ഇ20 പെട്രോളടിച്ചു, ബെൻസിന്റെ മൈലേജ് 17ൽനിന്ന് അഞ്ചിലെത്തി; ഒടുവിൽ കമ്പനിയുടെ മറുപടി

Screengrab
മുംബൈ: രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ കടുത്ത ആശങ്കയാണ് ഉയരുന്നത്. മൈലേജ് കുറയുമെന്നും എൻജിൻ ദ്രവിക്കുമെന്നും സർവേ ഫലങ്ങൾ പുറത്തുവന്നിട്ടും കേന്ദ്രം പിന്നോട്ടുപോയില്ല. എഥനോൾ കലർന്ന പെട്രോൾ (ഇ20 ഉപയോഗിക്കുന്ന വാഹനങ്ങളിൽ മൈലേജ് കുറയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി കഴിഞ്ഞ ദിവസം തുറന്നുസമ്മതിച്ചിരുന്നു.
ഇ20 പെട്രോൾ ഉപയോഗിച്ചശേഷം തന്റെ മെഴ്‌സിഡസ് ബെൻസ് കാറിന്റെ മൈലേജ് കുത്തനെ കുറഞ്ഞതായുള്ള യൂടൂബർ സൗരവ് ജോഷിയുടെ പ്രതികരണം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 16 മുതൽ 17 കിലോമീറ്റർ വരെ മൈലേജ് ലഭിച്ചിരുന്ന തന്റെ വാഹനത്തിന് ഇ20 പെട്രോൾ ഉപയോഗിച്ചശേഷം മൈലേജ് അഞ്ച് കിലോമീറ്റർ മാത്രമായി കുറഞ്ഞെന്ന് സൗരവ് പറയുന്നു. വാഹനത്തിൽനിന്നുളഅള വീഡിയോയും സൗരവ് പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഇതിനകം വൈറലായി.
ഇതോടെ വിശദീകരണവുമായി മെഴ്സിൻസ് ബെൻസ് രംഗത്തെത്തി. ഇന്ത്യയിൽ വിൽക്കുന്ന തങ്ങളുടെ ആധുനിക വാഹനങ്ങളെല്ലാം ഇ20 മിശ്രിത പെട്രോളുമായി പൂർണമായും പൊരുത്തപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പ്രതികരിച്ചു. "മെർസിഡീസ് ബെൻസിൽ, ഉപഭോക്താക്കളുടെ സുരക്ഷ, വാഹനത്തിന്റെ വിശ്വാസ്യത, മികച്ച പ്രവർത്തനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. മെർസിഡീസ് ബെൻസിന്റെ എല്ലാ പെട്രോൾ ബിഎസ് വിഐ വാഹനങ്ങളും ഇ20 ഇന്ധനവുമായി പൊരുത്തപ്പെടുന്നവയാണ്"- കമ്പനി വിശദീകരിച്ചു.
മൈലേജ് നഷ്ടവും എൻജിൻ തകരാറും നിരവധിപ്പേർ ചൂണ്ടിക്കാണിച്ചിട്ടും ഇ20 നയവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. വരുംവർഷങ്ങളിൽ 20 ശതമാനം പെട്രോൾ എന്നത് വർധിപ്പിക്കാനും നീക്കമുണ്ട്. 2030ഓടെ പെട്രോളിൽ എഥനോളിന്റെ അളവ് 30 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയിരുന്നു.











0 comments