൻ വീണ്ടും നോക്കി. കൈകളിലെ പേശികളില്‍ വെട്ടം വീഴുന്നുണ്ട്. യൗവനം കടന്ന ശരീരം.
അപ്പോൾ യോർദ്ദാനിലെ സ്നാനത്തിനുശേഷം ഒരു വലിയ പുരുഷാരം കരയിലേക്ക് കയറി. അതിന് നടുവിലായി യേശു നിന്നു. അവിടെനിന്നും അദ്ദേഹം ആ പുരുഷാരത്തിന്റെ അങ്ങേയറ്റത്തുനിന്നും തന്റെ ബാല്യകാല സുഹൃത്തിനെ വിളിച്ചു, നീ എന്റെ കൂടെ വരിക എന്ന് പറഞ്ഞു. അതിനവൻ മറുപടിയായി,
“നീയോ എന്റെ സഹോദരൻ, ബാല്യം മുതൽ നാം ഒരുമിച്ച് വളർന്നു. നിന്റെ പിതാവാണ് എന്ന് പറയുന്ന യൗസേഫ് നിന്റെ പിതാവല്ല എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ ഇതാ നീ ഇപ്പോൾ ദൈവം തന്നെ നിന്റെ പിതാവ് എന്ന് പറയുന്നു.”
“അതിന് തൊട്ടുമുമ്പ് ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വർഗത്തിൽ നിന്നും അശരീരി ഉണ്ടായതാണ്. എന്നിട്ടും എന്റെ പ്രിയ സുഹൃത്ത് എന്നെ അപമാനിക്കുവാൻ വേണ്ടി...” യേശു വിങ്ങി. യൗവനത്തിന്റെ ബലമുള്ള പേശികൾക്കു കീഴെ മനസ്സ് തളർന്നു.
സ്കൂളിൽ എട്ടിൽ ചേരാതെ പഠിപ്പ് നിറുത്തിയത് രണ്ടുപേരാണ്, ഞാനും കുട്ടനും. പഠിച്ചാല്‍ രക്ഷപ്പെടാൻ കഴിയില്ല എന്ന് ഉറപ്പ് അത്രേം കാലം കൊണ്ട് നേടി എന്ന് വേണം പറയാൻ. കുട്ടന്റെ കൂടെയാണ് പണിക്കിറങ്ങുന്നതും. ആദ്യ ദിവസം പണിക്കുപോയത് തെങ്ങിന് തടം എടുക്കാനാണ്. അന്ന് ഉച്ചയ്ക്ക് വിയർത്ത് കുളിച്ച് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നേരം വീടിന്റെ ഉടമ ബോംബേക്കാരൻ തോമാസ്, ‘മോന്റെ വീട് ഏവടെയാ’ എന്ന് ചോദിച്ചു.
“ഞാൻ പാലാമൂട്ടിലെ മൂത്തയാൾടെ...”
“ആ കണ്ടപ്പോ എനിക്ക് തോന്നി, ഞങ്ങള്‍ ഒന്നിച്ച് പടിച്ചതാ ചാത്തരി സ്കൂളിൽ. ഈ പ്രായത്തില്‍ മോനെപ്പോലെ ആയിരുന്നു, അവനും നല്ല പൊക്കം ഉണ്ടായിരുന്നു. അല്ലെങ്കിലും പാലാമൂട്ടിൽ ആർക്കാ നീളം കൊറവ്?” ഞാൻ ചെറുതായിട്ട് ഒന്ന് ചിരിച്ചു എന്ന് വരുത്തി.
“അതിന് പാലാമൂടൻ തന്നെയാണോ?” കുട്ടൻ പതിയെ പറഞ്ഞു. തലയ്ക്ക് നോക്കി ശക്തിക്ക് ഒരു കിഴുക്ക് കിട്ടുംവരെ അവൻ ചിരിക്കും എന്ന് തോന്നല്‍ ഉണ്ടായിരുന്നു. കിഴുക്കിന് മുമ്പുവരെ അവന്റെ കൊടിയ കീറി അസഭ്യം പറഞ്ഞു. അന്ന് എനിക്ക് അവനെ നോക്കി ചിരിക്കാൻ പറ്റിയില്ല. പിന്നെ കുറച്ച് അധികം നാളത്തേക്കും. അതുവരെ കൂടെ നിന്നവൻ എന്നെ തള്ളിപ്പറയുന്നപോലെ. അല്ല, തള്ളിപ്പറഞ്ഞു.
എനിക്ക് നിന്റെ വിഷമം മനസ്സിലാവും എന്ന അർഥത്തിൽ ചെറിയൊരു കാറ്റിനൊത്ത് കുരിശ് ചാഞ്ചാടി. ഇത്ര ചേർന്നു നിന്നവൻ പോലും പഴി പറഞ്ഞു ചിരിക്കുന്ന ലോകത്ത് അമ്മച്ചി ഒറ്റയ്ക്ക് ജീവിച്ചാൽ ഇപ്പോ അനുഭവിക്കുന്നതിനെക്കാള് വലിയ അപമാനം ആവും നേരിടേണ്ടി വരിക! എനിക്ക് മുമ്പ് അമ്മച്ചീനെ വിളിക്കണേ കർത്താവേ.
***
“അപ്പോൾ അവർ അവനോട്, നീയോ നാട് മുഴുവൻ തെറ്റായ ഉപദേശം കൊണ്ട് ആളുകളെ ഭിന്നിപ്പിക്കുകയും, നിന്റെ അനുയായികളായ പിശാചുക്കളുടെ പിന്തുണയോടെ ദേവാലയത്തിൽ നിന്നും ദൈവത്തിന്റെ മുതല്‍ മോഷ്ടിക്കാം എന്ന് നിരൂപിക്കുകയും ചെയ്തു. എങ്കിലോ നിന്റെ ഉദ്ദേശ്യം സാധ്യമാകില്ല എന്ന് മനസ്സിലാക്കിയാറെ ദേവാലയത്തിലെ കച്ചവടക്കാരെ പുറത്താക്കി ദേവാലയം നിന്റെ അധീനത്തിൽ കൊണ്ടുവരാം എന്ന് ദുഷ്ടലാക്കോടെ ചിന്തിക്കുകയും അതിലുമുപരിയായി ഇത് നിന്റെ പിതാവിന്റെ ആലയം എന്ന് പറയുകയും ചെയ്തു. നിന്നെയും നിന്റെ മാതാവിനെയും നാം അറിയുന്നതല്ലേയോ. അവളോ തന്റെ നിലയിൽ നിന്നും ഇറങ്ങി ദേവാലയത്തിന്റെ പരിശുദ്ധിയെ തന്റെ മോഹങ്ങൾ കാരണം നിലത്തിട്ടുചവുട്ടി. നീയോ സ്വയം റബ്ബി ആയിരിക്കുന്നു. ഇവൻ എന്തെല്ലാം ഇവിടെ നിന്നും മോഷ്ടിച്ചട്ടുണ്ട് എന്ന് അറിയുന്നതിന് മാർഗം എന്ത്? കാണാതായ സ്വർണവിളക്ക് എവിടെ? ഇവൻ അത് എവിടെ വെച്ചിട്ടുണ്ടാവാം, ദേവാലയത്തിൽ നിന്നും മോഷ്ടിച്ചവനെ, നീ മരണ ശിക്ഷയ്ക്ക് അർഹൻ” എന്നിങ്ങനെ പറഞ്ഞു.
യേശുവോ ഒന്നും മിണ്ടാതെ മൗനമായിരുന്നു. അപ്പോഴും കുരിശിലെ കൈയ്യുടെ ഭാരം കൂടിവന്നു! ആ നാടുകളിൽ ഏതാവശ്യത്തിനും കടന്നുചെല്ലുന്ന കാലിലെ മണ്ണ് കൈകൾക്ക് ഭാരമേറ്റി.
“ഈ നാട്ടിലെ എല്ലാ പരുപാടിക്കും തിന്നാൻ നടക്കാന്ന്, അല്ലാതെ എന്തെങ്കിലും ഉപകാരം ഇവനേക്കൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും ഉണ്ടോ? എന്നിട്ട് എനിക്ക് അവകാശപ്പെട്ട, എന്റെ ചേട്ടന്റെ സ്വത്തില്‍ അവകാശോം പറഞ്ഞ്, പള്ളില് പൊതുയോഗങ്ങൾക്ക് വലിഞ്ഞുകേറി വന്ന് ആലമ്പുണ്ടാക്കി, ഇപ്പോ ഞാൻ നടത്തണ പെരുന്നാള്‍ മൊടക്കാൻ വേണ്ടി പള്ളീന്നു കട്ടു, കപ്യാരെ ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞാല്‍.”
എന്നെ സഹായിക്കുന്നവനുണ്ടോ എന്ന് കാണാൻ ഞാൻ ചുറ്റും നോക്കി. കഴിഞ്ഞ കുറേ നാളുകളായി എല്ലാ കല്യാണത്തിനും മരണത്തിനും നേരത്തെ ചെന്ന് എല്ലാ പണികളും നോക്കി നടത്തിയിട്ടുണ്ട്. പ്രതിഫലമായി അവിടുത്തെ മണ്ണ്തരി പോലും എടുക്കാറില്ല. കിടക്കുന്ന വീട്ടിലും കൊറച്ച് സ്ഥലത്തും കൃഷിം ചെയ്ത് ജീവിക്കുന്നോർക്ക് എതിരെ പള്ള് പറഞ്ഞ് ആ സ്ഥലം കൂടെ തട്ടി എടുക്കാൻ നോക്കുമ്പോ എന്റെ ജീവിതം ഇവിടെ പ്രാധാന്യം ഉള്ളതാണ് എന്ന് വേറെ എങ്ങനെ വിളിച്ച് പറയാനാ? ഇവരെപ്പോലെ കടം കൊടുക്കാനും കള്ള് വാങ്ങി കൊടുക്കാനും എനിക്ക് എവടെ പൈസ?
എന്റെ സഹായം വാങ്ങിയപ്പോ തിളങ്ങിയ ഒരു കണ്ണുപോലും ഇപ്പോ എന്നെ പുരികം ചുളിച്ചല്ലാതെ നോക്കുന്നില്ല. ഞാൻ തെറ്റ് ചെയ്താലെന്നപോലെ അവരെന്നെ വരിഞ്ഞു. അവരുടെ പുതിയ പെരുന്നാള്‍ വസ്ത്രങ്ങള്‍ ഒരു വലിയ പാമ്പിന്റെ തൊലിപ്പുറം പോലെ വഴുവഴുപ്പുള്ളതും പേടിപ്പെടുത്തുന്നതുമായ ചിത്രപ്പണികളായി മാറി.
അന്നേരം തന്നെ കൊച്ചപ്പന്റെ ചാരായത്തിന് പങ്കുപറ്റിയ ആളുകള്‍ കുന്തവും തോക്കുമായി എന്റെ അടുത്തു വന്നു.
“പള്ളിയുടെ ബൾബുകൾ മോഷ്ടിച്ചത് ഇവൻ തന്നെയോ?” എന്ന് അപ്പോൾ അച്ചൻ വിളിച്ചു ചോദിച്ചു.
അപ്പോൾ ആരും ഒന്നും മിണ്ടിയില്ല.
“പള്ളിയുടെ ബൾബുകൾ മോഷ്ടിച്ചത് ഇവൻ തന്നെയോ?”
“പള്ളിയുടെ ബൾബുകൾ മോഷ്ടിച്ചത് ഇവൻ തന്നെയോ?”
അപ്പോൾ എനിക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന കുട്ടൻ മുന്നോട്ട് വന്ന് എന്നെ ചുംബിച്ചു.
“ഗുരോ...” അവന്റെ നിശ്വാസത്തിൽ സൗഹൃദത്തിന്റെ സുഗന്ധത്തിന് പകരം ചാരായത്തിന്റെ ദുർഗന്ധം ഉണ്ടായിരുന്നു. അവന്റെ മുണ്ടിന്റെ മടക്കില്‍ ചോരപുരണ്ട പുത്തൻ തിളങ്ങി. അപ്പോൾ സമയം ഏകദേശം മൂന്നുമണിയായിരുന്നു...
കുട്ടൻ അപ്പോൾ മുന്നോട്ട് വന്ന്, കള്ളസാക്ഷ്യം പറയുവാൻ ആരംഭിച്ചു.
“ഇന്നലെ രാത്രി, വീട്ടിൽ നിന്നും ഇറങ്ങിയ ഇവൻ, പള്ളിയിൽ ബൾബുകൾ ഇരിക്കുന്നത് കണ്ടാറെ അവയിൽ ചിലത് എടുത്ത് സെമിത്തേരിയിൽ ഇട്ട് കത്തിച്ചു. എന്താണ് എന്ന് നോക്കാൻ വന്ന എന്നോട് അത് സെമിത്തേരിയിൽ ഫോസ്ഫറസ് കത്തുന്നതാണ് എന്ന് പറഞ്ഞു. ഇപ്പോഴും ബൾബ് സെമിത്തേരിയില്‍ കിടന്ന് കത്തുന്നുണ്ട്. ഇങ്ങനെ ഇവൻ മനപ്പൂർവം ചെയ്ത പ്രവർത്തികൾക്ക് ഞാനും ഒടയതമ്പുരാനും സാക്ഷി.”
അന്നേരം എല്ല് തീയില്‍ പൊട്ടിയാൽ എന്നതുപോലെ ഉള്ള വലിയ ശബ്ദം കേട്ടു.
“നിങ്ങൾക്ക് ഇവനെ കൊല്ലണോ അതോ ഇവന്റെ സ്ഥലം വിറ്റ് ബൾബിന്റെ പണം ഈടാക്കണോ” എന്ന് അച്ചൻ വിളിച്ചുചോദിച്ചു.
“അതിന് ഈ പെഴച്ചവന്‍ പറമ്പോന്നും ഇല്ല, ഇവന്റെ തള്ള ഇന്നലെ തന്നെ ഇവന്റെ ശല്യം കാരണം നാടും വിട്ടു. അവര്‍ ഇത്രയും കാലം ജീവിച്ചത് എന്റെ അപ്പന്റെ സ്ഥലത്താണ്.”
അപ്പോൾ എല്ലാവരും ഇവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് ആർത്തു.
അത് കേട്ടപ്പോൾ അച്ചൻ തനിക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന് പറഞ്ഞ്, ചോര കളയാനെന്നവണ്ണം തോളെല്ലുകളിൽ കൈകൾ ശക്തിയായി ഉരസി. അപ്പോൾ ഇന്നലത്തെ ഇടിയിൽ ചതഞ്ഞ എന്റെ കൈകൾ വേദനിച്ചു. അത്രയും വലിയ ബൾബുകൾ എടുക്കാൻ എനിക്ക് കഴിയില്ല എന്ന് ഞാൻ കെഞ്ചി പറഞ്ഞു. പക്ഷേ കേൾക്കാൻ കഴിയാത്തവണ്ണം അവർ ചെവികളെ അടച്ചു കളഞ്ഞു.
അത്രയും നേരം എന്നെ നോക്കിനിന്ന ജനം എന്റെ അടുത്തുവന്നു, അവർ എന്റെ വസ്ത്രങ്ങൾ പങ്കിട്ടു, എന്നെ നഗ്നനാക്കി. അവിടെ ചാരിവെച്ച കുരിശിലേക്ക് എന്നെ ചേർത്ത് തറച്ചു. അപ്പോൾ അതിൽ ക്രിസ്തുവിന്റെ രൂപം ഉണ്ടായിരുന്നില്ല. എന്റെ കൈകളും കാലുകളും അവർ ആണിയാൽ തറച്ചു.
ഞാൻ “എന്റെ പിതാവേ എന്റ പിതാവേ” എന്ന് നിലവിളിച്ചു.
ശേഷം എനിക്ക് ദാഹിച്ചു,
“എനിക്ക് ദാഹിക്കുന്നു” എന്ന് ഞാൻ വിളിച്ചുപറഞ്ഞു. അപ്പോൾ കൊച്ചപ്പൻ എനിക്ക് ഒരു കരിക്ക് മുറിച്ചുതന്നു.
“പെലപിടിച്ചു”, അയാള്‍ എല്ലാവരോടും പറഞ്ഞു.
അപ്പോൾ ഭൂമിയിലാകേ ഇരുള് പരന്നു. ഇവൻ മാന്ത്രികനാണ് എന്നും ഇരുളിൽ ഇവൻ കുരിശിൽ നിന്നും രക്ഷപ്പെടും എന്നും ആരോ വിളിച്ചുപറഞ്ഞു. ആന്റി അത് കേട്ട് സെമിത്തേരിയിലേക്ക് ഓടിപ്പോയി അവിടെനിന്നും ചിതയിലിരുന്ന ഒരു സ്ത്രീയുടെ തോളെല്ല് എടുത്തുകൊണ്ട് വന്നു. അത് എന്നെ തൂക്കിയ കുരിശിൽ വെച്ച് ആ കുരിശ് കുറച്ച് കത്തിച്ചു. അത് കെടാതെ, എരിയാതെ കത്തിക്കൊണ്ടിരുന്നു. ആ എല്ലിൽ ഒരു താലി പറ്റിക്കിടപ്പുണ്ടായിരുന്നു. അത്, അവർ എല്ലാവരും കൂടെ എടുത്ത് പള്ളി ഭണ്ഡാരത്തിലിട്ടു.
***
പാതി വെന്ത കുരിശിൽ മരണം കൊതിച്ച് കിടക്കുന്നേരം മാറി നിന്ന് പഴിപറയുന്നവരുടെ അതിരിൽ എവിടെയെങ്കിലും അമ്മച്ചി നിൽപ്പുണ്ടോ എന്ന് ഞാൻ നോക്കിക്കൊണ്ടേയിരുന്നു. കാലിലൂടെ മലവും മൂത്രവും ഒലിച്ചിറങ്ങുന്നുണ്ട്. അമ്മച്ചി എവിടെയെങ്കിലും വച്ച് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു എങ്കിൽ ഇപ്പോ തന്നെ ഓടി വന്നേനെ, ഒരു വെള്ളത്തുണി എടുത്ത് എന്റെ അരയ്ക്ക് കെട്ടി, നിലം മുഴുവൻ തുടച്ച് വൃത്തിയാക്കിയേനെ. ഇല്ല, ഇവിടെയെങ്ങും അമ്മച്ചീനെ കാണാനില്ല. ശരിയാവും, എന്റെ അവസ്ഥ കാണാനാവതെ അമ്മച്ചി, വീട്ടിൽ പോയി ഇരിപ്പുണ്ടാവും. ഇതാ നിന്റെ അമ്മ എന്ന് വിളിച്ചുപറഞ്ഞ് എൽപ്പിക്കാൻ എനിക്ക് ആരും ഇല്ല. അപ്പോൾ സെമിത്തേരിയില്‍ അടുക്കി വെച്ച മെർക്കുറി ബൾബുകളുടെ ഇടയിൽ നിന്ന് എല്ല് പൊട്ടുന്ന ശബ്ദവും കത്തിയ മണവും:
“എന്റെ മകനെ, ഇവർ നിന്നെ എങ്ങോട്ട് കൊണ്ടുപോവുന്നു, എന്റെ വാത്സല്യവാനെ, നിനക്ക് എന്ത് സംഭവിച്ചു?”
*****







0 comments