Deshabhimani

കഥ

ഓമനപ്പെണ്ണും സ്റ്റീഫൻ പൂമ്പാറ്റയും  

പടം
avatar
ഗോകുൽ ഗോപൻ

Published on Nov 21, 2026, 12:48 PM | 12 min read

​

ഓമനയക്കനൊരു ജീവിതമൊണ്ടാവാൻ ഒന്നല്ല ഒരായിരം വട്ടം ചാവാനൊരുക്കമാണെന്ന് ഉള്ളാലൊണ്ടേലും സ്റ്റീഫൻ വന്നു പറഞ്ഞപാടേ അക്കനെന്നെ കൊല്ലാനിട്ടുകൊടുക്കുമെന്ന് സ്വപ്‌നത്തീക്കൂടെ നിരീച്ചില്ല. എന്നുവച്ച് എനിക്കതിൽ സങ്കടമുണ്ടെന്ന് നിങ്ങൾ വിചാരിക്കരുത്. കൂടെ കളിച്ചുവളർന്നവരും കൂടപ്പെറപ്പങ്ങളും പിള്ളാരും പെറുങ്ങിണിയുമായി വിലസിനടക്കുമ്പോൾ ഓമനക്കൻ മാത്രം കയറൊഴിഞ്ഞ കഴുത്തുമായി സ്റ്റീഫനേം വിചാരിച്ച് കാലം കഴിക്കുന്നതിനേക്കാൾ എത്രയോ ഭേദം ഇതുതന്നെയാണെന്ന് ഞാനും വിചാരിക്കാതിരുന്നില്ല.

അല്ലെങ്കിപ്പിന്നെ പുല്ല് തിന്നുന്ന ഞാനും ഞങ്ങളെ തിന്നുന്ന മനുഷ്യരും തമ്മിൽ എന്താ വ്യത്യാസമുള്ളത്.

കല്യാണം കഴിഞ്ഞില്ലേലും അക്കനെനിക്ക് അമ്മയെപ്പോലെയാണ്. അമ്മ തന്നെയാണെന്ന് പറഞ്ഞാലും ഓമനയെ അറിയാവുന്നവരാരും ഞെട്ടിയെന്നു വരില്ല.

രണ്ട് ചാപിള്ളമാരെ വയറൊഴിച്ച തള്ളയാടിന്റെ പള്ളേന്നും ‘മേഹ്' എന്നൊരു മോങ്ങലോടെ ഞാനുതിർന്നുവീണത് ഓമനയക്കൻ വിരിച്ചുപിടിച്ച വെള്ളത്തോർത്തിലേക്കാണ്. ചുവന്ന നെടുവരയിൽ നൂലുകൾ പിഞ്ചിയ ആ തുണിക്കഷ്‌ണത്തിന്റെ വരിപ്പുകൊണ്ട് അവൾ എന്റെ കണ്ണിലെ പീള തുടച്ചുമാറ്റി.

ആദ്യമായി ഉള്ളിൽ തുളച്ചുകയറിയ വെളിച്ചത്തിനുള്ളിൽ തുടിച്ചുനിന്ന ഓമനയുടെ മുഖത്തിനെ വളപ്പങ്ങേതിൽ കുഴിയിലൊളിച്ച അമ്മയ്‌ക്ക്‌ ബദലായി അന്നേ പ്രതിഷ്ഠിച്ചിട്ടുള്ളതാണ്.

അന്നവൾ ഇങ്ങനെയേ ആയിരുന്നില്ല.

ചിത്രീകരണം: കെ സുധീഷ്ചിത്രീകരണം: കെ സുധീഷ്

എപ്പോഴും ഒരു പ്രതീക്ഷയുടെ പ്രകാശം അവളുടെ മുഖത്തെ സദാ തുടുത്തിരിക്കാൻ നിർബന്ധിച്ചിരുന്നു. എടനച്ചെടിയുടെ പുതുനാമ്പു പോലെ ഇളകിയാടുന്ന ചുവന്ന കവിളിൽ ഞാൻ സ്‌നേഹത്തോടെ കടിച്ചു കൊടുക്കുമായിരുന്നെങ്കിലും എനിക്കറിയാമായിരുന്നു, അതിന് കാരണം അയാൾ മാത്രമായിരുന്നുവെന്ന്.

അവൾ എന്നെ ചേർത്തുപിടിച്ച് താലോലിക്കുന്ന നേരം, നിറഞ്ഞുതുളുമ്പുന്ന അകിടുകൾ നെറ്റികൊണ്ടുടച്ച്, അവ പാൽ ചുരത്താൻ പോകുന്നു എന്ന് ആഹ്ലാദിക്കുന്ന നേരം അതിർവേലിയുടെ പച്ചിലത്തളിർപ്പുകൾക്ക് മറവിലൊരു ശൂളം വിളിയുമായി അവൻ പ്രത്യക്ഷപ്പെടും. വെപ്രാളത്തിൽ അവളെന്നെ നിലത്തിട്ടോടും. ഞാൻ പിന്നാലെയും.

ചെവിക്കല്ല് പൊളക്കനെയുള്ള എന്റെ നിലവിളി എടവലത്തുള്ളവരുടെ നോട്ടം പിടിക്കുമ്പോൾ അവളെന്നെ ദൂരെയുള്ള കപ്ലങ്ങാ മരത്തിന് ചോട്ടിൽ കെട്ടിയിടും.

അതിന്റെ ഇലകൾക്ക് മനം മടുപ്പിക്കുന്ന കയ്‌പ്പാണ്. പാറകളിൽനിന്ന് ഊറിവരുന്ന നീർച്ചാലിന്റെ ഓരം പിടിച്ചത് തഴച്ചു വളർന്നിരുന്നു. അതിനപ്പുറം ഇരുട്ടാണ്. കാറ്റൂതുമ്പോൾ കരിയിലകളിൽ കായെറിഞ്ഞ് രസിക്കുന്ന റബ്ബർ മരങ്ങളുടെ പട്ടാളമാണ് അവിടം കൈയടക്കിയിരിക്കുന്നത്. അതിനപ്പുറം നിബിഢമായ വനപ്രദേശമാണ്. നിസ്സഹായയായ ഒരു നാൽക്കാലിയുടെ ദയനീയമായ നിലവിളി അതിലൂടെ സഞ്ചരിച്ച് വിശപ്പുമുറ്റിയ ഒരു മാംസഭോജിയുടെ ചെവിട്ടിലെത്തിയാൽ...

ഇരുട്ടിൽ നിന്നൊരു കുതിപ്പ്... കഴുത്തിലൊരു പിടി... നിലത്തിഴച്ചതിന്റെ ചോരപ്പാട്... അതു മതിയാകും കുഞ്ഞിപ്പെണ്ണെന്ന് പേരിട്ടൊരു പെണ്ണാടിന്റെ നിലവിളി പോലും അവശേഷിക്കാത്തൊരു ഓർമയാകാൻ.

അവളന്നേരം ഒരു ദീർഘനോട്ടത്താൽ തന്റെ നിസ്സഹായതയറിയിച്ചു. ഞാൻ ഉറക്കെ വാവിട്ടു കരഞ്ഞു. വഴുക്കലൊത്ത പാറയിലൂടെ നിലംമറന്നുള്ള ഓമനയുടെ ഓട്ടം കണ്ടാൽ മനസ്സിലാവും അവൻ താൽക്കാലികമായി പോയിട്ടുണ്ടാകുമെന്ന്.

അവൾ രണ്ട് കൈകൊണ്ടും എന്നെ വാരിയെടുത്തു. ഞാൻ ഒന്നുകൂടി ഉറക്കെ കരഞ്ഞു. അവളുടെ എടനച്ചോപ്പ് വിതറിയ മുഖം പൂക്കളായി വിടർന്നിരിക്കുന്നു. അവളെന്നെ മാറിടത്തിലേക്കമർത്തി. ആദ്യമായി അവിടം കയ്‌പ്പ്‌ നിറഞ്ഞതായി തോന്നി.

ഒരുനാൾ ഞാൻ അതിരു കടന്നൊരു കുറുമ്പ്‌ കാണിച്ചു.


വിശപ്പില്ലാഞ്ഞിട്ടും അവൾ ഒളിച്ചിരുന്ന സ്‌നേഹമറയുടെ പച്ചപ്പ് ഞാൻ ചവച്ചില്ലാതെയാക്കി. അന്നവൻ വന്നില്ല.

തൊടലിച്ചെടിയുടെ നീളമുള്ള വള്ളിക്കഷ്‌ണം മുറിച്ചെടുത്ത് ഓമനയക്കനെന്നെ ആദ്യമായി നോവിച്ചു.

കപ്ലങ്ങാച്ചെടിയെ വലം വയ്‌ക്കുന്ന രാത്രിയുടെ ഇരുട്ടിൽ ആദ്യമായി ഞാനൊറ്റയ്‌ക്കിരുന്നു. ദൂരക്കാഴ്‌ചയിൽ ജനാലയുടെ മറവത്തിരുന്ന അവളുടെ നിഴൽ രാത്രി മുഴുവൻ എന്നോടൊപ്പം കരഞ്ഞു.

രാവിലെ കെട്ടഴിച്ചപ്പോൾ ലോകത്തിന്റെ പാപഭാരം മുഴുവൻ നെഞ്ചിലേറ്റിയപോലെ അവളുടെ കൈകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു. ‘കുഞ്ഞിപ്പെണ്ണേ' എന്ന് ഒരുവട്ടം വിളിക്കുന്നതിന് മുമ്പുതന്നെ ഞാൻ ഓമനയുടെ കൈകൾ തട്ടിമാറ്റി ഓടിയിരുന്നു. വഴുക്കലുള്ള പാറയിലൂടെ എന്റെ പിന്നാലെ ഓടിയാൽ അവൾ വീഴുമെന്ന് അറിയാവുന്നതുകൊണ്ടുതന്നെ ഞാൻ അതിവേഗം തിരികെ വന്നു. തിരികെ വന്നപ്പോൾ കടിച്ചുപിടിച്ചിരുന്ന ‘മൂങ്ങാച്ചേരി'യുടെ തൈ ഞാൻ അവളുടെ കാൽച്ചുവട്ടിൽ വച്ചു. അവൾ അതിനെയും എന്നെയും മാറിമാറി നോക്കി.

അത്രയും നേരം ഞാൻ ഒളിപ്പിച്ചുവച്ച കരച്ചിൽ ‘മേഹ്' എന്നൊരലർച്ചയോടെ പുറത്തുവന്നു. അവളുടേത് അതിനേക്കാൾ നിശ്ശബ്ദമായിരുന്നു.

ആ മൂങ്ങാച്ചേരി അതിരിൽ വീണ്ടുമൊരു പച്ചപ്പൊരുക്കി.

അതിനു മറവിൽ പരുങ്ങിയെത്തിയിരുന്ന ആ ചെറുപ്പക്കാരന്റെ നിഷ്‌കളങ്കമായ മുഖം തന്നെയാണോ ഇന്ന് ഓമനയക്കനു നേർക്കെന്റെ പ്രാണനും യാചിച്ചുകൊണ്ട് നിൽക്കുന്നതെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല.

​ചിത്രീകരണം: കെ സുധീഷ്ചിത്രീകരണം: കെ സുധീഷ്

കഴിഞ്ഞൊരാഴ്‌ചകൊണ്ട് പറിച്ചെടുത്ത കാപ്പിക്കുരുക്കൾ മിറ്റത്തുണക്കാൻ ഇടുന്നതിനിടയിലായിരുന്നു അവിചാരിതമായി അയാൾ കയറിവന്നത്.

"ഓമനപ്പെണ്ണേ... ഓമനപ്പെണ്ണേ...’

വളരെ മധുരിതമായ ശബ്ദത്തിൽ അയാൾ നീട്ടിവിളിച്ചു.

"എന്തോ’ എന്ന് വിളികേട്ടുംകൊണ്ടവൾ കാപ്പിക്കുരു പെറുക്കിയ കുട്ടയും മറച്ചോടുമ്പോൾ അന്നാദ്യമായി കിട്ടിയ വിയറ്റ്നാമി പ്ലാവിന്റെ മധുരം തോന്നുന്ന തളിരിലകൾ മക്കിട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.

മൂങ്ങാച്ചേരിയുടെ ചുവട്ടിലേക്ക് അവൻ അവളെ നോട്ടംകൊണ്ട് ക്ഷണിച്ചു.

"ഇപ്പോ നടന്നാ നടന്നു...’

ഓമനയുടെ കൃതാവിലെ ചെളിപുരണ്ട വിയർപ്പ് തടവിക്കൊണ്ടയാൾ പറഞ്ഞു.

"അപ്പോ ഇത്തിരിച്ചേയിക്ക് അപകടം പറ്റിയെന്ന് നാട്ടുകാര് പറയുന്നതൊള്ളതാണോ?’

"ഉം’

"അയ്യോ’

"അയ്യോ... പൊത്തോന്നൊന്നും വെച്ചിട്ട് കാര്യമില്ല. ഒരു പതിനായിരം വട്ടം പറഞ്ഞിട്ടൊള്ളതാ, നേരം കെട്ട നേരത്ത് പൊറത്തിറങ്ങരുതെന്ന്.’

"അപ്പോ വീടിനടുത്തൂന്ന് തന്നെയായിരുന്നല്ലേ...’

"വോ... ഇല്ലേ മഞ്ഞള് നട്ടിട്ടൊണ്ടല്ലാ, അവടെന്നാരുന്നു.’

"അപ്പോ ഇച്ചേയിക്കിപ്പൊ നടക്കാറായല്ലെ...’

"എവടന്ന്... എത്ര പറഞ്ഞാലും കേക്കൂല്ല... കെടപ്പാണേലും ഇപ്പഴും മുള്ളാനും വെളിക്കിരിക്കാനും മോനെ കൂട്ടുവിളിക്കണത് യെന്തോ കൊറച്ചിലാണ് പോലും.’

ഓമനയക്കൻ താടിക്ക് കൈയും കൊടുത്തു സ്റ്റീഫൻ പറയുന്നത് കേട്ടുനിന്നു.

"കഴിഞ്ഞ ഓണക്കാലത്തു നട്ട മഞ്ഞളാ... തിരിഞ്ഞു നോക്കാതെ നിർത്തിയതുകൊണ്ട് ആള് പൊക്കത്തിലാ എല വളർന്നു നിക്കുന്നെ... പൊടിത്തലപ്പ് എളകുന്നത് കണ്ട് ഏന്തിവലിഞ്ഞ് എത്തിനോക്കാൻ ചെന്നതാ... കുരുന്നെലകളെ വകഞ്ഞു മാറ്റി മുഷിഞ്ഞ മഞ്ഞക്കമ്പിളി പോലൊരു രൂപം ചാടി വീണതേ ഓർമയുള്ളൂ.

പൊറോം കഴുത്തും പേന കൊണ്ട് കുത്തിവരയ്‌ക്കും പോലെയാ മാന്തിക്കീറിയത്... നല്ല ഒന്നാന്തരം പുള്ളിപ്പുലി... എന്തോ ഭാഗ്യത്തിനാ ഉയിരെങ്കിലും ബാക്കിവന്നത്.’

"അതിപ്പോ വയ്യായ്കയാണെങ്കിലും സൊന്തം മോന്റടുത്ത് ഇങ്ങനൊക്കെ പറയാൻ ആർക്കാണേലും മടികാണത്തില്ലേ...’

"എന്നുവച്ചാ കാര്യം നടക്കോ... വയ്യാണ്ടായാ ഇങ്ങനത്തെ വാശിയൊക്കെ ഇച്ചിരി അഹങ്കാരാ...’

"അങ്ങനെയാണോ...?’

സ്റ്റീഫനെ കുഴക്കുന്ന മട്ടിൽ നേർത്തൊരു ചിരിയോടെ ഓമന ചോദിച്ചു.

"പിന്നല്ലാതെ...’

അതു കേട്ടതും അവൾ വല്ലാതെ പൊട്ടിച്ചിരിച്ചു.

"എന്നെ... കളിയാക്കുവാണോ?’

അതുവരെ പൊന്തിനിന്ന ആവേശത്തിനു പകരം നിറഞ്ഞ ഒരു നാണം വന്ന് അവന്റെ മുഖമാകമാനം വികൃതമാക്കി.

"ഏയ്... ഞാനങ്ങനെ പറയോ... അതും ഇത്തിരിച്ചേയിക്ക് ഇങ്ങനൊരു മേലായ്ക പെണഞ്ഞിരിക്കുമ്പോ...’

അതും പറഞ്ഞവളൊന്ന് മുഖം വെട്ടിച്ചതൊരു തുരുമ്പിച്ച തകരപ്പാട്ടയിലേക്കാണ്.

‘പതിമൂന്നര സെന്റ് സ്ഥലവും വാർക്കവീടും വിൽപ്പനയ്‌ക്ക്‌' എന്നൊരു പരസ്യമായിരുന്നു അതിലൊടുക്കം ബാക്കിയുണ്ടായിരുന്നത്.

അതുറപ്പിച്ചതൊരു മൺകൂനയ്‌ക്ക്‌ മുകളിലായിരുന്നു. അതിനടിയൊന്ന് മാന്തിയാൽ പേറെടുക്കുംവഴി ജീവൻ പൊലിഞ്ഞ തള്ളയാടിന്റെ ഒന്നോ രണ്ടോ എല്ലിൻ കഷ്‌ണങ്ങൾ കാണാനാകും. അതിന് വശങ്ങളിൽ കുറച്ച് കൊല്ലങ്ങൾ കൂടി മാന്തിയാൽ കെട്ടിപ്പിടിച്ചുറങ്ങുന്ന ഓമനയുടെ അപ്പനേയും അമ്മയേയും കാണാം.

അതുണ്ടാക്കിച്ചത് അവളുടെ അപ്പൻ വറുഗീസാണ്. അമ്മ സുറീനയ്‌ക്കു വേണ്ടിയായിരുന്നു അങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അവരുടെ ആകെയുള്ള മുതൽ...

പക്ഷേ വസ്‌തുക്കച്ചോടം അത്ര എളുപ്പത്തിൽ നടന്നില്ല.

ഓമനയുടെ വീടിനപ്പുറം സദാ മിഴിച്ചുനിൽക്കുന്ന ഇരുട്ടിൽനിന്നും ഇഴഞ്ഞടുക്കുന്ന പാമ്പുകളെയോ പാഞ്ഞടുക്കുന്ന പന്നികളെയോ പേടിക്കാത്തവർക്കു മാത്രമേ അങ്ങനൊരു കച്ചവടത്തിന് മുന്നിട്ടിറങ്ങാൻ ധൈര്യമുണ്ടാവൂ.

വറുഗീസ് ഒത്തിരി അലഞ്ഞതിന് ശേഷമാണ് വിലയൽപ്പം കുറച്ചിട്ടാണെങ്കിലും പ്ലാമുടിക്കവലയിൽ ഓട്ടോയോടിക്കുന്ന സുരേഷ് വസ്‌തു വാങ്ങാമെന്നേറ്റത്.


ഇതിനെല്ലാം പുറമേ പ്ലാമൂടി കവലമുതൽ കോട്ടപ്പടിവരെ വിലസി നടക്കുന്ന മറ്റൊരു പ്രശ്നമുണ്ട്; ആരെയും കൂസാത്ത സഹ്യപുത്രന്മാർ. പതഗിരിയിൽ മരക്കറ പൂശി കാട് ചുറ്റുന്ന കാട്ടാനക്കൂട്ടം പ്ലാമൂടിയിലുള്ളവർക്ക് അസാധാരണമായ കാഴ്‌ചയല്ല. അവർ ആർക്കും ശല്യമുണ്ടാക്കാതെ ഓമനയുടെ പറമ്പ് ചാടി സുരേഷിന്റെയും ലെനിനപ്പന്റെയും പറമ്പിലൂടെ വഴിയിലേക്കിറങ്ങി കല്ലുളി കടന്ന് കണ്ണക്കട ജങ്‌ഷനിലൂടെ പെരിയാറിലേക്കിറങ്ങും.

അതാരും മൈൻഡ് ചെയ്യാറില്ല. തിന്നത് ദഹിപ്പിക്കാനൊരു നടത്തം... അത്രേയുള്ളൂ. ഇതിനിടയിൽ അസമയത്ത് മുള്ളാനിറങ്ങുന്നവർക്കും ചെറ്റപൊക്കാനിറങ്ങുന്നവർക്കും മാത്രമേ ഇച്ചിരി പ്രശ്നമായിട്ടുള്ളൂ.

അന്ന് എന്റെ അമ്മയാടായിരുന്നു ആ കുടുംബത്തിന്റെ വരുമാനം നിയന്ത്രിച്ചിരുന്നത്. ആറുമണിയാവുമ്പോഴേക്കും അമ്മയെ ചായപ്പിലാക്കി അത്താഴോം കഴിച്ച് വറുഗീസും സുറീനേം ഒറങ്ങാൻ കിടക്കും. പിന്നെ അതിന് വെള്ളം കൊടുക്കേണ്ടതും പുളുക്ക കോരേണ്ടതും ഓമനയുടെ ജോലിയാണ്.

ഇക്കാലത്താണ് അമ്മയുടെ ഗർഭാശയം എന്നെക്കുറിച്ച് ഒരന്തിമ തീരുമാനത്തിൽ എത്തുന്നത്. അന്നൊക്കെ ഓരോ രാത്രിയും അവൾ ആ വയർ തലോടിനോക്കുമ്പോൾ കവിളിൽ ഉമ്മ വയ്‌ക്കുന്നതുപോലൊരു അനുഭൂതിയിൽ ഞാൻ ഇളകുമായിരുന്നു.

അക്കാലത്തു തന്നെയാണ് സ്റ്റീഫനും ഓമനയുടെ മനസ്സിൽ വേരാഴ്‌ത്തിത്തുടങ്ങുന്നത്. എനിക്ക് മുമ്പ്‌ ജനിച്ചതുങ്ങളെയും എന്റച്ഛനേയും അപ്പൂപ്പനേയുമെല്ലാം ഏതൊക്കെയോ കശാപ്പുകാർക്ക് തീറാക്കിയതിന് ഇടനില നിന്നത് സ്റ്റീഫന്റെ അച്ഛൻ ലെനിനപ്പനാണ്.

അക്കാലത്ത് കൂടെക്കൂടെ അയാൾ വീട്ടിൽ വരുമായിരുന്നു. അയാളുടെ കൂടെ സ്റ്റീഫനും. ലെനിനപ്പനെ അപേക്ഷിച്ചു വളരെ സൗമ്യമായിരുന്ന സ്റ്റീഫന്റെ മുഖം എല്ലാവരെയും പെട്ടെന്ന് ആകർഷിക്കുമായിരുന്നു. അന്നവന്റെ നനുത്ത പൊടിമീശയിൽ കറുത്ത നിറം പിടിച്ചു തുടങ്ങുന്നതേയുള്ളൂ. അതിൽ പ്രകാശം തട്ടുമ്പോൾ അവ നല്ല ഇളം ചെമ്പ് നിറത്തിൽ തിളങ്ങുമായിരുന്നു. അത് നേരം മറന്നു നോക്കി നിൽക്കാൻ ഓമനയ്‌ക്ക്‌ വളരെ ഇഷ്ടമാണ്. വറുഗീസും സുറീനയും എന്തുകൊണ്ടോ അത് കണ്ടില്ലെന്ന് നടിച്ചു.

അതിന്റെ ഫലം ലെനിനപ്പൻ മുതലെടുത്തത് വയറ്റിൽ ഉറങ്ങിക്കിടക്കുന്ന എന്നെയും ചേർത്ത് അമ്മയെ കച്ചവടമുറപ്പിച്ചുകൊണ്ടായിരുന്നു. ചായപ്പിൽനിന്ന് അവസാനത്തെ പുളുക്കയും വെള്ളമൊഴിച്ച് കഴുകി കയറോടുകൂടി അമ്മയെ ലെനിനപ്പൻ ഏറ്റുവാങ്ങുമ്പോൾ ഓമനയെ ബുദ്ധിപൂർവം ചുള്ളി പെറുക്കാൻ പറഞ്ഞുവിട്ടിരിക്കുകയായിരുന്നു.

നിലവിളികേട്ട് അവൾ പറന്നെത്തിയപ്പോഴേക്കും ലെനിനപ്പൻ ആടിനെയും തോളിൽവച്ച് ഇതിനകം വളരെ ദൂരം ചെന്നെത്തിയിരുന്നു.

"അപ്പൻ ഇതെന്നാ ചെറ്റത്തരാ ഈ കാണിച്ചേ...’

ഓമനയുടെ അലർച്ചയിൽ പാതിവഴി പിന്നിട്ട ലെനിനപ്പൻ പോലും ഞെട്ടി തിരിഞ്ഞുനോക്കി.

"അതിന്റെ പള്ളേലൊണ്ടെന്നറിയാല്ലോ... അതും കൂടെ വിറ്റ് തിന്നാമ്മാത്രം എന്ത് വയ്യായ്കയാ നമ്മക്കൊള്ളത്...’

​ചിത്രീകരണം: കെ സുധീഷ്ചിത്രീകരണം: കെ സുധീഷ്

മിണ്ടാപ്രാണിയെ പോലെ നാവനക്കാതെ ജീവിച്ചിരുന്ന ഓമന അത്രയും ഉച്ചത്തിൽ ഗൗരവമായൊരു ചോദ്യമുന്നയിച്ചത് വറുഗീസിനെയും സുറീനയേയും തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. അവർ തർക്കിക്കാൻ നിന്നില്ല.

‘മറുപടി പറയാനിഷ്‌ടമല്ലാത്തപ്പോൾ മറുപടിയില്ലെന്ന് തെറ്റിദ്ധരിപ്പിച്ചാലും മതിയാകും.’

പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ ഓമനയും തയ്യാറായിരുന്നില്ല.

"അപ്പനതിനെ വിളിച്ചോണ്ട് വന്നില്ലെങ്കി ദൈവത്താണേ, ഒരിറ്റ് വെള്ളം ഈ തൊണ്ടേക്കൂടെ എറങ്ങൂന്ന് വിചാരിക്കണ്ട.’

ഓമനയുടെ പറച്ചിൽ രണ്ടും കൽപ്പിച്ചുള്ളതായിരുന്നു.

ലെനിനപ്പൻ വാങ്ങിയ ആടുകളെ രണ്ടുദിവസം വീട്ടിൽ നിർത്തി കാടിയും പിണ്ണാക്കും ചോളത്തവിടും കൊടുത്ത് പുഷ്ടിപ്പെടുത്തിയതിന് ശേഷമേ വിൽക്കാറുള്ളൂ. കയ്യോടെ ചെന്നാൽ ചിലപ്പോൾ അതിനെ കിട്ടിയെന്ന് വരും.

സുറീന പറഞ്ഞപ്പോൾ അത് ശരിയാണെന്ന് വറുഗീസിനും തോന്നി.

എങ്കിലും വിറ്റ മുതൽ തിരിച്ചു മേടിക്കുന്നതിലും വലിയൊരു നാണക്കേട്...

ഓമന ഉള്ളാലെ ഉറപ്പിച്ച മട്ട് കാണുമ്പോൾ നാണവും നാണക്കേടും നോക്കിയിരുന്നിട്ട് കാര്യമില്ല.

നാണംകൊണ്ട് തൊലിയുരിഞ്ഞ ശരീരത്തെ മുഷിഞ്ഞൊരു കൈലിയിൽ പൊതിഞ്ഞ്, ഇപ്പോ വരാമെന്ന് ഒരു തണുപ്പൻ മട്ടിലെ പ്രസ്‌താവനയും നടത്തി അയാൾ വീടുവിട്ടിറങ്ങുമ്പോൾ അകലെ മാറിനിന്ന ഓമന ഇറയത്തേക്കോടിയെത്തി ഇറങ്ങാൻ നിൽക്കുന്ന അപ്പന്റെ കവിളിൽ ഒരുമ്മയും നൽകിയാണ് യാത്രയാക്കിയത്.

നടവഴിയിലെ വിരുതൻ പുല്ലുകൾ ഒരു മുൾച്ചെടി പോലെ അയാളുടെ അഭിമാനത്തിലേക്ക് കുത്തിയിറങ്ങിക്കൊണ്ടിരുന്നു.

ലെനിനപ്പനോട് എന്ത് കാരണം പറഞ്ഞാലാണ് അയാൾ മുറുമുറുപ്പുകൾ ഏതുമില്ലാതെ ആടിനെ തിരിച്ചു തരിക എന്ന് വറുഗീസ് ചിന്തിച്ചുകൊണ്ടിരുന്നു.

ഓമനയുടെ കാര്യം പറഞ്ഞാൽ വീട്ടിലെ പെണ്ണുങ്ങളുടെ പേച്ചിന് ചെവി കൊടുത്ത് തരാതരത്തിന് വാക്ക് മാറ്റുന്നവനെ ഇനിമേലിൽ അയാൾ വകവയ്‌ക്കില്ല. ഇന്നല്ലെങ്കിൽ നാളെ അത് ഒരു കുറച്ചിലായിത്തന്നെ വരും.

ലെനിനപ്പന്റെ വീട്ടിലിരുന്ന് ആട് ഏങ്ങലടിക്കുന്നത് വറുഗീസിന്റ ഉമ്മറംവരെ കേൾക്കാം.

നാണക്കേടാണെന്ന് പറഞ്ഞാലും ഓമന തീരുമാനിച്ചു കഴിഞ്ഞു. തൽക്കാലം അത് തന്നെ കാരണം പറയാമെന്നുറപ്പിച്ച് വറുഗീസ് ലെനിനപ്പന്റെ വീട്ടിലേക്ക് കയറി.

അശയിൽ ഈർപ്പം നിലച്ചു തരിശായ തുണികളിൽ യഥേഷ്ടം കാഷ്ഠിക്കുന്ന കാക്കകളുടെ സാന്നിധ്യം ഇത്തിരിപ്പെണ്ണും സ്റ്റീഫനും വീട്ടിലില്ലെന്ന് അടയാളപ്പെടുത്തി.

ലെനിനപ്പന്റെ ചെരിപ്പ് മാത്രം പടിക്കെട്ടിനു താഴെ ഗുണനചിഹ്നത്തിൽ അലസമായി കിടന്നു.

ആടിന്റെ മുരൾച്ച അസഹ്യമായി കാത് തുളപ്പിച്ചുകൊണ്ടിരുന്നു. വിൽക്കുന്നതിനു മുമ്പ് തൂക്കം കൂട്ടുന്ന ചില ടെക്‌നിക്കുകൾ ഉണ്ട്. അതുകഴിഞ്ഞാൽ പിന്നെ ഇറച്ചിപ്പരുവത്തിന് മാത്രമേ കൊള്ളൂ.

വിളിച്ചിട്ട് കേൾക്കാഞ്ഞ് വറുഗീസ് വാതിലിൽ പതിയെ മുട്ടിനോക്കി. മറുപടിയൊന്നും കാണാഞ്ഞപ്പോൾ ചാരിയിട്ട വാതിൽ നേരിയതായൊന്ന് തള്ളി.

തുറന്ന വഴിതന്നെ ആട് അതിന്റെ സർവശക്തിയുമെടുത്ത് ‘മേ'യെന്നൊരു കരച്ചിൽ തൊണ്ട പൊട്ടുമാറുച്ചത്തിൽ തൊടുത്തുവിട്ടു. അതിൽ നെഞ്ചുപതറിയ വറുഗീസ് ലെനിനപ്പനെ ദയനീയമായി നോക്കിയതും വിവസ്‌ത്രമായ അടിവയറിനെ നിലത്ത് കിടന്ന തുണികൊണ്ട് അയാൾ മറച്ചുപിടിച്ചു.

രണ്ടു മനുഷ്യ ബിന്ദുക്കൾക്കിടയിലെ അസ്വാഭാവികമായ നിശ്ശബ്ദതയിൽ ആ നാൽക്കാലി വേദനകൊണ്ട് ഉച്ചത്തിൽ കരഞ്ഞു.


വറുഗീസ് ക്ഷണനേരംകൊണ്ട് മുന്നോട്ടാഞ്ഞു. ലെനിനപ്പന്റെ അരക്കെട്ടിൽ ആകെ ഉണ്ടായിരുന്ന തുണിക്കഷ്‌ണം വറുഗീസിന്റെ വിരലുകളിൽ ചുറ്റിപ്പിടിച്ചു. ഒരിക്കൽക്കൂടി നഗ്നനായ അയാൾക്ക് ഇത്തവണ നാണം തോന്നിയില്ല. തന്റെ ആനന്ദ നിമിഷത്തിൽ വലിഞ്ഞുകയറിവന്ന വറുഗീസിനെ അയാൾ കുറ്റാരോപണത്തിന്റെ ചുവയോടെ നോക്കി.

ആ നോട്ടം അനാവശ്യമായ ഒരു ചോദ്യം ഉന്നയിക്കും മുമ്പ് വലിച്ചെടുത്ത തുണികൊണ്ട് ആടിനെ പൊതിഞ്ഞുകെട്ടിയ വറുഗീസ് ലെനിനപ്പനെ തനിച്ചാക്കി മുറിക്ക് പുറത്ത് കടന്നു. തിരികെ മടങ്ങുംവഴി പാതി ദൂരത്തിൽ കണ്ട ഇത്തിരിപ്പെണ്ണിനും സ്റ്റീഫനും മുഖം കൊടുക്കാതെ വറുഗീസ് വീട്ടിലേക്ക് നടന്നു.

ഇറയത്തെ കാത്തിരിപ്പിൽ നേരം മടുത്ത ഓമന പാവാടത്തുമ്പിലെ പിഞ്ചിയ നൂൽ ചുരുട്ടിക്കൊണ്ടങ്ങനെ ഉറക്കത്തിലേക്കലിഞ്ഞു തുടങ്ങിയിരുന്നു. അവളെ അറിയിക്കാതെ വറുഗീസ് ചായപ്പിലേക്കൊരു പലഹാരക്കഷ്‌ണം പോലെ ഒളിപ്പിച്ച് ആ ജീവിയെ കൊണ്ടെത്തിച്ചെങ്കിലും കയ്യൊഴിഞ്ഞ് അതിനെ തറയിൽ ഇരുത്തുന്നതിനിടയിൽ മുമ്പെപ്പോഴോ ഒതുക്കിവെച്ച കൈക്കോട്ടിൽ അവളുടെ പിൻഭാഗമുരഞ്ഞപ്പോൾ പലകുറി പ്രാണൻ ഉടലൊഴിഞ്ഞ് ഒളിച്ചോടുന്നതിനു സമാനമായ വേദനയിൽ അതൊന്നുകൂടി അലറി. ആ ശബ്ദം ദുസ്വപ്‌നത്തിലെ വേദന പോലെ ഓമനയെ നുള്ളിയുണർത്തി.

"അവള് വന്നോ...?’

ഒറ്റക്കുതിപ്പിൽ ഇരിപ്പിടവും മറന്ന് ഇറയവും കഴിഞ്ഞ് ഊണുമുറി കടന്ന് ചായപ്പിന്റെ വാതിൽക്കൽ വരെ അവൾ പറന്നെത്തി.

കാഴ്‌ചയിൽ ഒരു മിന്നാട്ടം പോലെ ആ നാൽക്കാലിയുടെ മുഖം മുന്നിൽ തെളിഞ്ഞടുത്ത നിമിഷം തന്നെ കത്രികക്കാലിൽ കടലാസ് ചേരും പോലെ തന്റെ കൈകൾ കൊണ്ട് വറുഗീസ് ഓമനയെ തടഞ്ഞു പിടച്ചു.

"അയ്യയ്യേ... എങ്ങോട്ടാ. അതിന്റെ വയറ്റിലൊള്ളത് പൊറത്തേക്ക് വന്നോണ്ടിരിക്കാ. ഇത്തിരി നേരം കൂടി കാക്ക്...’

ഓമന വറുഗീസിന്റെ കക്ഷത്തിനിടയിലൂടെ പാളി നോക്കി. അതിന്റെ പിന്നിലൂടെ ഇറ്റിറ്റായി കിനിയുന്ന ചോര ഇപ്പോൾ ഒരു ചാലു പോലെയായിട്ടുണ്ട്.

"മോള് വിഷമിക്കണ്ട... വിക്കാൻ വെച്ചതുകൊണ്ട് ലെനിനപ്പൻ എന്തോ മരുന്നുകളൊക്കെ കൊടുത്തിട്ടുണ്ട്. അതാണ് പേറിത്ര നേരത്തെ ആയത്.’

ഓമനയുടെ കൈപ്പേറിയ കാഴ്‌ചവട്ടത്ത് വരാനിരിക്കുന്ന ഒരു പിറവിയുടെ മധുരിതമായ കാഴ്‌ചകൾ തലപൊക്കിത്തുടങ്ങിയിരുന്നു.

"മോൾ അവിടെപ്പോയിരി... ഇത് ആവുമ്പോൾ അപ്പൻ വിളിക്കാം...’ മനസ്സില്ലാ മനസ്സോടെയാണെങ്കിലും വറുഗീസിന്റെ വാക്കുകൾ വിശ്വസിച്ച് ഒരു വിളിപ്പാടകലെ അവൾ നേർത്തൊരു കരച്ചിലിനായി കാത്തിരുന്നു.

അതിനിടയിലെപ്പോഴോ കണ്ണുകളടഞ്ഞ് തുടങ്ങിയ ഓമന സുറീനയുടെ വെപ്രാളം പിടിച്ചുള്ള ഓട്ടം കണ്ടാണ് എഴുന്നേറ്റത്.

"വേഗം ഒരു തുണി എടുക്ക്’, സുറീന വിളിച്ചുപറഞ്ഞു.

ഓമന തുണിയെടുത്തുകൊണ്ട് പാഞ്ഞെത്തിയപ്പോഴേക്കും കുഞ്ഞിപ്പെണ്ണ് അവളുടെ കൈകളിലേക്ക് വീണിരുന്നു.

കുഞ്ഞിപ്പെണ്ണിന്റെ മുഖത്തെ തുടുപ്പ് കണ്ടിട്ടാവണം അവളുടെ അമ്മയും കൂടെപ്പിറപ്പുങ്ങളും ഈ ലോകത്തൂന്ന് പോയ കാര്യംതന്നെ ഓമന ശ്രദ്ധിക്കാൻ മറന്നു പോയി.

വറുഗീസ് അപ്പുറത്ത് കുഴിയെടുക്കുമ്പോൾ, കുഞ്ഞിപ്പെണ്ണിനെ തലോടിക്കൊണ്ട് കണ്ണീർ വാർത്തിരുന്ന ഓമനയെ കാണാൻ സ്റ്റീഫൻ വന്നിരുന്നു.

പിന്നെന്തോ വറുഗീസ് ആ ബന്ധത്തെ പ്രോത്സാഹിപ്പിച്ചില്ല. ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു പിന്നീടവരുടെ കണ്ടുമുട്ടൽ.

കുറച്ചുകൂടി കഷ്ടത്തിലായിരുന്നു ലെനിനപ്പന്റെ മാനസികാവസ്ഥ. പുറമേ നടക്കുമ്പോൾ എതിരെ നിൽക്കുന്ന ആരും ഒരു പിടി പ്ലാവില തനിക്ക് നേരെ നീട്ടുന്നത് പോലെ ഒരു അപഹർഷത അയാളിൽ നിരന്തരം പിറുപിറുത്തുകൊണ്ടിരുന്നു.

വറുഗീസ് തന്നെ ചതിച്ചിട്ടുണ്ടാവുമോ എന്നൊരു തോന്നൽ അനുനിമിഷം അയാളിൽ പതിയിരുന്ന് വിഷയമ്പെയ്‌തുകൊണ്ടിരുന്നു.

അന്നേരമാണ് സുറീനയുടെ ചികിത്സയ്‌ക്കായി വീടും പുരയിടവും വിൽക്കാൻ വറുഗീസ് ഒരുങ്ങുന്നത്.

കാര്യങ്ങൾ ഒരു വിധത്തിൽ തരപ്പെടുത്തുമ്പോഴാണ് അതുവരെ നേരിയ തോതിൽ മാത്രമുണ്ടായിരുന്ന ആനശല്യം ആളെക്കൊല്ലിയാകുന്ന വിധത്തിൽ രൂക്ഷമാകുന്നത്. അതോടെ ഓട്ടോ സുരേഷും കാലുമാറി.

അവറ്റകളുടെ നിരന്തരമായ സഞ്ചാരത്താൽ വറുഗീസിന്റെ വീട്ടിലൂടെ പുതിയൊരു ആനത്താര തന്നെ സൃഷ്ടിക്കപ്പെട്ടു. രാവിലെ കുഴപ്പമില്ല, ഇരുട്ട് മൂടിക്കഴിഞ്ഞാൽ കയ്യാല കുത്തിത്തുരന്നെത്തുന്ന കാട്ടാനകൾ തേരാ പാരാ വിലസി നടക്കും. പിഴുത് തിന്നാൻ കനമുള്ളതൊന്നും കിട്ടിയില്ലെങ്കിൽ പച്ചപ്ലാവിന്റെ തോല് ചീന്തി ചവച്ചു തുപ്പും. അപ്പുറത്തെ റബർ തോട്ടം ഒരു ആനപ്രസവത്തിന് കൂടി സാക്ഷ്യം വഹിച്ചതോടെ അതൊന്നുകൂടി രൂക്ഷമായി.

അങ്ങനെയിരിക്കെ നട്ടപ്പാതിരയ്‌ക്കൊരു മൂപ്പ് കയറി വെട്ടരിവാളും ടോർച്ചും ഏറ്പടക്കവും കൊണ്ട് വറുഗീസ് ചാടിയിറങ്ങി. ചുറ്റുപാടും കേട്ട ആനക്കൊലവിളികളിലേക്ക് അയാൾ വെളിച്ചം വീശിനോക്കി. ഒരു നിശ്വാസത്തിന്റെ അകലത്തെവിടെയോ മരണം മദിച്ചു നിൽപ്പുണ്ട്. അയാൾ ചുറ്റും ടോർച്ചടിച്ചു. ആ വെളിച്ചം മറ്റൊരു ഹിംസ്രജീവിയുടെ ശരീരത്തിൽ തട്ടി പ്രതിഫലിച്ചു. അതൊരു മനുഷ്യനായിരുന്നു.

തലച്ചുമടായി കരുതിയ പഴത്തൊലിയും ചക്കമടലും വലിച്ചെറിഞ്ഞുകൊണ്ട് അയാൾ തിരിഞ്ഞോടി. ലെനിനപ്പന്റെ വീട്ടിൽ മാത്രമായിരുന്നു ചക്ക വിളഞ്ഞു നിന്നിരുന്നത്. എങ്കിലും അയാളാണ് ഈ ആനപ്പകയ്‌ക്ക്‌ വഴിയൊരുക്കിയ സൂത്രധാരനെന്ന് വിശ്വസിക്കാൻ വറുഗീസിനപ്പോഴും കഴിഞ്ഞിരുന്നില്ല.

ലെനിനപ്പന് പിറകെ ഓടിയ അയാൾക്ക് ചാക്കാലക്കലി കൊടുംപിരി കൊണ്ടിരുന്നു.

ലെനിനപ്പൻ മുന്നിൽ മരണപ്പാച്ചിൽ പാഞ്ഞു.

പാഅയാൾ വീട്ടിലേക്ക് ചാടിയൊളിക്കാൻ ഒരുങ്ങുകയാണെന്ന് മനസ്സിലാക്കിയ വറുഗീസിന്റെ കയ്യിലെ വെട്ടരിവാൾ ഒരു ബൂമറാങ്ങായി രൂപാന്തരപ്പെട്ടു. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ അത് ലെനിനപ്പന്റെ കുഞ്ചി രോമത്തിലുരഞ്ഞ് കടന്നുപോയി.

എന്നാൽ പരാജയം സമ്മതിച്ചുകൊടുക്കാൻ ആ ലോഹക്കഷ്‌ണം തയ്യാറായിരുന്നില്ല. ചുവരിലും കട്ടളയിലും തട്ടിമറിഞ്ഞ് അത് അച്ഛനെ കാത്തിരുന്ന സ്റ്റീഫന്റെ ശരീരത്തിലേക്ക് പൂർവാധികം വിദ്വേഷത്തോടെ തുളച്ചു കയറി.

ആളപായമുണ്ടായില്ലെങ്കിലും അന്നുമുതൽ ഇത്തിരിപ്പെണ്ണിന്റെ ഏറ്റവും വലിയ ശത്രു വറുഗീസും കുടുംബവുമാണ്.

മലമ്പനി ബാധിച്ച് ലെനിനപ്പൻ പോയിട്ടും ആ പകയ്‌ക്ക്‌ തെല്ലും കുറവുണ്ടായില്ല. എങ്കിലും ഓമനയോടുള്ള ഇഷ്ടത്തിന് സ്റ്റീഫനും കുറവുണ്ടായിരുന്നില്ല. ഇലത്തളിർപ്പുകൾക്കും വള്ളിപ്പടർപ്പുകൾക്കും മറവിൽ അവർ തങ്ങളുടേതായ വസന്തം സൃഷ്ടിച്ചു. സ്‌നേഹത്തിന്റെ അത്യുന്നതങ്ങളിൽ അവൾ നിർമലമായൊരു പൂവായ് വിരിയും. അന്നേരം അവൻ ഒരു പൂമ്പാറ്റയായി മാറും. ഇപ്പോഴും കെട്ടാതെ നിക്കുന്നതുകൊണ്ട് നാട്ടുകാരും അങ്ങനെത്തന്നെയാണയാളെ വിളിക്കുന്നത്.

ഇത്തിരിപ്പെണ്ണ് കിടപ്പിലായതോടെ സ്റ്റീഫന്റെ വരവുപോക്ക് അൽപ്പം പരുങ്ങലിലായി.

‘ചത്താലും ഓമനയെ ഈ വീട്ടിൽ വാഴിക്കില്ലെന്ന് ഇത്തിരിപ്പെണ്ണും ഓമന അല്ലാതൊരുത്തിയെ കെട്ടിയോളായി പൊറുപ്പിക്കില്ലെന്ന് സ്റ്റീഫനും കട്ടായം നിന്നു.'

ഇതിനിടയിൽ സുറീനയുടെ അസുഖത്തിനൊരു പോംവഴി ഒക്കാതിരുന്ന സമയം വറുഗീസാ കടുംകൈ ചെയ്‌തു. അന്നൊരു സാധാരണ ദിവസം തന്നെയായിരുന്നു. വൈകുന്നേരം കണ്ണക്കടയിൽ ചുള്ളി പെറുക്കാൻ പോയ സ്റ്റീഫൻ കൊണ്ടുവന്ന മൂട്ടിപ്പഴങ്ങൾ വയറു നിറയെ കഴിച്ച് ഓമന നേരത്തെ ഉറങ്ങി. അവളെ കൂടെ കൂട്ടാതെ അന്ത്യ അത്താഴവും കഴിഞ്ഞ് വറുഗീസും സുറീനയും എന്നെന്നേക്കുമായി ഉറങ്ങി.

അന്ന് തൊട്ട് ഇന്ന് വരെ ഇത്തിരിപ്പെണ്ണിന്റെ മനസ്സു മാറുന്നതും കാത്ത് ഓമനയും സ്റ്റീഫനും കാലം കഴിക്കുകയാണ്.

ഇപ്പോൾ ഇത്തിരിക്ക്‌ പറ്റിയിരിക്കുന്ന ഈ അപകടം ഒരുതരത്തിൽ അവർക്ക് ഒരനുഗ്രഹമാണ്.

അവരെ സഹായിച്ചത് ഓമനയാണെന്ന് അറിയുകയാണെങ്കിൽ ഒരുപക്ഷേ ഇത്തിരിയുടെ മനസ്സ് മാറിയേക്കാം. ആ സഹായത്തിനു വേണ്ടിയാണ് സ്റ്റീഫൻ വന്നിരിക്കുന്നത്.

അവർ ഒത്തിരി നേരം സംസാരിച്ചെങ്കിലും ഞാൻ കരുതിയിരുന്നത് പോലുള്ള ഒരു വിഷമം ഓമനയ്‌ക്ക്‌ എന്നെ പിരിയുന്നതിൽ ഉണ്ടായില്ല.

ചിത്രീകരണം: കെ സുധീഷ്ചിത്രീകരണം: കെ സുധീഷ്

അവൾ അവനെയും കൂട്ടി എന്റെ അരികിലേക്ക് വന്നു. മുളങ്കുറ്റിയിൽ മുറുക്കിക്കെട്ടിയ മഞ്ഞക്കയർ സ്റ്റീഫന്റെ കൈയിലേക്ക് വച്ചു കൊടുക്കുമ്പോൾ അവൾ ഒട്ടും പതറിയില്ല. ഞാൻ സർവശക്തിയുമെടുത്ത് ദയനീയമായി കരഞ്ഞു. അവൾ അത് കേൾക്കാതെ മുഖം തിരിച്ചു. ഞാൻ നടക്കാൻ കൂട്ടാക്കാതെ വീണ്ടും ഉച്ചത്തിൽ കരഞ്ഞു. സ്റ്റീഫൻ എന്റെ വയറിനടിയിലൂടെ കൈകൾ വട്ടം പിടിച്ചു. അവനെന്നെ എന്റെ ഇടത്തുനിന്നും പറിച്ചെടുത്തു. എങ്കിലും എനിക്ക് ഓമനയോട് ദേഷ്യം തോന്നിയില്ല.

‘ചിലപ്പോൾ... അല്ലെങ്കിൽ എല്ലായ്‌പ്പോഴും... ചിലർക്ക് സ്വയം തീരുമാനങ്ങളെടുക്കാൻ വിധി അവസരം നൽകാറില്ല.’

അവൻ എന്നെയും പറിച്ചെടുത്ത് മുന്നോട്ടു നടന്നു. പിന്നീട് ഞാൻ കരഞ്ഞില്ല. എന്തിനെയും നേരിടാൻ ഉള്ളുകൊണ്ടൊരൊരുക്കം ആവശ്യമാണെന്ന് തോന്നി. അതുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ പിന്നാലെ ഗമിക്കുന്ന കാലൊച്ച ഞാനറിഞ്ഞുകൊണ്ട് കേട്ടില്ലെന്ന് നടിച്ചു. സ്റ്റീഫൻ അവളുടെ കൺവെട്ടത്ത് നിന്ന് എത്രയും വേഗം എന്നെ കൊണ്ടുപോകാനായി നടത്തത്തിന്റെ വേഗത കൂട്ടി. ഇടവഴിയിലെവിടെയോ വച്ച് അവളെ എന്നെന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടു.


ഇത്തിരിപ്പെണ്ണിനെ ആക്രമിച്ച പുലിയ്‌ക്ക്‌ കെണിവയ്‌ക്കാൻ അവൾ തന്റെ എല്ലാമെല്ലാമായ ആടിനെ പൂർണ മനസ്സാലെ കൊടുത്തു എന്ന് പറഞ്ഞാൽത്തന്നെ ഇത്തിരിക്ക്‌ മനസ്സലിയും. അങ്ങനെ ഒരു കണക്കും മനസ്സിൽ കണ്ടുകൊണ്ടാണ് സ്റ്റീഫൻ നടക്കുന്നത്. ഇത്തരം ചില കണക്കുകൂട്ടലുകളാണ് അയാളെ എല്ലാക്കാലത്തും മറ്റുള്ളവരിൽനിന്നും വ്യത്യസ്‌തനാക്കുന്നത്.

പോകുംവഴി അടിക്കാടുകൾ നിറഞ്ഞ ഇടവഴിയോരത്ത് അയാളെന്നെ നിലത്തിറക്കി. എന്നിട്ട് ഒരൽപ്പം പിന്നോട്ടിറങ്ങി എന്നെ അടിമുടി വീക്ഷിച്ചു. ഒരു പെണ്ണുകാണലിലെന്നപോലെ സ്‌തബ്ധയായി ഞാൻ നിന്നുകൊടുത്തു. ഇപ്പോഴാണ് ഞാൻ അയാളുടെ മുഖം വ്യക്തമായി കാണുന്നത്. പഴയ വശ്യതയ്‌ക്ക്‌ പകരം ജീവിതം അവിടെ ഒരു പരുഷത സൃഷ്ടിച്ചിരിക്കുന്നു. അയാൾ എന്നെ തൊട്ടടുത്തുള്ള വേരിൽ ചേർത്തുകെട്ടി. എന്നിട്ട് ഉടുത്തിരുന്ന മുണ്ട് തുടയ്‌ക്കു മുകളിലേക്ക് മടക്കിക്കുത്തി. അടിവസ്‌ത്രത്തിനുള്ളിൽ നിന്നും വളരെ പാടുപെട്ട് അയാൾ തന്റെ ആൺകുറി തെരഞ്ഞെടുത്തു. ഒരു ദീർഘനിശ്വാസത്തോടെയും ഞെരിച്ചിലോടെയും അയാൾ ആ മരച്ചുവട്ടിലേക്ക് മൂത്രമൊഴിക്കാൻ തുടങ്ങി. കാലങ്ങൾക്കു മുമ്പെപ്പോഴോ ഒരരിവാൾമുന ചെത്തിയെടുത്ത മാംസത്തിന്റെ മുറിവ് അയാളുടെ ലിംഗത്തിൽ ഉണങ്ങാതെ അവശേഷിച്ചിരുന്നു. പെരുവിരൽ പിന്നെയും പിന്നെയും ഉയരത്തിൽ ഊന്നി അയാൾ ഉയരത്തിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്നു.

‘ആളുകൾ പറയുന്നത് വെറുതെയാണ്... അയാൾ ഒരു പൂമ്പാറ്റയല്ല… ആവാനൊക്കുകയുമില്ല.’

നിറയെ പുല്ലുള്ള ഇടങ്ങളിൽ മേയാൻ വിടുമ്പോൾ അവയിൽ ഏറ്റവും നല്ലതു മാത്രമേ ഞങ്ങൾ തെരഞ്ഞെടുക്കാറുള്ളൂ. അപ്പോൾ മനോഹരമായ ചില പൂവുകൾ കണ്ണിൽ പെടും... എന്നാലും അവയെ വേണ്ടെന്നു വയ്‌ക്കും.

കാരണം, ‘പൂമ്പാറ്റകളെക്കാൾ നശ്വരമാണ് പൂവുകളുടെ ജീവിതം.' അത് ഞാൻ ഓർക്കാഞ്ഞിട്ടല്ല... മറക്കാമെന്ന് കരുതിയതാണ്...

അന്ന് എല്ലാരും ഉറങ്ങിയ രാത്രി... ഓമനയുടെ അച്ഛനും അമ്മയും എന്നെന്നേക്കുമായി ഉറങ്ങിയ രാത്രിയിൽ വിഷപ്പൂമ്പൊടി പരാഗണം ചെയ്‌തൊരു മൃത്യുശലഭമായി അവൻ അടുക്കള ഭാഗത്തുനിന്നും പറന്നകലുന്നത് ഞാൻ കണ്ടതാണ്. അതെ... ഞാൻ മാത്രമാണാ കൃത്യത്തിനു സാക്ഷി.

ഒരു മുരൾച്ച കൊണ്ടുപോലും അതാരെയും അറിയിച്ചില്ല. അവൻ മാത്രം, ഇരുട്ടിന്റെ ശിഷ്ടം വന്നൊരു നുറുങ്ങു വെളിച്ചത്തിൽ എന്നെ കണ്ടിരുന്നു. അന്ന് അയാളുടെ മുഖത്തുണ്ടായിരുന്ന വിജയത്തിന്റെ ‘മൂർച്ഛ'യാണ് ഇന്നീയിടവഴിയിൽ അധിക ജലത്തെ വിരേചിക്കുമ്പോഴും കാണുന്നത്. ഇന്നീ പകൽകൊണ്ട് അയാൾ എല്ലാം ഇല്ലാതാക്കുന്നു.

‘മനുഷ്യർ അങ്ങനെയാണ്… അവർ ഭാഷയെക്കാൾ മൗനത്തെ ഭയപ്പെടുന്നു.’

അധികം യാത്രയില്ലാതെ എന്റെ മുന്നിലേക്ക് ഒരു ഇരുമ്പ് കൂട് പ്രത്യക്ഷപ്പെട്ടു. കരുത്തുറ്റ കമ്പികൾ കൊണ്ട് നിർമിച്ചിട്ടുള്ള രണ്ട് അറകൾ അതിനുണ്ടായിരുന്നു. ഒന്നാമത്തേതിൽ എനിക്കായുള്ള ചപ്പിലകൾ തൂക്കിയിരുന്നു. സ്റ്റീഫൻ എന്നെ അതിനകത്തേക്ക് കയറ്റി.

അതിനുമുമ്പ് അയാൾ ഒരു പാത്രത്തിൽ കുറച്ച് ദ്രാവകം കൊണ്ടുവന്നിരുന്നു. എന്റെ അകിട് മുതൽ നാവെത്താത്ത ഭാഗങ്ങളിലെല്ലാം അവ നന്നായി തേച്ചുപിടിപ്പിച്ചു.

ക്ഷണനേരം കൊണ്ട് അതിന്റെ അഴികൾ എന്നെ പൂട്ടി. രണ്ടാമത്തെ അറയിൽ ചോരമണം മാറാത്ത ഒരു ഇറച്ചിക്കഷ്‌ണവും അതിൽ ആ ദ്രാവകവും പുരട്ടിയിരുന്നു.

അയാളെ സഹായിക്കാൻ മറ്റു ചിലർ കൂടിയുണ്ടായിരുന്നെങ്കിലും പെട്ടെന്നുതന്നെ എല്ലാവരും പോയി. എന്നാൽ മറ്റാരും കാണാതെ സ്റ്റീഫൻ ഒന്നുകൂടി ചെയ്‌തിരുന്നു. കൂടിന്റെ അറകളെ വേർതിരിക്കുന്ന കമ്പിയുടെ പൂട്ട് അയാൾ അഴിച്ചുമാറ്റിയിരുന്നു. അതിനർഥം അതിനകത്ത് കടക്കുന്നതിനോടൊപ്പം ഞാനും എന്നെന്നേക്കുമായി ഇല്ലാതാകുമെന്നാണ്.

ഇങ്ങനെയൊന്ന് ഒരിക്കലും അയാൾ ഓമനയോട് പറഞ്ഞിട്ടുണ്ടാവില്ല. ഉണ്ടെങ്കിൽ ഒരിക്കലും അവൾ ഇതിന് സമ്മതിക്കുമായിരുന്നില്ല. അതെ... അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം.

അയാൾ എന്റെ ദേഹത്ത് പുരട്ടിയ ദ്രാവകത്തിന്റെ നീറ്റൽ അനുനിമിഷം കൂടിക്കൂടിവന്നു. എന്റെ അകിടുകൾ അറ്റ് നിലത്ത് വീഴും എന്ന പരുവത്തിൽ ഞാൻ വേദനിച്ചു. എത്രയൊക്കെ അമർത്തിപ്പിടിച്ചിട്ടും ഞാൻ കരഞ്ഞുപോയി. കാണിച്ചത് അബദ്ധമാണെന്നറിയാം... എങ്കിലും പിടിച്ചുനിൽക്കാൻ പറ്റിയില്ല.

ഇരുട്ടിന് കനം കൂടി വന്നു. സദാ ചിലച്ചുകൊണ്ടിരിക്കുന്ന കാട് മിണ്ടാൻ ഭയന്നു. കരിമരുന്നിന്റെയും മണ്ണെണ്ണയുടെയും മണം പേറിക്കൊണ്ടൊരു കാറ്റ് തകരപ്പാട്ടകളുടെയും പന്നിപ്പടക്കങ്ങളുടെയും ഇരമ്പലിനൊപ്പം അകലത്തൂടെ പോയ്‌മറഞ്ഞു.

വീണ്ടും ബാക്കിയായ വിജനതയിൽ കരിയിലകൾ പതിയെ ചവിട്ടി മെതിച്ചൊരു കാലടിയൊച്ച ഞാൻ കേട്ടു. എത്രയോ നാൾ എനിക്ക് സുപരിചിതമായിരുന്നൊരു ശബ്ദം.

"ഓമനേ... നീ എന്തിനാണിവിടെ വന്നത്...’

അവൾക്കു മാത്രം മനസ്സിലാകുന്ന എന്റെ കരച്ചിലിലൂടെ ഞാൻ ചോദിച്ചു.

അവളൊന്നും മിണ്ടിയില്ല. ഒരുപക്ഷേ അവൾ ഓമനിച്ചു വളർത്തിയ ആ ജീവി ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന സത്യം അവനവളോട് പറഞ്ഞിട്ടുണ്ടാകുമോ..? പറഞ്ഞാലും അവൾ നിസ്സഹായയാണെന്നവനറിയാം.

അവൾ പതിയെ കൂടിനരികിലേക്ക് വന്നു.

ചിത്രീകരണം: കെ സുധീഷ്ചിത്രീകരണം: കെ സുധീഷ്

ഇനിയും ഒരു വേദന അവൾക്ക് നൽകാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ട് ഞാൻ പരമാവധി ഒഴിഞ്ഞുമാറി. അവൾ അഴികൾക്കിടയിലൂടെ കൈയെത്തിച്ച് എന്നെ തൊടാൻ ശ്രമിച്ചു.

ആ വിരൽത്തുമ്പിൽ എവിടെയോ ജന്മാന്തരങ്ങൾ ഓർത്തുവയ്‌ക്കാനൊരു മനുഷ്യസ്‌നേഹം പിന്നെയും വഴിയുന്നുണ്ടായിരുന്നു. അവൾ തന്റെ പിന്നിൽ ഒളിപ്പിച്ചുവെച്ച ഇലച്ചാർത്ത് കൂടിനുള്ളിലേക്ക് വച്ചുതന്നു. ഞാനവൾക്ക് നൽകിയ മൂങ്ങാച്ചേരിയുടെ തളിരുകളായിരുന്നു അവ. അതിനറ്റത്ത് ആദ്യമായി വിരിഞ്ഞൊരു വിഷപ്പൂവുമുണ്ടായിരുന്നു.

അവളെന്നെ നിസ്സഹായതയോടെ നോക്കി. പച്ചിലകൾ എന്റെ മുഖത്തോട് ചേർത്തുവച്ചു തന്നു.

ഒന്നുമെനിക്കറിയില്ലെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

അവൾ എന്റെ ദേഹമാസകലം നിറകണ്ണുകളോടെ തലോടി. ആ കൈകൾ എന്റെ വയറിന്റെ ഭാഗത്തെത്തിയപ്പോൾ ഞാൻ അൽപ്പം ഭയന്നു. അവളും അവിടെനിന്നും കൈകൾ മാറ്റിയില്ല.

അവളെന്റെ മുഖത്തേക്ക് നോക്കി.

ഇത്രയും നാൾ ഞാൻ ഒളിപ്പിച്ചുവെച്ച ജീവന്റെ തുടിപ്പ് അവളും മനസ്സിലാക്കിയിരിക്കുന്നു. അവളാ ഇലക്കൂട്ടം കൂട്ടിൽ നിന്നും വലിച്ചെറിഞ്ഞു.

ഒരു ഭ്രാന്തിയെ പോലെ കൂടിന്റെ അഴികൾ തകർക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈകൾക്ക് അതിനുള്ള ബലം ഉണ്ടായിരുന്നില്ല. അവൾ വാവിട്ടുകരഞ്ഞു. ദിക്കറിയാത്ത കറുപ്പിൽ നിന്നും മൂർച്ചയേറിയ മുരൾച്ചകൾ തീവ്രതയാർജിച്ചു വന്നു. പുറത്തേക്ക് വലിച്ചെറിഞ്ഞ ഇലക്കൂട്ടവും വിഷം പുരട്ടിയ ഇറച്ചിയും വലിച്ചെടുത്തുകൊണ്ട് അവൾ ഇരുട്ടിന്റെ അനന്തതയിലേക്ക് ആക്രോശത്തോടെ ഓടി.

​

​

​




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home