ad
Deshabhimani

തളിരിട്ട കിനാക്കൾതൻ

പ്രകാശ് ഉള്ളിയേരി എസ് ജാനകി നൽകിയ ഓട്ടോഗ്രാഫുമായി

പ്രകാശ് ഉള്ളിയേരി എസ് ജാനകി നൽകിയ ഓട്ടോഗ്രാഫുമായി

avatar
സായൂജ്‌ ചന്ദ്രൻ

Published on Jul 13, 2026, 02:16 PM | 1 min read

പാലക്കാട്‌

അനശ്വര ഗായിക എസ്‌ ജാനകി കാലത്തോട്‌ വിടപറയുമ്പോൾ ഓർമകളുടെ മൂടുപടം താഴ്‌ത്തി സംഗീത സംവിധായകൻ പ്രകാശ്‌ ഉള്ളിയേരി മൂളുന്നു "ഏതു കവിത പാടണം നിന്‍ ചേതനയില്‍ മധുരം പകരാന്‍, എങ്ങനെ ഞാന്‍ തുടങ്ങണം നിന്‍ സങ്കല്‍പ്പം പീലി വിടര്‍ത്താന്‍'. റേഡിയോ ശബ്‌ദത്തിലൂടെ ഗുരുസ്ഥാനീയയായ ഗായികയുടെ പാട്ടുകൾ എക്കാലവും പാഠപുസ്‌തകമാണ്‌ പ്രകാശിന്‌. പാട്ടുകൾ ബാക്കിയാക്കി പാട്ടുകാരി മറയു മ്പോൾ ഓർമയിലെന്നും നിലക്കാത്ത പുഞ്ചിരിയും പാട്ടുകളും. 24 വർഷംമുമ്പ്‌ ജാനകി ആദ്യമായി പാലക്കാട്ടെത്തിയപ്പോൾ പ്രകാശിന്റെ പാട്ട്‌ പുസ്‌തകത്തിൽ ഇങ്ങനെ എഴുതി; "ഡിയർ പ്രകാശ്‌ വിത്ത്‌ ലവ്‌ ജാനകി.' ഓർമകളിലെ ഓട്ടോഗ്രാഫ്‌ പോറലുകളില്ലാതെ പാലക്കാട്‌ തത്വ മ്യൂസിക്‌ സ്റ്റുഡിയോയിൽ ഇന്നുമുണ്ട്‌. പ്രിയപ്പെട്ട പാട്ടുകാരിയെ ആദ്യമായി കാണാൻ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അന്ന്‌. പാലക്കാട്‌ രാപ്പാടി ഓഡിറ്റോറിയത്തിലെ ഗാനമേളയുടെ ഓർക്കസ്‌ട്രേഷൻ ചുമതല കീബോർഡ്‌ വാദകനായിരുന്ന പ്രകാശ്‌ ഉള്ളിയേരിക്ക്‌. പരിപാടിക്ക്‌ മുമ്പുള്ള പരിശീലനം ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ. ശ്രുതിയിൽ ലയിച്ചെത്തിയ ആദ്യ ഗാനം "തളിരിട്ട കിനാക്കൾതൻ.' പാട്ട്‌ തുടങ്ങിയതും ഭാര്യ ജിതയുടെ മടിയിലിരുന്ന്‌ ഒന്നര വയസ്സുകാരി മകൾ വേദ കൂടെ പാട്ടുതുടങ്ങി. വ്യക്തമല്ലാത്ത ഭാഷയിൽ ഇ‍ൗണം തെറ്റാത്ത പാടുന്ന കുട്ടിക്ക്‌ ജാനകി മൈക്ക്‌ നീട്ടി. ഇരുവരും ഒരുമിച്ച്‌ പാട്ട്‌ പൂർത്തിയാക്കി. പരിപാടിക്കുശേഷം സംഗീത കുടുംബത്തിന്‌ ഭാവുകങ്ങൾ നേർന്ന്‌ ജാനകി മടങ്ങി. പിന്നീട്‌ മൂന്നുവർഷം കഴിഞ്ഞ്‌ കോയമ്പത്തൂരിൽ സംഗീത പരിപാടിക്കിടെ വീണ്ടും കണ്ടുമുട്ടി. മറന്നിട്ടില്ലെന്ന്‌ ഓർമപ്പെടുത്തി ഒരിക്കൽകൂടി ആശംസകൾ നേർന്നു. രണ്ട്‌ വർഷം മുമ്പ്‌ ഹാർമോണിയത്തിൽ "സന്ധ്യേ കണ്ണീരിലെന്തേ' എന്ന ഗാനം വായിച്ചത്‌ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കണ്ടറിഞ്ഞ ഗായിക ഫോൺകോളിന്റെ രൂപത്തിൽ അടുത്തെത്തി. വൈകാതെ കാണാം എന്ന്‌ ഉറപ്പും നൽകി. ഒരിക്കൽകൂടി കാണാനുള്ള തയ്യാറെടുപ്പിലാണ്‌ മനം നടുക്കുന്ന മരണവാർത്തയെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home