ഏഴുവയസ്സുകാരിയെ കാണാതായിട്ട് 40 ദിവസം; കേസുകളൊന്നും തെളിയുന്നില്ല; പൊലീസ് സ്റ്റേഷനിൽ പൂജ

ചെന്നൈ: തമിഴ്നാട്ടിൽ ഏഴുവയസ്സുകാരിയെ കാണാതായതടക്കമുള്ള കേസുകൾ തെളിയിക്കാനാകാതെ വന്നതോടെ പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തി ഇൻസ്പെക്ടർ. വിഴുപ്പുറം ജില്ലയിലെ ജിഞ്ചിക്ക് സമീപമുള്ള സത്യമംഗലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പൂജ.
ഇൻസ്പെക്ടറുടെ ഭാര്യയെയും ബന്ധുക്കളെയും പങ്കെടുപ്പിച്ചായിരുന്നു ഹോമം. യൂണിഫോമും പൂമാലയും ധരിച്ച് ഇൻസ്പെക്ടർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വിവാദമായി. കാണാതായ ഏഴുവയസുകാരിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തതായാണ് വിവരം.
പ്രദേശത്ത് ഏഴുവയസ്സുകാരിയെ കാണാതായിട്ട് 40 ദിവസത്തിലേറെയായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ഹോമം നടത്തിയത്. ഒക്ടോബർ 11ന് കാണാതായ കുട്ടിയെ കണ്ടെത്താൻ എട്ട് പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. തുടർന്ന് ഒക്ടോബർ 21ന് കേസ് സിബിസിഐഡിക്ക് കൈമാറി. അന്വേഷണം തുടരുകയാണ്.
ഇതിനിടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതും കിണറ്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതുമടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ദുരൂഹ സംഭവങ്ങൾക്കും തെളിയാത്ത കേസുകൾക്കും പരിഹാരമുണ്ടാകണമെന്ന ലക്ഷ്യത്തിലാണ് ഹോമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക സ്ഥാപനമായ പൊലീസ് സ്റ്റേഷനിൽ ചടങ്ങ് സംഘടിപ്പിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നു. ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.








0 comments