Deshabhimani

ഓയിൽ ഇന്ത്യയുടെ പൈപ്പ് ലൈൻ ചോര്‍ത്തി; ചായതോട്ടത്തിലൂടെ രണ്ട് കിലോമീറ്ററോളം ബദൽ പൈപ്പിട്ട് ക്രൂ‍‍ഡ് ഓയിൽ മോഷണം

Tinsukia
വെബ് ഡെസ്ക്

Published on Nov 21, 2026, 12:17 PM | 1 min read

ദുംദുമ:അപ്പര്‍ അസമിലെ ടിൻസുകിയ ജില്ലയിൽ തേയില തോട്ടത്തിനുള്ളിലൂടെ രണ്ട് കിലോ മീറ്ററോളം പൈപ്പ് ലൈൻ സ്ഥാപിച്ച് ക്രൂഡ് ഓയിൽ മോഷണം. ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ മെയിൻ പൈപ്പ് ലൈനിൽ ചോര്‍ച്ചയുണ്ടാക്കിയാണ് മോഷണം. വ്യാഴാഴ്ച സുഖൻപുഖുരി പ്രദേശത്തെ തേയിലത്തോട്ടത്തിലാണ് ആസൂത്രിത പദ്ധതി പൊലീസ് കണ്ടെത്തിയത്.


പോലീസും ഓയിൽ ഇന്ത്യ ഉദ്യോഗസ്ഥരും ചേർന്ന് രഹസ്യ പൈപ്പ്‌ലൈൻ സംവിധാനം പൊളിച്ചുമാറ്റി. പ്രധാന പൈപ്പിലെ ചോര്‍ച്ച അടച്ചു. ജില്ലയിലെ തന്നെ മകും മേഖലയിൽ സമാനമായ രീതിയിൽ പൈപ്പ്‌ലൈനിൽ തുളയിട്ട് എണ്ണ ചേര്‍ത്തിയ കേസിൽ എട്ട് പേർ അറസ്റ്റിലായതിന് പിന്നാലെയാണ് പുതിയ സംഭവം പുറത്തുവരുന്നത്.


ടിൻസുകിയ (Tinsukia) ജില്ല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, പ്രകൃതിവാതക ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നാണ്. മേഖലയിൽ സമാനമായ രീതിയിലുള്ള എണ്ണ മോഷണങ്ങൾ പതിവാണ്. 2024 ഡിസംബറിൽ ബോർഹപ്ജാനിൽ ക്രൂഡ് ഓയിൽ മോഷണ സംഘത്തിലെ നാല് പേർ അറസ്റ്റിലായിരുന്നു.2025 ഫെബ്രുവരിയിൽ മകുമിന് സമീപം 12 ബാരലുകളിലായി കടത്താൻ ശ്രമിച്ച ഏകദേശം 2,400 ലിറ്റർ മോഷ്ടിച്ച ക്രൂഡ് ഓയിലുമായി രണ്ട് പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ജൂൺ മാസത്തിൽ ബജലാനിക്ക് സമീപവും സമാനമായ രീതിയിൽ രഹസ്യ പൈപ്പ്‌ലൈൻ സ്ഥാപിച്ചുള്ള എണ്ണ മോഷണം കണ്ടെത്തിയിരുന്നു.


ഡിഗ്ബോയ്, മകും, ഹപ്ജാൻ, ബാഗ്ജാൻ, കുസുംജാൻ തുടങ്ങിയ പ്രദേശങ്ങളിലും വൻതോതിൽ ക്രൂഡ് ഓയിലും പ്രകൃതിവാതകവും കുഴിച്ചെടുക്കുന്നുണ്ട്. ടിൻസുകിയ ജില്ലയിലാണ് ഏഷ്യയിലെ ആദ്യത്തെ എണ്ണക്കിണറും ലോകത്തിലെ ഏറ്റവും പഴക്കമുള്ള പ്രവർത്തനക്ഷമമായ എണ്ണ ശുദ്ധീകരണശാലയും സ്ഥിതി ചെയ്യുന്നത്. 1889-ൽ കണ്ടെത്തിയതാണിത്. പ്രദേശത്തെ "ഓയിൽ സിറ്റി ഓഫ് അസം" എന്നാണ് വിളിക്കുന്നത്.


ഭാരതീയ ന്യായ സംഹിത (BNS) 112, 303(2) വകുപ്പുകൾ, പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം, പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ്‌ലൈൻസ് ആക്ട് എന്നിവ പ്രകാരമാണ് (കേസ് നമ്പർ 83/2026) പോലീസ് കേസെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home