ഗർഭിണിക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; ഗാർഹിക പീഡനമെന്ന് ഹരീഷ്മയുടെ കുടുംബം

ഹരീഷ്മ, സനുക്കുട്ടന്‍
എടത്വ: ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കിയ സംഭവത്തിൽ ഗാർഹിക പീഡനം ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. രണ്ടുദിവസം മുൻപാണ് ഹരീഷ്മയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു.
വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചിരുന്നുവെന്നുമാണ് ആരോപണം. സംഭവത്തിൽ മരിച്ച ഹരീഷ്മയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ആരോപണങ്ങളിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരണപ്പെട്ടിരുന്നു. ഹരീഷ്മയുടെ മരണം നടക്കുമ്പോൾ സനുക്കുട്ടൻ ദോഹയിലായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ച സനുക്കുട്ടൻ ബംഗളൂരുവിൽ എത്തി ലോഡ്ജിൽ മുറിയെടുത്താണ് ജീവനൊടുക്കിയത്. സനുക്കുട്ടന്റെ മൃതദേഹം ബംഗളൂരുവിലെ വൈദേഹി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. നാലുമാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്.
ഹരീഷ്മയുടെ സംസ്‌കാരം മാവേലിക്കരയിൽ ഞായറാഴ്ച നടത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്മയുടെ ബന്ധുക്കൾ തടഞ്ഞിരുന്നു. മൃതദേഹം കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.
ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം സുനക്കുട്ടന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു.










0 comments