നോവൽ–11
പ്രണയ രാഷ്ട്രം


അശോകൻ ചരുവിൽ
Published on Nov 21, 2026, 12:20 PM | 6 min read
എരിക്കപ്പെട്ട കാട്
ജാഫ്നയിൽ നിന്നുള്ള ബസ് തലൈമന്നാറിലേക്ക് കടന്നു. ബസ്സിലെ പാട്ട് നിന്ന ഇടവേളയിൽ ആഗ്നസ് സജിതയോട് പറഞ്ഞു: “കുഞ്ഞേ നീ സേവ്യറിനോട് ഈ സത്യം പറയണം. നിനക്കതിന് കഴിയും. ഞാൻ അവന്റെ യഥാർഥ അമ്മയല്ല എന്ന അറിവ് അവന് കഠിനമായ ദുഃഖമുണ്ടാക്കിയേക്കാം. ഞാനായിരുന്നല്ലോ അവന്റെ എല്ലാ അവലംബവും. ആൺകുഞ്ഞുങ്ങൾ അമ്മമാരെ ഇത്രയ്ക്കും ആശ്രയിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. ഇരമ്പുന്ന ഒരു കടൽ മാത്രമല്ല അന്ന് ഞങ്ങൾ കടന്നതെന്ന് കുഞ്ഞേ നീ ഓർക്കണം. അവന് മാനസികസമ്മർദമുണ്ടാവാത്ത വിധത്തിൽ ഈ സത്യം പറയാൻ നിനക്ക് കഴിയും. അതു കേൾക്കുമ്പോഴുള്ള അവന്റെ മുഖം എനിക്ക് സങ്കൽപ്പിക്കാനാവുന്നുണ്ട്. പക്ഷേ നിനക്കവനെ ആശ്വസിപ്പിക്കാനാവും. ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്നതാണ് അത്.” സജിത മറുപടി പറഞ്ഞില്ല. ശ്രീലങ്കയിലെ തമിഴ്ജീവിതത്തിന്റെ അരക്ഷിതാവസ്ഥ ഏറെ കാലം മുമ്പേ തുടങ്ങിയതാണ്. 1983ലെ ബ്ലാക്ക് ജൂലൈയും 84ലെ മാന്നാർ കൂട്ടക്കൊലയും ആഗ്നസിന്റെ യൗവനകാലത്തെ നടുക്കുന്ന ഓർമകളാണ്. ശ്രീലങ്കൻ സേന വഴിയിൽ കണ്ടവരെയെല്ലാം വെടിവെച്ചു കൊന്നു. യാത്രാബസ്സുകളും പള്ളികളും ആശുപത്രിയും അവർ ആക്രമിച്ചു. തലൈമന്നാറിലെങ്ങും അന്ന് മിലിട്ടറി ആയിരുന്നു. ആയിരക്കണക്കിന് പേർ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. നാലഞ്ചു വർഷങ്ങൾക്കു ശേഷം അവരിൽ കുറേപേർ തിരികെയെത്തി. അവരുടെ വീടുകളും തൊഴിലുപകരണങ്ങളും പാടെ തകർക്കപ്പെട്ടിരുന്നു. അന്ന് പള്ളിയുടെ നേതൃത്വത്തിൽ ചില ആശ്വാസപ്രവർത്തനങ്ങൾ നടന്നു.
ചിത്രീകരണം: സുനിൽ അശോകപുരം
പലയിടത്തുനിന്നും എത്തിയ സന്നദ്ധസേവകരുടെ കൂടെ ആഗ്നസും ചേർന്നു. അന്നാണ് സെയിന്റ് ലോറൻസ് പള്ളിയിലെ പ്രീസ്റ്റ് ഹോമിൽ താമസിച്ചിരുന്ന ഫാദർ എൽമോ ജയരസ എന്ന വൃദ്ധപുരോഹിതനെ അവൾ പരിചയപ്പെടുന്നത്. അദ്ദേഹം അവളോട് പറഞ്ഞു: “ആഗ്നസ് മോളെ, നീയിത് ഒരു ദൈവവേലയായി കരുതണം. അനാഥർക്കും അഭയാർഥികൾക്കും വേണ്ടിയാണ് ക്രിസ്തു വേദനയനുഭവിച്ചത്. വാങ്കലെയിലെ ഫാദർ മേരി ബാസ്റ്റ്യനും ആ വഴിയാണ് തെരഞ്ഞെടുത്തത്. നമ്മുടെ കർമങ്ങളിലൂടെ അവർ ഉയിർത്തുകൊണ്ടിരിക്കുന്നു.” വാങ്കലെ സെയിന്റ് ആൻസ് പള്ളിയിൽ കയറി ശ്രീലങ്കൻസേന കൊലപ്പെടുത്തിയ ഫാദർ മേരി ബാസ്റ്റ്യന്റെ അടുത്ത അനുയായി ആയിരുന്നു ജയരസ. ബാസ്റ്റ്യൻ അന്ന് ജാഫ്നയിലെ യുവാക്കൾക്കിടിയിൽ ഒരു ഫോക്ക് ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിനുമുമ്പ് 1982ൽ അദ്ദേഹം സഭയിലേക്കയച്ച കത്ത് പലർക്കും മനപ്പാഠമായിരുന്നു. പലരും അതിലെ വരികൾ ഉരുവിട്ടുകൊണ്ടിരുന്നു. “I am now ashamed to be a Catholic priest. ജനങ്ങൾ കഷ്ടപ്പെടുകയും അധികാരത്താൽ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോൾ സഭ എന്താണ് ചെയ്യുന്നത്? ഞങ്ങൾ വൈദികർക്ക് മരിച്ചവർക്ക് വേണ്ടി കുർബ്ബാന അർപ്പിച്ചു കൊണ്ടു മാത്രം കഴിയാനാവില്ല.” തലൈമന്നാറിലെ സന്നദ്ധപ്രവർത്തനങ്ങൾക്കു ശേഷം ഫാദർ ജയരസ നെടുന്തീവിലെ ധ്യാനകേന്ദ്രത്തിലേക്ക് മാറിപ്പോയി. “ഞാനും കൂട്ടുകാരും അദ്ദേഹത്തെ കാണാൻ ഒരിക്കൽ നെടുന്തീവിലേക്ക് പോയിരുന്നു. അന്നവിടെ നടന്ന ഒരാഴ്ച ധ്യാനത്തിൽ പങ്കെടുത്തു.” ആഗ്നസ് പറഞ്ഞു. “പിന്നീട് 1995–ലാണ് ഞാൻ ഫാദറിനെ കാണുന്നത്. അത് ഓപറേഷൻ ലീപ് ഫോർവേഡിന്റെ കാലമാണ്.
ശ്രീലങ്കൻ സൈന്യം അഴിഞ്ഞാടുകയായിരുന്നു. ജനങ്ങൾ അഭയം തേടി ഓടിക്കയറിയ നാവലിയിലെ സെന്റ് പീറ്റേഴ്സ് പള്ളി വ്യോമസേന ബോംബിട്ടു തകർത്തു. ഇരുന്നൂറ് സാധാരണ മനുഷ്യരാണ് ആ ഒറ്റ സന്ദർഭത്തിൽ ഒന്നിച്ച് മരിച്ചത്. ഫാദർ ജയരസ എങ്ങനെയോ കഷ്ടപ്പെട്ട് ഒരു കുഞ്ഞുമായി തലൈമന്നാറിലേക്ക് വന്നു. പതിവുപോലെ ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ശ്രമം. പക്ഷേ അത് അസാധ്യമായിരുന്നു. ഇന്ത്യൻ സേനയും ശ്രീലങ്കൻ സേനയും ഒന്നിച്ച് അതു തടഞ്ഞു. ഫാദർ എന്നോട് പറഞ്ഞു: “ആഗ്നസേ, ഇത് മിലിട്ടറി ബോംബിങ്ങിൽ വീടുതകർന്നു മരിച്ച ദമ്പതികളുടെ കുഞ്ഞാണ്. ദൈവനിശ്ചയം ഒന്നുകൊണ്ടു മാത്രമാണ് ഇവൻ രക്ഷപ്പെട്ടത്. ഞാൻ ഇതിനെ എടുത്തു കൊണ്ടുപോന്നു. എന്തു ചെയ്യണമെന്ന് എനിക്കൊരു രൂപവുമില്ല. ഞാനൊരു വൃദ്ധനാണ്. ഇന്നോ നാളെയോ എന്ന് നിശ്ചയമില്ലാത്ത ഒരാൾ. നീ ഇവനെ പരിപാലിക്കണം.” ആഗ്നസ് കുഞ്ഞിനെ വാങ്ങിച്ചു: “അവൾ പറഞ്ഞു. ഏതു വിധേനയും ഞാനിവനെ സംരക്ഷിക്കും ഫാദർ. അങ്ങ് സമാധാനമായി പൊയ്ക്കോളു.” ഫാദർ ഒരു കാര്യം കൂടെ പറഞ്ഞു: “ഞാനിവന് ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ പേരാണ് ഇട്ടിരിക്കുന്നത്.” സേവ്യറിന് അന്ന് രണ്ട് വയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. നല്ല കരുത്തുണ്ട്. കാക്കകറുപ്പൻ. ആഗ്നസിന്റെ കയ്യിലിരുന്ന് അവൻ ചിരിച്ചു. “എന്റെ ബോയ്ഫ്രണ്ട് ലോറൻസ് അന്ന് ട്രിങ്കണോമാലിയിൽ ആയിരുന്നു. ഫിഷിങ് ബോട്ടിൽ പോയതാണ്. രണ്ടുമാസം കഴിഞ്ഞിരുന്നു. എവിടെയാണെന്ന് ആർക്കറിയാം? അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ. പറയട്ടെ കുഞ്ഞേ, ഞങ്ങളുടെ വിവാഹം തീരുമാനിച്ചിരുന്നതാണ്. ഏതാണ്ട് തീയതികളും നിശ്ചയിച്ചിരുന്നു. നോമ്പുകഴിഞ്ഞാൽ നിശ്ചയതാർഥം. പിന്നെ മനൈ പൊടുത്തലും വിളക്ക് പോടലും കല്യാണവും ഒരാഴ്ചകൊണ്ട്.” മുഖം കൈകൾകൊണ്ട് മറച്ച് ആഗ്നസ് മമ്മ തേങ്ങിക്കരഞ്ഞു. “ഞാൻ രണ്ടാഴ്ച കാത്തിരുന്നു. പക്ഷേ പ്രശ്നങ്ങൾ വഷളാവുകയാണ്. സൈന്യം ഉന്മൂലനാശമാണ് നടത്തിക്കൊണ്ടിരുന്നത്. ജാഫ്നയിലെ എല്ലാ തമിഴരേയും അവർ കൊല്ലാനോ തുരത്തിയോടിക്കാനോ ശ്രമിച്ചു. എല്ലാവരും നാടുവിട്ടു കഴിഞ്ഞു. പരിസരത്തൊന്നും ആരുമില്ല. ഞാനും കടൽ കടക്കാൻ നിശ്ചയിച്ചു. “വിവരം പറഞ്ഞുവെക്കാൻ ആരുമില്ല. ലോറൻസും ഞാനും വല്ലപ്പോഴും ഒന്നിച്ചിരിക്കാറുള്ള ആഡംസിലെ അന്തോണീസിന്റെ ചാപ്പലിൽ ഞാൻ അയാൾക്കുള്ള സന്ദേശങ്ങൾ എഴുതിവെച്ചു. കാണാതിരിക്കരുത് എന്നോർത്ത് ഭണ്ഡാരത്തിനു പിന്നിലും പുണ്യവാളന്റെ കുഞ്ഞിന്റെ കയ്യിലും പിന്നെ പലയിടത്തുമായി എട്ടുപത്ത് എഴുത്തുകൾ വെച്ചിരുന്നു. എന്നെ തമിഴ്നാട്ടിലെ ക്യാമ്പുകളിൽ അന്വേഷിക്കണമെന്ന് അപേക്ഷിച്ചു.” ഒരു മീൻപിടിത്ത ബോട്ടിലാണ് ആഗ്നസും കുഞ്ഞും ഇന്ത്യയിലേക്ക് കടന്നത്. അജ്ഞാതതീരത്ത് ചെന്നു പറ്റിയ അവരെ പൊലീസും ദ്രാവിഡകഴകം പ്രവർത്തകരും ചേർന്ന് മണ്ഡപത്ത് എത്തിച്ചു. വാട്സാപ്പ് മെസേജിലൂടെ സജിത മേഴ്സിയോട് ചോദിച്ചു: “ഗൗതമിന്റെ അമ്മേ, ഞാൻ ഈ രഹസ്യം സേവ്യറിനോട് പറയണോ? അതു പറഞ്ഞ് അവന്റെ മനസ്സമാധാനം എന്തിന് ഇല്ലാതാക്കണം? അച്ഛനില്ല എന്ന ദുഃഖം അവനെ ബാധിച്ചതായി തോന്നിയിട്ടില്ല. എല്ലാമെല്ലാമായി അവന് അമ്മ ഉണ്ട്. അമ്മയും ഇല്ല എന്നറിയുമ്പോൾ അവന്റെ മനസ്സ് വല്ലാതെ വേദനിക്കില്ലേ?” മേഴ്സി മറുപടിയെഴുതാൻ തെല്ല് വിഷമിച്ചു. “എന്താണ് എഴുതേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല സജിത. അറിവ് ആനന്ദമാണെന്ന് പറയാറുണ്ട്. പക്ഷേ ചിലപ്പോഴത് അത്യന്തം ദുഃഖകരമായിരിക്കും.
ചിത്രീകരണം: സുനിൽ അശോകപുരം
മനസ്സിനെ മുറിവേൽപ്പിക്കുന്ന അറിവുകൾ പങ്കിടാതിരിക്കുകയാവും നല്ലത്. കാലങ്ങൾ കഴിഞ്ഞശേഷം അത് സേവ്യറിനോട് പറയാം. പ്രായമാവുമ്പോൾ കുറെയൊക്കെ സഹിക്കാനാവും എന്നാണ് അനുഭവം എന്നോടു പറയുന്നത്. യൗവനകാലം അവൻ സന്തോഷത്തോടെ കഴിയട്ടെ.” ജർമനിയിൽ തിരിച്ചെത്തിയ ശേഷം സജിത മേഴ്സിക്കെഴുതി: “ഗൗതമിന്റെ അമ്മ പറഞ്ഞത് ഞാൻ അനുസരിക്കുന്നു. അനാഥനാണ് എന്ന വിവരം ഞാൻ സേവ്യറിനോട് പറഞ്ഞില്ല. പറയണം എന്ന് ഉദ്ദേശിക്കുന്നുമില്ല. ആലോചിക്കുമ്പോൾ ബന്ധങ്ങൾ എന്നത് രക്തം കൊണ്ടെന്നതിനേക്കാൾ സ്നേഹം കൊണ്ട് നിർമിക്കുന്നതും നിലനിൽക്കുന്നതുമാണെന്ന് തോന്നുന്നു. സ്നേഹമില്ലാതെ സാങ്കേതികമായും ആചാരത്താലും മറ്റും നിൽക്കുന്ന ബന്ധങ്ങൾ എത്രമാത്രം ദുരന്തമാണ്!” അവൾ തുടർന്നെഴുതി: “ഞാനും സേവ്യറും ഇവിടെ ഡോർട്ട്മുണ്ടിൽ തമിഴ് മക്കളുടെ ഒരു ആനുവൽ ഇവന്റിൽ പങ്കെടുത്തു. ഇവിടെ ഒരുപാട് തമിഴരുണ്ട്. പല കാലത്തായി എത്തിയവർ. നവമ്പർ 27 ലോകമെമ്പാടുമുള്ള ശ്രീലങ്കൻ തമിഴർ മാവീരർനാൾ ആചരിക്കുന്ന ദിവസമാണ്. ഒരു വലിയ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം വാടകക്കെടുത്തായിരുന്നു ഡോർട്ടുമുണ്ടിലെ പരിപാടികൾ. ദൂരെ പല നഗരങ്ങളിൽനിന്നും മനുഷ്യർ കുടുംബമായി എത്തിയിരുന്നു. ആയിരങ്ങൾ ഒത്തുകൂടി. “ശ്രീലങ്കയിലെ വംശപ്പോരിൽ മരിച്ച പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ അലങ്കരിച്ചു വെച്ചിരുന്നു. എണ്ണിത്തീരാത്തത്ര ഫോട്ടോകൾ. അവയ്ക്കു മുന്നിൽ മെഴുകുതിരി വിളക്ക് കൊളുത്തിയും പൂക്കൾ സമർപ്പിച്ചുമായിരുന്നു പരിപാടികൾ. വിളക്കുകൾ കൊളുത്തിക്കഴിഞ്ഞപ്പോൾ അവിടം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെയായി. പിന്നെ എല്ലാവരും ചേർന്ന് പാടാൻ തുടങ്ങി. അവിടെ കേട്ട ഒരു പാട്ട് അമ്മയ്ക്കു വേണ്ടി പകർത്തി അയക്കുന്നു. ഇത് അമ്മ കേൾക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഓഡിയോയുടെ ലിങ്കും ഇതിനൊപ്പം അയക്കുന്നുണ്ട്. “തായക കനവുടൻ സാവിനെത്തഴുവിയ സന്ദനപ്പോഴൈകളെ - ഇങ്കു കൂവിടും എങ്കളിൻ കുരൽമൊഴി കേൾക്ക്താ? കുഴിയിനുൾ വാഴ്പവരെ! ഉങ്കളൈ പെറ്റവർ, ഉങ്കളിൻ തോഴികൾ ഉറവിനർ വന്തുള്ളോം - അന്റു സെങ്കളം മീതിലേ ഉങ്കളോടാടിയ തോഴർകൾ വന്തുള്ളോം. എങ്കേ? എങ്കേ? ഒരുതരം വിളികളൈ ഇങ്കേ തിരുവുങ്കൾ. ഒരുതരം ഉങ്കളിൻ തിരുമുഖം കാട്ടിയേ മറുപടി ഉറങ്കുങ്കൾ.’’ ഡോർട്ടുമുണ്ടിലെ ചടങ്ങിൽ വെച്ച് മമ്മ ആഗ്നസിന്റെ പല സുഹൃത്തുക്കളും സജിതയുടെ അടുത്തുവന്ന് സംസാരിച്ചു. സ്ത്രീകൾ പറഞ്ഞു: “അക്ക ആഗ്നസായിരുന്നു ഇവിടെ ഞങ്ങളുടെ ശക്തി. അവരെഴുതിയ ചില കവിതകൾ എനിക്കിപ്പോഴും കാണാപ്പാഠമാണ്.” കവികളുടേയും ചിത്രകാരന്മാരുടേയും സംഗീതജ്ഞരുടേയം മറ്റ് ബുദ്ധിജീവികളുടേയും വേറെ വേറെ കൂട്ടായ്മകൾ ഉണ്ട്. ആഭ്യന്തരയുദ്ധം തകർത്ത ജാഫ്നയെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിലാണ് എല്ലാവരും. ആക്രമണത്തിൽ തകർന്ന തമിഴ് സാംസ്കാരികമുദ്രകളും സ്മാരകങ്ങളും പുനർനിർമിക്കാനുള്ള ആലോചനയുണ്ട്. തകർന്ന സ്ഥാപനങ്ങളുടേയും ബാക്കിയായ രേഖകളുടെയും ഫോട്ടോയെടുത്ത് നെറ്റിൽ സൂക്ഷിക്കാനായി ഫോട്ടോഗ്രാഫർമാരും ചിത്രകാരന്മാരും ഇടയ്ക്കിടെ ദ്വീപിലേക്ക് പോകുന്നു. എത്രപേർ മരിച്ചു, കാണാതായി; അവരുടെ ജീവചരിത്രങ്ങൾ ശേഖരിക്കുന്നു. മരിച്ചവരെ ഏതൊക്കെ ശ്മശാനങ്ങളിൽ അടക്കി എന്നതന്റെ രേഖകളും തയ്യാറാക്കുന്നുണ്ട്. “നമുക്ക് സമർഥരായ വോളണ്ടിയർമാർ ധാരാളം പേർ വേണം. ഇടയ്ക്കിടെ നാട്ടിലേക്ക് ഗ്രൂപ്പുകളെ അയക്കേണ്ടി വരും.” “പക്ഷേ ഇവിടെ ഇപ്പോൾ കവികളാണ് കൂടുതൽ. വാട്സാപ്പ് കൂട്ടായ്മകളിലൂടെ ഒരു ദിവസം തന്നെ ആയിരക്കണക്കിന് കവിതകളാണ് പുറത്തു വരുന്നത്.” “പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും കവിതകളാണ് അതൊക്കെ. അതിനെ അപഹസിക്കരുത്.” “ഇല്ല, ഒരിക്കലുമില്ല. ഞാൻ കവിതകളെ അപഹസിച്ചിട്ടില്ല.
കവികളെ അപമാനിക്കൽ ഒരു തമിഴന് പറഞ്ഞിട്ടുള്ളതല്ല.’’ ഫ്രങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിൽ ജോലിചെയ്യുന്ന അരുൾസഹായം എന്ന അധ്യാപകൻ പറഞ്ഞു: “തുടക്കം മുതലേ സർക്കാരിന്റേ യും സിംഹളഗ്രൂപ്പുകളുടേയും ശ്രദ്ധ തമിഴ് സാംസ്കാരികകേന്ദ്രങ്ങൾ തകർക്കുന്നതിലായിരുന്നു. ചരിത്രരേഖകൾ നശിപ്പിച്ചാൽ ഒരു ജനതയെ ഇല്ലാതാക്കാം എന്ന് അവർ കരുതി. 1981ൽ ജാഫ്ന ലൈബ്രറി അവർ കത്തിച്ചത് ഒരു പ്രകോപനവും ഇല്ലാതെയാണ്. അക്കാലത്ത് അത് ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നായിരുന്നു. ഒരു ലക്ഷത്തിലധികം തമിഴ് പുസ്തകങ്ങളും പിന്നെ കയ്യെഴുത്ത്, താളിയോല ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. വേറെ ഒരിടത്തും ഇല്ലാത്ത അപൂർവരേഖകൾ, പത്രങ്ങൾ, മാസികകൾ. ദിവസങ്ങളോളം വേണ്ടിവന്നു അതൊക്കെ എരിഞ്ഞു തീരാൻ. ലോകം മുഴുവൻ സഞ്ചരിച്ച് ആനന്ദകുമാരസ്വാമി പകർത്തിയെടുത്ത ചരിത്രത്തെളിവുകൾ അവിടെയാണ് സൂക്ഷിച്ചിരുന്നത്.” അദ്ദേഹം തുടർന്നു: “മിസിസ് സജിത സേവ്യർ. നിങ്ങൾ ഇന്ത്യയിൽ നിന്നാണല്ലോ. ശ്രീലങ്കയിലെ സംഭവങ്ങളിൽനിന്ന് ഇന്ത്യക്കാർക്കും നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. “ഒരു രാജ്യത്ത് വംശഹത്യ ഉണ്ടാകുന്നത്, ഉണ്ടാക്കുന്നത് എന്നാണ് പറയേണ്ടത്– - വെറുയെല്ല. അത് ഭരണവർഗത്തിന്റെ ഒരാവശ്യമാണ്. മൂലധനാധിപതികൾക്ക് ജനങ്ങളെ കൂടുതൽ കഠിനമായി ചൂഷണം ചെയ്യാനും രാഷ്ട്രീയാധികാരികൾക്ക് സ്വന്തം രാജ്യത്തെ അധികാരം നിലനിർത്താനും വംശഹത്യ ആവശ്യമുണ്ട്. അതിനുള്ള കാരണങ്ങളും സന്ദർഭങ്ങളും അവർ തന്നെ ഉണ്ടാക്കും. ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന് എതിരാക്കുന്നതും ന്യൂനപക്ഷത്തിനിടയിൽ അതിസാഹസിക ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതും അവരാണ്. “ഗുജറാത്ത് കലാപവും ശ്രീലങ്കയിലെ ബ്ലാക് ജൂലൈയും ഏതാണ്ട് ഒരേ ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതാണ്. അധികാരികളുടെ ഒത്താശയോടെ നടക്കുന്ന ചൂഷണത്തേയും നരകജീവിതത്തേയും മനുഷ്യർ മറക്കണം. അതിനെക്കുറിച്ച് അവൻ പ്രതികരിക്കരുത്. ഒരു ശത്രുവുണ്ട്. മുസ്ലിം അല്ലെങ്കിൽ തമിഴൻ. അവനെ വകവരുത്തണം. ആ ചിന്ത മാത്രമാണ് പിന്നെ ഉണ്ടാവുക. മൂന്നു പതിറ്റാണ്ടത്തെ ആഭ്യന്തരയുദ്ധകാലത്ത് മനുഷ്യർക്ക് ഭക്ഷണമോ മരുന്നോ വീടോ റോഡോ ഒന്നും പ്രശ്നമായി തോന്നിയിരുന്നില്ല എന്നത് ഓർക്കണം. സിംഹളർ തമിഴരെ വെറുപ്പോടെ നോക്കി. തമിഴർ സിംഹളരെക്കുറിച്ച് പ്രതികാരത്തോടെ ചിന്തിച്ചു. പക്ഷേ മനുഷ്യർ മറന്നു എന്നതുകൊണ്ട് പ്രശ്നങ്ങൾ ഇല്ലാതാവുന്നില്ലല്ലോ. “നിങ്ങളുടെ നരേന്ദ്രമോദിയപ്പോലെ രാജപക്സേയും മൂലധനാധികാരികളുടെ നയങ്ങൾ കണ്ണിൽച്ചോരയില്ലാത്ത വിധം നടപ്പാക്കുകയായിരുന്നു.
ചിത്രീകരണം: സുനിൽ അശോകപുരം
തമിഴരെ അമർത്തിയതിന്റെ വീരപരിവേഷം അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ പട്ടിണി സഹിക്കവയ്യാതായപ്പോൾ ജനങ്ങൾ തങ്ങൾ സിംഹളരാണെന്നതും തമിഴരാണെന്നതും മറന്നു. മരുന്നും ഇന്ധനവും കിട്ടാതായാൽ ആളുകൾ എങ്ങനെ ജീവിക്കും? ഗതികെട്ടപ്പോൾ അവർ തെരുവിലിറങ്ങി. സർക്കാർ മന്ദിരങ്ങളും പ്രസിഡന്റിന്റെ വസതിയും കയ്യേറി. ഭരണാധികാരിക്ക് രാജ്യം വിട്ടോടേണ്ടി വന്നു.” ഡോർട്ട്മുണ്ട് റുഹ്രല്ലിയിലെ ഒരു വിയറ്റ്നാമീസ് ഭക്ഷണശാലയിൽ വെച്ചായിരുന്നു ആ രാത്രിയിലെ സംവാദം. വിയറ്റ്നാമീസ് ആണെങ്കിലും അത് നടത്തിയിരുന്നത് ഒരു ജാഫ്നക്കാരി ആയിരുന്നു. ബോധിനി മരതകം എന്ന കവയിത്രി. അവർ ചോദിച്ചു: “വരണ്ട രാഷ്ട്രീയകാര്യങ്ങൾ വിട്ട് ഇനി നമുക്ക് ഒരു കവിതയായാലോ? മാന്യ നവാതിഥി ശ്രീമതി സജിത സേവ്യർക്കുള്ള ഉപചാരം ആയിട്ട്?” “അതെ, കവിതയുടെ കൂട്ടില്ലാതെ നമുക്കൊന്നും ചിന്തിക്കാനാവില്ല. ഇവിടെ കസ്റ്റമേഴ്സ് കുറഞ്ഞ സമയമാണ്. കവിതാലാപനത്തിന് പറ്റിയ സന്ദർഭം. ബോധിനി, ആത്മാവിൽ തീപിടിപ്പിക്കുന്ന ഒരു കവിത വായിക്കൂ.” ബോധിനി പറഞ്ഞു: “എന്റെ കവിതയല്ല. എന്റെ അബദ്ധവും അപക്വവുമായ കവിതകൊണ്ട് നമ്മുടെ അതിഥിയെ കഷ്ടപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് നമ്മുടെ തോഴൻ വ.ഐ.സ. ജയപാലൻ എഴുതിയതാണ്. ഇന്ന് വാട്സാപ്പിൽ വന്നത്.” അവർ വായിച്ചു: “ഓർ അഗതിയിൻ പാടൽ. എരിക്കപ്പെട്ട കാടു നാം. ആനാലും എങ്കൾ പാടൽ തൊടർകിറത് ഏഞ്ചിയ വേർകളിൽ ഇരുന്ത് ഇറന്തവർക്കാന ഒപ്പാരിയായ് തൊലൈന്തവർകളുക്കാന അഴൈയ്പായ്-- ഇല്ലം മീഴ്തലായ് മീണ്ടും മീണ്ടും വാഴും ആസൈയായ് സുതന്തിര വിരുപ്പായ് തൊടരുമെം പാടൽ.” .--(തുടരും)








0 comments