എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതി: നിലയ്‌ക്കൽ ആശുപത്രി 2027ൽ പൂർത്തിയാകും


സി ജെ ഹരികുമാർ
Published on Nov 21, 2026, 12:38 PM | 1 min read
ശബരിമല: ശബരിമല ബേസ് ക്യാമ്പായ നിലയ്‌ക്കലിൽ ആരോഗ്യവകുപ്പിന്റെ അത്യാധുനിക ആശുപത്രി നിർമാണം 2027ൽ പൂർത്തിയാകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ആശുപത്രി നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അടുത്ത മണ്ഡല – മകരവിളക്ക് തീർഥാടനത്തിനുമുമ്പായി ആശുപത്രി നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വീണാ ജോർജ് ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നിലവിൽ ആശുപത്രിയുടെ പ്ലിന്ത് ലെവർ ബീം നിർമാണം പൂർത്തിയായി. പില്ലറുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്.
നിലയ്‌ക്കലിൽ തിരക്ക് കൂടുന്നതിനാൽ വലിയ നിർമാണ പ്രവർത്തനങ്ങൾ സീസൺ അവസാനിച്ചശേഷമാകും നടക്കുക. 6.12 കോടി ചെലവിൽ 10,700 സ്‌ക്വയർ ഫീറ്റ് മൂന്നുനില കെട്ടിടമാണ് നിർമിക്കുന്നത്. ഇതിനായി അരയേക്കറിലധികം ഭൂമി ദേവസ്വം ബോർഡ് ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. നിലയ്‌ക്കൽ പിഡബ്ല്യുഡി ഓഫീസിന് സമീപത്തായി മാസ്‌റ്റർ പ്ലാനിലുള്ള ലോട്ട് വൺ പാർക്കിങ് ഗ്രൗണ്ടിലാണ് ആശുപത്രി പണിയുന്നത്.
വാപ്‌കോസാണ് നിർവഹണ ഏജൻസി. ഒന്നര വർഷമാണ് നിർമാണം പൂർത്തിയാക്കാനുള്ള സമയം. എട്ട് ബെഡുള്ള ഇന്റൻസീവ് കെയർ യൂണിറ്റും തീർഥാടന കാലയളവിൽ ട്രോമ കെയർ സംവിധാനമടക്കം ആശുപത്രിയിലുണ്ടാകും. സീസണൊഴികെയുള്ള മാസങ്ങളിലും പ്രദേശവാസികൾക്കും ആദിവാസി മേഖലയിലടക്കമുള്ളവർക്കും ആശുപത്രി സഹായമാകും. മോഡേൺ മെഡിസിനൊപ്പം ആയുഷിനും പ്രാധാന്യം നൽകും. മൂന്ന് നിലകളിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക.
ഒന്നാംനിലയിൽ 12 കിടക്കയുള്ള അത്യാഹിതവിഭാഗം, ഒപി വിഭാഗങ്ങൾ, ഒബ്‌സർവേഷൻ വാർഡ്, ലാബ്, സാമ്പിൾ കളക്ഷൻ മുറികൾ എന്നിവയുണ്ടാകും. ഇസിജി റൂം, ഡ്രെസിങ് റൂം, ഫാർമസി, സ്റ്റോർ, പൊലീസ് ഹെൽപ്പ് ഡെസ്‌ക്, ലിഫ്റ്റുകൾ, അറ്റാച്ച്ഡ് ശുചിമുറികൾ എന്നീ സൗകര്യങ്ങളുമുണ്ടാകും. മൈനർ ഓപ്പറേഷൻ തിയറ്റർ, എക്‌സ്‌റേ റൂം, 13 കിടക്കയുള്ള വാർഡ്, ഡോക്‌ടർമാരുടേയും നഴ്‌സുമാരുടേയും മുറികൾ, കോൺഫറൻസ് ഹാൾ, ഓഫീസ് എന്നിവയാണ് രണ്ടാംനിലയിൽ ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ രണ്ട് നിലകളാണ് നിർമിക്കുക. പ്രളയത്തിനുശേഷം നിലയ്‌ക്കൽ ശബരിമല ബേസ് ക്യാമ്പായി മാറിയതോടെ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അഭാവം തീർഥാടകരെ ഏറെ വലച്ചിരുന്നു. ഇതിനാണ് പരിഹാരമാകുന്നത്.








0 comments