കഥ
തിമിംഗലം മറിയ

അമൽരാജ് പാറേമ്മൽ
Published on Nov 21, 2026, 12:43 PM | 9 min read
പതിനാല് ദിവസം മമ്മി ഐസിയുവിൽ തികച്ചു -ഒരു റിമാൻഡ് കാലാവധി. സ്ട്രക്ചറിൽ നിന്ന് മമ്മിയെ ബെഡിലേക്ക്
പൊക്കിക്കിടത്തിയത് തന്നെ ഒരു കോക്രോച്ചിയൻ ടാസ്കായിരുന്നു. ദൂരേന്ന് നോക്കുമ്പോ പരിപാടി എളുപ്പായിരുന്നൂന്ന് തോന്നും, പക്ഷെ അത്രക്കങ്ങ് എളുപ്പല്ല.
നാലഞ്ച് ദിവസം കൂടി മമ്മി ഒതിയാർക്കത്തോടെ അട്ടം പാത്തുകിടന്നു. പിന്നെ തനിക്കൊണം കാണിച്ച് ഡിസ്ചാർജ് മേടിച്ചെടുത്തു. മരിയ പുറത്ത് പോയ സമയം നോക്കിയായിരുന്നു മമ്മിയുടെ സർജിക്കൽ സ്ട്രൈക്ക്.
" അറിഞ്ഞില്ലേ, ഇൻജെക്ഷൻ എടുക്കാൻ കുനിഞ്ഞ ട്രെയിനി നേഴ്‌സിനോട് നിങ്ങടെ വല്യമ്മച്ചി വയ്യാത്ത വായും വെച്ച് എന്തോ അവരാതം പറഞ്ഞെന്ന്!"
ഉച്ചയ്ക്കത്തേയ്ക്കുള്ള പാർസൽ വാങ്ങി വരുന്ന മരിയയ്ക്ക് വരാന്തയിൽ വെച്ച് തന്നെ തൊട്ടടുത്ത മുറിയിലെ ബൈസ്റ്റാൻഡർ പയ്യൻ സംഭവം വർണിച്ചു.
"ഹോസ്പിറ്റല് മൊത്തം ഫ്ലാഷ് ആയീട്ടാ . ആ പെണ്ണ് വെറുതെ ലൗഡ് ആക്കീട്ട് സൂപ്രണ്ട് ഒക്കെ ഓടി വന്നൂന്ന്.. പക്ഷെ വല്യ സീനില്ല, പഴയ ആൾക്കാരല്ലേ!"
ചെക്കൻ കൂട്ടിച്ചേർത്തു.
ചിത്രീകരണം: കെ പി മുരളീധരൻ
"എന്തൊരു നാർസിസിസ്റ്റിക് ബിഹേവിയറാണ്. അറിയാത്തവരോട് എങ്കിലും മര്യാദയ്ക്ക് നിന്നൂടെ. കേട്ടിട്ട് തന്നെ തൊലിയുരിയുന്നു." രണ്ടേരണ്ടു വാചകത്തിൽ സ്വയം നിയന്ത്രിച്ച് മരിയ വെറും മരിയയായി.
ഞങ്ങൾ രണ്ടുപേരും പിന്നെ ഉച്ചയ്ക്ക് കഴിച്ചില്ല. വാങ്ങിയതൊക്കെ വേസ്റ്റ്ബിൻ തിന്നു. മമ്മിക്ക് മിക്സിയിൽ അടിച്ച കുത്തരിക്കഞ്ഞി കൊടുത്തു. അതും കുടിച്ച് ഇച്ചിരി മയങ്ങി . പോകാനുള്ള കാർ വന്നപ്പോ മരിയ തന്നെ മമ്മിയെ തോളത്ത് തട്ടി ഉണർത്തി .
മമ്മിയുടെ തടി ഉടയ്ക്കാതെ പതുക്കെയായിരുന്നു പോക്ക്. അയല്പക്കത്തെ ഉപകാരികളായ ചില
ചെറുപ്പക്കാർ വണ്ടിക്കൊപ്പം തന്നെ വീട്ടുമുറ്റത്തെത്തി. കാറിന്റെ ഡിക്കി
ഉയർന്നുവരുന്നത് കണ്ട്, എന്തെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ
കൂട്ടത്തിലെ നാല്പത് കഴിഞ്ഞവൻ ഡിക്കിക്കരികിൽ എത്തുകയും അകത്തുണ്ടായിരുന്ന
ചക്രക്കസേരയുടെ മടക്ക് നിവർത്തി വെക്കുകയും ചെയ്തു. തിമിംഗലം മറിയയുടെ ബലിഷ്ടമായ പൃഷ്ഠം താങ്ങാൻ ഈ കസേര
യോഗ്യമാണെന്നുറപ്പിക്കാൻ ഒരുത്തൻ കസേരയുടെ കുഷ്യൻസീറ്റിൽ
കനത്തിൽ രണ്ട് തട്ടുതട്ടി. ആ തട്ടിൽ തന്നെ അവന്റെ അടിക്കമ്പനിയായ മറ്റവന് കാര്യം കത്തി.
കാറിന്റെ മുൻവാതിൽ തുറന്ന് ശ്രദ്ധയോടെ അവർ
മമ്മിയെ ഇരുത്തി. ഉമ്മറത്തെ കോണിപ്പടികൾ ഉരുട്ടിക്കയറ്റാൻ ഒക്കാത്തത് കൊണ്ട്
കസേരയോടെ പൊക്കാൻ അവർ ആദ്യം മുതിർന്നു. താടിയെല്ലിന് കുലുക്കം തട്ടിയാൽ റിസ്ക് ആണെന്ന് പറഞ്ഞ് മരിയ വിലക്കിയതോടെ അതിന് അവർ ഒരു ഉപായം കണ്ടെത്തി.
പറമ്പിൽ അടുക്കിയിട്ട സാമാന്യം നല്ല നീളവും വീതിയുമുള്ള കരിങ്കൽപ്പാളികൾ ഓരോന്നായി അവർ പൊക്കിക്കൊണ്ട്
വരികയും കോണിപ്പടികൾക്ക് കുറുകെ ഒന്നിന് മേലൊന്നായി അടുക്കുകയും ചെയ്തു. ചക്രങ്ങൾ അനായാസം മുന്നോട്ടുരുണ്ടു. മമ്മിയുടെയും കസേര
തള്ളിയവന്റെയും ഭാരം ആ കരിങ്കൽപ്പാളികൾ ഒരുമിച്ച് താങ്ങി ; ഒന്ന് ഇളകുക പോലും ചെയ്യാതെ .
മമ്മിയെ കിടക്കയിലേക്ക് മാറ്റിക്കിടത്തി നന്ദിസൂചകമായി അരഗ്ലാസ് കട്ടനും ശകലം കാറിയ ബനാന ചിപ്സും സ്വീകരിച്ച് അവർ വീടിന് പുറത്തിറങ്ങി.
ഏതോ വമ്പന്റെ പത്രസമ്മേളനത്തിൽ നിന്ന് അടർത്തിയെടുത്ത പോലെ മരിയ വിരലുകൾ ഉയർത്തി അച്ചടി വടിവിൽ പ്രസ്‌താവിച്ചു.
" ആ കരിങ്കൽനിർമിതികൾ അവയുടെ
ജ്യാമിതീയലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു."
എൺപത്തിയഞ്ച് തികയാൻ ഒരു മാസം ശേഷിക്കെയായിരുന്നു മമ്മിയുടെ വീഴ്ച. വീഴുന്നതിന്റെ തലേന്ന് രാത്രി ഡിന്നറൊക്കെ കഴിഞ്ഞ് സോഫയിൽ കിടക്കുന്ന മമ്മിയെ മരിയ മൊബൈലിൽ ഒരു വിഡിയോ കാണിച്ചു. കേക്ക് കൊണ്ടുണ്ടാക്കിയ വലിയൊരു കുന്ന് മമ്മി ഒറ്റയ്ക്ക് തിന്നുന്നതായിരുന്നു ആ വിഡിയോ. മരിയ തന്നെ കുറെ നേരം കുത്തിയിരുന്ന് ഉണ്ടാക്കിയതാണ്. മമ്മി മൈൻഡ് ചെയ്തില്ല.
"കൈയിലിപ്പ് എന്തോ ആയിക്കോട്ടെ. ഇത്തവണ എല്ലാരെയും വിളിച്ചുകൂട്ടി നമുക്ക് ഇതുപോലെ വലിയൊരു കേക്ക് ഒക്കെ കട്ട് ചെയ്ത് വല്യമ്മച്ചിയുടെ ബർത്ത്ഡേ സെലിബ്രേറ്റ് ചെയ്യണം."
മരിയ പറഞ്ഞു.
"ഞാൻ ചത്തിട്ടല്ലാതെ എന്റെ ചുറ്റിനും ആളെ കൂട്ടിക്കാന്ന് നീയൊന്നും കരുതണ്ടെടി ചൊറഞ്ഞവളേ." മമ്മി സ്പോട്ടിൽ തിരിച്ചടിച്ചു.
മമ്മിയുടെ പേര് കട്ടെടുത്ത് ഞാൻ എന്റെ മോൾക്ക് ഇട്ടു എന്നതായിരുന്നു ആ ചൊറഞ്ഞവളുടെ പൊരുൾ.
"എന്റെ മറിയാന്നുള്ള പേര് മോട്ടിച്ചിട്ടല്ലേടി നിന്റെ തള്ള നിനക്ക് പേരിട്ടത്. എന്റെ റായിൽ നിന്റെ തള്ള ചൊറഞ്ഞു കെടക്കുന്നത് കൊണ്ട നീ മരിയയായി വിലസുന്നേ. അല്ലേൽ നീയും എന്നെപ്പോലെ മറിയ തന്നെയാ ... ചൊറഞ്ഞ ജന്തു." അങ്ങനെ ആ രാത്രിയെയും മമ്മി സ്വന്തം പേരിലും വിലാസത്തിലും പതിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് കാലത്ത് എണീറ്റ് വിണ്ടുകീറിലിന് ഉപ്പൂറ്റിയിൽ വെളിച്ചെണ്ണ പുരട്ടുന്നതിനിടെ മമ്മി പറഞ്ഞു.
"നിന്റെ മോളുടെ വർത്താനോം കേട്ട് ഓരോന്നൊക്കെ തേച്ചിട്ടാ ഇതിപ്പോ ഇങ്ങനെ കടച്ചല് തുടങ്ങിയത്. അലകില് മഴു അണയ്ക്കുന്ന പോലെ കരിങ്കല്ലില് ഒരച്ചെടുത്തിട്ടാ ഇത്രേംകാലം കാല് ശരിയാക്കിയത് . ഒരു ക്രീമും പിണ്ണാക്കും... "
മുറ്റത്തെ പഴകിയ ഇന്റർലോക്കിന് വഴുവഴുപ്പ് കൂടുതലാത് കൊണ്ട് അതൊക്കെ പറിച്ചുകളഞ്ഞ് കരിങ്കല്ല് പാകിയിട്ട് അധികം ദിവസമൊന്നും ആയിട്ടില്ലായിരുന്നു . ബാക്കിവന്ന പീസുകൾ പറമ്പിലെ മാവിന്റെ ചോട്ടിൽ അട്ടിയിട്ടതാണ് . മമ്മി അതിൽ നിന്ന് വട്ടത്തിലൊരു കഷ്ണം പാടുപെട്ട് ചെത്തിയെടുത്ത് കുളിമുറിയിൽ പ്രതിഷ്ഠിച്ചു. രാത്രിയിൽ അതേകല്ലിൽ തന്നെ മമ്മി നമസ്കരിക്കുകയും ചെയ്തു.
ചിത്രീകരണം: കെ പി മുരളീധരൻ
'തിമിംഗലം വീണാലും പൊട്ടാത്ത പഷ്ടാമ്പഷ്ട് കല്ല്.' കരിങ്കല്ല് പർച്ചേസ് ചെയ്യാൻ പോയ സ്റ്റോൺ ഷോറൂമിന്റെ പരസ്യബോർഡ് എന്റെ ഉള്ളിലൂടെ ആളി.
തോളിലും വശങ്ങളിലും കുടുക്കുകളുള്ള
മെറ്റേണിറ്റി നൈറ്റികളാണ് ആശുപത്രി യൂസിന് മരിയ വാങ്ങിയതത്രയും. പെട്ടെന്ന്
അഴുക്ക് പറ്റാതിരിക്കാൻ വെള്ളയൊഴികെയുള്ള പ്രധാന നിറങ്ങളെല്ലാം കൂട്ടത്തിൽ ഉണ്ടായിരുന്നു. പഴയ പോലെ കൈയും കാലും പൊക്കി തുണി ഉടുക്കലത്ര എളുപ്പമായിരിക്കില്ല
ഡിസ്ചാർജ് ആയി വന്ന ദിവസം അതുവരെ തൊടീക്കാതിരുന്ന റയോൺ മെറ്റീരിയലിന്റെ നൈറ്റിയാണ് മമ്മിയെ ഉടുപ്പിച്ചത്. റയോൺ നൂലുകൾ കൊണ്ട് മമ്മിയുടെ തൊലിയിൽ രോമാഞ്ചമെറിക്കുന്നത് അന്ന് ഞങ്ങളാദ്യമായി കണ്ടു.
" ദേ, ര പോലെ ഇരുന്നതൊക്കെ എണീറ്റ് റ ആയേക്കുന്നു" മരിയ പറഞ്ഞു. കീഴ്ച്ചുണ്ട് ചൊറച്ചു പിടിക്കാൻ അന്നേരം മമ്മി ശ്രമിച്ചെങ്കിലും പറ്റാതെ പോയി.
സന്ദർശകരുടെ വരവ് മുൻകൂർ കണ്ട് മമ്മിയുടെ മുറി നന്നായി തൂത്തുവാരി, തുടച്ചു. കിടക്കുന്നിടത്ത്
നിന്ന് തന്നെ മമ്മിക്ക് സ്വിച്ച്ബോർഡ് എത്തിത്തൊടാൻ ഒക്കുംവിധം കട്ടിൽ നീക്കിയിട്ടു. കാറ്റടിച്ച് വീർത്ത നാല് തലയണകൾ തുണയ്ക്ക് കിടത്തി. തുപ്പലോ ആഹാരമോ
വീണാൽ എളുപ്പം മാറ്റാൻ തലയ്ക്ക് കീഴെ വെളുത്ത കോട്ടൻതുണി വിരിച്ചു.
മമ്മിയുടെ നെഞ്ചിന് ആനുപാതികമായി കട്ടിലിന്റെ വലത് വശത്ത്
കൊളുത്തടിച്ച് ഒരു കുഞ്ഞുമണി തൂക്കിയിട്ടു. തലയനക്കാതെ, ഉരിയാടാതെ, അനുസരണയോടെ മമ്മിയങ്ങനെ മലർന്ന് കിടന്നു.
ചില രാത്രികളിൽ പറമ്പിലെ കരിയിലകൾ അനങ്ങുമ്പോൾ മാത്രം മമ്മിയുടെ
കാലൊരു ചാട്ടത്തിനായി കൊതിക്കുകയും അപ്പോഴൊക്കെ മണി മുഴങ്ങുകയും ചെയ്തു. വീണില്ലായിരുന്നുവെങ്കിൽ കതക് തുറന്നൊരു ചാട്ടം അന്നിമിഷം മുറ്റത്തെത്തിയേനെ ! മുറ്റത്തെ കരിങ്കല്ലും പറമ്പിലെ പപ്പായിമാവും ഒന്നിച്ചു കുലുങ്ങിയേനെ!
"നീ തിമിംഗലം മറിയേടെ ചാട്ടം കണ്ടിട്ടുണ്ടോടാ ? "
"ഏത് തിമിംഗലം മറിയ!"
"നമ്മടെ മരിയേടെ വല്യമ്മച്ചി."
"തിമിംഗലം മറിയ ആരുടെയേലും മുന്നിൽ ചാടിയാലുണ്ടല്ലോ, പുണ്യാളന്റെ മുന്നിൽ പെട്ട വ്യാളിയുടെ ഗതിയായിരിക്കും ."
മരിയ നഴ്സറി പഠിത്തം തുടങ്ങുന്ന കാലത്തൊക്കെയാണ് ഞങ്ങളുടെ തലമുറയിലെ ചെറുപ്പക്കാർ തിമിംഗലം മറിയാകഥകൾ പടച്ചുവിട്ട് തുടങ്ങിയത്. ഉണ്ടാക്കുന്നതൊക്കെ ചൂടപ്പം പോലെ സൻഡേ സ്കൂളിലും ഗ്രൗണ്ടിലും കുഞ്ഞുപിള്ളേർക്ക് അവന്മാർ വിൽക്കുകയും ചെയ്തു. 'തിമിംഗലം മറിയയുടെ പുകഴ്പെറ്റ മൂന്ന് ചാട്ടങ്ങൾ' എന്നറിയപ്പെട്ട ഒരു സീരീസ് ആയിരുന്നു അതിൽ പ്രധാനം.
"ഒന്നാംചാട്ടം :
തിമിംഗലം മറിയേടെ മോള്...അതായത് നമ്മടെ കുഞ്ഞുമരിയേടെ അമ്മ കുട്ടി ആയിരിക്കുമ്പോ നടന്നതാണ്. തിമിംഗലോം മോളും കൂടി ഒരു ദിവസം കായല് കാണാൻ പോയതാ.. അവരങ്ങനെ കായലും കണ്ട്, വഞ്ചിയും കണ്ട്, വലയും കണ്ട്, ഐസൊക്കെ ഈമ്പി നടക്കുമ്പഴാണ് സംഗതി നടന്നത്. ഒരു നരുന്ത് പോലത്തെ ചെക്കൻ കാല് തെറ്റി കായലിലേക്ക് ഒരൊറ്റ പോക്കാ... ചെക്കൻ മുങ്ങിത്താഴാൻ തൊടങ്ങി. കായലിനു ചുറ്റും നെറച്ച് ആളാ.. പക്ഷെ ഒരൊറ്റയാള് അനങ്ങീല്ല... വള്ളക്കാരും നീന്തക്കാരും ഉൾപ്പെടെ അനങ്ങീല്ല... എന്താ കാര്യം..? മേല് മൊത്തം
കൂർത്ത മുള്ളുള്ള ഒരു സാധനം ചെക്കന്റെ നേരെ നീന്തി വരുന്നത് എല്ലാരും കാണുന്നുണ്ടായിരുന്നു. മൂന്നാല് മീറ്ററ് നീളം എന്തായാലും കാണും...
ചെക്കൻ വെള്ളം കുടിക്കുന്നുണ്ട്... നല്ലോണം കുടിക്കുന്നുണ്ട്...പിന്നെയും കുടിക്കുന്നുണ്ട്. കായലിന്ചുറ്റും
ആളുണ്ട്. പക്ഷെ, എന്ത് ചെയ്യാനാ...? അന്നേരാണ് നമ്മളെ തിമിംഗലം മറിയ കരയ്ക്ക് കേറ്റിയിട്ട ഒരു
തോണീടെ തുഞ്ചത്ത് ചവിട്ടി കായലിലേക്ക് ഒരൊറ്റ പറക്കല് പറക്കുന്നത് ...മൊതല
ചെക്കനെ തൊടാനായിട്ടുണ്ട്. ചെക്കന്റേം മൊതലേന്റേം നടുക്കൂടെ കായലിനെ
രണ്ട് തുണ്ടാക്കി ഒരൊറ്റ ഊളിയിടലായിരുന്നു. ആൾക്കാര് പിന്നെ കാണുന്നത്, മൊതല നടുക്കായലിലേക്കും ചെക്കൻ
കരയിലേക്കും തെറിക്കുന്നതാണ്. മുങ്ങിയതിനേക്കാൾ വേഗത്തിൽ മറിയ
പൊങ്ങിക്കേറി ഒരു വരവായിരുന്നു . ചെക്കനെ എടുത്ത് തോളത്തിട്ട് നാല് തുള്ളലങ്ങ് തുള്ളിച്ച് കുടിച്ച ഓരുവെള്ളം മൊത്തോം
തുപ്പിച്ചു. എന്തൊരു ചാട്ടായിരുന്നു അത്... കായലിലേക്കും അവിടുന്ന് തിരിച്ച് കരയിലേക്കും ... ഹൗശ് !"
"രണ്ടാംചാട്ടം :
മരിയേടെ പപ്പ തിമിംഗലത്തിന്റെ മോളെ കല്യാണം കഴിച്ച കഥ അറിയോ നിങ്ങക്ക്... അവര് രണ്ടാളും രഹസ്യായി പ്രേമിച്ചു നടക്കുന്ന ഒരു സമയായിരുന്നു അത് . നേർക്കുനേരെ
നിന്ന് തിമിംഗലത്തോട് മോളെ ചോദിക്കാനുള്ള ചൊണ മരിയേടെ പപ്പക്ക് ഇല്ലെന്ന് പ്രത്യേകം പറയണ്ടല്ലോ..
ഇനി അങ്ങനെ പോയി ചോദിച്ചെന്ന് വെക്ക്- അവന്റെ നെഞ്ചത്ത് ചാടൂലേ ആ തള്ള. അങ്ങനെ ഇട്ട തുണിയാലെ രണ്ടാളും ഓടിപ്പോവലേ വഴിയുള്ളൂന്ന് രണ്ടാളും തീരുമാനിച്ചു. പറഞ്ഞുവെച്ച പോലെ ഒരു സന്ധ്യയ്ക്ക് തിമിംഗലത്തിന്റെ വീടിന്റെ മുമ്പിൽ ജീപ്പ് വന്ന് നിന്നു. മോള് സർവ്വശക്തിയുമെടുത്ത് ജീപ്പിന്റെ നേരെയോടി. പക്ഷെ പണി പാളിപ്പോയി... കടല് ചുഴറ്റി വരുന്ന പോലല്ലേ പുറകിലൂടെ വന്നത്...ഓടി വേലീന്റെ അടുത്ത് എത്തും മുന്നേ പിടിവീണിരുന്നു... തള്ളേം മോളും ഉരുണ്ട് നിലത്ത് വീണു. പിന്നേം എണീറ്റ് ഓടാതിരിക്കാൻ പെണ്ണിന്റെ ചുമലിലൂടെ കാല് രണ്ടും താഴ്ത്തി അരക്കെട്ടിന്റെ ഭാഗത്ത്
കടുംപൂട്ട് പോലെ ഒരു പിടിത്തമങ്ങിട്ടു. തള്ളേടെ അടിപ്പാവാടയ്ക്ക് അകത്തായിരുന്നു മോളുടെ തല... എന്നിട്ട് ജീപ്പിന്റെ നേരെ നോക്കി ഒരു ഡയലോഗും... ഞാൻ പെറ്റതിനേം പോറ്റുന്നതിനെയും കക്കരുതെടാ നായേന്ന്. അവര് തന്നെ ആ കല്യാണമങ്ങ് നടത്തി കൊടുത്തു... അന്നാ പെണ്ണുങ്ങള് ചാടിയ ചാട്ടം കണ്ടിട്ട് ആക്സിലേറ്റർ കൊടുക്കാൻ പറ്റാതെ മരിയേടെ പപ്പ അവിടെ തന്നെ ഫ്രീസ് ആയി പോയെന്നാ കേട്ടെ."
ചിത്രീകരണം: കെ പി മുരളീധരൻ
"മൂന്നാംചാട്ടം :
പത്തിരുപത് കൊല്ലം മുമ്പാണ്. മരിയേടെ പപ്പ മരിച്ച കൊല്ലം.അവരുടെ പറമ്പിലെ പപ്പായിമാവിന്റെ ചോട്ടിൽ വെള്ളം നിറച്ച രണ്ട് കൽഭരണി ഉണ്ടായിരുന്നു. രണ്ടാളുടെ വലിപ്പം ഉള്ള ഭരണിയാണ്. ആ തള്ള നാടൻമുഷിനേയും
ഗപ്പിയേം ഒക്കെ അതിലിട്ട് പോറ്റുന്നതാണ് . ആരോ പറഞ്ഞ് മൂപ്പിച്ചിട്ട് പൊരിക്കാൻ മുഷിയെ തരുവോന്നും
ചോദിച്ച് ഒരുത്തൻ അവരുടെ പറമ്പിൽ കേറി ചെന്നു. ആ തള്ളേടെ മുമ്പിൽ അവനല്ലാതെ ചെല്ലുമോ? പത്ത് തലമുറയ്ക്കുള്ള തെറി ആ തള്ളേടെ വായീന്ന് ഒന്നിച്ച് കേട്ടു. അങ്ങനെ 'നാളെ നേരം വെളുക്കും മുന്നേ നിന്റെ മുഷിയെന്റെ കറിച്ചട്ടീല് കെടക്കുമെടീ'ന്ന് വെല്ലുവിളിച്ച് അവൻ ഇറങ്ങിപ്പോയി. അന്നുച്ചയ്ക്ക് തന്നെ ചൂരല്
വളച്ച് ആ തള്ള വലിയൊരു ഭരണി ഉണ്ടാക്കി . ആ തള്ളയ്ക്ക് തന്നെ കയറി ഇരിക്കാൻ പാകത്തിന്
വലിയൊരു ഭരണി... രാത്രി രണ്ടരയൊക്കെ കഴിഞ്ഞപ്പോൾ വെല്ലുവിളിച്ചവൻ തിരിച്ചുവന്നു.
നിലാവെളിച്ചത്തിൽ പപ്പായിക്ക് ചുവട്ടിൽ മൂന്ന് ഭരണി അവൻ കണ്ടു...
അതൊലൊന്നിൽ നിന്നു മാത്രം നേർത്ത മുരൾച്ച... അവൻ ഭരണീടെ അടുത്ത് എത്തിയപ്പോ സകലദിക്കിലും
ചൂരല് തെറിപ്പിച്ചോണ്ട് വായുവിൽ രണ്ടുകാലും വിടർത്തി ഒരൊറ്റ ചാട്ടമായിരുന്നു ആ തള്ള.
മൂരിനിവർന്ന് ചവിട്ടിയ ചവിട്ടിൽ പിന്നെ കണ്ടത് ഒരു കൈലി മാത്രം വേലീടെ പുറത്തേക്ക് പറക്കുന്നതാണത്രേ. തിമിംഗലത്തള്ള പണ്ടാരച്ചാട്ടമാണ് നാട്ടുകാരുടെ നേരെ ചാടുന്നത്. അറിയാതെ പോലും ആ പറമ്പിലേക്ക് കേറി പോവരുത്. "
"പൂരപ്പറമ്പിൽ അച്ചുനാടകം എഴുതി നടന്ന ഒരുത്തനായിരുന്നു ഇക്കണ്ട പടപ്പിന്റെയൊക്കെ പിന്നിലെ പ്രധാനി. അവൻ നാടുവിട്ട് എറണാകുളത്ത് പോയി സെറ്റിൽ ആയത് മമ്മിയെ പേടിച്ചിട്ടാണെന്ന് പിന്നീട് വേറൊരു കഥയും ഉണ്ടായി. അത് പക്ഷെ സത്യവുമായിരുന്നു. അവനെ മമ്മി ചിരട്ട നുറുക്കി തോർത്തിൽ ചുറ്റി തല്ലുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
മമ്മി കിടപ്പിലായത്തോടെ നാട്ടുകാരിൽ പലരും പറമ്പ് മുഴുവനായി കണ്ടു.
കാണാൻ വന്നവരോടൊക്കെ മമ്മി മൂളലിലൂടെ ക്ഷേമം രേഖപ്പെടുത്തി. ഒരാഴ്ചകൂടി കഴിഞ്ഞാണ്
കഴുത്തിന്റെ കെട്ട് അയച്ചുകെട്ടിയത്. വേദനയുടെ തോത് താണതോടെ മമ്മി
പതുക്കെ തലവെട്ടിക്കാനും താടിയുയർത്തി കഴുത്തിന്റെ മടക്ക് ചൊറിയാനും
തുടങ്ങി. കഴുത്തും താടിയും നേരെയാവാൻ ചെറുവ്യായമങ്ങളിലേപ്പെട്ടു.
വീടിനുള്ളിൽ മരിയയുടെ തോളിൽ താങ്ങി വളരെ പതുക്കെ ഉമ്മറം വരെ മാത്രം
നടന്നു. പപ്പായിക്ക് ചുവട്ടിൽ കിടക്കുന്ന വട്ടത്തിൽ ചെത്തിയെടുത്ത ഒരു
കരിങ്കൽക്കഷ്ണത്തിന് മീതെ പഴുത്ത ഇലകൾ കൊഴിഞ്ഞുവീഴുന്നത് ചിലപ്പോഴൊക്കെ
നിർന്നിമേഷയായി നോക്കിനിന്നു. തൊടിയിലേക്ക് കൊച്ചുകൊച്ചു ചാട്ടങ്ങൾ ഉണ്ടാകുമെന്ന ഞങ്ങളുടെ ധാരണയെ അട്ടിമറിച്ച് മമ്മി വീടിനകത്തേക്ക്
വലിഞ്ഞു.
റോഡിന് കുറുകെ വലിയ പാറക്കഷണങ്ങൾ തള്ളിയിട്ട് വടി തടസ്സപ്പെടുത്തി തൊട്ടുമുന്നിൽ ഉണ്ടാവുന്ന വലിയ അപകടങ്ങളിൽ നിന്ന് നിന്ന് ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തുന്ന കുട്ടിക്കുരങ്ങൻ, തങ്ങളുടെ ഗുണമേന്മയിൽ ആത്മരതി കൊള്ളുന്ന പഞ്ചേന്ദ്രിയങ്ങളുള്ള പച്ചക്കറികൾ , ബ്രേക്ക് ഡാൻസ് കളിക്കുന്ന മന്ത്രിമാർ, നാടുഭരിക്കാൻ കഴിവുകളുള്ള പൂച്ചകൾ, പട്ടികൾ - എല്ലാം മമ്മി ക്ഷമയോടെ കണ്ടിരുന്നു. പിന്നെപ്പിന്നെ പാട്ടും ഡാൻസും മമ്മിയുടെ തന്നെ രൂപത്തിലായി. നാല്പത് വർഷം മുമ്പുള്ള മമ്മിയുടെ ചിത്രം ജനറേറ്റ് ചെയ്ത് മരിയ മമ്മിയുടെ മുറിയിൽ തൂക്കിയത് മമ്മിക്ക് നന്നേ ബോധിച്ചു. അവളുടെ രണ്ട് ചുണ്ടും ഉഴിഞ്ഞ്, ലിപ്സ്റ്റിക് പുരണ്ട വിരലുകൾ സ്വന്തം ചുണ്ടിൽ വെച്ചമർത്തി മമ്മി ഏതോ വയസ്സിത്തള്ളയായി അഭിനയിച്ചു. ചെറിയൊരു നിമിഷത്തേക്ക് മമ്മി മറ്റാരോ ആയിമാറി.
"അല്ലെങ്കിലും പൂരത്തിനുള്ള ആളും മേളവുമൊക്കെ ഔട്ട് ഓഫ് ഫാഷനാണ്.
ഒത്തിരി പേരൊന്നും വേണ്ട വല്യമ്മച്ചി. വരുന്നവരുടെ മുഖം കണ്ടാൽ നമുക്ക്
സന്തോഷം തോന്നണം. അങ്ങനെയുള്ളോർ മാത്രം മതി. വേണ്ടെന്നു മാത്രം പറയരുത്. ഒരു കേക്ക് കട്ടിങ്. കുറച്ച് ഫോട്ടോസ്. അത്രേയുള്ളൂ."
കൂടുതൽ നിർബന്ധിക്കേണ്ടി വന്നില്ല. മമ്മി സമ്മതിച്ചു.
ബന്ധുക്കളും അയൽപക്കക്കാരുമായി മമ്മിക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഇരുപതുപേരെ പണിപ്പെട്ട് ഞങ്ങൾ
എണ്ണിയെടുത്തു. എല്ലാവരെയും നേരിൽക്കണ്ട് ക്ഷണിച്ചു. അത്രയും പേർക്ക് തികയുന്ന സൈസിൽ പിറന്നാൾകേക്ക് ഏൽപ്പിച്ചു. പിറന്നാൾദിനത്തിൽ
മമ്മിയ്ക്ക് ഉടുക്കാൻ ഞാൻ വാങ്ങിയ വീതിയുള്ള കരയുള്ള
പാൽവെള്ളക്കസവുസെറ്റ് മരിയ മാറ്റി വാങ്ങിക്കളഞ്ഞു.
ലൈറ്റ്ബ്ലൂ കളറിൽ നേരിയകരയും കരയോട് ചേർന്ന് മറ്റുചില ചിത്രപ്പണികളും ഉള്ള
മറ്റൊരു സാരിയായിരുന്നു അത്.
മമ്മിയെ സാരി നിവർത്തി കാണിക്കുന്ന
കൂട്ടത്തിൽ താടിയെല്ല് ഉറച്ച് കഴിഞ്ഞാൽ മമ്മിക്ക് വെച്ചുപിടിപ്പിക്കാൻ പോകുന്ന
കൃത്രിമപ്പല്ലുകളുടെ ചിത്രങ്ങൾ കൂടി മരിയ മൊബൈലിൽ
കാട്ടി. ഉറങ്ങും മുമ്പ് തണുപ്പ് കോറിയ മമ്മിയുടെ ഉപ്പൂറ്റിയിൽ
ക്രീം പുരട്ടി വീശിക്കൊടുത്തു. പഴയ പോലല്ല മമ്മിയ്ക്ക് ഇപ്പോ ഒരു മമ്മിയുടെ ഐശ്വര്യമൊക്കെ വന്നിട്ടുണ്ട്. പിരമിഡിൽ എന്ന പോലെ മമ്മിയിപ്പോൾ ശാന്തമായി ഉറങ്ങുന്നു. പറമ്പിലെ അനക്കങ്ങൾ അറിയുന്നതേയില്ല.
"സത്യത്തിൽ വല്യമ്മച്ചിയെ കുറിച്ചുള്ള കഥകളൊക്കെ നല്ല രസമാണല്ലേ. കാട്ടുവള്ളി കുടഞ്ഞുവരുന്ന കഥാ നായിക എന്നൊക്കെ പറയുംപോലെ വല്യമ്മച്ചിയെ നമ്മുടെ നാട്ടുകാർ എന്തോ ആക്കി കളഞ്ഞു. ഇൻസെൻസബിൾ ആണെങ്കിലും നല്ല ഇമേജിനേഷനുണ്ട്. എങ്ങാനും മതം മാറി ജനിച്ചു പോയിരുന്നെങ്കിൽ പണ്ടേക്ക് പണ്ടേ വല്യമ്മച്ചി ഇവിടുത്തെ പ്രധാന തെയ്യമായിപ്പോയേനെ." കിടക്കും മുന്നേ മരിയ പറഞ്ഞു.
"എന്റെ മമ്മിയെ കുറിച്ചാണെങ്കിൽ ആ കഥകളൊക്കെ നുണയാണെന്ന് ഞാൻ പറയും. പക്ഷെ തിമിംഗലം മറിയ, അക്കഥ സത്യമാണോ നുണയാണോ എന്ന് വേർതിരിക്കാൻ ഇപ്പോ എനിക്കും പറ്റാതായിട്ടുണ്ട്."
"നാട്ടുകാരോ നാടകക്കാരോ കള്ളുകുടിയന്മാരോ അല്ല ഇക്കണ്ട കഥയൊന്നും ഉണ്ടാക്കിയത് . വല്യമ്മച്ചിയെ കുറിച്ച് വല്യമ്മച്ചി തന്നെ മെനഞ്ഞതാണ്. ഒരിക്കലെങ്കിലും മമ്മിക്ക് വല്യമ്മച്ചിയോട് ചോദിക്കാമായിരുന്നില്ലേ, ഇങ്ങനൊരു നുണക്കഥയുടെ കവചം ആവശ്യമായിരുന്നോ എന്ന്. "
"നിന്റെ പപ്പ പോയ ശേഷം ഞാനും മമ്മിയും ഇതുപോലൊരു രാത്രി കുറേനേരം ഒരുമിച്ച് ഇരുന്നതാ. അന്ന് മമ്മിയോട് ഞാൻ ചോദിച്ചു - എന്നെ കടത്തിക്കൊണ്ട് പോവാൻ വന്ന ഒരുത്തന്റെ കൂടെ ഒന്നിച്ച് ജീവിക്കാൻ മമ്മി സമ്മതം പറഞ്ഞത് എങ്ങനെയാണെന്ന്. അന്ന് മമ്മി എന്നോട് പറഞ്ഞത് എന്താണെന്ന് അറിയുമോ... ജീപ്പിനുള്ളിൽ മരവിച്ചു പോയ നിന്റെ കെട്ടിയവന്റെ വയറ്റിൽ പണ്ടെങ്ങോ മിച്ചം വന്ന ഓരുവെള്ളത്തിന്റെ കുലുക്കം കേട്ടിട്ടാണ് സമ്മതിച്ചതെന്ന്. മറുത്തൊരു ചോദ്യം കൂടി ചോദിക്കും മുമ്പ് മമ്മി കണ്ണ് മുറുക്കിയടച്ച് ഉറങ്ങിക്കളഞ്ഞു. പിന്നീട് ഞാനൊന്നും മമ്മിയോട് ചോദിച്ചിട്ടില്ല. "
മരിയയ്ക്ക് മറ്റെന്തോ കൂടി ചോദിക്കണം എന്ന് എനിക്കുറപ്പായിരുന്നു. അങ്ങനൊന്ന് ചൊറഞ്ഞ് കൂടുന്നത് കണ്ട് ഞാൻ കണ്ണ് മുറുക്കിയടച്ചു.
പിറന്നാളിന്റന്ന് സന്ധ്യയ്ക്ക് മമ്മിയെ ദീർഘനാളുകൾക്ക് ശേഷം കുളിപ്പിച്ച്, ശ്രദ്ധയോടെ തല തോർത്തി മരിയ
കിടക്കയിലിരുത്തി. നല്ല ഉള്ളുള്ള മുടി പിന്നിലേക്ക് വരിഞ്ഞ് മുറുക്കിക്കെട്ടി.
പൊക്കിളിന് മേലെ ഞൊറിയുന്ന മമ്മിയുടെ പതിവ് രീതിയിൽ നിന്ന് മാറി
പൊക്കിളിൽ നിന്നല്പം താഴ്ത്തി സാരി ഉടുപ്പിച്ചു. ഒറ്റദിവസം കൊണ്ട്
തയ്പ്പിച്ചതാണെങ്കിലും ചിത്രപ്പണിയുള്ള ബ്ലൗസ് മമ്മിക്ക് നന്നായി
ഇണങ്ങുന്നുണ്ടായിരുന്നു. പതിവായി മമ്മി ഇടുന്ന ടാൽകം പൗഡറിന് പകരം അന്ന് മമ്മിയുടെ മുഖത്ത് മരിയ സ്വന്തം
ലോഷനും ഫേസ്ജെല്ലും തൊട്ടുതടവി. ചുമലിലും കഴുത്തിനു പിന്നിലും
കൈത്തണ്ടയിലും അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ലാവണ്ടർസ്പ്രേ
തന്നെയടിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
സന്ധ്യയോടെ ക്ഷണിക്കപ്പെട്ടവരൊക്കെ എത്തി. മമ്മി എല്ലാവരോടും കവിൾ അധികമനക്കാതെ പുഞ്ചിരിച്ചു. കേക്ക് മുറിക്കുന്നതിന് തൊട്ട് മുമ്പ് മമ്മിയുടെ ലൈഫ് സൈക്കിൾ എഐ വീഡിയോ ആയി മരിയ ടിവിയിൽ കാണിച്ചു. മമ്മിക്ക് വേണ്ടി എല്ലാവരും കൈയടിച്ചു,
ആർപ്പ് വിളിച്ചു, പ്രാർത്ഥിച്ചു.
മമ്മിയുടെ കൈ കൊണ്ട് ഓരോ കഷ്ണം കേക്ക് എല്ലാവർക്കും വായിൽ
വെച്ചുകൊടുത്തു. ചിലരൊക്കെ കനം കുറഞ്ഞ സമ്മാനപ്പൊതികൾ മമ്മിക്ക്
കൈമാറി.
"മരിയയുടെ സെലക്ഷൻ ഉഗ്രനായിട്ടുണ്ട്. "
മമ്മിയുടുത്ത പുത്തൻസാരി എല്ലാവരാലും
അംഗീകരിക്കപ്പെട്ടു. നാണംകൊണ്ട് മമ്മി വന്നകൂട്ടത്തിലെ ചെറിയ കുഞ്ഞുങ്ങളിൽ ഒന്നിനെ
പിടിച്ച് മടിയിൽ ഇരുത്താൻ നോക്കി. ഇത്തിരി പോന്ന വിരലുകൾ കൊണ്ട് മമ്മിയുടെ
സാരിയിൽ ആ കുഞ്ഞുവിരലുകൾ തിരകളുണ്ടാക്കി.
സാരിയുടെ ബോർഡറിൽ ഇളംനീല നിറത്തിൽ തുന്നി പിടിപ്പിച്ച രൂപങ്ങൾ ആ
തിരയിലിളകി. മമ്മി വലിയ ശബ്ദത്തിൽ നിശ്വസിച്ചു.
താടിയെല്ല് ചെറുതായി വിറപ്പിച്ചു .
സാരിയിൽ കണ്ട കവചം സത്യമാണോ എന്നുറപ്പിക്കാൻ ടിവിയിൽ അപ്പോഴും ഓടിക്കൊണ്ടിരുന്ന എഐ വീഡിയോയിൽ ഞാൻ ഒന്നുകൂടി നോക്കി. അടുത്ത് നിന്നു നോക്കിയാൽ രണ്ടിലും വ്യക്തമായി കാണാം;
ഉയർന്ന് ചാടുന്ന തിമിംഗലങ്ങളെ.
ദൂരെ നിന്നാകുമ്പോൾ കുഴപ്പമില്ല -
വെറും മമ്മി.








0 comments