ad
Deshabhimani

നോവൽ ‐36

തെറം

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Jul 13, 2026, 04:12 PM | 4 min read

ബാധ

പ്പല് കയറിപ്പോയ മാന്ത്രികന്‍ മാസങ്ങള്‍ക്ക് ശേഷം എത്തിച്ചേര്‍ന്നത് പോര്‍ച്ചുഗലിലെ ബിസ്ബണ്‍ തുറമുഖത്ത്. കാലങ്ങള്‍ക്ക് മുമ്പ്‌ ഡ്വാര്‍ത്തേ ബര്‍ബോസ യാത്രികന്‍ ഉജ്ജിറയിലേക്ക് റാബിയയെന്ന ഒലിവ് റിഡ്‌ലി കടലാമയെയും കറക്കിക്കൊണ്ട് ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ അതേ തുറമുഖം. അന്നത്തെ പോലെ അന്ധവിശ്വാസം അപ്പോഴും അവിടെ പച്ചപിടിച്ചുനിന്നിരുന്നു. ബാധ കൂടിയവരും മനക്കണക്ക് തെറ്റിയവരും ആഭിചാരക്രിയയാല്‍ കുലം മുടിഞ്ഞുപോയവരും ഒന്ന് കണ്ണടയ്‌ക്കുകപോലും ചെയ്യാതെ മാന്ത്രികനെയും കാത്തിരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് മാന്ത്രികന്‍ വരുന്ന കപ്പലിന്റെ കൊടിയടയാളം ദൂരെനിന്ന് കണ്ടപ്പോള്‍ തന്നെ അവര്‍ പ്രതീക്ഷയുടെ ആഹ്ലാദത്താല്‍ ആര്‍ത്തുവിളിച്ചു. ആ നേരത്ത് വെയില്‍ വെള്ളം കുടിക്കാന്‍ കടലിലിറങ്ങുകയും കര മേഘസ്‌പര്‍ശത്താല്‍ ഇരുണ്ട് നില്‍ക്കുകയുമുണ്ടായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കപ്പലില്‍ നിന്നിറങ്ങിയ മാന്ത്രികന്‍ ഒരക്ഷരം ഉരിയാടാതെ, ഒരാളിലും കണ്ണുറപ്പിക്കാതെ വഴിയൊന്നുമില്ലാത്ത ഇടത്തിലൂടെ മാനിനെപ്പോലെ ചാടിച്ചാടി നടന്നു. കാത്തിരുന്നവര്‍ക്ക് പൈഡ് പൈപ്പറെ പോലെയായി അയാള്‍. അവര്‍ അയാളെ ആവുംവിധം പിന്തുടര്‍ന്നു. നടത്തത്തിനും പാച്ചിലിനും ഇടയില്‍ പലരും ഇടറിവീഴുകയും കല്ലിലും മുള്ളിലും തട്ടി അവര്‍ക്ക് മുറിവേല്‍ക്കുകയുമുണ്ടായി. വേദനയുടെ ചക്രവ്യൂഹത്തെ ഭേദിച്ച് അവര്‍ മാന്ത്രികന്റെ കാലടികള്‍ക്ക് പിന്നാലെ പോയി.

കടലിലിറങ്ങിയ വെയില്‍ ദാഹം തീര്‍ത്ത് അവര്‍ക്കൊപ്പം ചേര്‍ന്നു.

തുറമുഖത്തുനിന്ന് വിദൂരതയില്‍ കിടക്കുന്ന പ്രാർഥനക്കാര്‍ കയറാത്ത പള്ളിയുടെ മുന്നില്‍ മാന്ത്രികന്‍ നടത്തം അവസാനിപ്പിച്ചു. പിന്തുടര്‍ന്നവരും നടത്തം നിര്‍ത്തി. പള്ളിയെ ചുറ്റിവളഞ്ഞ കാട്ടിലെ പൈന്‍മരങ്ങള്‍ അംഗരക്ഷകരെ പോലെ നിലയുറപ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ മിനാരത്തിലെ കുരിശില്‍നിന്ന് വലങ്കൈ നഷ്ടപ്പെട്ട ക്രിസ്‌തു കരിയിലകള്‍ വീണ് കറുത്തുപോയ മണ്ണിലേക്ക് നോട്ടമുറപ്പിച്ച് കിടപ്പുണ്ടായിരുന്നു. ക്രിസ്‌തുവിന്റെ പാദങ്ങള്‍ക്ക് കീഴിലെ ചുമരില്‍ എഴുതിവെച്ചത് കാലം പാതി മായ്ച്ചുകളഞ്ഞിരുന്നു.

‘നീ ആര് തന്നെ ആയാലും മറ്റൊരുവന്റെ വിധി നടപ്പിലാക്കുമ്പോള്‍ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍ നീ നിന്നെത്തന്നെയാണ് വിധിക്കുന്നത്. എന്തെന്നാല്‍ വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. അനുചിതമായ പ്രവൃത്തികള്‍ ചെയ്യുന്നവനേ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്ന് നീ വിചാരിക്കുന്നുവോ?'

മാന്ത്രികന്‍ അത് പൂർണമായും മനസ്സില്‍ മന്ത്രിച്ചൊന്ന് മന്ദഹസിച്ചു.

പുലരിയില്‍ ഉറങ്ങുകയും സന്ധ്യകളില്‍ ഉണരുകയും ചെയ്യുന്ന പക്ഷികള്‍ പള്ളിയിലെ കാട്ടില്‍ വസിച്ചിരുന്നു. പള്ളിക്ക് മുകളിലൂടെ വട്ടമിട്ട് പറക്കുകയും വന്നവര്‍ ആരാണെന്നും ഉദ്ദേശ്യമെന്താണെന്നും ഊഹം വെച്ച് അവ ചിലച്ചുകൊണ്ടിരുന്നു.


വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തിവെയില്‍ ഉറങ്ങിയൊരു സന്ധ്യയില്‍ ഭ്രാന്ത് പിടിച്ചെത്തിയ കൊടുങ്കാറ്റില്‍ തലയടിച്ചുവീണ കാട്ടുമരങ്ങളില്‍ മാന്ത്രികന്റെ കണ്ണെത്തി. മണ്ണ് വിഴുങ്ങിക്കൊണ്ടിരുന്ന ആ മരങ്ങള്‍ക്കിടയില്‍ അയാള്‍ കോലുകൊണ്ടൊരു വട്ടം വരച്ചു. അയാള്‍ക്ക് തൊട്ടുപിറകിലായി നിന്നിരുന്ന ബാധ കയറിയ മനുഷ്യന്‍ മുന്നോട്ട് ചാടിവന്ന് മണ്ണ് വിഴുങ്ങിത്തുടങ്ങിയ മരങ്ങളിലൊന്നിന്റെ കൊമ്പ് പൊട്ടിച്ചെടുത്ത് വട്ടത്തിന് ചുറ്റിലുമായി കുഴിക്കാന്‍ തുടങ്ങി. ചതുപ്പ് നിറഞ്ഞൊരു ഗുഹയില്‍ കുടുങ്ങിപ്പോയൊരു ചെന്നായയുടെ ബാധ കയറിയ മനുഷ്യനായിരുന്നു അയാള്‍. കുഴിക്കുമ്പോഴും കുഴിയില്‍നിന്ന് മണ്ണ് മാറ്റുമ്പോഴും അയാള്‍ ചെന്നായയെ പോലെ മുരണ്ടുകൊണ്ടിരുന്നു. നാലാള്‍ താഴ്‌ചയില്‍ കുഴിയെടുത്ത് നടുനിവര്‍ത്തുമ്പോള്‍ അയാളുടെ മുരള്‍ച്ച നിന്നു. ചെന്നായയെ പോലെ കുഴിയില്‍നിന്ന് ചാടി, അയാള്‍ കാട്ടിനുള്ളിലേക്ക് ഓടിപ്പോയി.

എന്തൊക്കെയോ മന്ത്രിച്ചുകൊണ്ട് കുഴിയിലേക്ക് മാന്ത്രികന്‍ കുപ്പി താഴ്‌ത്തിവയ്‌ക്കവെ കാറ്റ് ഉയിര്‍ത്തെഴുന്നേറ്റു. മണ്ണില്‍ മൂടിയ മരങ്ങളുടെ തലകള്‍ കാറ്റ് കുഴിച്ചെടുത്ത് പല ദിക്കിലേക്ക് വീശിയെറിഞ്ഞു. ഒന്നും ഗൗനിക്കാതെ മാന്ത്രികന്‍ കുപ്പിക്ക് മുകളില്‍ മണ്ണിട്ടുകൊണ്ടിരുന്നു. അയാള്‍ക്കൊപ്പം മറ്റുള്ളവരും കൂടി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ചവുട്ടിച്ചവുട്ടി കുഴിമാടത്തിലെ മണ്ണുറച്ചപ്പോള്‍ കാറ്റ് നിന്നു. പക്ഷികളുടെ കരച്ചില്‍ നിന്നു. പള്ളിയും കാടും നിശ്ശബ്ദതയിലാണ്ടു.

ക്രിസ്‌തുവിനെയൊന്ന് നോക്കി കുരിശ് നെഞ്ചില്‍ വരച്ച് മാന്ത്രികന്‍ തിരിച്ചുനടന്നു. മറ്റുള്ളവര്‍ ആശ കൈവെടിയാതെ അയാളെ വിട്ടില്ല.

ഏവരും പോയപ്പോള്‍ പക്ഷികള്‍ കുഴിമാടത്തിന് ചുറ്റിലും ഇരുന്നു. അല്‍പ്പനേരത്തിന് ശേഷം വലിയ കരച്ചിലോടെ അവ പള്ളിക്ക് മുകളിലേക്കുയര്‍ന്നു. പക്ഷികളുടെ കാല്‍പ്പാദങ്ങള്‍ ഒരു മനുഷ്യന്റെ രൂപത്തെ മണലില്‍ വരച്ചതായി കണ്ടു, ആ മനുഷ്യന്റെ കഴുത്തില്‍ അജ്ഞാതമായൊരു മൃഗത്തിന്റെ നഖം ചരടില്‍ തൂക്കിയിട്ടിരുന്നു. കാണാന്‍ ശക്തിയില്ലാതെ കാറ്റ് ആ മനുഷ്യനെ മായ്ച്ചുകളഞ്ഞു.

കാലം കാറ്റ് പോലെ കടന്നുപോവുന്നു. കാറ്റ് പലതും എടുത്തുകൊണ്ടുപോവുകയും പലതും കൊണ്ടിടുകയും ചെയ്യുന്നത് പോലെ കാലത്തിനും മാറ്റങ്ങള്‍ സംഭവിച്ചു. പള്ളി പൊളിച്ചുമാറ്റപ്പെട്ടു. കാട് വെട്ടിത്തെളിക്കപ്പെട്ടു. അബ്ബൂച്ചയെന്നൊരു പണക്കാരന്‍ അവിടെ ഇരുമ്പിന്റെ വ്യവസായശാല പണിതു. അതിനായി കുഴിച്ചപ്പോള്‍ അയാളുടെ പണിക്കാര്‍ക്ക് മാന്ത്രികന്‍ അടക്കിയ കുപ്പി കയ്യില്‍ കിട്ടി. അവര്‍ അത് അബ്ബൂച്ചയ്‌ക്ക്‌ നല്‍കി. അതിന്റെ സവിശേഷമായ ആകൃതിയും ഭംഗിയും അയാളുടെ മനസ്സിന് പിടിച്ചു. അത് അയാള്‍ തന്റെ സ്വകാര്യമ്യൂസിയത്തിലേക്ക് മാറ്റി. അയാള്‍ മരിച്ചപ്പോള്‍ കാലം അയാളുടെ സമ്പത്തും കവര്‍ന്നെടുത്തു. നിലനില്‍ക്കാന്‍ മക്കള്‍ക്ക് ഉള്ളതെല്ലാം വില്‍ക്കേണ്ടിവന്നു. അതില്‍ മ്യൂസിയവുമുണ്ടായിരുന്നു. മ്യൂസിയത്തിലെ സാധനങ്ങള്‍ ലേലം ചെയ്യപ്പെട്ടു. അറബിക്കാരനായ കച്ചവടക്കാരന്‍ ലേലത്തില്‍ പിടിച്ച വസ്‌തുക്കളില്‍ കുപ്പിയും പെട്ടു. പലതരം സാധനങ്ങളുമായി നാട്ടിലേക്ക് തിരിച്ച അയാളുടെ കപ്പല്‍ കൊടുങ്കാറ്റില്‍ കുടുങ്ങി ഉള്‍ക്കടലില്‍ മുങ്ങിപ്പോയി. ആളുകള്‍ക്ക് അപായമൊന്നും സംഭവിച്ചില്ല. കപ്പലിലെ സാധനങ്ങള്‍ തിരകള്‍ തോന്നിയിടങ്ങളിലേക്ക് ഉന്തിക്കൊണ്ടുപോയി. ഉജ്ജിറയുടെ തീരത്തേക്ക് സാധനങ്ങള്‍ വന്നത് അങ്ങനെ. മുനീറിനെ തേടി കുപ്പിയെത്തിയത് അങ്ങനെ.

എരിയില്‍നിന്ന് മുനീര്‍ കഥയെല്ലാം അറിയുമ്പോള്‍ കടലാമകള്‍ മുട്ടയിടാന്‍ ഉജ്ജിറ കടല്‍ത്തീരത്തേക്ക് വന്നുതുടങ്ങിയിരുന്നു. കാലുകള്‍കൊണ്ട് കുഴി മാന്തവെ അവ എരിയുടെ കഥയില്‍ മതിമറന്നു നില്‍ക്കുകയുണ്ടായി. മുട്ടയിട്ട് കടലിലേക്ക് തിരിച്ചുപോവുമ്പോള്‍ അങ്ങനെ അവര്‍ക്ക് മനുഷ്യരെക്കുറിച്ചുള്ള ഒരു കഥകൂടി ലഭിച്ചു, എരിയുടെ കഥ.

മുനീറില്‍ അതോടെ വലിയൊരു മാറ്റം സംഭവിച്ചു.

അയാള്‍ ആഗ്രഹിക്കുമ്പോഴെല്ലാം എരി അടുത്തുവന്നു.

കഥകളിലെ പോലെ മുനീര്‍ ആഗ്രഹിക്കുന്നതൊന്നും എരിക്ക് നല്‍കാന്‍ കഴിഞ്ഞില്ല.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഒന്നിനും കഴിവില്ലാത്ത പാവം ആത്മാവായി എരി മാറ്റപ്പെട്ടിരുന്നു.

എന്നാല്‍ നാട്ടിലെയും മറുനാട്ടിലെയും അറിയാക്കഥകള്‍ എരി അയാള്‍ക്ക് പകര്‍ന്നുനല്‍കി. മുനീര്‍ കഥകളുടെ മനുഷ്യനായി. ഉജ്ജിറയില്‍ ഇപ്പോഴും പറഞ്ഞുനടക്കുന്ന പല കഥകളും എരിയില്‍നിന്ന് മുനീറും മുനീറില്‍നിന്ന് മറ്റുള്ളവരിലേക്കും എത്തിപ്പെട്ടത്.

എരിയും മുനീറും തമ്മിലുള്ള രഹസ്യം ആരുമറിഞ്ഞില്ല. പ്രിയതമയോട് പോലും പറയാന്‍ അയാളുടെ മനസ്സ് അനുവദിച്ചില്ല. ആര്‍ക്കും കാണാന്‍ കഴിയാത്ത ആത്മാവിനെ താന്‍ കാണുന്നതിലുള്ള ഔന്നത്യവും രസവും അയാളെ വല്ലാതെ ഹരം പിടിപ്പിച്ചു.

അങ്ങനെയൊരു പുലര്‍ച്ചെയില്‍ എരി മുനീറിനെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചു.

കാക്ക മനുഷ്യന് മരണത്തെ കുഴി വെട്ടിമൂടാന്‍ പഠിപ്പിച്ചത് എരി മുനീറിന് പറഞ്ഞുകൊടുത്തു.

‘ഖാബീല്‍ അനിയന്‍ ഹാബീലിനെ കൊന്നു.

ഹാബീല്‍ നല്ലവനായിരുന്നു. ഖാബീല്‍ കെട്ടവനും.

ഭൂമിയിലെ മനുഷ്യന്റെ ആദ്യത്തെ മരണമാണ്.

മാതാപിതാക്കളായ ആദമും ഹവ്വയും അറിയാതെ അനിയനെ എവിടെ ഒളിപ്പിക്കും എന്ന് വ്യാകുലപ്പെട്ട് ഖാബീല്‍ ഇരുട്ടില്‍ ഇരിക്കവെ ഒരു കാക്ക പാറിവന്നു. അതിന്റെ കൊക്കില്‍ മറ്റൊരു കാക്കയുടെ ജഡമുണ്ടായിരുന്നു. ഖാബീലിന് മുന്നിലെ തരിശുനിലത്ത് വട്ടംകറങ്ങിയ കാക്ക പതുക്കെ നിലത്തിറങ്ങി. കൊക്കുകൊണ്ട് കാക്ക മണ്ണില്‍ കുഴി കൊത്തി, വലിയ കുഴിയായപ്പോള്‍ ചത്ത കാക്കയെ അതിലിട്ട് കാലുകൊണ്ട് മണ്ണിട്ട് മൂടി.

ഖാബീലിന്റെ പ്രശ്‌നത്തിന് ഉത്തരം കിട്ടി.

അവനൊരു കുഴിമാടമുണ്ടാക്കി, ഹാബീലിനെ ഒളിപ്പിച്ചു.’

എരി കഥ പറയുമ്പോള്‍ പരിചിതരല്ലാത്ത കുറേ മനുഷ്യര്‍ മുന്നിലൂടെ നടന്നുപോകുന്നത് മുനീര്‍ കാണുന്നുണ്ടായിരുന്നു. അവര്‍ക്ക് ചുറ്റും മേഘങ്ങളെ പോലെ വെളുത്ത പുക ഉയരുന്നുണ്ടായിരുന്നു. സ്വപ്‌നത്തിലെന്നത് പോലെയായിരുന്നു ആ കാഴ്‌ച.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘ഉജ്ജിറയില്‍ ഒരിടത്തും ഇവരെ കണ്ടിട്ടില്ലല്ലോ...!'

കഥ കേള്‍ക്കുമ്പോള്‍ മുനീര്‍ ആലോചിക്കുകയാരുന്നു.

‘ആരൊക്കെയാ ഇവര്‍..!'

മുനീര്‍ തല പുകയ്‌ക്കവെ കുടിലിനകത്തുനിന്ന് റസിയയുടെ നിലവിളി ഉയര്‍ന്നു. അയാള്‍ ഉള്ളിലേക്ക് ഓടിയെത്തി.

മുനീറിനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് റസിയ വിലപിക്കുകയാണ്...!

അപ്പോഴേക്കും എരി മുനീറിന് അടുത്തെത്തിയിരുന്നു.

എരി മുനീറിന്റെ ചുമലില്‍ കൈവെച്ചു. ആ സ്‌പര്‍ശം മുനീര്‍ അറിഞ്ഞു.

വഴിയിലൂടെ കടന്നുപോയ അപരിചതരും റസിയയുടെ വിലാപവും എരിയുടെ സ്‌പര്‍ശവും ചേര്‍ത്തുവെച്ചപ്പോള്‍ മുനീറിന് ഉത്തരം കിട്ടി. അയാള്‍ക്ക് ചുറ്റിലും വെളുത്ത മേഘങ്ങള്‍ ചിറകുകള്‍ പോലെ വിടര്‍ന്നു.

പ്രാചീനമായൊരു ഗന്ധം മുനീറിനെ ചുറ്റിപ്പിടിച്ചു.

മരണത്തിന്റെ ഗന്ധം...

അയാള്‍ക്ക്‌ മനസ്സിലായി .

(തുടരും)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home