സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം 2026
ഇനി ശാസ്‍ത്ര ദിനങ്ങള്‍

വാട്ടർ റെസ്ക്യൂ ബോട്ടുമായി കണ്ണൂർ പെരിങ്ങത്തൂർ എൻഎഎം എച്ച്എസ്എസിലെ റിഷാൻ സന്തോഷ്, അയമൻ സർവാർ, എസ് തേജ്‍കിരൺ എന്നിവര്‍
മണ്ണാർക്കാട്
ആദ്യദിനം മലപ്പുറം
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മലപ്പുറത്തിന്റെ ആധിപത്യം. 79 പോയിന്റുകളോടെയാണ് മലപ്പുറം ഒന്നാംസ്ഥാനത്തുള്ളത്, സ്‌കൂളുകളിൽ 18 പോയിന്റുമായി മലപ്പുറം പറപ്പൂർ ഐയുഎച്ച്എസ്എസാണ് ഒന്നാമത്. മൂന്ന് ഒന്നാം സ്ഥാനങ്ങളും രണ്ട് സ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ 10 എ ഗ്രേഡുകളും രണ്ട് ബി ഗ്രേഡുകളും ഒരു സി ഗ്രേഡും നേടിയാണ് മലപ്പുറം ഒന്നാംസ്ഥാനത്തെത്തിയത്. 67 പോയിന്റുമായി ആതിഥേയരായ പാലക്കാടാണ് രണ്ടാംസ്ഥാനത്ത്. 61 പോയിന്റ് നേടി കാസർകോട് മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നാലെ 60 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തും 59 പോയിന്റുമായി തിരുവനന്തപുരം അഞ്ചാം സ്ഥാനത്തുമുണ്ട്. സ്കൂൾതലത്തിൽ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും രണ്ട് എ ഗ്രേഡുകളും നേടിയാണ് പറപ്പൂർ ഐയുഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തെത്തിയത്. 15 പോയിന്റുമായി മലപ്പുറം കുറ്റിപ്പുറം ജിഎച്ച്എസ്എസാണ് രണ്ടാമത്. ആദ്യദിനത്തിൽ മിക്ക മേളകളിലും ക്വിസ് മത്സരങ്ങളാണ് നടന്നത്. ഐടി മേളയിൽ ടൈപ്പിങ്ങും രൂപകൽപ്പനയും നടന്നു.
പെരിങ്ങത്തൂർ ടെക്കീസ്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലെ വൈഐപി ആശയപ്രദർശനത്തിൽ വേറിട്ട സാങ്കേതികവിദ്യകളുമായി തിളങ്ങി കണ്ണൂരിലെ പെരിങ്ങത്തൂർ എൻഎഎം എച്ച്‌എസ്‌എസിലെ വിദ്യാർഥികൾ. അയമൻ സർവാർ, എസ് തേജ്‌കിരൺ, റിഷാൻ സന്തോഷ് എന്നിവർ വികസിപ്പിച്ച രണ്ട് നൂതന ആശയങ്ങളാണ് മേളയിൽ ശ്രദ്ധാകേന്ദ്രമായത്. അയമൻ സർവാറാണ് രണ്ട് പ്രോജക്ടുകളുടെയും ബുദ്ധികേന്ദ്രം. രണ്ടുവർഷമായി വൈഐപി സ്‌കൂളിനുള്ള പുരസ്‌കാരം സ്‌കൂളിനായിരുന്നു. മികച്ച ഫെസിലിറ്റേറ്ററായി സ്‌കൂളിലെ അധ്യാപിക പി കെ ബുഷറയെയും തെരഞ്ഞെടുത്തിരുന്നു.
സമയത്തിനൊപ്പം പ്രമേഹവും അറിയാം
രക്തം കുത്തിയെടുക്കാതെ ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് തത്സമയം പരിശോധിക്കാൻ കഴിയുന്ന സ്മാർട്ട് വാച്ചാണ് ഇതിലൊന്ന്. പ്രമേഹത്തിന്റെ അളവിൽ അപകടകരമായ വ്യതിയാനമുണ്ടായാൽ വാച്ച് ഉടൻ മുന്നറിയിപ്പ് നൽകും. വാച്ച് ധരിച്ച വ്യക്തി മുന്നറിയിപ്പിനോട് പ്രതികരിക്കുന്നില്ലെങ്കിൽ, ലൊക്കേഷൻ സഹിതമുള്ള അപായ സന്ദേശം ഉടൻ കുടുംബാംഗങ്ങളുടെ ഫോണിലേക്കെത്തും. പെട്ടെന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളിൽ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഇത് സഹായിക്കും. നിയർ ഇൻഫ്രാറെഡ് സ്‌പെക്ട്രോസ്കോപ്പി (എൻഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് രക്തത്തിലെ ഗ്ലൂക്കോസിന്റെയും മറ്റ് ഘടകങ്ങളുടെയും അളവ് നിർണയിക്കുന്നത്. ഗ്ലൂക്കോസ് എൻഐആർ രശ്മികളെ ആഗിരണം ചെയ്യുന്നതിനാൽ വ്യതിയാനങ്ങൾ 90 മുതൽ 95 ശതമാനംവരെ കൃത്യതയോടെ കണ്ടെത്താനാകും. ഇതിനുപുറമേ, നിൽക്കുന്ന സ്ഥലത്തെ വായുവിന്റെ ഗുണനിലവാരം അളക്കാനും വാച്ചിന് സാധിക്കും. ഈ സാങ്കേതികവിദ്യ തങ്ങളുടെ വാച്ചുകളിൽ ഉൾപ്പെടുത്താനായി ഒരു പ്രമുഖ കമ്പനി വിദ്യാർഥികളുമായി ചർച്ച നടത്തിവരികയാണ്.
ആളില്ലാതെ രക്ഷാപ്രവർത്തനം; ‘റെസ്‌ക്യൂ ബോട്ട്’
ഏതുതരം പ്രതലത്തിലും മനുഷ്യസഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്ന ‘റെസ്‌ക്യൂ ബോട്ടാ'ണ് രണ്ടാമത്തെ പ്രോജക്ട്. 360 ഡിഗ്രി കാമറകളുടെയും നിർമിതബുദ്ധിയുടെയും സഹായത്തോടെയാണ് പ്രവർത്തനം. കായലിലോ പുഴയിലോ നിർത്തിയിട്ട ബോട്ടിന്റെ നിശ്ചിത ദൂരപരിധിയിൽ ആരെങ്കിലും വെള്ളത്തിൽ മുങ്ങുന്നുണ്ടെങ്കിൽ കാമറകൾ അത് തിരിച്ചറിയും. ഒരാൾ നീന്തുകയാണോ അതോ അപകടത്തിൽപ്പെട്ട് മുങ്ങുകയാണോ എന്ന് കൃത്യമായി വേർതിരിച്ചറിയാൻ എഐ സംവിധാനത്തിനാകും. അപകടം തിരിച്ചറിഞ്ഞാലുടൻ എമർജൻസി അലർട്ട് നൽകുകയും ബോട്ട് സ്വയം അപകടത്തിൽപ്പെട്ടയാളുടെ അടുത്തേക്ക് നീങ്ങുകയും ചെയ്യും. ബോധരഹിതനായ വ്യക്തിയാണെങ്കിൽ ബോട്ടിലുള്ള പ്രത്യേക ‘ഹാൻഡ് ഗ്രിപ്പിങ് സിസ്റ്റം' ഉപയോഗിച്ച് അയാളെ സുരക്ഷിതമായി പിടിച്ചുനിർത്താനും കരയിലെത്തിക്കാനുമാകും. ബോധമുള്ള വ്യക്തിയാണെങ്കിൽ ബോട്ടിൽ സജ്ജീകരിച്ച ലൈഫ് ജാക്കറ്റുകളിലും മറ്റ് സുരക്ഷാ ഉപകരണങ്ങളിലും പിടിച്ച് ബോട്ടിലേക്ക് കയറാം.









0 comments