Deshabhimani

കഥ

ഇങ്ങലിവാലിക്ക ലിങ്ങലിവാലാ

പടം
avatar
ശഹന എ

Published on Nov 21, 2026, 12:51 PM | 12 min read

തേങ്ങാചോറൂം പൂളകറീം

പേറ്റ്ചൂര് വിങ്ങിയ വടക്കാറീല് കെടന്ന് ബിച്ചുട്ടി മുറുക്കി മുക്കണത് കണ്ട് സഹി കിട്ടാഞ്ഞ് പേറ് കണ്ട് നിന്ന മമ്മാദീന്ത ബിച്ചുട്ടിക്കൊപ്പം ആഞ്ഞു മുക്കി. അറ്റം മുറിഞ്ഞ ചൂണ്ടാണി വെരല് പൊക്കി ബിച്ചുട്ടി മമ്മാദീനെ മാടി കൊണ്ട് പറഞ്ഞു.

" കൊത്തമ്പാരി കുത്ത് പോണവരെ എറച്ചി അടി മേലെ മറിച്ചെളക്ക്".

വടക്കാറീന്ന് ഒറ്റ ചാട്ടം ചാടിയാ വട്ക്ക്ണിയായി.അയിനിപ്ര തറവാട്ടിലെ പെണ്ണോൾക്ക് പണീൻ്റെടേല് പെറാമുട്ട്യോല്ന്ന് വെച്ച് കാരണോന്മാരായിട്ട് ഒണ്ടാക്കി കൊട്ത്ത സൗകര്യാണത്. ഉരുളീ കെടന്ന് ചാറാവണ ബിച്ചുട്ടീൻ്റെ നേർച്ച പോത്ത് മറിച്ചെളക്കാനായി മമ്മാദി വടക്കാറി വിട്ടു. രാമങ്കോട് തറവാട്ടിലെ മരക്കച്ചോടക്കാരൻ അബ്ദുള്ള കോയാടെ ഒരേയൊരു മോളാണ് ബിച്ചുട്ടി. പതക്കമാലേം, ഏഴെഴ ചൈനും, പൊന്നേലസ്സും, കോന്തലയ്ക്കല് മോതിര കോമ്പയുമായിറ്റാണ് ബിച്ചുട്ടി അയിനിപ്രേൽക്ക് കെട്ടി കേറി വന്നത്. രാമങ്കോട്ടെ പിരിശം പെറ്റ മോൾക്ക് കെട്ടിക്കേറി വന്നോട്ത്ത് കൈ പട്ടില് പൊതിഞ്ഞിരിക്കാനൊത്തില്ല. നെല്ല് പുയ്ങ്ങാനുമിടിക്കാനും പൂളേം കായും നടാനും നനക്കാനും തേങ്ങേം അടക്കേം പറിക്കാനും ഒണക്കാനും ആയിറ്റ് പൊറം പണിക്കാരും, അരക്കാനും ചെരകാനും ചേറാനുമായിറ്റ് മമ്മാദീം, പാത്തൂന്തീം, ആയ്സൂന്തീം അവുത്തും, പോത്തിനെ തീറ്റാനും മാടോളെ കറക്കാനും ചാണകം കോരാനും കിണ്ടീം കോളാമ്പീം തേച്ച് കയ്കാനും ദേവകീം തങ്കും വിലാസിനീം വേറേം. ഇക്കണ്ട പണിക്കാർക്ക് മുയ്മൻ വെച്ച്ണ്ടാക്കാൻ ഒരേയൊരു ബിച്ചുട്ടീം. മൂത്തച്ചിയോള് രണ്ടെണ്ണം ബിച്ചുട്ടിക്കുണ്ടേലും പേറ് രണ്ടെണ്ണം കയിഞ്ഞപ്പോ തന്നെ ഓരൊക്കെ ഈങ്ങാ ചൗണ്യേളായി. മൂട്ടീകൊണ്ടോയി പടക്കം പൊട്ടിച്ചാലും തണപ്പത്തരം മാറ്റാത്ത ജാത്യോള്ന്ന് കലി മൂക്കുമ്പോ ബിച്ചുട്ടി പറയും. പണിക്കാരെ തീറ്റി മേച്ചും മൂത്തച്ചിയോൾടെ ചീരാപ്പൊലി മക്കൾടെ തീട്ടം കോരിയും കൊയങ്ങുമ്പൊ ബിച്ചുട്ടി തൊള്ള പൊട്ടിക്കും.

"ന്റെ വല്ലിപ്പാന്റെ വല്ലിപ്പാര് ഉസാറ് നമ്പൂര്യേളേര്ന്ന് കേട്ടോളി മൂര്യേളെ".എറയത്തെ വയറു മെടഞ്ഞ കസാലേലിരുന്ന് വെറ്റിലേല് നൂറ് തേച്ച് ഒണങ്ങിയ അടക്കക്കൊപ്പം ചീള് ഉണക്ക തേങ്ങയും വറുത്ത അരിമണിയും കൂട്ടി മടക്കി അണക്കെല് വെച്ച് ചവക്കുമ്പോ ചോക്കണ മോറ് കണ്ട് പണിക്കാരി പെണ്ണുങ്ങള് കാതില് കാതില് അടക്കം ചൊല്ലും "നമ്പൂരിച്യന്നെ".

പണിക്കാർക്കും ഒടമക്കാർക്കും കുട്ട്യോൾക്കും തിന്നാന് ഒരു നായിയരി വെച്ചുണ്ടാക്കാനേ ബിച്ചുട്ടിക്ക് കാരണോര് അധികാരം കൊടുത്ത്ട്ടുള്ളു.പണി കയിഞ്ഞ് ബെസർത്ത് മുങ്ങി വരണ പണിക്കാർക്ക് എണ്ണി പെറുക്കി വറ്റിട്ട കഞ്ഞി കൊടുത്തു ബിച്ചുട്ടി പറയും.

" ഈട്ത്തെ പാടോക്കി തൂറിക്കോളി".

പടം ചിത്രീകരണം: നാസർ ബഷീർ


മീങ്കാരൻ മിദീനാങ്ക സുബൈക്കും മഗ്രിബിനും മീനുമായിട്ടെത്തും. കുറുകിയ മീൻ ചാറൊക്കെ കോലായിലുള്ളോർക്കും മീൻ കെടന്ന ചട്ടീല് വെള്ളം പാർന്നു തെളപ്പിച്ച സറ വെള്ളം പെണ്ണുങ്ങക്കും കുട്ട്യേള്ക്കും പണിക്കാര്ക്കും. അലൂമിനിയം വസിക്ക് ചുറ്റും വട്ടം കൂടിയിരിക്കണ കുട്ട്യോള് 'ചോറേ ചാറേ' ന്ന് കാറുമ്പൊ വല്ലം കൊട്ടേല് ചോറും കുണ്ടം പിഞ്ഞാണത്തില് സറ വെള്ളവുമായി ബിച്ചുട്ടി അച്ചാലും മുച്ചാലും മണ്ടും. ഒരു കണ്ടം എറച്ചി കൂട്ടി ചോറ് തിന്നാനായി വെള്ളിയായ്ച്ച വരണം. തോനെ ഉലുവേം തേങ്ങേം ചെറുള്ളീം ഇട്ട് തേങ്ങാച്ചോറ് വെച്ചോണ്ടിരിക്കുമ്പളാണ് കാര്യസ്ഥൻ യാവുട്ട്യാക്ക ചെറിയ കണ്ടം എറച്യായിറ്റ് വട്ക്ക്ണീക്ക് വന്നത്. എറച്ചിക്കണ്ടം നോക്കി' ഇതാര്ക്കാ പൂച്ചക്കാണോ' ന്ന് ബിച്ചുട്ടി ചോദിച്ചു. എടത്തേ കയ്യിലെ രണ്ട് വേര് പൂള യാവുട്ട്യാക്ക കാട്യപ്പോ ബിച്ചുട്ടി മോന്ത ചുളിച്ചു.

"അച്ചച്ച്യേ , കുംഭപൂള ചാറ് വെച്ചാ കലങ്ങും. ഈ എരപ്പത്തരം തറവാടി പെണ്ണ്ങ്ങള് ചെയ്യൂല". അന്നുച്ചക്ക് പള്ളി പിരിഞ്ഞ ആണുങ്ങള് തേങ്ങാച്ചോറില് എറച്ചി കണ്ടം കൊയച്ചപ്പോ ബിച്ചുട്ടി കണ്ണ് കലങ്ങി പൂള ചാറ് കൊയച്ചു. തിരിമുറിയണ പണിക്കെടേലും കൊല്ലാകൊല്ലം വടക്കാറീക്ക് ചേക്കേറപ്പെട്ട ബിച്ചുട്ടി പത്തെണ്ണം പെറ്റിട്ടു. മൊല കൊടുത്ത് കൊടുത്ത് ബിച്ചുട്ടിൻ്റെ അമ്മിഞ്ഞ അമ്മിതറൻ്റെ ചേല്ക്ക് പരന്നു. പെറ്റിട്ടതൊക്കേം റൂഹാൻ കിളി വേം വേം കൊത്തി കൊണ്ടോയി.

" മക്കളെ പോറ്റ്ണേന് അള്ളാൻ്റെക്ക്ന്ന് പെണ്ണേൾക്ക് എമ്പാടും കൂലീണ്ട്ല്ലോ, ന്ന്ട്ടും അനക്ക് നോക്കാൻ വജേജ" ന്ന് ബിച്ചുട്ടിൻ്റെ മൂപ്പര് ഒച്ച വെക്കുമ്പം ബിച്ചുട്ടിയും വിട്ടു കൊട്ക്കൂല. "പയറ്റ്ൻ്റെല വാടണ നേരം മതി പള്ളേല്ണ്ടാക്കാൻ. പള്ളേന്ന് പൊറത്തെറക്കി പോറ്റണ പണിക്ക്ള്ള കൂലി ഒലോട്ക്കെനെ സ്വർഗ്ഗത്തീ കൊണ്ടോയാലും മത്യാവൂല, പേറും പണീം കയിഞ്ഞ് ഇക്ക്വ്ടെ പാത്താൻ നേരല്യ ന്ന്ട്ടാ പോറ്റല്".

പതിനൊന്നാമതും പള്ള വീർത്തെപ്പൊ തിരൂരങ്ങാടിക്കാരി മാലതി ഡോക്ട്ടറ് ഒച്ച പൊട്ടിച്ചു.

"ഇങ്ങളിത് ഇനീം നിർത്തീലെങ്കി കുണ്ടി പൊട്ടി ചാവും ഞാമ്പറഞ്ഞേക്കാം". ബിച്ചുട്ടിൻ്റെ പാത്രം ഞെളുങ്ങ്യോണ്ട് പന്ത്രണ്ടാമതും പെറാനൊക്കൂലാന്ന് മാലതി ഡോക്ടറ് തന്നെ ബിച്ചുട്ടിൻ്റെ മൂപ്പരെ ബോധിപ്പിക്കേണ്ടി വന്നു. പെര താങ്ങാനൊരു ആമ്പറന്നോൻ ജനിക്കാനായി സകല അംബിയാക്കളേം ഔലിയാക്കളേം വിളിച്ച് ബിച്ചുട്ടി കരഞ്ഞു. കയ്യീ കെടന്ന സീല വള വിറ്റും പോത്തെറച്ചി സദക്ക കൊട്ക്കുന്നും റാത്തീബ് നടത്തുന്നും ബിച്ചുട്ടി നേർച്ച നെയ്യത്താക്കി. പത്തെണ്ണം പെറ്റിട്ടതില് പാതിയും പെണ്ണായിരുന്ന്. പെണ്ണേളെ പെറ്റ് കൂട്ടി വെറി പിടിച്ച ബിച്ചുട്ടി മമ്മാദിനോട് സങ്കടം പറയും. " റബ്ബിനീ ഇങ്കൃത ത്രികാണം വരഞ്ഞ്ണ്ടാക്കണ പണീണ്ടോ ഇക്കൊരു മുട്ടമണീനെ ഉരുട്ടി തരാന്".

അടക്കപ്പൊരേന്ന് മൊഹ്യുദീൻ ശൈഖിൻ്റെ കറാമത്ത് ബൈത്തോൾക്കൊപ്പം ഒറയണ മല്ലന്മാരെ ബിച്ചുട്ടി ഭ്രാന്തേലിരുന്ന് കണ്ടു. പള്ളേലും നെഞ്ചേലും കത്തിയോണ്ട് കുത്തി ചോര ചാടിക്കണ ചൊങ്കന്മാരുടെ പ്രകാസമുള്ള മോറ്കൾ ബിച്ചുട്ടി വായും പൊളിച്ച് നോക്കി. അഭ്യാസ്യേൾടെ മോന്തന്റെ ചൊറുക്ക് കണ്ട് മതി മറന്ന ബിച്ചുട്ടി അടക്ക കണ്ടത്തിന് ബദല് ചൂണ്ടാണി വെരലിന്റെ അറ്റം കണ്ടിച്ച് വെറ്റിലേല് പൊതിഞ്ഞ് കടിച്ച് തിന്നു. രാത്രിക്ക് രാത്രി ബിച്ചുട്ടി അടക്കപ്പെരേക്ക് മമ്മാദീനെ പറഞ്ഞ് വിട്ട് ചൊങ്കന്മാര് ചിന്തിയ ചോര തുണീല് വടിപ്പിച്ചു. മുറ്റിയ ചോര ശീലേല് മന്ത്രിച്ചൂതി തൊടേൻ്റെ ഇട്ക്കില് തിര്കി നടന്നു ബിച്ചുട്ടി. കുത്ത് റാത്തിബ് നടത്തി വെരലറുത്ത ബിച്ചുട്ടി ആമ്പ്രന്നോനെ പെറാൻ ഒത്തോളാണെന്ന് മമ്മാദിക്ക് ഒറപ്പുണ്ടായിരുന്നു. ഉരുളീലെ വെള്ളം വറ്റി എറച്ചി കണ്ടങ്ങൾ കുറുകി തൊടങ്ങണ നേരത്താണ് വടക്കാറീന്ന് കുഞ്ഞി കുറുകൽ മമ്മാദി കേട്ടത്.

"ആരാൻ്റുട്ടിയാ അവനാൻറുട്ടിയാ കുഞ്ഞാതുട്ടീന്താ" . മമ്മാദീൻ്റെ ചോദ്യത്തിന് മറുപടികളൊന്നും ഒയർന്നില്ല. പടിഞ്ഞാറ് പള്ളീന്ന് മോന്തി ബാങ്കൊലി ഒയരണ നേരത്താണ് കുഞ്ഞാത്തുട്ടീന്താൻ്റെ കയ്യീക്ക് റാഹില പെറ്റു വീണത്.

പടം ചിത്രീകരണം: നാസർ ബഷീർ

​

ഡിങ്കിരിക്കണ്ണൻ

" അരി തീമടാതെ പാടത്ത്ക്കെറങ്ങ്യാ പൊലാടിച്ചി പെണ്ണേള്, ഇങ്ങട് വരട്ടെ വറ്റില്ലാത്ത കഞ്ഞി ഉപ്പ്ടാണ്ട് കൊട്ക്കും ഞാന്"

നേരം ഉച്ചായിട്ടും പെണ്ണേളെ വരവൊന്നും കാണാണ്ട് ബിച്ചുട്ടി കൊയങ്ങിയപ്പോ മമ്മാദി മടിച്ച് മടിച്ച് കാര്യം പറഞ്ഞു. അയിനിപ്ര തറവാട്ടിലെ പണിക്കാരി പെണ്ണുങ്ങളൊക്കെ പുത്തൻ പണക്കാര് ദുബായിക്കാരുടെ പെരേൽക്ക് പണിക്ക് പോയിരിക്കുണു.

" തന്നത് തന്നത് തിന്നിരുന്നാ പിന്നേം തമ്പ്രാൻ തന്നിരിക്കുന്നല്ലേ മമ്മാദ്യേ ചെല്ല്.ന്നട്ടും ന്നോടിത് ചെയ്തല്ലോ നന്ദില്യാത്ത യാത്യോള്".

"ചെറീമ്മ വെസമിക്കാതെ അവറ്റേൾകൊക്കെ പള്ള പൈച്ചപ്പോ നന്ദി കെട്ടോയി".

പണിക്കാരികള് ഒയിഞ്ഞു പോയ പടക്കളത്തീക്ക് ബിച്ചുട്ടി റാഹിലാനെ പിടിച്ചെറക്കി. കുഞ്ഞികൗളിനുള്ളില് ശ്വാസം നെറച്ചൂതി റാഹി അടുപ്പോൾക്ക് തീപൂട്ടി. കരി പൊരണ്ട മോറുമായി കുന്തിച്ചിരുന്ന് കൊരക്കുന്ന റാഹീനെ കണ്ട് മമ്മാദി സങ്കടം പറയുമ്പം ബിച്ചുട്ടി പറയും.

"പട്ടില് പൂത്തി വെക്കാനുള്ള ചേലും നെറോന്നും ഓള്ക്കില്ല". അടുപ്പൂതിയൂതി പൊകാളിയ റാഹീനെ കൂട്ടാരികളൊന്നും കളിക്കാൻ കൂട്ടിയില്ല. മാത്രല്ല, ചങ്ങായിച്യേളെയൊക്കെ മുന്തിയ മത്തി വാസനിക്കുമ്പോ റാഹീനെ മാത്രം ഒണക്കല് ചൂരടിച്ചു.'ഒണക്ക മണച്ചീനെ കളിക്കാ കൂട്ടൂല്ലാന്ന്' എല്ലാരൂടെ പറഞ്ഞപ്പോ വളപ്പൊട്ട്,കൊത്താംങ്കല്ല്,കുഞ്ഞിം ചോറും കൂട്ടാനും ഇത്യാദി പെണ്ണുങ്ങക്കളീന്നൊക്കെ റാഹി പൊറത്തായി. മയ്യത്തായ മൂത്തതീങ്ങൾടെ പാകമാകാത്ത ജംബറിനുള്ളിൽ ശ്വാസംമുട്ടി റാഹി വളർന്നു. രാത്രീല് മൂത്രം പാത്തണ ഓവുമുറീൻ്റെടുത്താണ് റാഹിൻ്റെ കെടപ്പ്. നാറ്റം സഹിക്കാണ്ട് വരുമ്പൊ പായ ചുരുട്ടി റാഹി ഭ്രാന്തേല് വന്ന് കെടക്കും. മഞ്ഞേം പച്ചേം ഓറഞ്ചും ചില്ലുജനാലേൽ കൂടി സൂര്യനടിക്കുമ്പൊ റാഹീൻ്റെ മേത്തും നെറങ്ങള് നെറയും. കറപ്പിനെ മായ്ക്കണ മഞ്ഞേനേം ചോപ്പിനേം വാരിയണിഞ്ഞിരിക്കുമ്പൊ സകല ഇശലും വറ്റിയ ഒച്ചേല് ബിച്ചുട്ടി കാറും.

" എറങ്ങി വാടീ കരിമ്പ്യേ". തൊടമ്മലെ കറ്ത്ത ചൊറിന്മേല് മൈലാഞ്ചിയിട്ട് ചോപ്പിക്കേം അല്ലേങ്കില് പൗഡറ് പൂശേം ചെയ്തോണ്ടാണ് ബിച്ചുട്ടി റാഹിക്കുള്ള പണി കൽപ്പിക്കല്. വട്ട ചൊറി ചൊറിഞ്ഞു സുഗം മൂക്കുമ്പൊ ബിച്ചുട്ടിൻ്റെ ചിരീന്ന് സുബർഗ്ഗമൊലിക്കും. മാന്ത്യോട്ത്തെ തൊലി പൊട്ടി നീറുമ്പൊ ബിച്ചുട്ടി റാഹീനെ പണിയെട്പ്പിച്ച് അമ്പറം മറപ്പിക്കും. ചമ്മലും ചപ്പും കൂട്ടിയിട്ട് കത്തിച്ച് തൊലി വിള്ളണ വരേം നെല്ല് പുയുങ്ങണം. കൊട്ടേലാക്കി തലേകേറ്റി രണ്ടാം നെലേൻ്റെ മോളില്ള്ള കൊട്ടിലീല് കേറി കയ്ക്കോല്മ്മെ തല മുട്ടാതെ വളഞ്ഞു കുത്തി നെല്ല് ചിക്കി വിരിക്കും റാഹി. ഒണക്കം വന്നാ ഒരലിലിട്ട് കുത്തി ബിച്ചുട്ടിക്ക് ബോധിക്കണ വരെ വെള്പ്പിക്കണം. ഉമീം തവ്ടും ചേറി പാറ്റി തീരുമ്പൊ റാഹിൻ്റെ തോൾ വള്ളികൾ കീറി കരയും. എല്ലാര്ടെ തൂറ്റലും കയിഞ്ഞാല്, ഓല കെട്ടി മറച്ച തീട്ടപ്പെരേലെ തീട്ട കൊണറില് മണ്ണിട്ടു മൂടാന് ബിച്ചുട്ടി റാഹീനെ പറഞ്ഞയക്കും. ഒണങ്ങ്യേതും പച്ചയുമായ ഈച്ച പാറണ കണ്ടികൾക്ക് മേല് റാഹി മണ്ണുമാന്തിയിട്ട് തീരുമ്പോളേക്കും എളേ ഊരപ്പെട്ടി കടഞ്ഞു പൊട്ടും. സങ്കടങ്ങളൊക്കെ കാറ്റില് പെട്ട തെര പോലെ ആർത്ത് മറിയുമ്പൊ ബിച്ചുട്ടി കാണാണ്ട് റാഹി തേങ്ങും. അടങ്ങാത്ത ഏങ്ങലുകളെ പൊത്തിപ്പിടിക്കുമ്പൊ റാഹി എക്കട്ടിടും. വെള്ളം കുടിച്ചും ശ്വാസം ആഞ്ഞു വലിച്ചും മാറാത്ത എക്കിള് ബിച്ചുട്ടി കേട്ടാല്" ന്താടീ പോത്തത്തീ കട്ട് തിന്നത്" ന്നാവും. ഏങ്ങലും എക്കിളും കൂടി പെരുകുമ്പൊ റാഹി പെര വിട്ടോടും. നെഞ്ചും പള്ളേം കെതച്ച് മുട്ട്യാലും പല്ലാറ് മുക്കിലെ റെയിലറ്റം വരെ റാഹി നിൽക്കാതെ മണ്ടും. തീവണ്ടിൻ്റെ ചൂളം അടുത്തെത്ത്യാല് റാഹി ഒറഒറക്കെ പാടും.

"ഇങ്ങലി വാലിക്ക ലിങ്ങലിവാലാ

ലിക ലിക ലിങ്ങലിവാലിക്ക ലിക്ക

ലിക്കലിവാലിക്കലിങ്ങലി വാലാ

വേദന തിന്ന് കയ്ച്ച നാവോണ്ട് കൊത്തി പെറുക്യ വാക്കോളില് റാഹി നോവോളെയൊക്കെ പാടിയൊണക്കും. വണ്ടിൻ്റെ എരമ്പലിനൊപ്പം റാഹീന്റെ പാട്ടും എരമ്പിയാർക്കും. അങ്ങനൊരു പാട്ടു നേരത്താണ് കുഞ്ഞിക്കണ്ണൻ തരിമീശക്കാരൻ ചെക്കൻ റാഹിൻ്റെടുക്കലെത്തീത്." ഇജെന്താ ഒറ്റക്ക് പാടണത് അനക്ക് ചങ്ങായിച്യേളില്ലേ" ന്ന ചെക്കന്റെ ചോദ്യത്തിന് ആദ്യം എക്കച്ചെക്കെ തോന്നീങ്കിലും റാഹി മറു ചോദ്യമിട്ടു." ജ്ജും ഒറ്റക്കാല്ലോ അനക്ക്ണ്ടാ ചെങ്ങായിമാര്"?

" ഇക്ക്ണ്ടല്ലോ. താമരപൊട്ടൻ, വാടക കൊറിയ, കെട്ടമുട്ട , ജീൽവാണ്ടൻ , അമ്മിണിക്കുട്ടൻ".. ചേലൊത്ത പേര് മാലകൾ നീണ്ടുപോയപ്പൊ റാഹികുലുങ്ങി ചിരിച്ചോണ്ട് ചോദിച്ചു. "അപ്പൊ ന്താ അൻ്റെ പേര്"? പേരില്ലെന്ന് ചെക്കൻ പറഞ്ഞപ്പോ കുഞ്ഞിക്കണ്ണൻ്റെ കണ്ണീ നോക്കി റാഹി വിളിച്ചു." ന്നാ അൻ്റെ പേര് ഡിങ്കിരിക്കണ്ണൻ എന്തേ". പേര് കേട്ടതും കുഞ്ഞിക്കണ്ണൻ പറഞ്ഞു." ഉസാറ് ഉസ്റ് പേര്". കുണ്ടം കൊളത്തില് മൊതലെണ്ട്. ആദ്യം ചാടുന്നോര്ക്ക് സമ്മാനണ്ട്ന്ന് പറഞ്ഞത് അമ്മിണിക്കുട്ടനാണ്. പൂളം കുത്തി ചാടി ജയിച്ച് സമ്മാനോം വാങ്ങി വരുമ്പൊളാണ് ഡിങ്കിരി കണ്ണൻ റാഹിൻ്റെ പാട്ട് കേട്ടത്. പാട്ടും പഠിച്ച് പോവാന്നേരം ഡിങ്കിരിക്കണ്ണൻ റാഹിക്ക് ഒരു സാനം നീട്ടി. രണ്ടുറുപ്യൻ്റെ ചിക്കി ഷാമ്പൂൻ്റെ സിൽക്ക് പാക്കറ്റ്. ജയിച്ചു കിട്ടിയ സമ്മാനം. റാഹിൻ്റെ നൊണക്കുയീന്ന് പനനീര് പൊട്ടി. കാലിൻ്റെടീന്ന് അരിച്ച എന്തോ ഒന്ന് നെഞ്ചാകെ ചോപ്പിച്ച് തലേ കേറണതറിഞ്ഞ് നിക്കക്കള്ളില്യാതെ റാഹി ചിക്കി ഷാമ്പു തട്ടിപ്പറിച്ചോടി. കെട്ട് കുടുങ്ങ്യ മുടിക്കുള്ളിൽ പോത്താം മയങ്ങണ ചക്കപ്പേനുകളെ ചിക്കിപത തൊരത്തി. തീണ്ടാരി തുണികളും തീട്ട കെണറും ബിച്ചുട്ടീൻ്റെ വട്ട ചൊറീം റാഹിക്ക് പ്രേമം വാസനിച്ചു. കയ്കീറ്റും തോർത്തീറ്റും പോവാത്ത നൊരകൾ റാഹിക്കൊപ്പം ജീവിച്ചു. ബിച്ചുട്ടിന്റെ കണ്ണ് വെട്ടിച്ച് റെയിലും വക്കത്ത്ക്കോടി ഡിങ്കിരി കണ്ണനെ പാട്ടു പാടി വിളിക്ക്ണത് റാഹിക്കൊരു തൊയിലായി. രണ്ടാളും കൂടി പാട്ട് പഠിച്ച് വണ്ടി പായുമ്പൊ ഒച്ചത്തില് പാടും. കൊത്താംങ്കല്ലും വളപ്പൊട്ടും സോപ്പും കവറുമൊക്കെ പെണ്ണുങ്ങക്കള്യേളും, ഗോലീം കുട്ടീംങ്കോലും കള്ളുംകുപ്പി പൊട്ടിക്കലും ആണുങ്ങക്കള്യേളും ആയോണ്ട് ആണിനും പെണ്ണിനും കളിക്കാൻ പറ്റണ കളിയേതെന്ന ആലോചനേലാണ് ഡിങ്കിരിക്കണ്ണൻ അന്നത് പറഞ്ഞത്. "ആണും പെണ്ണും കളിക്കണ കളീണ്ട്ന്ന് അമ്മിണിക്കുട്ടൻ പറഞ്ഞ്ക്ക്, ടൈറ്റാനിക്ക് കളി".

​

ടൈറ്റാനിക്ക്

ബിച്ചുട്ടിക്കിപ്പൊ മൂത്ത കൊതിയാണ്.റാഹിക്കാണേല് പണി ഒയിഞ്ഞിട്ട് വേണം ടൈറ്റാനിക്ക് കളിക്കാൻ പോവാന്. റാഹീൻ്റെ കളി നേരങ്ങളൊക്കെ ബിച്ചുട്ടീൻ്റെ കൊതി നേരങ്ങള് കട്ടു.ഓടാൻ നിക്കുമ്പോ ബിച്ചുട്ടിൻ്റെ കൊതി വിളി ഒയരും.

"റാഹ്യേ ൻ്റെ പള്ളേന്ന് കത്തിക്കാള്ന്ന് കൊള്ളി കെയങ്ങ് കുത്തിയൊടച്ച് തോനെ തേങ്ങയിട്ട് കൊണ്ടരെ അല്ലേല് കായ നുറുക്കി ചീരകമരച്ച് പെരറ്റൂട്ടാനാക്ക്". "റാഹ്യേ ൻ്റെ തൊള്ളേല് വെള്ളല്യാ ചക്കരയിട്ട് പാല് പീഞ്ഞാ". രാത്രീല് വടക്ക്ണി പൂട്ടിയാലും ബിച്ചുട്ടിൻ്റെ പൈപ്പ് പൂടൂല." റാഹ്യേ നിക്ക് രാത്രീല് കേടെളകുമ്പൊ തിന്നാന് കൊറച്ച് അരീരപ്പം ചുട്ട് ൻ്റെ തലക്കും പാത്ത് വെച്ചാ". പല്ല് കടിച്ച് റാഹി പിറുമുറുക്കും'തള്ളൻ്റെ ഒടുക്കത്തെയൽച്ച'.റെയിലും വക്കത്ത്ക്കോടുമ്പോൾ ചുരുട്ടി പിടിച്ച റാഹീൻ്റെ കയ്യിൻ്റുള്ളില് എലേപ്പത്തിര്യോ ഒടവായക്കയോ ഡിങ്കിരി കണ്ണനായി ഓള് പാത്തുവെക്കും. റെയിലിൻ്റക്കത്ത് എത്ത്യാല് റാഹി നീട്ടി വിളിക്കും.

' മൊച്ചക്കടിയാ..'

ദൂരത്ത്ന്ന് ആടി വരണ കാറ്റിനൊപ്പം ഡിങ്കിരി കണ്ണൻ്റെ കുറ്റൊലി റാഹീൻ്റെ ചെവീല് വന്നലിയും'

മൊച്ചകടിയത്തീ' .. റാഹി പാട്ട് പാടണ റെയിലിൻ്റെ വക്കത്തെ കലുങ്കീന്ന് പടിഞ്ഞാട്ട് കൊറച്ച് നടന്നാല് അടീ കൂടി തോടൊഴുകണ മേലേ കൂടി തീവണ്ടി പായണ വല്യ റെയിൽ പാലമുണ്ട്. പാലത്തിൻ്റെ എടത്തെ കമാനത്തിന് മോളില് കുത്തനെ കുന്തിച്ച് ആകാസത്തേക്ക് ഒയർന്ന് നിക്കണതാണ് ടൈറ്റിനിക്ക്. പാളപ്പണിക്ക് കൂട്ടിയിട്ട കട്ടമ്മേ കൂടി റാഹിയും ഡിങ്കിരി കണ്ണനും ടൈറ്റാനിക്കിൻ്റെ തുഞ്ചത്ത് കേറി നിന്ന് പാട്ട് പാടും. പാട്ട് പാടുമ്പൊ കൈ വിടർത്തണന്നാണ് കളി നെയമം. റാഹി മുന്നീ നിന്ന് കൈ വെടർത്തുമ്പൊ ഡിങ്കിരിക്കണ്ണൻ ഓളെ ചുറ്റി പിടിക്കും. പായണ വണ്ടീൻ്റെ കാറ്റില് രണ്ടാളും പറക്കും. തട്ടത്തിൻ്റുള്ളീന്ന് നാലു പാടും ചെതറി പറക്കണ റാഹിൻ്റെ മുടിനാരുകള് ഡിങ്കിരിക്കണ്ണൻ്റെ മോത്ത് ഇക്കിളിയിടും. ടൈറ്റാനിക്കീന്ന് കളി കയിഞ്ഞെറങ്ങുമ്പോ പതിനാലാം രാവ് മാതിരി റാഹീൻ്റെ ചിരീം മോറും കത്തും.

റാഹിൻ്റൊപ്പം ഒരു ചെക്കനെ കാണണണ്ട്ന്ന വെവരം ബിച്ചുട്ടീൻ്റെ ചെവീലെത്ത്യപ്പൊ മമ്മാദി ബിച്ചുട്ടിനെ ഒപദേശിച്ചു 'ദീന് പഠിപ്പിച്ചീലെങ്കി പെണ്ണ് നജസാവൂട്ടാ'. അതിലിത്തിരി കാര്യണ്ട്ന്ന് ബിച്ചുട്ടിക്കും തോന്നി. പണിക്കാളില്ലാത്തോണ്ടാണ് റാഹീനെ മദ്റസക്ക് വിടാഞ്ഞത്. അടുപ്പീന്ന് വെണ്ണീറ് വാരുമ്പോ കറ കറാ ന്ന് ഒച്ചപ്പാടാക്കീട്ടേ പെണ്ണ് വാരൊള്ളു.ചോറൂറ്റുമ്പൊ കൊട്ട കൈലോണ്ട് കലത്തുമ്മെ കൊട്ടല്ലേന്ന് പറഞ്ഞാലും ഓള് കൊട്ടും. മാത്രല്ല ഓള്ടെ നാക്കും നീണ്ട്ക്ക്ണ്. അവുത്തിരുന്ന് നഖം വെട്ടിയ റാഹിൻ്റെ നേർക്ക് ബിച്ചുട്ടി ചൂലെടുത്തപ്പോ പെണ്ണ് പറയ്യാ 'ഇങ്ങള് അവുത്തിരുന്ന്ട്ടല്ലേ പാത്ത്ണത് പിന്നെന്താന്ന്'. റാഹിക്ക് തരിമ്പും അദബില്ല. ദീനില്ലെങ്കി പെണ്ണ് പെരൻ്റെ മേല്ക്ക് ചായുന്ന് ബിച്ചുട്ടിക്കറിയാം. മമ്മാദീന്റെ ഒപദേശം ബിച്ചുട്ടി ശരി വെച്ചു. പള്ളിക്കലിന്ന് പെരേല് വന്ന് പഠിപ്പിക്കാൻ അദ്റഹ്മാൻ മൊയ്ല്യാരെയും ഏർപ്പാടാക്കി. മിസ്രി തട്ടങ്കൊണ്ട് വട്ടക്കെട്ട് കെട്ടി മുടിനാരോളെ മുയ്മൻ ഒളിപ്പിച്ചാണ് റാഹീനെ ബിച്ചുട്ടി ഉസ്താദിൻ്റെടുക്കല് ഇൽമ് പഠിക്കാനിരുത്ത്യേത്. ഭാഷ പഠിക്കാതെ കിത്താബോതാൻ പറ്റാത്തോണ്ട് അക്ഷരമാലേണ് ആദ്യം പഠിപ്പിച്ചത്. മൈലാഞ്ചി താടിയുഴിഞ്ഞ് മൊയ്ല്യാര് ചൊല്ലും.

" അലിഫും വബാഹും വതാഹും വസാഹും"ചൊല്ലി തീരുമ്പോളേക്കും കൂരം വറുത്തതും ചക്കര ചായേം കൊണ്ട് മമ്മാദി എത്തും. രണ്ട് വല്യ സ്പൂൺ കൂരം പഞ്ചാരേം ചേർത്ത് തൊള്ളേക്കിട്ട് മൊയ്ല്യാര് പിന്നേം ചൊല്ലും. "ജീമും വഹാവും വഹ്ആവും ദാലും". തുപ്പലിൽ കുതിർന്ന കൂരപ്പൊടി റാഹീൻ്റെ മോത്ത്ക്ക് സറ സറാന്ന് പെയ്യും.തലകുത്തി പഠിച്ചിട്ടും ജീമും ഹാഹും ഹ്ആയും റാഹി ൻ്റെ മണ്ടേല് ഇരിപ്പൊറച്ചില്ല. അദ്റഹ്മാൻ മൊയ്ല്യാര്ടെ തൊള്ളേം വടീം ഒന്നിച്ച് പൊട്ടും.

" നോക്ക് പെണ്ണേ കുത്തു പുള്ളീം ഇല്ലാത്തത് ഹാ നടുക്കല് കുത്തിട്ടാല് ജീം മേലെ കുത്തിട്ടാല് ഹ്ആ". കുത്തും പുള്ളീം കാണുമ്പാ റാഹിൻ്റെ നാക്ക് പിന്നേം തെറ്റി പിരിയും. അരിവാള് പോലിരിക്കണ ഹാഹിൻ്റെ അടുക്കല് എത്തുമ്പൊ റാഹിൻ്റെ നാവ് തൊണ്ടക്കുഴീക്ക് വലിഞ്ഞൊട്ടും. മൊയ്ല്യാരുടെ കൈയ്യ് മറ്റൊരു ഹാഹ് മാതിരി റാഹിൻ്റെ പാവാടേൻ്റെ ഉള്ളീ കൂടി വളഞ്ഞു കുത്തി വന്ന് ഓള്ടെ തൊടൻ്റെ നടുക്കല് തൊഴഞ്ഞ് കുത്തിടും. അക്ഷരം കയിഞ്ഞ് ഹഖ്വീദ തൊടങ്ങിയപ്പോ മൊയ്ല്യാര്ടെ പൊണ്ണ വെരല് റാഹീൻ്റെ മേല് സ്വർഗ്ഗത്തിലെ പൊഴേം നരകത്തിലെ അടുപ്പും വരയാൻ തൊടങ്ങി.പല്ല് പുളിപ്പോലെ റാഹിക്ക് മേല് പുളിക്കും. മൊയ്ല്യാര്ടെ ഒളിവര കാട് കേറുമ്പൊ ഓൾടെ കൈവെരലപ്പാടെ വായിലിട്ട് കടിച്ച് ഈറ തീർക്കും. പിന്നെ പിന്നെ അദ്റഹ്മാന്റെ നെഴല് കാണുമ്പോ റാഹി ഡിങ്കിരിക്കണ്ണൻ്റെടുക്കല്ക്ക് മണ്ടിയൊളിച്ചു. മൊയ്ല്യാര് പുളിപ്പിച്ചോട്ത്തൊക്കെ തേനിറ്റിച്ച് ഡിങ്കിരിക്കണ്ണൻ റാഹീൻ്റെ നീറ്റല് മാറ്റി. പ്രേമം വാസനിക്കണ റാഹിൻ്റെ മുടീല് ഡിങ്കിരിക്കണ്ണൻ രണ്ടില്ലിം നാലില്ലീം മൊടഞ്ഞു. അന്ന് മോന്തിക്ക് കാക്കേം കൊറ്റ്യും മലർക്കിള്യേളും കൂട്ടിൽക്ക് മണ്ടി പാറണ നേരത്ത് റാഹിയും ഡിങ്കിരികണ്ണനും വല്യ കുട്ട്യോൾടെ ടൈറ്റാനിക്ക് കളിച്ചു.

പടം ചിത്രീകരണം: നാസർ ബഷീർ

​

പ്രേമമൊഴ

" പടച്ചോൻ ഞമ്മളെ തറവാട്യാളാക്കി പടച്ചു. ന്ന്ട്ട് ന്താ പാതി നെലം കേൺമെൻ്റ് കൊണ്ടോയി ചെറ്മ്യേള്ക്കും കൊടുത്ത് മറ്റേ പാതി ദീന് കൊണ്ടോയി കുടുമ്മക്കാര്ക്കും കൊട്ത്ത്,പവനം നൂറ് കൊട്ത്താ തന്നെ ആര് കൊണ്ടാവാനാണ് ആ മോറ്"?

റാഹീനെ കെട്ടിക്കണ കാര്യം മമ്മാദി പറയുമ്പൊ ബിച്ചുട്ടി മുട്ടുന്യായങ്ങൾ പരത്തും. ബിച്ചുട്ടിൻ്റെ മൂപ്പര് വഫാത്തായപ്പോ, ആൺമക്കളില്യാത്തോണ്ട് നെയമപ്രകാരം മൊതലൊക്കെ കൂടെപെറപ്പോള് കൊത്തി കൊണ്ട് പെര ഒയിഞ്ഞു. സ്വത്ത് കൊണ്ടോയ കൂറ് കാട്ടാൻ എടക്കും തലക്കും പെങ്കാര്യായിട്ട് കാരണോന്മാര് കേറി വരും. കാണാൻ വരണ കൂട്ടര്ടെ ഉടുവടകൾടെ ചേലും പൗറും നോക്കി ആലോചനോളൊക്കെ ബിച്ചുട്ടി മൊടക്കി.

" പുയ്യാപ്ല ചെക്കൻ മുണ്ട്ട്ത്ത ചേല് കണ്ടാ, ചെട്ട്യാമുണ്ട് ചുറ്റ്യ മാതിരീണ്ട്, ബിച്ചുട്ടിക്ക് കണ്ടാലറിയാം തറവാട്യേളെ" പെരേല് നടക്കണ പുകിലൊന്നും റാഹീനെ തൊട്ടില്ല. വൈന്നേരം ഡിങ്കിരി കണ്ണനെ കാണേണ്ട പൊലിവും തോളത്തിട്ട് റാഹിയങ്ങനെ നടക്കും. അന്നൊരീസം ടൈറ്റാനിക്കിൻ്റെ തുമ്പത്ത് നിന്ന് റാഹിയും ഡിങ്കിരീം ' പാടാം നമുക്ക് പാടാം' പാടി കയിഞ്ഞപ്പോ റാഹി ഡിങ്കിരീൻ്റെ കൈയ്യ് ഓൾടെ വയറ്റത്തമർത്തീട്ട് പറഞ്ഞു." ഡിങ്കിരിക്കണ്ണാ ൻ്റെ പള്ള വീർക്ക്ണ്ട്". ആട്ട് മുട്ട് കളിക്കാൻ റാഹീൻ്റെ മുടീല് കൊമ്പ് കെട്ടി കൊണ്ടിരുന്ന ഡിങ്കിരിക്കണ്ണൻ ഓള്ടെ പള്ളേമ്മലമർത്തി കൊണ്ട് റാഹീൻ്റെ കാതില് പറഞ്ഞു. "ഞമ്മളെ പിരിശം കൊണ്ടപ്പോ അറൻ്റുള്ളിലെ ദണ്ണങ്ങളൊക്കെ മൊയച്ച് വീർത്തതാവും, കൊറച്ചീസം കയിഞ്ഞാ അതാണ്ട് പൊട്ടി പൊയ്ക്കോളും റാഹ്യേ".

കൊറച്ചീസവും തോനീസവും കയിഞ്ഞിട്ടും മൊഴ പൊട്ടീലാന്ന് മാത്രല്ല, നാൾക്കുനാൾ മൂത്തുരുണ്ട മൊഴ ബിച്ചുട്ടീന്റെ കണ്ണിൻ്റുള്ളീ കേറി ചുറ്റി. ബിച്ചുട്ടീൻ്റെ തൊള്ളേന്ന് ഖിയാമത്ത് പൊട്ടി പെലർന്ന്. കനലീക്കിട്ട് പൊള്ളിച്ച ഇരുമ്പു കോര്യോണ്ട് റാഹീൻ്റെ അരാക്കീപ്പട്ട് ബിച്ചുട്ടി ചുട്ടു. രണ്ടാം നെലൻ്റെ മേല്ള്ള കൊട്ടിലീക്ക് റാഹീനെ വലിച്ചിടുമ്പൊ ബിച്ചുട്ടി അലറി.

"മുണ്ടി പോയാ കല്ലെറിഞ്ഞ് കൊന്ന് കുജ്ജുത്തി മൂടും ഹറാം പെറന്നോളെ". ബിച്ചുട്ടീൻ്റെ ഓരോ അലർച്ചോലും റാഹി നെഞ്ച് കാളി ചത്തു. " മൂക്കു കയറിട്ട് പോറ്റേണ്ട യാതിയാണെന്ന് അറിഞ്ഞീലൻ്റെ മമ്മാദ്യേ" ബിച്ചുട്ടി നെഞ്ചത്തടിച്ച് രാവും പകലും ദണ്ണം പറഞ്ഞു. കൊട്ടിലിലെ ചൂടും വേവും റാഹിൻ്റെ നെലോളികളെ കുത്തിയൊടച്ചു. അന്നോം വെള്ളേം ഇല്ലാണ്ട് പൂട്ടി കെടന്ന പത്താം നാളിൻ്റെന്ന് റാഹിൻ്റെ പ്രേമമൊഴ പൊട്ടി.

"ആരാൻ്റുട്ട്യാ അവനാൻ്റുട്ട്യാ" ? മമ്മാദീൻ്റെ തണുത്ത കൂറ്റ് ഇഴഞ്ഞരിച്ച് വടക്കാറീക്ക് ചേക്കേറി.

"അവനാൻ്റുട്ടി പെറന്ന്ക്ക്, കൊറ്റങ്കുട്ടി പെറന്ന്ക്ക്".

പേറ്ട്ത്ത കുഞ്ഞാതുട്ടീന്താൻ്റെ ഓളിയൊച്ച പെരേൻ്റെ ഓടെളക്കി പാഞ്ഞു. ബിച്ചുട്ടി കെടന്നോട്ത്ത്ന്ന് എടിപിടി കടിപിടീന്ന് വടക്കാറീക്ക് കുതിച്ചു. അമ്പിളിക്കണ്ടത്തിൻ്റെ ചേല്ക്ക്ള്ള കൊറ്റങ്കുട്ടീൻ്റെ അരേല് നാറ്റിക്കൊണ്ട് ബിച്ചുട്ടി വിളിച്ചു.

"ഇമ്മാൻ്റെ മുട്ടമണ്യേ.."

ഇനി ഒരിക്ക പോലും പൊട്ടി വെടരാൻ ശേഷിയില്ലാത്ത നനഞ്ഞ പപ്പടം പോലെ പേ റ്റ്പായേല് അറ്റ് കെടന്ന റാഹിൻ്റെ നേർക്ക് ബിച്ചുട്ടി കൽപ്പിച്ചു." ഹും കുത്തിരുന്ന് മൊല കൊട്ക്ക്".ചുട്ടുപൊള്ളച്ച നെഞ്ചിൻ കൂടിൽ റാഹിക്ക് ശ്വാസം വിങ്ങി.

നാട് കുലുക്കിയ പേറിനെ വിസ്തരിക്കാൻ വന്നോര്ക്ക് മുന്നില് ബിച്ചുട്ടി ചരിത്രം വെളമ്പി. "പടച്ചോൻ വിചാരിച്ചാ പെറാന് പാത്രേം മേണ്ട ആണും മേണ്ട, മറിയംബീ ഈസാ നബീനെ പെറ്റത് കെട്ടിയോന്ണ്ടായിറ്റാ".

ബിച്ചുട്ടീൻ്റെ നാവിനു മുന്നില് നാട്ടാരൊക്കെ യെസ്സ് വെച്ച് മടങ്ങി. കൊറ്റനെ ബിച്ചുട്ടി അമ്പിളിക്കണ്ടേന്നും തേങ്ങാപൂളേന്നും വെള്ള ചൊങ്കാ ന്നും പളുങ്ക് മുട്ടേന്നും വിളിച്ചു. ബിച്ചുട്ടി തേങ്ങാപൂളനെ നെലം തൊടിക്കാതെ കൊണ്ടടന്നു. സ്വർക്കത്തിലെ മണ്ണില് പടച്ചോണ്ടാണ് ചൊങ്കനിത്രക്ക് വെള്പ്പ്ന്നാണ് ബിച്ചുട്ടിൻ്റെ നെഗമനം. വെളുമ്പൻ്റെ മൂത്രം ബിച്ചുട്ടിക്ക് വെള്ളി നീരായും, തീട്ടം അപ്പിക്കുഞ്ഞായും മാറി. ബിച്ചുട്ടി അമ്പിളിക്കണ്ടനെ താലോലിക്കുമ്പൊളൊക്കെ റാഹി കല്ലുപോലെ കനത്തു. പുന്നാരിപ്പും താലോലിപ്പും റാഹിക്കുള്ളില് പോര് കത്തിച്ചു. വെള്ത്ത തൊണ്ണ മൊലക്കണ്ണ് ചപ്പുമ്പോ റാഹിക്ക് അടി മേലെ പുളിച്ച് കൊട്ടും. ബിച്ചുട്ടി മുന്നീന്ന് മാറുമ്പോ റാഹി ചൊങ്കനെ നുള്ളിപ്പറിച്ചു കരയിക്കും. കറത്താണ്ടി മോറ് കണ്ടാണ് ചൊങ്കൻ നെലോളിക്കണത് ന്നുംപറഞ്ഞ് മൊല കൊട്ക്കാന്നേരം ബിച്ചുട്ടി റാഹിൻ്റെ മോന്ത മുണ്ടിട്ട് മൂടും.കയ്യും കെട്ടി കണ്ണും കെട്ടിയുള്ള മൊല കൊടുപ്പിന് റാഹിക്ക് തരിമ്പും ഇഷ്ടല്യായിരുന്നു. മടീക്കെടന്ന് മൊലയീമ്പണത് ഏതോ മുത്തം ജാതി മനുസനാണെന്നോ, പാമ്പാണെന്നോ, ചിലപ്പോ തീവണ്ടിയാണെന്നോ ഒക്കെ തോന്നും റാഹിക്ക്. ഉള്ളംകാല് തൊട്ട് നെറും തല വരെ വസൂരിക്കുരു പൊന്തിയ മാതിരി ഓൾക്ക് മേലാകെ അറയ്ക്കും. നെഞ്ചിനുള്ളിലെ കനം തൊണ്ടകുഴി മൂടുമ്പൊ റാഹി പെരേന്ന് എറങ്ങിയോടി ആർത്തു വിളിക്കും.

" മൊച്ചക്കടിയാ..".

ഇമ്പള്ള മറു കൂറ്റ് ഒരു കാറ്റിലും റാഹി കേട്ടില്ല പാട്ട് വറ്റിയ ടൈറ്റാനിക്കില് വലിഞ്ഞു കേറി ചങ്ക് നീറണ വരെ റാഹി ഇന്നലിവാലിക്ക പാടി. ഹൃദയകൊട്ട് പെരുകി പൊട്ടൂന്ന് തോന്നുമ്പൊ രണ്ട് കൈയ്യും നെഞ്ചില് പിരിച്ച് ചേർത്ത് റാഹി കുനിഞ്ഞിരുന്ന് തേങ്ങി. മാഞ്ഞ് പോയ 'ഡിങ്കിരി കണ്ണനെ ഏങ്ങി പാടി തെളീക്കാൻ നോക്കി റാഹീൻ്റെ കൂറ്റ് നാൾക്കുനാൾ തേഞ്ഞടഞ്ഞു. മോന്തി ചോത്ത് വരുമ്പൊ റാഹിൻ്റുള്ളില് പ്രേമച്ചൂര് തെകട്ടും. അണ്ണാക്കീൻ്റുള്ളിക്ക് വെരല് കുത്തിതാഴ്ത്തി ഓക്കാനിക്കുമ്പൊ പോലും റാഹിക്ക് സങ്കടമെടറും. കൈമന്നും കാല്മന്നും വേററ്ട്ത്താതെ മുട്ടമണീനെ ബിച്ചുട്ടി ഏറ്റി നടന്നു.' പളുങ്ക് മുട്ടേ അൻ്റെ മുട്ടമണി ഇമ്മാക്ക് പൊരിച്ച് തിന്നാ തരോ' ന്ന് ചോദിച്ച് ബിച്ചുട്ടി മലക്കം മറിഞ്ഞ് ചിരിക്കും. വക്കും മൂലേം ഇല്ലാത്ത ഒച്ചോളെ ഏലും വാലും കൂട്ടി തേങ്ങാ പൂളൻ പറയ്മ്പൊ തിരിമുറിയാണ്ടെല്ലാം ബിച്ചുട്ടിക്ക് തിരിയും.

മഗ്രിബാങ്ക് പടിഞ്ഞാട്ട്ന്ന് കരഞ്ഞൊലിക്കണ അന്തിക്ക് ,വട്ക്ക്ണീല് കത്തിപ്പൊരിയണ അടുപ്പിൻ്റെടുക്കല് കുത്തിചാരിയിരുന്ന റാഹിൻ്റെ മേല്ക്ക് ബിച്ചുട്ടി തള്ള കൈലിൻ്റെ കാണോണ്ട് വീശിയടിച്ചു.

" കഞ്ഞി വെക്കാൻ പഠിച്ചില്ലേടീ , പെറാൻ പഠിച്ചോളെ".

അരി തീമട്ടത് കയ്കാതെ , കലത്തീന്ന് തെളച്ചൂക്കണ റോസ് കഞ്ഞി നോക്കി റാഹി ഒരേയിരിപ്പാണ്. കലിയടങ്ങാണ്ട് തുള്ളിയ ബിച്ചുട്ടീൻ്റെ ഒക്കത്തിരുന്ന് അമ്പിളിക്കണ്ടൻ ചീറി പൊളിച്ചു. ഒരക്ഷരം മുണ്ടാണ്ട് കുത്തനെ നിന്ന റാഹീനെ കണ്ട് ബിച്ചുട്ടിക്ക് സൈത്താനെളകി. 'തൊള്ള തൊറക്കെടി പഹച്ചീ' ന്നും പറഞ്ഞ് ബിച്ചുട്ടി റാഹീനെ ആഞ്ഞുതള്ളി. ഉന്തില് റാഹി കമഴ്ന്നടിച്ച് വീണു. കെടന്നോട്ത്ത് കെടന്ന് ഓള് കരഞ്ഞു പിന്നെ ചിരിച്ചു. ഉപ്പും പുളീല്ലാത്ത ചിരിക്കെടേലൂടി റാഹി വാക്കുകളെ അട്ടിക്കിട്ട് ഞെരുക്കി തുപ്പി.

" അവ്ളുവ്ളുമാലുബ്ളു ഈക്ലിമാ

ജ്ജമിക്ചിക്മജ് ക്ളുമ്ളുബുളു

കത്ഗുഗ്ല്കുത്ഗ്ലഗു ആആജഗ്കുൻ

ഈമ്പ്രൂമാപൂമ്പുബു കയ്ബാമീപ്പിആക്ലീമാ,

റാഹീൻ്റെ ഏഴ് മൊനയുന്തിയ ഓത്ത് ബിച്ചുട്ടീൻ്റെ ചെവി കല്ല് തൊരന്ന് കേറി.കാലിൻ്റെടീന്ന് ഒരു പൊറുത്യേട് തിക്കു മുട്ടി മേപ്പോട്ട് കേറി നെഞ്ചിൻ കൂടിനുള്ളില് കുത്താൻ തൊടങ്ങിയപ്പോ റാഹി കൊട്ടി പിടഞ്ഞെണീറ്റു. കൊളുത്ത് പൊട്ടിയ ശ്വാസവള്ളികൾ കീഴ്പോട്ട് ഊർന്നിറങ്ങും മുമ്പ് കൈ രണ്ടും നെഞ്ചിലോട്ട് കൂട്ടി പിടിച്ച് അവൾ പെര വിട്ട് പുറത്തേക്ക് പാഞ്ഞു.

​

​

​

വടക്കാറി: പ്രസവമുറി

റൂഹാൻ കിളി: മരണത്തെ കൊണ്ട് വരുന്ന കിളി

സദക്ക: ദാനം

ഭ്രാന്ത: മുകളിലെ നിലയിലെ വരാന്ത

കറാമത്ത്: ആത്മീയ ശക്തി

കുത്ത് റാത്തീബ്: കത്തി, വാൾ പോലുള്ള ആയുധങ്ങൾ ഉപയോഗിച്ച് സ്വന്തം ശരീരത്തെ മുറിപ്പെടുത്തി കൊണ്ട് ദൈവ പ്രീതിക്കായി നടത്തുന്ന ഒരു പ്രാക്തന അനുഷ്ഠാനം.

പാത്തുക: മൂത്രം ഒഴിക്കുക

ദീന്: മതം

നജസ്: അശുദ്ധം

അദബ്: മര്യാദ

ഹഖ്വീദ: ദൈവ ശാസ്ത്രം

​

​

​

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home