Deshabhimani

തീർഥാടകരിൽ കുറവ്; ബുക്കിങ്ങിൽ പാളിച്ചകളുണ്ടോ എന്ന്‌ അന്വേഷിക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌

Sabarimala
വെബ് ഡെസ്ക്

Published on Nov 21, 2026, 12:11 PM | 1 min read

ശബരിമല: ശബരിമലയിൽ നടന്ന തുറന്ന ആദ്യ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് നിറഞ്ഞിട്ടും സന്നിധാനത്ത്‌ ദർശനത്തിന്‌ എത്തുന്ന തീർഥാടകരിൽ കുറവുണ്ടായതിൽ ബുക്കിങ് സംവിധാനത്തിൽ പാളിച്ചകളുണ്ടോയെന്ന്‌ അന്വേഷിക്കുമെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ. ഗ്രൂപ്പായോ ഒരു ഐപി അഡ്രസിൽനിന്ന്‌ കൂടുതലോ ബുക്കിങ്ങുകൾ ഉണ്ടോയെന്ന്‌ അന്വേഷിക്കാൻ ശബരിമല ചീഫ്‌ പൊലീസ്‌ കോ–ഓർഡിനേറ്റർ എഡിജിപി പി വിജയനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ പറഞ്ഞു.


ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ സുഗമദർശനമാണ്‌ ലഭിക്കുന്നത്‌. വെർച്വൽ ക്യൂ ബുക്കിങ്ങുകൾ പൂർണമായിട്ടുണ്ട്‌. സ്‌പോട്ട്‌ ബുക്കിങ് ഉയർത്തുന്നത്‌ സംബന്ധിച്ച്‌ ഹൈക്കോടതിയുടെ അനുമതിയോടെ വേണ്ട നടപടികൾ സ്വീകരിക്കും. 12 വിളക്ക്‌ കഴിഞ്ഞാണ്‌ സാധാരണ തിരക്ക്‌ കൂടാറ്‌. കഴിഞ്ഞ വർഷം തുടക്കത്തിൽ കൂടുതൽ ആളുകൾ വന്നിരുന്നു.


ബുക്കിങ് പ‍ൂർത്തിയായിട്ടും തീർഥാടകരെത്തുന്നില്ലെങ്കിൽ ബോർഡ്‌ അത്‌ വിശകലനം ചെയ്യും. തീർഥാടകരുടെ കുറവ്‌ വരുമാനത്തെ ബാധിച്ചിട്ടില്ല. അപ്പം, അരവണ സ്‌റ്റോക്ക്‌ ആവശ്യത്തിനുണ്ട്‌. അരവണ സ്‌റ്റോക്ക്‌ അമ്പത്‌ ലക്ഷത്തിന്‌ അടുത്തുണ്ട്‌. പ്രതിദിനം മൂന്നരലക്ഷം അരവണ നിർമിക്കുന്നുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നര ലക്ഷത്തോളം അരവണയാണ്‌ പ്രതിദിനം വിറ്റുപോയത്‌.


പൂജകളും സംഭാവനകളും പരമാവധി ഡിജിറ്റൽ രീതിയിലാക്കുകയാണ്‌ ബോർഡ്‌ ലക്ഷ്യമിടുന്നത്‌. കാർബൺ കോപ്പി ഉപയോഗിച്ച്‌ പൂജകളുടെയും വഴിപാടുകളുടെയും ബില്ലുകൾ എഴുതുന്ന രീതി പൂർണമായും ഒഴിവാക്കുമെന്നും പ്രസിഡന്റ്‌ കെ ജയകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home